26 April Friday

സുധാകരൻ ആർഎസ്‌എസ്‌ കൈയാൾ - മുൻ കെപിസിസി വൈസ്‌ പ്രസിഡന്റ്‌ സി കെ ശ്രീധരൻ സംസാരിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Friday Nov 18, 2022

ആറരപ്പതിറ്റാണ്ടിന്റെ പൊതുപ്രവർത്തന പാരമ്പര്യമുണ്ട്‌ മുൻ കെപിസിസി വൈസ്‌ പ്രസിഡന്റ്‌ സി കെ ശ്രീധരന്‌. ദീർഘകാലം  കാസർകോട്‌ ഡിസിസി പ്രസിഡന്റും കെപിസിസി ജനറൽ സെക്രട്ടറിയുമായിരുന്നു. രണ്ടുതവണ ഉദുമയിൽനിന്ന്‌ നിയമസഭയിലേക്ക്‌ കോൺഗ്രസ്‌ സ്ഥാനാർഥിയായി മത്സരിച്ചു. പ്രശസ്‌തനായ ക്രിമിനൽ അഭിഭാഷകനെന്ന നിലയിൽ സംസ്ഥാനത്തെ വിവാദമായ പല കേസിലും വാദിക്കും പ്രതിക്കുമായി കോടതിയിൽ ഹാജരായി. കെ സുധാകരൻ നയിക്കുന്ന വർത്തമാനകാല കോൺഗ്രസ്, കേരളത്തിലെ മതനിരപേക്ഷ ജനാധിപത്യ ശക്തികൾക്ക്‌ അപകടമാണ്‌ സൃഷ്ടിക്കുന്നതെന്ന്‌ അദ്ദേഹം പറയുന്നു
തയ്യാറാക്കിയത്‌: കാസർകോട്‌  ബ്യൂറോ ചീഫ്‌  വിനോദ്‌ പായം


സമീപകാലത്ത്‌ കെ സുധാകരൻ നിരവധി ആർഎസ്‌എസ്‌ അനുകൂല പ്രസ്‌താവനകൾ നടത്തുന്നുണ്ട്‌. ഇത്‌ ബോധപൂർവമായി നടത്തുന്നതാണെന്ന്‌ തോന്നുന്നുണ്ടോ

കെ സുധാകരനെന്ന വ്യക്തിയല്ല പ്രശ്‌നം. കെപിസിസി പ്രസിഡന്റ്‌ എന്ന തസ്‌തികയാണ്‌ വിഷയം. കെ കേളപ്പനടക്കമുള്ള മഹാരഥന്മാർ ഇരുന്ന കസേരയാണത്‌. അത്തരമൊരു കസേരയിലിരിക്കുന്ന ഒരാൾ ആർഎസ്‌എസിന്‌ കൈയാളായി പ്രവർത്തിക്കുന്ന കാലമാണിത്‌. ആ പദവിക്ക്‌ യോജിച്ചയാളല്ല സുധാകരൻ. താൻ ആർഎസ്‌എസിന്‌ തലശേരിയിൽ സഹായഹസ്‌തം നീട്ടിയിരുന്നു എന്നാണ്‌ സുധാകരൻ പറയുന്നത്‌. എപ്പോഴാണ്‌ ആ കാലം എന്നറിയോ? 1969–- 70 കാലഘട്ടം.  അവിടെ ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെ വർഗീയശക്തികൾ ബോധപൂർവമായ ആക്രമണം അഴിച്ചുവിടുന്ന കാലം. കലാപത്തിന്റെ അന്തരീക്ഷം. അന്ന്‌ താൻ ആർഎസ്‌എസുകാരെ സഹായിച്ചിരുന്നു എന്നുപറഞ്ഞാൽ അർഥമെന്താണ്? അതിന്റെ രാഷ്ട്രീയമെന്താണ്‌? പോട്ടെ അത്‌ അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യമാണെന്നു പറയാം. പക്ഷേ, പണ്ഡിറ്റ്‌ നെഹ്‌റുവിന്റെ കാര്യത്തിലെന്താണ്‌ കെപിസിസി പ്രസിഡന്റിന്റെ നിലപാട്‌?  നെഹ്‌റുവിന്റെ മതേതര മൂല്യങ്ങൾ ബോധപൂർവം തമസ്‌കരിക്കാൻ ശ്രമിക്കുന്ന കേന്ദ്ര ബിജെപി സർക്കാരിന്റെ കാലത്ത്‌, അദ്ദേഹത്തെ ഇകഴ്‌ത്തിക്കാണിക്കാൻ ശ്രമിക്കുന്നതിന്റെ അർഥമെന്താണ്‌? നെഹ്‌റുവും ആർഎസ്‌എസുമായി സന്ധി ചെയ്‌തിരുന്നു എന്നൊരു പ്രയോഗം അദ്ദേഹം നടത്തി. അത്തരമൊരു നിലയിലേക്ക്‌ കോൺഗ്രസ്‌ അധ്യക്ഷൻ പ്രസ്‌താവനയിറക്കാമോ എന്നതാണ്‌ കാതലായ ചോദ്യം.

