23 April Tuesday

കലാലയ രാഷ്ട്രീയത്തിൽ നിന്നും കലാപ രാഷ്ട്രീയത്തിലേക്കുള്ള ദൂരം

രാജീവ് മഹാദേവൻUpdated: Thursday Jan 13, 2022

രാജീവ്‌ മഹാദേവൻ

രാജീവ്‌ മഹാദേവൻ

ഒരു യുവാവിനെക്കൂടി കൊലപ്പെടുത്തിയിരുന്നു. ഒരു മനുഷ്യനെക്കൂടി ഇല്ലാതാക്കിയിരിക്കുന്നു. വീണ്ടുമൊരു കലാലയഹൃദയത്തിൽക്കൂടി കഠാര കയറ്റിയിരിക്കുന്നു. ഒരു കുടുംബത്തെ, നാടിനെ, സൗഹൃദങ്ങളെ., പ്രസ്ഥാനത്തെ കണ്ണീരിലാഴ്ത്തിയിരിക്കുന്നു. മനുഷ്യൻ എന്ന് സ്വയമഭിമാനിക്കുന്ന ഓരൊരാളും തങ്ങളിലെ സകല മാനുഷിക മൂല്യങ്ങളെയും മുൻനിർത്തി ഈ സംഭവത്തിൽ അപലപിക്കേണ്ടതാണ്, പ്രതികരിക്കേണ്ടതാണ്, പ്രതിഷേധിക്കേണ്ടതാണ്. ഈ അരുംകൊല ആസൂത്രണം ചെയ്തവരും, നേതൃത്വം കൊടുത്തവരും, നടപ്പിലാക്കിയവരും ആരെന്ന് പട്ടാപ്പകൽ പോലെ വ്യക്തമാണെന്നിരിക്കെ, പ്രത്യക്ഷത്തിൽത്തന്നെ അവർക്കെതിരായ പ്രതികരണങ്ങൾ സ്വാഭാവികമായും സമൂഹത്തിലെ എല്ലാത്തുറകളിൽ നിന്നും ഉയർന്നു വരേണ്ടതും ആണ്. ദൗർഭാഗ്യവശാൽ, അതിഭീതിതമാംവിധം വലതുപക്ഷവൽക്കരിക്കപ്പെട്ട നമ്മുടെ സമൂഹം, വലതുപക്ഷ ഹിംസാത്മക ശക്തികൾ (കെ എസ് യു - യൂത്ത് കോൺഗ്രസ് - കോൺഗ്രസ്സ്) നടത്തിയ ഈ കൊലപാതക ചർച്ചകളെ മറ്റു വഴികളിലേക്ക് തിരിച്ചു വിടുകയും, പ്രതികളെ സമൂഹമനഃസാക്ഷിയുടെ വിചാരണയിൽ നിന്ന് പതിയെ രക്ഷിച്ചെടുക്കുകയും ചെയ്യും.

ഇങ്ങനെയൊരു സംഭവം നടന്നു കഴിയുമ്പോൾ, കലാലയ രാഷ്ട്രീയത്തിൻറെ ഭാഗമായിരുന്നില്ലെങ്കിൽ ആ കുട്ടിയ്ക്ക് ഇങ്ങനെ സംഭവിക്കുമായിരുന്നില്ല എന്ന പരിദേവനം നടത്തുന്ന ധാരാളം വീട്ടമ്മമാരെയും വീട്ടച്ഛന്മാരെയും കാണാം. അവരുടെയൊക്കെ ഉള്ളിൽ ഉറച്ചിരിക്കുന്ന, കലാലയ രാഷ്ട്രീയമെന്നാൽ കൊലപാതക രാഷ്ട്രീയമാണ് എന്ന പൊതുബോധത്തെ ഒന്നു കൂടി ഉറപ്പിക്കുക കൂടിയാണ് ഇത്തരം കൃത്യങ്ങൾ ആസൂത്രണം ചെയ്യുന്നവരുടെ രാഷ്ട്രീയലക്ഷ്യം. തെരഞ്ഞെടുപ്പിനെ ചുറ്റിപ്പറ്റിയുള്ള തർക്കമെന്നോ, വിദ്യാർഥിസംഘർഷത്തിൻറെ ഭാഗമെന്നോ,  വ്യക്തിവിരോധമെന്നോ ഒക്കെ  പറഞ്ഞാലും, ആത്യന്തികമായി അവർ ഉന്നം വയ്ക്കുന്നത് മേൽപ്പറഞ്ഞ പൊതുബോധനിർമ്മിതി തന്നെയാണ്. ഇത്തരത്തിലുള്ള നിരവധി ആസൂത്രിതനീക്കങ്ങളിലൂടെ, പ്രബുദ്ധകേരളം, ഇടത് ശരീരവും, വലത് മനസ്സും എന്ന നിലയിലേക്ക് അതിവേഗം നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ കലാലയ രാഷ്ട്രീയത്തിൻറെ പ്രസക്തിയെയും ചരിത്രപശ്ചാത്തലത്തെയും സ്പർശിച്ചുകൊണ്ട് ചുരുക്കം ചില കാര്യങ്ങൾ സൂചിപ്പിക്കുകയാണിവിടെ.

