27 February Saturday

അമേരിക്കയിൽ സംഭവിക്കുന്നത്‌ - വി ബി പരമേശ്വരൻ എഴുതുന്നു

വി ബി പരമേശ്വരൻUpdated: Friday Jan 8, 2021


രണ്ടാം ലോകയുദ്ധത്തിനുശേഷം ചുരുങ്ങിയത്‌ അമ്പതോളം രാജ്യത്തിലെങ്കിലും അട്ടിമറി നടത്തിയ രാജ്യമാണ്‌ അമേരിക്ക. എന്നാൽ, ഇപ്പോൾ അമേരിക്കയിലും അട്ടിമറിശ്രമം അരങ്ങേറിയിരിക്കുന്നു. പ്രസിഡന്റ്‌ ഡോണൾഡ് ‌ട്രംപ്‌ തന്നെയാണ്‌ ഈ അട്ടിമറിക്ക്‌ നേതൃത്വം നൽകിയിരിക്കുന്നത്‌. നവംബർ മൂന്നിന്റെ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ വിജയിച്ച ഡെമോക്രാറ്റിക്‌‌ പാർടി സ്ഥാനാർഥി ജോ ബൈഡൻ അധികാരത്തിൽ എത്തുന്നത്‌ തടയുന്നതിനുള്ള അവസാനശ്രമമെന്ന നിലയിലാണ്‌ ഈ അട്ടിമറിശ്രമം നടന്നത്‌.

ജോ ബൈഡന്റെ ഇലക്ടറൽ കോളേജ്‌ വിജയം പാർലമെന്റിന്റെ ഇരുസഭയുടെയും സംയുക്തയോഗം സർട്ടിഫൈ ചെയ്യുന്ന വേളയിലാണ്‌ പാർലമെന്റ്‌ മന്ദിരത്തിലേക്ക്‌ തീവ്രവലതുപക്ഷത്തിന്റെ ആക്രമണം ഉണ്ടായിട്ടുള്ളത്‌. സെനറ്റ്‌ അധ്യക്ഷനായ വൈസ്‌ പ്രസിഡന്റിന്റെ കസേര കൈയടക്കുകയും ഫർണിച്ചറുകൾ വ്യാപകമായി നശിപ്പിക്കുകയും ചെയ്‌തു. ഉന്നതമായ ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന രാജ്യമാണ്‌ അമേരിക്കയെന്നത്‌, രാഷ്ട്രീയ മിഥ്യാധാരണ മാത്രമാണെന്ന വിലയിരുത്തലുകൾ ഇതോടെ ഉയർന്നിരിക്കുകയാണ്‌.

ഇറാഖ്‌ പ്രസിഡന്റ്‌ സദ്ദാം ഹുസൈനെ ഉൾപ്പെടെ മൃഗീയമായി കൊലപ്പെടുത്തി അട്ടിമറി നടത്തിയ അമേരിക്കൻ പ്രസിഡന്റ്‌ ജോർജ്‌ ഡബ്ല്യു ബുഷിന്‌ സ്വന്തം പാർടിക്കാരനായ  ട്രംപിനെ ഇങ്ങനെ ഓർമിപ്പിക്കേണ്ടിവന്നു. ‘ബനാന (വാഴപ്പഴ) റിപ്പബ്ലിക്കുകളിൽ തർക്കങ്ങൾ പരിഹരിക്കുന്ന രീതിയാണിത്‌. നമ്മുടെ റിപ്പബ്ലിക്കിലേതല്ല ’എന്നായിരുന്നു ഈ ഓർമപ്പെടുത്തൽ. അമേരിക്കയും ബനാന റിപ്പബ്ലിക് എന്ന പദവിയിലേക്ക്‌ താഴ്‌ന്നിരിക്കുന്നു. അമേരിക്കയെ മഹത്തരമാക്കാൻ ഇറങ്ങിപ്പുറപ്പെട്ട ട്രംപ്‌ നേർവിപരീതമാണ്‌ ചെയ്‌തുകൂട്ടിയത്‌. അമേരിക്കൻ മുതലാളിത്തം അഭിമുഖീകരിക്കുന്ന കടുത്ത പ്രതിസന്ധി രാഷ്ട്രീയത്തിലും പ്രതിഫലിക്കുകയാണ്‌.

