27 September Wednesday

വലിയ മന്ദിരത്തിലെ ചെറിയ മനുഷ്യൻ - സെബാസ്റ്റ്യൻ പോൾ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Saturday May 27, 2023

അത് അനിവാര്യമായിരുന്നോ എന്ന് ഇനി ചോദിച്ചിട്ട് കാര്യമില്ല. ഏത് തുഗ്ലക്കിനും ആശയങ്ങൾ നൽകുന്ന ഇടമാണ് ഇന്ദ്രപ്രസ്ഥം. അധികാരിയുടെ പ്രതിച്ഛായ വർധിപ്പിക്കുന്നതിനുള്ള സ്വപ്നപദ്ധതികളായി അവ അവതരിപ്പിക്കപ്പെടും. സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായി ഡൽഹിയാകെ ഉഴുതുമറിച്ചപ്പോൾ നമുക്ക് പുതിയ പാർലമെന്റ്‌ മന്ദിരം ലഭിച്ചു. നൂറാണ്ട് തികയ്ക്കാൻ നാലാണ്ട് ബാക്കിനിൽക്കെ നിലവിലുള്ള പാർലമെന്റ്‌ മന്ദിരം പുരാവസ്തുവായി മാറുന്നു. സവിശേഷവും ശ്രദ്ധേയവുമായ മന്ദിരമായിരുന്നു നമ്മുടെ പാർലമെന്റ്‌. സവിശേഷം എന്നു പറഞ്ഞാൽ താജ് മഹൽപോലെ ഇന്ത്യയുടെ മുഖമായി പിക്ചർ പോസ്റ്റ് കാർഡുകളിൽ  കാണിച്ചിരുന്ന ചിത്രം. ഏറ്റവും വലിയ ജനാധിപത്യത്തിലെ ഏറ്റവും കമനീയമായ ചിത്രം. 

ഇന്ത്യയുടെ പുതിയ മുഖം അനാവരണം ചെയ്യേണ്ടത് ആരെന്ന ചോദ്യമുണ്ട്. എവിടെയുമെന്നപോലെ ഇവിടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടകൻ. അതിന്റെ ഔചിത്യം മാത്രമല്ല, സാധുതയും ചോദ്യം ചെയ്യപ്പെടുന്നു. പാർലമെന്റിനെ ഭരണഘടന നിർവചിക്കുന്നത് രാഷ്ട്രപതിയും രണ്ട് ജനപ്രതിനിധിസഭയും ചേർന്ന സംവിധാനമെന്നാണ്. രാഷ്ട്രപതിയെ കൂടാതെ പാർലമെന്റില്ല. സമ്മേളനങ്ങൾ വിളിച്ചുചേർക്കുന്നതും അവസാനിപ്പിക്കുന്നതും നയപ്രഖ്യാപനം നടത്തുന്നതും അദ്ദേഹമാണ്. അശ്വരഥത്തിലേറി റിപ്പബ്ലിക്കിന്റെ പൂർണപ്രൗഢിയോടെ രാഷ്ട്രപതി പാർലമെന്റിൽ ആഗതയാകുമ്പോൾ  പ്രധാനമന്ത്രി അനുധാവകൻ മാത്രമാകുന്നു. സംയുക്തസമ്മേളനത്തിൽ രാഷ്ട്രപതിക്കൊപ്പം ഉപരാഷ്ട്രപതി വേദിയിലിരിക്കുമ്പോൾ പ്രധാനമന്ത്രി സദസ്സിന്റെ ഭാഗം മാത്രമാകുന്നു. മന്ത്രിസഭ ചേരുമ്പോഴാണ് പ്രധാനമന്ത്രി പ്രഥമരിൽ പ്രഥമനാകുന്നത്. അധികാരത്തിന്റെ വേർതിരിവിൽ പാർലമെന്റിന്റെ അധികാരി പ്രധാനമന്ത്രിയാകുന്നില്ല.