വിശുദ്ധമായ ഇടം എന്ന നിലയിൽ മദ്ധ്യകാലഘട്ടം മുതൽക്കു തന്നെ ഉപയോഗിച്ച് വരുന്ന ഒരു സംജ്ഞയാണ് പള്ളിക്കൂടം. അതിനെ സ്‌കൂൾ എന്ന് മൊഴിമാറ്റം നടത്തിയപ്പോഴും ആ 'വിശുദ്ധിയ്ക്ക്' കോട്ടം തട്ടാതെ സൂക്ഷിക്കാൻ നമ്മൾ ശ്രദ്ധിച്ചിരുന്നു. പള്ളിക്കൂടങ്ങളിലേക്കെത്തുന്നതിനു മുൻപ് നിലവിലിരുന്ന ഗുരുകുല സമ്പ്രദായം ഇന്ത്യയിൽ മാത്രമല്ല ലോകത്തെ മിക്കവാറും എല്ലാ പ്രാചീന സംസ്കൃതികളുടെയും ഭാഗമായിരുന്നു എന്ന് കാണുവാൻ കഴിയും.  സംവാദാത്മകമായിരുന്നു ആ പഠനരീതി. വിശ്വദാര്ശനികരുടെ തലതൊട്ടപ്പനായ സോക്രട്ടീസ് തൻ്റെ ശിഷ്യന്മാരുമായി നടത്തിയിരുന്ന സംവാദങ്ങൾ പ്രസിദ്ധമാണല്ലോ.

വിശുദ്ധിയുടെ പര്യായങ്ങളായി അവതരിപ്പിക്കപ്പെട്ട  പള്ളിക്കൂടങ്ങൾക്കും പിന്നീട് സ്‌കൂളുകൾക്കും,  ഈ സമ്പ്രദായം വഴി മാറിക്കൊടുത്തപ്പോൾ, അധ്യാപകനും വിദ്യാർത്ഥിയും രണ്ടു ചേരിയിലായി. അധ്യാപകന്റെ ചോദ്യങ്ങൾ വിശുദ്ധവും സുബദ്ധവും, വിദ്യാർത്ഥിയുടേത്  അശുദ്ധവും അബദ്ധവുമായി മാറി. ക്രോഡീകൃതമായ സിലബസുകളുടെ അടിസ്ഥാനത്തിൽ അധ്യാപകർ വിഷയങ്ങൾ പങ്കിട്ടെടുത്തു. സൂര്യന് കീഴെ എല്ലാറ്റിനെപ്പറ്റിയും സാമാന്യജ്ഞാനമുള്ള ഗുരുക്കന്മാരുടെ സ്ഥാനം പ്രത്യേക വിഷയങ്ങളിൽ പ്രാവീണ്യമുള്ള അധ്യാപകർ കയ്യടക്കി. ഗുരുക്കന്മാർ തങ്ങളുടെ അറിവുകൾ പൂർണമാക്കിയിരുന്നത്,  ബലപ്പെടുത്തിയിരുന്നത് ശിഷ്യരുമായുള്ള സംവാദങ്ങളിലൂടെയായിരുന്നു. എന്നാൽ അഭിനവ അധ്യാപകരിൽ ഭൂരിപക്ഷവും അറിവിന്റെ നിറകുടങ്ങളായി വിദ്യാർത്ഥികൾക്ക് മുന്നിൽ സ്വയമവതരിക്കുന്നു. അധ്യാപനവും അധ്യയനവും രണ്ടായിപ്പിരിഞ്ഞ്  രണ്ടു വഴിക്ക് സഞ്ചരിക്കാൻ തുടങ്ങിയിരിക്കുന്നു.