മഹാമാരിയും അടച്ചുപൂട്ടലും അതുളവാക്കിയ പൊതുജന ഉൽക്കണ്ഠയും വംശീയമായും മറ്റും തിരിച്ചുവിട്ട്‌‌ അധികാരത്തിൽ തുടരാനുള്ള കുറുക്കുവഴികളാണ്‌ ട്രംപും കൂട്ടരും തെരഞ്ഞെടുത്തത്‌

നവംബർ മൂന്നിനു നടന്ന അമേരിക്കൻ തെരഞ്ഞെടുപ്പുഫലം പുറത്തുവന്നതോടെ തന്നെ അധികാരത്തിൽ തുടരാനുള്ള ആർത്തി ട്രംപ്‌ പ്രകടമാക്കിയിരുന്നു. ഏത്‌ നെറികെട്ട മാർഗവും അതിനായി അവലംബിക്കാൻ ട്രംപ്‌ തയ്യാറുമായിരുന്നു. മഹാമാരിയും അടച്ചുപൂട്ടലും അതുളവാക്കിയ പൊതുജന ഉൽക്കണ്ഠയും വംശീയമായും മറ്റും തിരിച്ചുവിട്ട്‌‌ അധികാരത്തിൽ തുടരാനുള്ള കുറുക്കുവഴികളാണ്‌ ട്രംപും കൂട്ടരും തെരഞ്ഞെടുത്തത്‌. സ്വന്തം അധികാരത്തിൽ മാത്രം താൽപ്പര്യമുള്ള ഫാസിസ്റ്റ്‌ രീതികൾ പലപ്പോഴും സ്വീകരിക്കുന്ന പ്രസിഡന്റായിരുന്നു ട്രംപ്‌. കോവിഡിന്റെ മറവിൽ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ്‌ മാറ്റിവയ്‌ക്കാനാണ്‌ ആദ്യം ശ്രമിച്ചത്‌.

എന്നാൽ, തെരഞ്ഞെടുപ്പ്‌ നിശ്ചയിക്കാനുള്ള സമ്പൂർണ അധികാരം കോൺഗ്രസിന്‌ ആയതിനാൽ അത്‌ നടന്നില്ല. തുടർന്നാണ്‌ ജോർജ്‌ ഫ്‌ളോയിഡിന്റെ കൊലപാതകവും അതിനുശേഷമുണ്ടായ ‘ബ്ലാക്ക്‌ ലൈവ്‌സ്‌ മാറ്റർ’ എന്ന പ്രക്ഷോഭത്തിന്റെ മറവിൽ രാജ്യത്ത്‌ സൈനികഭരണം സ്ഥാപിക്കുമെന്ന പ്രഖ്യാപനം വാർത്താസമ്മേളനത്തിലൂടെ പുറത്തുവിട്ടത്. വൻഎതിർപ്പ്‌ വന്നതോടെ അതിൽനിന്നു പിന്തിരിയേണ്ടിവന്നു. തുടർന്നാണ്‌ ഫെഡറൽ തെരഞ്ഞെടുപ്പു കമീഷൻ വോട്ട്‌ ഭക്ഷിക്കുന്ന കമീഷനാണെന്ന്‌ ആക്ഷേപിച്ച്‌ പോസ്റ്റൽ വോട്ടിനും മറ്റുമെതിരെ തിരിഞ്ഞത്‌.  ആ നീക്കവും പരാജയപ്പെട്ടു. ജനം പോസ്റ്റൽ വോട്ട്‌ നന്നായി ഉപയോഗിച്ചു. അത്‌ ട്രംപിന്‌ വിനയാകുകയും ചെയ്‌തു. ഇതോടൊപ്പം  തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് കക്ഷിയുടെ വിജയത്തെ നിഷ്‌പ്രഭമാക്കുന്ന നട്ടാൽകുരുക്കാത്ത നുണകളുടെ പെരുമഴ തന്നെ ട്രംപും കൂട്ടാളികളും ഒഴുക്കി. കോടതികളെ സമീപിച്ച്‌ എതിരാളികളുടെ വിജയം തടാനുള്ള ശ്രമവും വിജയിച്ചില്ല. പക്ഷേ, ജോ ബൈഡന്റെയും കമല ഹാരീസിന്റെയും വിജയം ഇതുകൊണ്ടൊന്നും തടയാൻ കഴിഞ്ഞില്ല. 232നെതിരെ 306 ഇലക്ടറൽ വോട്ടുമായി ബൈഡൻ തന്നെ മുന്നിലെത്തി. ട്രംപിനേക്കാൾ 70 ലക്ഷം വോട്ടാണ്‌ ബൈഡന്‌ കൂടുതലായി ലഭിച്ചത്‌.  ഇതോടെയാണ്‌ ബൈഡൻ പ്രസിഡന്റാകുന്നതിനെ അട്ടിമറിക്കാനുള്ള നീക്കങ്ങൾ ട്രംപ്‌ ആസൂത്രണം ചെയ്‌തത്‌. റിപ്പബ്ലിക്കൻ പാർടി വിജയിക്കുമായിരുന്ന തെരഞ്ഞെടുപ്പ്‌  ‘കവർന്ന്‌ എടുക്കപ്പെടുകയായിരുന്നുവെന്ന’ പ്രചാരണത്തിന്‌ ട്രംപ്‌ തുടക്കമിട്ടു.

