20 April Saturday

കന്നുകാലികളിലെ ആമാശയ രോഗങ്ങൾ

ഡോ. എം. ഗംഗാധരൻ നായർUpdated: Sunday Dec 4, 2022

കന്നുകാലികളിലെ ആമാശയ രോഗങ്ങളെ അവഗണിക്കരുത്‌. മേച്ചിൽ സ്ഥലങ്ങളിൽനിന്നും മറ്റും കന്നുകാലികളെ  ബാധിക്കുന്ന   രോഗങ്ങളാണ് ആംഫിസ്റ്റോമും ഫാസിയോളയും.  മൃഗങ്ങളുടെ ആരോഗ്യത്തെയും പാലുൽപ്പാദനത്തെയും  ബാധിക്കുന്ന  ഈ  രോഗങ്ങൾ  ഉണ്ടാക്കുന്നത്  ഫ്ലൂക്കുകളുടെ ജനുസായ  ട്രെമറ്റോഡിൽപ്പെടുന്ന  വിരകളാണ്.  ഇത്  പണ്ടപ്പുഴു  എന്നും അറിയപ്പെടുന്നു.  കർഷകർക്ക്  വലിയ  സാമ്പത്തികനഷ്ടമാണ്‌ ഈ  രോഗം  വരുത്തിവയ്‌ക്കുക. അനാരോഗ്യ  ചുറ്റുപാടുകളിൽ  മനുഷ്യരിലും   രോഗം  പകരാം.

ആംഫിസ്റ്റോമം

പാരാംഫിസ്റ്റോമം സെർവിയെന്ന വിരയാണ്  കന്നുകാലികളിൽ  ഈ രോഗകാരണം. ഇവ  ജലസ്രോതസ്സുകൾ, ജലസേചന ചാലുകൾ, ചതുപ്പുകൾ, ജലാശയ മേഖലകൾ,  പാടങ്ങൾ എന്നിവിടങ്ങളിലെ  സസ്യജാലങ്ങളോടു ചേർന്ന് കാണപ്പെടുന്നു. ഇത്തരം സ്ഥലങ്ങളിൽനിന്ന്‌ കന്നുകാലികളിലേക്ക്‌ രോഗം പകരും.
   ---പ്രായപൂർത്തിയായ  വിരകൾ  (ഫ്ലൂക്കുകൾ) കന്നുകാലികൾ, ചെമ്മരിയാടുകൾ, ആട് എന്നിവയുടെ  ആമാശയത്തിൽ  വസിക്കുന്നു.     അവയുടെ  മുട്ടകൾ ചാണകത്തിൽക്കൂടി  പുറത്തുവരുന്നു.  ഈർപ്പമുള്ള  സാഹചര്യങ്ങളിൽ  വിരിഞ്ഞ് ലാർവകളായി  മാറുന്നു. ഇവയെ ‘മിറാസിഡിയം' എന്നുപറയും.  ഇത്‌   ഇടക്കാല  ആതിഥേയരായ  ഒച്ചുകളിൽ  തുളച്ചുകയറി  ഒരു മാസത്തോളം  അവിടെ കഴിയുന്നു. ഒച്ചുകളിൽനിന്ന്  പുറത്തിറങ്ങുന്ന  പ്രായപൂർത്തിയാകാത്ത ലാർവകളെ  ‘സെർക്കേറിയാം' എന്നാണ്  അറിയപ്പെടുക. ഇത്‌  ഗോളാകൃതിയിൽ  രൂപാന്തരപ്പെട്ട്   സമീപ പ്രദേശങ്ങളിലെ  പുല്ലുകളിലും സസ്യങ്ങളിലും  പറ്റിയിരിക്കുന്നു. 

ഇതിനെ  ‘മെറ്റാസർക്കാരിയെ' എന്നു പറയും. ഇത്തരത്തിലുള്ള പുല്ല്  കഴിക്കുമ്പോഴാണ്  കന്നുകാലികളിൽ  രോഗബാധയേൽക്കുന്നത്.  ഈ  സിസ്റ്റുകൾ ചെറുകുടലിൽ വളർന്ന്  വിരകളായി  മാറുന്നു. അപകടകാരികളായ  ഇവ,  ശക്തമായ സക്കറുകൾ ഉപയോഗിച്ച് കുടൽപ്പാളിയുടെ ഒരുഭാഗം നശിപ്പിക്കുകയും വ്രണങ്ങൾ ഉണ്ടാക്കുകയും ചെയ്യും.പ്രായപൂർത്തിയായവ  ആമാശയത്തിൽ എത്തി മുട്ട ഉൽപ്പാദിപ്പിക്കുകയും  വീണ്ടും ചാണകത്തിൽക്കൂടി  പുറംതള്ളുകയും  ചെയ്യുന്നു.