പാർലമെന്റ്‌ മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടത് ആരെന്ന ചോദ്യത്തിന് ഭരണഘടനയും പ്രോട്ടോകോളും അറിയാത്ത കുട്ടികൾപോലും നൽകുന്ന ഉത്തരം രാഷ്ട്രപതി എന്നായിരിക്കും. അതാണ് അതിന്റെ ശരിയെന്ന് ആർക്കാണറിയാത്തത്? 1927 ജനുവരി 18ന് പാർലമെന്റ്‌ മന്ദിരം ഉദ്ഘാടനംചെയ്തത് ഗവർണർ ജനറൽ ആയിരുന്ന ഇർവിൻ പ്രഭുവായിരുന്നു. ഇതു മാത്രമല്ല ഈ നിലപാടിന് ന്യായീകരണമായുള്ളത്. ഇന്ത്യയെന്ന സ്വതന്ത്ര പരമാധികാര രാഷ്ട്രത്തെ റിപ്പബ്ലിക്കായി ലോകം കാണുന്നത് തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രപതിയുടെ ദർശനത്തിലാണ്. ഇവിടെ അമ്മയുടെ മകൻ രാജാവാകുന്നില്ല. രാഷ്ട്രപതി ചിലപ്പോൾ പ്രതീകം മാത്രമാകാം. പക്ഷേ, പ്രതീകങ്ങൾക്കും പ്രാധാന്യമുണ്ട്. പരമാധികാരത്തിന്റെ പ്രതീകമായ പാർലമെന്റ്‌ മന്ദിരം ദ്രൗപദി മുർമു ഉദ്ഘാടനം ചെയ്തിരുന്നെങ്കിൽ  അത് ചരിത്രമാകുമായിരുന്നു. കേന്ദ്രമന്ത്രിയായിരുന്ന ജഗജീവൻ റാം ഉദ്ഘാടനംചെയ്ത മന്ദിരത്തിൽ അദ്ദേഹത്തിന്റെ ജാതിയെ അടിസ്ഥാനമാക്കിയുള്ള അസ്പൃശ്യതയുടെ കളങ്കമകറ്റാൻ ശുദ്ധികലശം നടത്തിയ നാടാണിത്. രാഷ്ട്രപതിയെ മാറ്റിനിർത്തുന്നത് എല്ലാം പ്രധാനമന്ത്രിയിലേക്ക് ഒതുക്കുന്നതിനുള്ള ജനാധിപത്യവിരുദ്ധമായ നീക്കങ്ങളുടെ ഭാഗം മാത്രമായല്ല കാണേണ്ടത്. മനുവിലേക്കുള്ള മടക്കയാത്രയിൽ  ഒഴിവാക്കേണ്ടതും സ്വീകരിക്കേണ്ടതുമായ കാര്യങ്ങൾ പലതുണ്ട്. സ്വീകരിക്കേണ്ടത് ചാതുർവർണ്യമാണ്. ഗോത്രവർഗക്കാരിയെ പ്രഥമവനിതയാക്കിയതിൽ അഭിമാനിക്കുന്നവർ മംഗളമുഹൂർത്തത്തിൽ അവരുടെ സാന്നിധ്യവും ദർശനവും ഒഴിവാക്കി. അത് ഇന്നും നാട്ടിൽ നിലനിൽക്കുന്ന രീതിയാണ്.


 