‘ഞങ്ങൾ ഉപേക്ഷിക്കുകയുമില്ല, കീഴടങ്ങുകയുമില്ല’ എന്ന റിപ്പബ്ലിക്കൻ നേതാവ്‌ റൂഡി ഗിയുലാനിയുടെ പ്രസ്‌‌താവനയും മറ്റും ട്രംപ്‌ വെള്ളക്കൊട്ടാരം വിടില്ലെന്ന സൂചനയാണ്‌ നൽകിയത്‌. വെള്ളമേധാവിത്വ വികാരവും വംശീയ വിദ്വേഷവും ആളിക്കത്തിച്ച ട്രംപ്‌ തീവ്ര വലതുപക്ഷക്കാരെ ആയുധമണിയിക്കുകയായിരുന്നു

പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ മാത്രമല്ല, ജനപ്രതിനിധി സഭയിലും സെനറ്റിലും (ജോർജിയയിൽ രണ്ട്‌ സീറ്റിൽ ഡെമോക്രാറ്റുകൾ ജയിച്ചതും അട്ടിമറി നടത്താൻ ട്രംപിനെ പ്രേരിപ്പിച്ചു.) ഡെമോക്രാറ്റുകൾക്ക്‌ ഭൂരിപക്ഷം ലഭിച്ചതോടെ ട്രംപ്‌ പൂർണമായും പരാജയപ്പെട്ടു. ബൈഡൻ ഭരണത്തിന്‌ നിയമസാധുതയില്ലെന്ന്‌ വരുത്തിത്തീർത്ത്‌ ഭരണസംവിധാനത്തെ ദുർബലമാക്കുകയായിരുന്നു പിന്നീട്‌ ട്രംപിന്റെ ലക്ഷ്യം. ‘ഞങ്ങൾ ഉപേക്ഷിക്കുകയുമില്ല, കീഴടങ്ങുകയുമില്ല’ എന്ന റിപ്പബ്ലിക്കൻ നേതാവ്‌ റൂഡി ഗിയുലാനിയുടെ പ്രസ്‌‌താവനയും മറ്റും ട്രംപ്‌ വെള്ളക്കൊട്ടാരം വിടില്ലെന്ന സൂചനയാണ്‌ നൽകിയത്‌. വെള്ളമേധാവിത്വ വികാരവും വംശീയ വിദ്വേഷവും ആളിക്കത്തിച്ച ട്രംപ്‌ തീവ്ര വലതുപക്ഷക്കാരെ ആയുധമണിയിക്കുകയായിരുന്നു. നാഷണൽ റൈഫിൾസ്‌ അസോസിയേഷനും ഫോക്‌സ്‌ ന്യൂസും വലതുപക്ഷ ബുദ്ധിജീവികളും റിപ്പബ്ലിക്കൻ പാർടി നേതാക്കളും ഇക്കാര്യത്തിൽ വലിയ സംഭാവന തന്നെ നൽകി. അതിന്റെ പ്രതിഫലനമാണ്‌ ബുധനാഴ്‌ച പാർലമെന്റ്‌ മന്ദിരമായ കാപിറ്റോൾ ഹില്ലിൽ കണ്ടത്‌.