ഗുരുശിഷ്യ സംവാദത്തിലൂടെ പ്രാഥമികാറിവുകളാർജ്ജിച്ച കുട്ടികൾ അറിവിന്നങ്ങേക്കര തേടി ദൂരദിക്കുകളിലേക്ക് സ്വയം പറന്നു പോയിരുന്നു. (ഇന്നാകട്ടെ അറിവിൻറെ രത്‌നഖനികൾ വിരൽത്തുമ്പിൽ ലഭ്യമാണ്. പക്ഷെ വിരൽത്തുമ്പിന്റെ ചലനസ്വാതന്ത്ര്യം  അവർ ആർക്കൊക്കെയോ അടിയറ വച്ചിരിക്കുന്നു. അവർക്ക് വേണ്ടതെന്താണെന്നു മറ്റു പലരും നേരത്തെ തീരുമാനിച്ചിരിക്കുന്നു. അവരുടെ നിർദേശങ്ങൾക്കനുസരിച്ച് ടച്ച് ചെയ്യന്നു ക്ലിക്ക് ചെയ്യുന്നു ലൈക്ക് ചെയ്യുന്നു ഷെയർ ചെയ്യുന്നു.) അത്തരം യാത്രകളിൽ സമൂഹത്തിലെ എല്ലാ തലങ്ങളിലുള്ളവരോടും ഇടപെഴകി എല്ലാവിധ സാമൂഹിക പ്രവണതകളോടും മല്ലിട്ടുകൊണ്ട്, കുറെയൊക്കെ ഉൾക്കൊണ്ടും കുറെയേറെ തള്ളിക്കളഞ്ഞും അവൻ/അവൾ മുന്നോട്ട് പോകുന്നു. അവർ എത്തിച്ചേരാനുദ്ദേശിച്ച സ്ഥലങ്ങളിൽ നിന്നാർജ്ജിക്കാൻ കഴിയുന്നതിലുമെത്രയോ പാഠങ്ങൾ അവർ വഴിയിൽ പഠിക്കുന്നു.

ഇത്രയും പറഞ്ഞത് പള്ളിക്കൂടങ്ങളും കലയാലയങ്ങളും(സ്‌കൂളുകളും കോളേജുകളും) എങ്ങനെ ഇന്ന് കാണും വിധം ആയി എന്നും എങ്ങനെ ആകേണ്ടിയിരുന്നു എന്നുമുള്ളതിന്റെ ഏകദേശരൂപം നൽകാനാണ്. കലാലയം എന്ന വാക്ക് പ്രത്യേകിച്ച് വിശദീകരിക്കേണ്ടതില്ല എന്ന് തോന്നുന്നു. സർവകലാശാലയും അങ്ങനെ തന്നെ. സർവ്വ കലകളുടെയും  ഇരിപ്പിടമായിരിക്കണം സർവ്വകലാശാലകൾ. ബിരുദങ്ങളും ബിരുദാനന്തരബിരുദങ്ങളും ഡോക്ടറേറ്റുകളും ഉൽപ്പാദിപ്പിക്കുന്ന വെറും ഫാക്ടറികളാകാതെ, യുവാക്കളെ അവരുടെ എല്ലാവിധ ശക്തികളോടും ദൗർബല്യങ്ങളോടും സ്വീകരിക്കുകയും പരിഗണിക്കുകയും സ്വതന്ത്രരായി ചിന്തിക്കാൻ അനുവദിക്കുകയും നല്ല മനുഷ്യരായി പുറം ലോകത്തേയ്ക്ക് പറത്തിവിടുകയും ചെയ്യുന്ന വഴിയമ്പലങ്ങളായിരിക്കണം. വിശ്വഭാരതിയിൽ ടാഗോർ വിഭാവനം ചെയ്തതും മറ്റൊന്നല്ല. "യത്ര വിശ്വം ഭവത്യേക നീഢം" (ലോകം ഒരു പക്ഷിക്കൂടുപോലെ ഇവിടെ ഒന്നിക്കുന്നു) എന്ന പ്രവേശന കവാടത്തിലെ വാക്കുകൾ മുദ്രാവാക്യമായ് മുഴങ്ങുന്ന ആ ക്യാമ്പസ്സിൽ കപടദേശീയതയുടെ വിഷവിത്തുകൾ മുളയ്ക്കില്ല.

ചോരത്തിളപ്പിൽ കാട്ടിക്കൂട്ടുന്നതെന്ന് തലനരച്ചവർ അപരാധമായ് പറയുന്നതെല്ലാം ചരിത്രത്തിന്റെ പല ഘട്ടങ്ങളിലും ലോകത്തെ വൻശക്തികളെ മുട്ടുകുത്തിച്ചു പോരാട്ടങ്ങളായി  രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. തോക്കുകളുടെ നിയന്ത്രണം എന്ന ആവശ്യമുന്നയിച്ച് അമേരിക്കൻ  വിദ്യാർഥികൾ അടുത്തിടെ നടത്തിയ പ്രക്ഷോഭം സെനറ്റിനെയും  പ്രസിഡന്റിനെയും ഒട്ടല്ലാതെ വിയർപ്പിച്ച ഒന്നാണ്.