ദുരുദ്ദേശ്യത്തോടെയുള്ള അനൗചിത്യത്തിന് ന്യായീകരണമായി രണ്ടു സന്ദർഭം ചൂണ്ടിക്കാണിക്കപ്പെടുന്നു. പാർലമെന്റ്‌ ഹൗസ് അനക്സ് ഇന്ദിര ഗാന്ധി ഉദ്ഘാടനംചെയ്തതും പാർലമെന്റ്‌ ലൈബ്രറി മന്ദിരത്തിന് രാജീവ് ഗാന്ധി കല്ലിട്ടതുമാണ് ചൂണ്ടിക്കാണിക്കപ്പെടുന്ന സന്ദർഭങ്ങൾ. രണ്ടും വസ്തുതാപരമായി ശരിയോ സ്വീകരിച്ചാൽത്തന്നെ സന്ദർഭത്തിനു ചേർന്ന സംഭവങ്ങളോ അല്ല. ഇന്ദിര ഗാന്ധിയെയും രാജീവ് ഗാന്ധിയെയും മാതൃകയാക്കി സ്വന്തം നടപടികളെ ന്യായീകരിക്കുന്ന രീതി എന്നുമുതലാണ് ബിജെപി അനുവർത്തിച്ചു തുടങ്ങിയത്. അനക്സ് എന്നു പറയുന്നത് ആ വാക്ക് സൂചിപ്പിക്കുന്നതുപോലെ പാർലമെന്റിന്റെ ചാർത്ത് മാത്രമാണ്. എന്നിട്ടും അതിന്റെ കല്ലിടൽ നടത്തിയത് അന്നത്തെ രാഷ്ട്രപതി വി വി ഗിരിയായിരുന്നു. ലൈബ്രറി മന്ദിരത്തിനു തറക്കല്ലിട്ടത് രാജീവ് ഗാന്ധിയും മന്ദിരം ഉദ്ഘാടനംചെയ്തത് 2002ൽ  രാഷ്ട്രപതി കെ ആർ നാരായണനുമായിരുന്നു. അന്നും ഒരു ബിജെപി പ്രധാനമന്ത്രി ഉണ്ടായിരുന്നു. പക്ഷേ, അത് വാജ്പേയി ആയിരുന്നു. താരതമ്യേന പ്രാധാന്യം കുറഞ്ഞ അത്തരം സന്ദർഭങ്ങൾ അർഥമില്ലാത്ത രീതിയിൽ ചൂണ്ടിക്കാട്ടി രാഷ്ട്രത്തിന്റെ പ്രൗഢിയുടെയും പരമാധികാരത്തിന്റെയും പ്രതീകമായ പാർലമെന്റ്‌ മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങിന്റെ പ്രാധാന്യവും പൊലിമയും കുറയ്ക്കരുത്. കേരള നിയമസഭയുടെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം രാഷ്ട്രപതി നിർവഹിച്ചതും അതിന്റെ രജതജൂബിലി ഉപരാഷ്ട്രപതിയുടെ സാന്നിധ്യത്തിൽ  ആഘോഷിച്ചതും കേവലം ഉപരിപ്ലവമായ ഔപചാരികതയുടെ പേരിൽ  മാത്രമായിരുന്നില്ല. രണ്ട് സന്ദർഭത്തിലും കേരളത്തിൽ  മുഖ്യമന്ത്രിയുണ്ടായിരുന്നു.

പ്രവേശനകവാടത്തിൽ സാഷ്ടാംഗപ്രണാമം നടത്തി പാർലമെന്റിലേക്ക് വലതുകാൽ വച്ച നരേന്ദ്ര മോദി പ്രവൃത്തിയിൽ സ്ഥാപനത്തോട് ആദരവോ മര്യാദയോ കാണിച്ചില്ല. അപ്രഖ്യാപിത അടിയന്തരാവസ്ഥപോലെ അപ്രഖ്യാപിത പ്രസിഡൻഷ്യൽ  രീതിയാണ് അദ്ദേഹം അവലംബിക്കുന്നത്. പാർലമെന്റ്‌ അദ്ദേഹത്തിനു കയറാനുള്ള ഇടമല്ല, കയറാതിരിക്കുന്നതിനുള്ള ഇടമാണ്