തോക്കുകളും ആയുധങ്ങളുമായി പാർലമെന്റ്‌ മന്ദിരത്തിലേക്ക്‌ ഇരച്ചുകയറിയ ട്രംപ്‌ അനുകൂലികൾ സെനറ്റ്‌ ചേംബറിലേക്ക്‌ കയറി കോൺഡെഫറേറ്റ്‌ കൊടിയുയർത്തി. ട്രംപാണ്‌‌ തെരഞ്ഞെടുപ്പിൽ വിജയിച്ചതെന്നും അവർ ചേംബറിൽ കയറി പ്രഖ്യാപിച്ചു. ജനപ്രതിധി സഭയുടെ സ്‌പീക്കറായ നാൻസി പെലൊസിയുടെ മേശപ്പുറത്തു കയറി‌ ട്രംപിന്റെ വിജയം ആഘോഷിക്കാനും ട്രംപ്‌ അനുകൂലികൾ മറന്നില്ല. അമേരിക്കൻ ജനാധിപത്യ സംവിധാനം ആഭ്യന്തരയുദ്ധക്കാലത്തുപോലും നേരിടാത്ത ആക്രമണമാണ്‌ ഇപ്പോൾ നേരിട്ടത്. തീവ്രവലതുപക്ഷത്തിന്‌ ജനാധിപത്യത്തോടും ജനാധിപത്യ സ്ഥാപനങ്ങളോടും ഒരു ബഹുമാനവും ഇല്ലെന്നു വ്യക്തമാക്കുന്ന നടപടികളാണ്‌ കാപിറ്റോൾ ഹില്ലിൽ അരങ്ങേറിയത്‌. വലതുപക്ഷ ശക്തികളുടെ ആക്രമണത്തിൽനിന്ന്‌ പാർലമെന്റിനെ സംരക്ഷിക്കേണ്ട 2300 അംഗ കാപിറ്റോൾ പ്രത്യേക സേന നോക്കുകുത്തിയായി. ഇടതുപക്ഷത്തെയും കറുത്തവംശജരുടെയും പ്രക്ഷോഭങ്ങളെ ചോരയിൽ മുക്കിക്കൊല്ലാൻ മടിയില്ലാത്ത സുരക്ഷാസേന ആഭ്യന്തര ഭീകരവാദികളെ തടയാൻപോലും തയ്യാറായില്ല. ജോഷ്‌ ഹാവ്‌ലി പോലുള്ള റിപ്പബ്ലിക്കൻ പാർലമെന്റ്‌ അംഗങ്ങൾ പാർലമെന്റിനു നേരെ ചീറിയടുത്ത ആക്രമണകാരികളെ കൈയുയർത്തി അഭിവാദ്യം ചെയ്യുകയായിരുന്നു. ജനാധിപത്യത്തിന്റെ ഈ ഘാതകരെ ‘ദേശസ്‌നേഹി’കൾ എന്നാണ്‌ ട്രംപ്‌ വിശേഷിപ്പിച്ചത്‌.

അക്രമികളോട്‌ പിൻവാങ്ങാൻ ദേശീയ ടെലിവിഷനിൽ പ്രത്യക്ഷപ്പെട്ട്‌ ട്രംപ്‌ ആഹ്വാനം ചെയ്യണമെന്ന്‌ ബൈഡൻ ആവശ്യപ്പെട്ടു. ഡെമോക്രാറ്റുകളുടെ ദുർബലമായ ഈ പ്രതികരണം വൻവിമർശമാണ്‌ ക്ഷണിച്ചുവരുത്തിയത്‌