1960 ൽ അമേരിക്കയിലെ ഗ്രീൻസ്ബാരോ എന്ന സ്ഥലത്ത്, വെളുത്തവർക്കു മാത്രമേ ഭക്ഷണം കൊടുക്കൂ എന്ന് നിർബന്ധം പിടിച്ച ഒരു ഭക്ഷണശാലയുടെ കൗണ്ടറിനു മുന്നിൽ, ഭക്ഷണം കിട്ടിയിട്ടേ ഞങ്ങൾ പോകു എന്ന് പ്രഖ്യാപിച്ചു കൊണ്ട്  അചഞ്ചലരായി നിലയുറപ്പിച്ച  ആറു വിദ്യാർത്ഥികളെ എങ്ങനെ മറക്കാൻ കഴിയും. പിന്നീടതൊരു വലിയ പ്രക്ഷോഭമായി രൂപാന്തരപ്പെടുകയും അപരിഷ്‌കൃതമായ അത്തരം രീതികൾ ഒഴിവാക്കാൻ ഭൂരിപക്ഷവും നിർബന്ധിതരാക്കപ്പെടുകയും ചെയ്തത് ചരിത്രം.

ആഫ്രിക്കൻ-അമേരിക്കൻ സംസ്കാരത്തിന് സിലബസിൽ അർഹിക്കുന്ന പ്രാധാന്യം നൽകുക, ജുഡീഷ്യൽ കമ്മിറ്റികളിൽ വിദ്യാർത്ഥികളെ ഉൾപ്പെടുത്തുക തുടങ്ങി നിരവധി ആവശ്യങ്ങളുന്നയിച്ചുകൊണ്ട് 1968  ലെ വസന്തകാലത്ത് അമേരിക്കൻ സർവകലാശാലകളിൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭവും ചരിത്രമാണ്.
ആഫ്രിക്കാൻസ് ഭാഷ അടിച്ചേൽപ്പിക്കുന്നതിനെതിരെ ദക്ഷിണാഫ്രിക്കയിലെ സേവിട്ടോവിൽ 1976 ജൂൺ 16 ന് നടന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിന്‌ നേതൃത്വം നൽകിയ ഹെക്ടർ പീറ്റേഴ്‌സൺ എന്ന പതിമൂന്നുകാരന്റെ രക്തസാക്ഷിത്വം ആദ്യകാല വിദ്യാർത്ഥി പ്രക്ഷോഭ ചരിത്രത്തിലെ നൊമ്പരപ്പെടുത്തുന്ന ഒരേടാണ്.
1999 ൽ ഇറാനിൽ ഖൊമേനിയെപ്പോലും വിറപ്പിച്ചുകൊണ്ട്  അരങ്ങേറിയ വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ, ഇവയെല്ലാം ചരിത്രത്തിന്റെ ഭാഗം തന്നെയാണ് . പിന്നെയും എത്രയോ പ്രക്ഷോഭങ്ങൾ.

1945 ൽ പ്രശസ്‌ത ചിത്രകാരൻ ചിത്തപ്രസാദ്‌ വരച്ച ഒരു ചിത്രം

1945 ൽ പ്രശസ്‌ത ചിത്രകാരൻ ചിത്തപ്രസാദ്‌ വരച്ച ഒരു ചിത്രം


ഇന്ത്യയിലേക്ക് വന്നാൽ. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് രൂപീകരിക്കുന്നതിൽ നേതൃത്വപരമായ പങ്കുവഹിച്ച ഇന്ത്യയുടെ വന്ദ്യ വയോധികൻ എന്നറിയപ്പെട്ടിരുന്ന  ദാദാഭായ് നവറോജിയാണ് 1848  ൽ  ആദ്യത്തെ ഔദ്യോഗിക വിദ്യാർത്ഥി സംഘടന രൂപീകരിക്കുന്നത്. സ്റ്റുഡന്റസ് സയന്റിഫിക് ആൻഡ് കൾച്ചറൽ സൊസൈറ്റി.
സ്വദേശി മൂവേമെന്റിന്റെ ഭാഗമായി 1905 ൽ വിദ്യാർഥികൾ കൂട്ടത്തോടെ സ്‌കൂളുകൾ ബഹിഷ്കരിച്ചിരുന്നുവെങ്കിലും, സ്വാതന്ത്യ പൂർവ ഇന്ത്യയിലെ ആദ്യ വിദ്യാർത്ഥി സമരം നടക്കുന്നത് ലാഹോറിലെ കിംഗ് എഡ്വേർഡ് മെഡിക്കൽ കോളേജിലാണ് 1913  ഫെബ്രുവരിയിൽ. സമരം 16  ദിവസം നീണ്ടു നിന്നു.