ഫാസിയോള  

"കരൾ ഫ്ലൂക്ക്’,  "ആടുകളുടെ കരൾ ഫ്ലൂക്ക്’,  "ഫാസിയോലിയാസിസ്’  എന്നിങ്ങനെ  അറിയപ്പെടുന്ന  ഈ   രോഗം  ഫാസിയോള ഹെപ്പാറ്റിക്ക  എന്ന വിരമൂലമുണ്ടാകുന്നതാണ്.  ഫാസിയോള ജിഗാന്റിക്ക, ഫാസിയോള  മാഗ്ന എന്നിവയും കന്നുകാലികളിലും ആടുകളിലും രോഗം ഉണ്ടാക്കുന്നു.
ലാർവകളാൽ മലിനമായ  വെള്ളമോ മറ്റു ജലസസ്യങ്ങളോ കഴിക്കുന്നതിലൂടെയാണ്   രോഗബാധയേൽക്കുക.
ഇളംവിരകൾ കുടൽഭിത്തി, വയറിലെ അറ, കരൾ ടിഷ്യു എന്നിവയിലൂടെ പിത്തരസ നാളങ്ങളിലേക്ക്  നീങ്ങുന്നു, അവിടെ അവ മുട്ടകൾ ഉൽപ്പാദിപ്പിക്കുന്ന മുതിർന്ന  വിരകളായി  വളരുന്നു. പിത്തരസ നാളങ്ങളിലും കരളിലും ക്ഷതം  ഉണ്ടാക്കുന്നു.  പിന്നീട് ആമാശയത്തിൽ  എത്തി  മുട്ടയിട്ട് ചാണകത്തിലൂടെ മുട്ടകൾ  പുറംതള്ളുന്നു.
   അനുകൂല അവസ്ഥയിൽ  വിരിയുകയും  ജീവിതചക്ര ഘട്ടം  ഒച്ചിൽനിന്ന് തുടങ്ങി ലാർവകൾ   സിസ്റ്റുകളായി രൂപാന്തരപ്പെട്ട്  സസ്യങ്ങളിൽ  ഒട്ടിയിരിക്കുന്നു.  മൃഗങ്ങൾ  ഇത്‌  കഴിക്കുമ്പോൾ  വീണ്ടും ആമാശയത്തിലെത്തുകയും  കുടലിൽ തുളച്ചുകയറി രക്തസംവിധാനത്തിലൂടെ കരളിലേക്ക് സഞ്ചരിച്ച് ജീവചക്രം  പൂർത്തിയാക്കി  രോഗം  പടർത്തിക്കൊണ്ടേയിരിക്കും.

ലക്ഷണങ്ങൾ

തീറ്റയ്‌ക്ക്‌  വിമുഖത, വിശപ്പ്  ഇല്ലായ്മ, അലസത, ശരീരഭാരം കുറയുക, ദുർഗന്ധം വമിക്കുന്ന വയറിളക്കം,  രക്തം കലർന്ന  ചാണകം, പാലുൽപ്പാദനം കുറയുക, നിർജലീകരണം,  വിളർച്ച, താടിയെല്ലിന്  താഴെ   നീർവീക്കം എന്നിവ ലക്ഷണങ്ങൾ.  ഗുരുതരമായ അവസ്ഥയിൽ  ചത്തുപോകാം.

നിയന്ത്രണം

തൊഴുത്തും  പരിസരവും  അണുനാശിനി  ഉപയോഗിച്ച്  ദിവസവും കഴുകണം. ചാണക  പരിശോധനയിലൂടെ   രോഗം  നിർണയിക്കാം, വിരമരുന്ന് ചിട്ടയായി  നൽകണം. രോഗബാധിത മേച്ചിൽപ്പുറങ്ങളിൽ  പശുക്കളെ മേയാൻ  വിടാതിരിക്കുക.ചാണകം  കൃത്യമായും  വൃത്തിയായും നീക്കംചെയ്ത് നിശ്ചിത  സ്ഥലങ്ങളിൽ  നിക്ഷേപിക്കണം.
 രോഗബാധിത  പ്രദേശങ്ങളിൽ  ജലസസ്യങ്ങളുടെ വളർച്ചയും വിൽപ്പനയും നിയന്ത്രിക്കണം. ജലസസ്യങ്ങളിലേക്കുള്ള മൃഗങ്ങളുടെ പ്രവേശനം പരിമിതപ്പെടുത്തുണം. അണുബാധയുള്ള പ്രദേശങ്ങളിൽ വളർത്തുന്ന പച്ചക്കറികൾ  നന്നായി പാചകം ചെയ്ത് കഴിക്കണം.ഇടക്കാല  ആതിഥേയരായ  ഒച്ചുകളെ നശിപ്പിച്ചാൽ ഈ  രോഗങ്ങൾ  മൃഗങ്ങളിലേക്കും  മനുഷ്യരിലേക്കും  പടരില്ല.

(മൃഗസംരക്ഷണ  വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടറാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top