‘ജനാധിപത്യത്തെ സംരക്ഷിക്കാനാണ്’‌ ഈ നടപടിയെന്നും ആക്രമണത്തെ ന്യായീകരിച്ചുകൊണ്ട്‌ ട്രംപ്‌ ട്വീറ്റ്‌ ചെയ്‌തു. ‘നിങ്ങളെ സ്‌നേഹിക്കുന്നു’വെന്നും ട്രംപ്‌ പറഞ്ഞുവച്ചു. അമേരിക്കൻ ജനാധിപത്യം നിലനിൽക്കണമെങ്കിൽ ആക്രമണകാരികളെ നിയമത്തിനു മുമ്പിൽ കൊണ്ടുവരാൻ കഴിയണം. ആക്രമണത്തിന്‌ പ്രേരിപ്പിച്ച ട്രംപ്‌‌ ഉൾപ്പെടെയുള്ള നേതാക്കളെ അറസ്റ്റുചെയ്യുകയും വേണം. എന്നാൽ, മുഖ്യപ്രതിപക്ഷമായ ഡെമോക്രാറ്റിക് പാർടിയുടെ പ്രതികരണം പ്രതീക്ഷ നൽകുന്നതല്ല. സംഭവം നടന്ന്‌ മണിക്കൂറുകളോളം ബൈഡൻ ഉൾപ്പെടെയുള്ള നേതാക്കൾ പ്രതികരിക്കാൻ പോലും തയ്യാറായില്ല. അക്രമികളോട്‌ പിൻവാങ്ങാൻ ദേശീയ ടെലിവിഷനിൽ പ്രത്യക്ഷപ്പെട്ട്‌ ട്രംപ്‌ ആഹ്വാനം ചെയ്യണമെന്ന്‌ ബൈഡൻ ആവശ്യപ്പെട്ടു. ഡെമോക്രാറ്റുകളുടെ ദുർബലമായ ഈ പ്രതികരണം വൻവിമർശമാണ്‌ ക്ഷണിച്ചുവരുത്തിയത്‌.

ജനാധിപത്യഘാതകരെ ‘സ്‌നേഹിക്കുന്ന’ ട്രംപിനെ സ്‌നേഹിക്കുന്ന ഒരാൾ ഇന്ത്യയിലുണ്ട്‌. പ്രധാനമന്ത്രി നരേന്ദ്ര മോഡി. അബ്‌ കി ബാർ ട്രംപ്‌ സർക്കാർ എന്ന മുദ്രാവാക്യം ഉയർത്തി ട്രംപ്‌ ‌അധികാരത്തിൽ എത്താൻ ശ്രമിച്ച പ്രചാരകനാണ്‌ നമ്മുടെ പ്രധാനമന്ത്രി. സൈനിക ജനറൽമാർക്കു മാത്രം അമേരിക്ക നേരത്തേ നൽകിവരുന്ന ലീജിയൻ ഓഫ്‌ മെറിറ്റ്‌ അവാർഡ്‌ നൽകിയാണ്‌ ട്രംപ്‌ മോഡിയോടുള്ള നന്ദി അറിയിച്ചത്‌. സംസ്ഥാനങ്ങളിൽ അധികാരം നഷ്ടപ്പെട്ടാൽ പണച്ചാക്ക്‌ ഇറക്കി നിയമസഭാ സാമാജികരെ കാലുമാറ്റി അധികാരം തിരിച്ചുപിടിക്കുകയെന്ന മോഡി–-അമിത്‌ ഷാ കൂട്ടുകെട്ട്‌ നടത്തിവരുന്ന ജനാധിപത്യഹത്യയുടെ വലിയരൂപം മാത്രമാണ്‌ അമേരിക്കയിൽ ട്രംപും പയറ്റിയിട്ടുള്ളത്‌.  തീവ്രവലതുപക്ഷത്തിന്‌ ജനാധിപത്യത്തോടുള്ള പ്രതിപത്തി എത്രയെന്ന്‌ ഈ രണ്ട്‌ നേതാക്കളുടെ നടപടികളിൽനിന്നും വ്യക്തമാകും. അതിനാൽ ജനാധിപത്യം സംരക്ഷിക്കപ്പെടണമെങ്കിൽ തീവ്രവലതുപക്ഷ രാഷ്ട്രീയത്തിനെതിരെ പോരാടുക തന്നെ വേണം. അമേരിക്കയിലെന്നപോലെ ഇന്ത്യയിലും അതിനുള്ള യോജിച്ച വേദികളാണ്‌ ഉയരേണ്ടത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top