1919 ലെ നിസ്സഹകരണ പ്രസ്ഥാനത്തിലും 1942 ലെ ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിലും വിദ്യാർത്ഥി സംഘടനകൾ തങ്ങളുടേതായ പങ്ക് വഹിച്ചിട്ടുണ്ട്. 1948 ൽ യങ് സോഷ്യലിസ്റ് ലീഗ് സ്ഥാപിക്കപ്പെട്ടു.
1959  ൽ ഓൾ ഇന്ത്യ യൂത്ത് മൂവ്മെന്റ് .
1970  ൽ സ്റ്റുഡന്റ് ഫെഡറേഷൻ ഓഫ് ഇന്ത്യ.
1975 -77 ലെ അടിയന്തിരാവസ്ഥകാലത്തെ വിദ്യാർത്ഥിപ്പോരാട്ടങ്ങൾ.. രാജനെപ്പോലെ അനവധി വിദ്യാർത്ഥി നേതാക്കളുടെ ജ്വലിക്കുന്ന സ്മരണകൾ ഇന്നും ഇന്ത്യൻ ഹൃദയങ്ങളിൽ എരിയുന്ന കനലായ് ഭരണകൂട ഭീകരതകൾക്കെതിരായ പോരാട്ടങ്ങളിൽ ചാലകശക്തിയാണ്.

സ്വകാര്യ കോളേജുകളിലെ അമിതഫീസിനും മറ്റു മനുഷ്യാവകാശ ലംഘനങ്ങളെയും ചോദ്യം ചെയ്തുകൊണ്ട് ഇടത് വിദ്യാർത്ഥി സംഘനകൾ നിരന്തരം നടത്തി വരുന്ന സമരപോരാട്ടങ്ങൾ കേരള ചരിത്രത്തിന്റെ ഭാഗം തന്നെയാണ്.  ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിൽ രോഹിത് വെമുലയുടെ ആത്മഹത്യയിലേക്കു നയിച്ച സംഭവവികാസങ്ങളെ ചോദ്യം ചെയ്തുകൊണ്ട് വിദ്യാർത്ഥി സംഘടനകൾ നടത്തിയ സമരം ഈ അടുത്ത കാലത്തുണ്ടായ സുപ്രധാന സമരങ്ങളിലൊന്നാണ്.

ഇന്ത്യയിലെ വലതുപക്ഷത്തിന്റെയും ഫാഷി്‌സ്‌റ്റ്‌ സംഘടനകളുടെയും കണ്ണിലെ കരടായ JNU വിനെക്കുറിച്ച് ചിലത് സൂചിപ്പിക്കാതെ ഈ കുറിപ്പ് പൂർണ്ണമാകില്ല. രാജ്യത്തിൻറെ ഭാഗധേയം നിർണ്ണയിക്കാൻ തക്ക ശേഷിയുള്ള രാഷ്ട്രീയ നേതാക്കൾ, സാമൂഹിക പ്രതിബദ്ധതയുള്ള സാമ്പത്തികശാസ്ത്രജ്ഞർ, ഉത്തരവാദിത്വബോധമുള്ള മാധ്യമ പ്രവർത്തകൻ തുടങ്ങി നിരവധി പ്രഗത്ഭമതികളെ പെറ്റു വളർത്തിയ കലാലയമാണ് JNU . ഇന്ത്യൻ ജനാധിപത്യത്തിന്റെ, രാഷ്ട്രീയ പ്രബുദ്ധതയുടെ മതനിരപേക്ഷതയുടെ മാനവികതയുടെ ധൈഷണിക സിരാകേന്ദ്രമാണ് JNU .

നിർഭയനായി നിഷ്പക്ഷനായി വർഗീയ ഫാസിസത്തിനെതിരെ നിലപാടുകളെടുത്തു വന്ന ഗുജറാത്ത് കേഡറിലെ ഒരുന്നതപോലീസ് ഉദ്യോഗസ്ഥനോട് നീരസത്തോടെ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോഡി പറഞ്ഞുവത്രേ, നിങ്ങൾക്ക് JNU മൈൻഡ്‌സെറ്റാണെന്ന്.