ജ്യോതിഷികൾ കുറിച്ച ദിനത്തിലാണ് പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനമെന്ന് ഇതുവരെ വാർത്ത കണ്ടില്ല. തെരഞ്ഞെടുക്കപ്പെട്ട ദിനം സവർക്കറുടെ ജൻമദിനമാണ്. യാദൃച്ഛികമെന്ന് സമാശ്വസിക്കാമെങ്കിലും ഒന്നും യാദൃച്ഛികമായി സംഭവിക്കുന്നില്ല എന്നതാണ് വാസ്തവം. സാഹചര്യം അനുകൂലമെങ്കിൽ 2025ൽ, ആർഎസ്എസിന്റെ ശതാബ്ദി വർഷത്തിൽ, സ്ഥാപിതമാകുമെന്ന് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ഹിന്ദു ത്വരാഷ്ട്രത്തിന്റെ പാർലമെന്റാണ് നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്നത്. അയോധ്യയിൽ ക്ഷേത്രനിർമാണത്തിന് വിധിപ്രകാരം പൂജാകർമങ്ങളോടെ കല്ലിട്ട മഹാപുരോഹിതനായിരുന്നു നരേന്ദ്ര മോദി. മെയ് 28 അദ്ദേഹം അപ്രകാരം ഒരു ചടങ്ങാക്കി മാറ്റും. നെഹ്റുവിന്റെ സ്മരണയിൽ തിരുവാവതുതുറൈയിലെ പുരോഹിതർ ഉദ്ഘാടനത്തിനെത്തുണ്ട്. മഠം നൽകിയ ചെങ്കോൽ അലഹബാദിലെ മ്യൂസിയത്തിൽനിന്ന് കൊണ്ടുവന്ന് നരേന്ദ്ര മോദിക്ക് കൈമാറും. ബ്രിട്ടീഷ് പാർലമെന്റ്‌ പാസാക്കിയ സ്വാതന്ത്ര്യനിയമം അനുസരിച്ച് അധികാരക്കൈമാറ്റം നടന്നുവെന്നാണ് നമ്മൾ മനസ്സിലാക്കിയിരുന്നത്. ഇപ്പോൾ പുതിയ ഭാഷ്യം ഉണ്ടായിരിക്കുന്നു. ജനാധിപത്യത്തിൽ  ഉപേക്ഷിക്കപ്പെടുന്ന ചരിത്രവസ്തുവാണ് ചെങ്കോൽ. ചെങ്കോലിൽ അഭിരമിക്കുന്ന മോദി മറ്റൊരു ലൂയി പതിനാലാമൻ ആകുന്നു. ഞാനാണ് രാഷ്ട്രമെന്നു പ്രഖ്യാപിച്ച ലൂയി ചക്രവർത്തിയെ കാത്തിരുന്നത് ജനങ്ങളുടെ വിപ്ലവമായിരുന്നു. അധികാരത്തിന്റെ പാരമ്യത്തിൽ വിപ്ലവം സംഭവിക്കുന്നു. ആതൻസിലല്ല പൗരാണിക ഇന്ത്യയിലാണ് ജനാധിപത്യത്തിന്റെ പിറവിയെന്ന് ശങ്കയും ലജ്ജയുമില്ലാതെ പറയുന്നവർ പുതിയ ചരിത്രനിർമിതിയുടെ തിരക്കിലാണ്. നവനിർമിതിയുടെ തുടക്കമാണ് അപനിർമിതി. ഇന്ത്യയിൽ പാർലമെന്ററി ജനാധിപത്യത്തിന്റെ പിതാവ് നരേന്ദ്ര മോദിയാണെന്ന് നാളെ കുട്ടികളുടെ പാഠപുസ്തകങ്ങൾ പ്രഘോഷിക്കും.

ഗൃഹപ്രവേശം നടത്തുമ്പോൾ ഒഴിയുന്ന വീട്ടിലെ പലതും ഒഴിവാക്കപ്പെടും. ഒഴിവാക്കേണ്ടതായ ഭാണ്ഡത്തിന്റെ ഭാരവുമായാണ് പുതുമന്ദിരത്തിലേക്കുള്ള പ്രവേശം. പ്രതിപക്ഷത്തിന്റെ ബഹിഷ്കരണത്തോടെയാണ് ശ്രീകോവിലിൽ വിളക്കുകൾ തെളിയുന്നത്. ഭരണഘടനയുടെ കാവൽക്കാരനും പാർലമെന്റിന്റെ നടത്തിപ്പുകാരനുമായ രാഷ്ട്രപതിയുടെ സാന്നിധ്യം അവിടെ ഉണ്ടാകില്ല. ഇതെന്ത് ഉദ്ഘാടനം? ശുഭവേളയിൽ ദുശ്ശകുനങ്ങളും ചീത്തയായ കീഴ്‌വഴക്കങ്ങളുടെ സൃഷ്ടിയും ഒഴിവാക്കേണ്ടതായിരുന്നു. പ്രവേശനകവാടത്തിൽ സാഷ്ടാംഗപ്രണാമം നടത്തി പാർലമെന്റിലേക്ക് വലതുകാൽ വച്ച നരേന്ദ്ര മോദി പ്രവൃത്തിയിൽ സ്ഥാപനത്തോട് ആദരവോ മര്യാദയോ കാണിച്ചില്ല. അപ്രഖ്യാപിത അടിയന്തരാവസ്ഥപോലെ അപ്രഖ്യാപിത പ്രസിഡൻഷ്യൽ  രീതിയാണ് അദ്ദേഹം അവലംബിക്കുന്നത്. പാർലമെന്റ്‌ അദ്ദേഹത്തിനു കയറാനുള്ള ഇടമല്ല, കയറാതിരിക്കുന്നതിനുള്ള ഇടമാണ്. കർമക്ഷമത സീറോയിലെത്തിനിൽക്കുമ്പോഴാണ് പുതിയ മന്ദിരം ഉദ്ഘാടനം ചെയ്യപ്പെടുന്നത്. പ്രതിപക്ഷവുമായി ജനാധിപത്യപരമായി ഐക്യപ്പെടുന്നതിനുള്ള അവസരമായി ഉദ്ഘാടനത്തെ നരേന്ദ്ര മോദിക്ക് പ്രയോജനപ്പെടുത്താമായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top