 നാൽപ്പത് ഡിഗ്രിക്ക് മേൽ പൊള്ളുന്ന വെയിലത്ത്, വിശാലമായ കലാലയമുറ്റത്ത് നവാഗതരെ സ്വാഗതം ചെയ്‌ത്‌, അവർക്കാവശ്യമുള്ളതെല്ലാം നടത്തിക്കൊടുത്ത് സഹായിക്കുന്ന ജെഎൻയുവിലെ ഇടതുപക്ഷ പുരോഗമനവിദ്യാർത്ഥി സംഘടനകളെപ്പറ്റി വാചാലരാകുന്നത്, പ്രത്യേകിച്ചൊരു വിദ്യാർഥിപ്രസ്ഥാനത്തോടും ആദ്യാവസാനം മമത പുലർത്താത്ത നിഷ്പക്ഷരായ  വിദ്യാർഥീ വിദ്യാർത്ഥിനികൾ തന്നെയാണ്. ചെറിയ ക്ലാസുമുതൽ ബിരുദബിരുദാനന്തര തലം വരെയുള്ള ക്‌ളാസുകളിൽ നിന്നാർജ്ജിക്കാൻ കഴിയുന്നതിൽ കൂടുതൽ ചരിത്രവിജ്ഞാനം മേൽപ്പറഞ്ഞ വിദ്യാർത്ഥി സംഘനകളിലെ പ്രവർത്തകരായ വിദ്യാർഥികൾ ചായ കുടിച്ച് മാർക്സിനെ ചർച്ച ചെയ്യുമ്പോൾ തങ്ങൾക്ക് കിട്ടിയിരുന്നു എന്ന് സാക്ഷ്യപ്പെടുത്തുന്നതും അവർ തന്നെ. വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പുകളോടനുബന്ധിച്ച നടക്കുന്ന പ്രസിഡൻഷ്യൽ ഡിബേറ്റുകൾ പുലരുവോളം ഉറക്കം മറന്നു കേട്ടിരുന്ന അനുഭവങ്ങൾ വിവരിക്കുന്നതും ഇവർ തന്നെ. ജെ എൻ യുവിനെതിരെ പടച്ചുണ്ടാക്കുന്ന കള്ളക്കഥകളും അവിടെ കാട്ടിക്കൂട്ടുന്ന അതിക്രമങ്ങളും ബാധിക്കുക ഇന്ത്യയുടെ ബഹുസ്വര നിലപാടുകളെയാണ്.

സ്വാതന്ത്ര്യ സമരപോരാട്ടങ്ങളിലെ മതനിരപേക്ഷത മുഖങ്ങളിൽ പ്രധാനിയായിരുന്നു സാർ സയ്യിദ് അഹമ്മദ് ഖാൻ. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സ്ഥാപിതമായ ലോകോത്തര നിലവാരമുള്ള കലാലയമാണ് അലിഗഡ് മുലിം യൂണിവേഴ്‌സിറ്റി. (AMU ). എം എം യുവിൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭം നമ്മളാരും മറന്നിട്ടില്ല. യൂണിവേഴ്‌സിറ്റി സെൻട്രൽ ഹാളിൽ സ്ഥാപിച്ചിട്ടുള്ള മുഹമ്മദാലി ജിന്നയുടെ ചിത്രം എടുത്ത് മാറ്റണം എന്ന ഫാസിസ്റ്റ് സംഘടനകളുടെ  തിട്ടൂരത്തിനെതിരെ  വിദ്യാർത്ഥി സംഘടനകൾ നടത്തി വന്ന സമരം വിജയം നേടി. ഒരു കാലത് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ സമുന്നത നേതാവായിരുന്ന ആളാണ് ജിന്ന. കോൺഗ്രസ്സിന്റെ ഹിന്ദു പ്രീണന നിലപാടുകളിൽ പ്രതിധേധിച്ചാണ് അദ്ദേഹം കോൺഗ്രസ്സ് വിട്ടതും മുസ്ലീലീഗ് രൂപീകരിച്ചതും ഇന്ത്യവിഭജനത്തിനും എത്രയോമുൻപ് ആജീവനാന്ത ഹോണററി യൂണിയൻ അംഗത്വം നൽകിയ വേളയിൽ സ്ഥാപിക്കപ്പെട്ട ചിത്രമായിരുന്നു അത്. ഇന്ത്യചരിത്രത്തിന്റെ ബാലപാഠങ്ങൾ പോലുമറിയാത്ത വിഢികൾക്ക് അർഹിക്കുന്ന മറുപടി തന്നെയാണ് എ എം യുവിലെ വിദ്യാർഥികൾ നൽകിയത്.

വിദ്യാർത്ഥിരാഷ്ട്രീയം നിരോധിക്കപ്പെടരുത് എന്ന് എക്കാലത്തും ശക്തമായി വാദിക്കുന്നത് ഇടതുപക്ഷ വിദ്യാർത്ഥി പ്രസ്ഥാനങ്ങളാണ്. കാരണം ലോകരാഷ്ട്രങ്ങളിലൊട്ടുമിക്കവയിലും ഏറിയും കുറഞ്ഞും കലാലയങ്ങൾക്കുള്ളിലും പുറത്തും വിദ്യാർഥികൾ ഏറ്റെടുത്ത പോരാട്ടങ്ങൾ അവരെ മാത്രം ബാധിക്കുന്ന വിഷയങ്ങളിന്മേലായിരുന്നില്ല. കേരളത്തിലും അത്തരത്തിൽ നിരവധി പോരാട്ടങ്ങൾക്ക് വിദ്യാർത്ഥി പ്രസ്ഥാനങ്ങൾ നേതൃത്വം നൽകിയിട്ടുണ്ട്.

ഒരു കലാലയം അതാത് ദേശത്തെ സമൂഹത്തിന്റെ ഒരു പരിചേ്‌ഛദം തന്നെയാണ്. അവിടെ രൂപപ്പെടുന്ന സംസ്ക്കാരം ആ കലാലയ മതിൽക്കെട്ടിനു വെളിയിലുള്ളതിൽ നിന്നു വ്യത്യസ്തമാകാൻ തരമില്ല. അപ്പോൾപ്പിന്നെ അവരുടെ പ്രശ്നങ്ങൾ സമൂഹത്തിന്റെ പൊതുവായ പ്രശ്നങ്ങൾ തന്നെയെന്ന് വരുന്നു. അവരതിനെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നത്, നാളെ അവരെങ്ങനെ സമൂഹത്തിൽ ഇടപെടുന്നു എന്നതിന്റെ ആദ്യ ചുവടായും മാറുന്നു. ശരിയായ രാഷ്ട്രീയ ബോധമുള്ള ബോദ്ധ്യമുള്ള ഒരു വിദ്യാർത്ഥിക്ക് മാത്രമാണ് സാഹചര്യങ്ങളെ ശരിയായി വിലയിരുത്തുവാനും ഫലപ്രദമായി കൈകാര്യം ചെയ്യുവാനും സാധിക്കുകയുള്ളുവെന്ന് കാലം സാക്ഷിയാണ് ചരിത്രവും.

അവസാനിപ്പിക്കാനൊരുങ്ങുമ്പോൾ  ആദ്യം പറഞ്ഞവയിലേക്ക് തന്നെ മടങ്ങിപ്പോകുന്നു. ഇത് പറഞ്ഞു പഴകിയ ഒരു ചോദ്യമാണ്. പക്ഷെ ചിലരെങ്കിലും വീണ്ടും ഈ ചോദ്യം ആവർത്തിക്കുന്നു, ചിലർ അതേറ്റുപിടിക്കുന്നു.

കേരളത്തിന്റെ ഹൃദയപക്ഷത്തുള്ള ഇടത് പുരോഗമനവിദ്യാർഥിപ്രസ്ഥാങ്ങൾക്ക് എക്കാലവും ഇക്കാലവും ശക്തമായ വേരോട്ടമുള്ള കലാലയം. അനേകം മഹാമനീഷികളെ, കലാകാരന്മാരെ അതിലെല്ലാമുപരി ഒരു പറ്റം മനുഷ്യസ്നേഹികളെ മലയാളികൾക്ക് വളർത്തി നൽകിയ കലാലയം. കേരളത്തിലെ ജെ എൻ യു എന്ന വിളിക്കപ്പെടാവുന്ന കലാലയം. മഹാരാജാസ്. അവിടെ നടന്ന അത്യന്തം മനുഷ്യത്വ രഹിതമായ ഒരു കൊലപാതകം. പത്തൊമ്പതുകാരനായ ഒരു യുവാവിനെ നിമിഷാർധങ്ങളിൽ നിശ്ചേഷ്ടനാക്കിയ ഒരു സംഭവം. കാടിനോടും കാട്ടാറിനോടും പേമാരിയോടും പകർച്ചവ്യാധികളോടും വന്യമൃഗങ്ങളോടും എല്ലാറ്റിനും മേലെ കൊടിയ ദാരിദ്യത്തിനോടും പോരാടി കുന്നിറങ്ങി പുഴകടന്ന് മഹാരാജാസിലേക്ക് പാറി വന്നൊരു ചുകപ്പാണ് നക്ഷത്രമായിരുന്നു അവൻ. അഭിമന്യു.

ലോകത്തിന്റെ മുഴുവൻ പട്ടിണിമാറ്റാൻ പ്രതിജ്ഞാബദ്ധമായ ഒരു പ്രസ്ഥാനത്തിന്റെ പതാകയേന്തി മുന്നിൽ നടന്നവൻ. ഒഴിഞ്ഞ വയറോടെ പുലർന്ന് ഒഴിഞ്ഞ വയറോടെ മടങ്ങിയവൻ. രാഷ്ട്രീയമില്ലാത്ത കലാലയമായിരുന്നെങ്കിൽ, അവൻ കലാലയരാഷ്ട്രീയത്തിൽ പങ്കാളി ആകാതെയിരുന്നെങ്കിൽ അവനിൽ സംഭവിക്കില്ലായിരുന്നു എന്ന് പരിതപിക്കുന്നവരുണ്ട്. അവരോട് ; മഹാരാജാസിന്റെ മസ്തിഷ്കത്തെ മാത്രമല്ല ഹൃദയചുവപ്പിനെയും പ്രണയിച്ചാണ് അഭിമന്യു അവിടേയ്ക്ക് തന്നെയെത്തിയത്.  കലാലയ രാഷ്ട്രീയത്തിൽ അവൻ പങ്കാളി ആയിരുന്നില്ലെങ്കിൽ ഇതിനകം തന്നെ അവൻ നൂറു വട്ടം കൊല്ലപ്പെട്ടേനെ. ജാതിയുടെയും മതത്തിന്റെയും സാമ്പത്തികത്തിന്റെയും വംശാവലിയുടെയും തുലാസുകളിൽ അവന്റെ തല പലവട്ടം താണുപോയേനെ. അവന്റെ ചങ്കിൽ അവഗണയുടെ നിഷേധത്തിന്റെ ആയിരം കത്തികൾ കൊണ്ടുകൊണ്ടേയിരുന്നേനെ. കലാലയ രാഷ്ട്രീയം നിരോധിക്കപ്പെടണമോ എന്ന ചോദ്യത്തിനുത്തരം നൽകിക്കൊണ്ടാണ് അഭിമന്യു കടന്നു പോയത്  “വർഗീയത തുലയട്ടെ” എന്ന്.

“ഒരു വിദ്യാർത്ഥിയുടെ ഒന്നാമത്തെ ലക്ഷ്യം പഠനമാണ്. രണ്ടാമത്തെയും മൂന്നാമത്തെയും ലക്ഷ്യവും പഠനം തന്നെയാണ്” എന്നെഴുതിയത് ലെനിനാണ്. മാർക്സിന്റേയും ലെനിൻറെയും പ്രത്യയശാസ്ത്രം മുഷ്ടിയിൽ നിറച്ചു മുന്നേറുന്ന വിദ്യാർത്ഥി സംഘടന പഠിപ്പ് മുടക്കാൻ ആഹ്വാനം ചെയ്യുന്നുവെങ്കിൽ, അതേറ്റെടുത്ത് വിദ്യാർഥികൾ അവർക്ക് പിന്നിൽ അണിനിരക്കുന്നുവെങ്കിൽ  അതൊരു സൂചനയാണ്. അവിടെ ഗുരുതരമായൊരനീതി നടന്നിട്ടുണ്ടെന്നുള്ളതിൻറെ  സൂചന. അത് പരിഗണിക്കുകയും പരിഹരിക്കുകയും വേണമെന്നതിൻറെ സൂചന.  

കലാലയരാഷ്ട്രീയം കുട്ടിക്കളിയല്ല. ആയുധങ്ങളാൽ കണക്കു തീർക്കുന്ന മുതിർന്നവരുടെ കളിയുമല്ല. മനുഷ്യനായ് മുതിരാൻ, സാമൂഹ്യജീവിയെന്ന് സ്വയം തിരിച്ചറിയാൻ, അപരനെന്ന കരുതൽ പിന്നീടങ്ങോട്ട് ഹൃദയത്തിൽ നിറയാൻ വിദ്യാർഥികൾ കടന്നു പോകുന്ന പഠന പ്രക്രിയയുടെ ചുരുക്കപ്പേരാണത്. അതിനെതിരായി ഉയരുന്ന ആക്രോശങ്ങളുടെ പിന്നിലെ രാഷ്ട്രീയം തിരിച്ചറിയുക എന്നാൽ, കലാലയ രാഷ്ട്രീയത്തിൽ നിന്നും കലാപരാഷ്ട്രീയത്തെ അനന്തദൂരം അകറ്റി നിർത്തുക എന്നു തന്നെയാണ്.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top