ആർഎസ്‌എസിലേക്കും ബിജെപിയിലേക്കും കോൺഗ്രസിൽനിന്ന്‌ ആളെക്കൂട്ടാനുള്ള ശ്രമമാണ്‌ സുധാകരൻ നടത്തിയത്‌ എന്നൊരു വിമർശവും ഉയരുന്നുണ്ട്‌

സ്വാഭാവികമായും അത്തരം വിമർശമുയരും. അതിൽ തെറ്റുണ്ടെന്ന്‌ പറയാനാകുമോ. അദ്ദേഹം ഒരുതവണയല്ല, ആവർത്തിച്ചാവർത്തിച്ച്‌ ആർഎസ്‌എസിനെ വെള്ള പൂശുന്ന സമീപനം പുലർത്തുകയാണ്‌. വേണ്ടിവന്നാൽ ബിജെപിയിൽ പോകും എന്നുവരെ തുടർച്ചയായി പറയുന്നു. മുന്നണിയെ നയിക്കുന്ന പാർടിയാണ്‌ കോൺഗ്രസ്‌. അതിന്റെ നായകൻതന്നെ പാർടിയുടെയും മുന്നണിയുടെയും താൽപ്പര്യങ്ങളെ ബലികൊടുക്കുന്ന രീതിയിലേക്ക്‌ പ്രസ്‌താവനകൾ നടത്തിയാൽ അത്യന്തം അപകടകരമാണ്‌ അതെന്ന്‌ ആർക്കാണ്‌ അറിയാത്തത്‌. അതുകൊണ്ടാണല്ലോ, ലീഗ്‌ നേതാക്കൾക്കുപോലും ആർഎസ്‌എസ്‌ താൽപ്പര്യമുള്ളവർ കോൺഗ്രസിൽനിന്ന്‌ പുറത്തേക്കു പോകണമെന്ന്‌ പറയേണ്ടി വന്നത്‌.  




ആർഎസ്‌എസ്‌ അജൻഡ വച്ച്‌ നിലപാടെടുക്കുന്ന ഗവർണറെപ്പോലും പിന്തുണയ്‌ക്കുകയാണ്‌ പ്രതിപക്ഷനേതാവ്‌. ആർഎസ്‌എസിനെ നേരിട്ട്‌ പിന്തുണയ്‌ക്കുകയാണ്‌ കെപിസിസി പ്രസിഡന്റ്‌. കോൺഗ്രസ്‌ ഈയൊരു അവസ്ഥ എങ്ങനെ മറികടക്കുമെന്നാണ്‌

ഇത്തരമൊരു അവസ്ഥ കേരളത്തിൽ എങ്ങനെ ഉണ്ടായി, അത്‌ എങ്ങനെ മറികടക്കണം എന്നൊക്കെ കോൺഗ്രസ്‌ ദേശീയ നേതൃത്വം അടിയന്തരമായി ചിന്തിക്കേണ്ട കാര്യമാണ്‌. നാടിന്റെ സമ്പന്നമായ നവോത്ഥാന മൂല്യങ്ങളെപ്പോലും നിഷ്‌പ്രഭമാക്കുന്ന നീക്കങ്ങളാണ്‌ കോൺഗ്രസിൽ നടക്കുന്നത്‌ എന്നുമാത്രമേ പറയാനുള്ളൂ.

കോൺഗ്രസിൽ പ്രവർത്തിക്കുന്നവർക്കെല്ലാം വർത്തമാന സാഹചര്യം ഏറെ വിഷമമുണ്ടാക്കുന്നു. ഘടകകക്ഷി നേതാക്കൾക്കും വിമർശം ഉന്നയിക്കേണ്ടി വരുന്നു. സാധാരണ കോൺഗ്രസ്‌ പ്രവർത്തകർക്ക്‌ ഈ പാർടിയിൽ തുടരാൻ താൽപ്പര്യമില്ലാത്ത അവസ്ഥയാണ്‌ ഉണ്ടാകുന്നത്‌. അതിന്റെ പരിണതഫലം എന്തൊക്കെയാണെന്ന്‌ വരുംനാളിൽ കണ്ടറിയണം. സംസ്ഥാനങ്ങൾക്കുള്ള ഫെഡറൽ അധികാരങ്ങളെ ദുർവ്യാഖ്യാനം ചെയ്‌ത്‌ കടന്നുകയറുന്ന ഗവർണർമാർക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുകയാണ്‌. കോൺഗ്രസ്‌ ഭരിക്കുന്ന രാജസ്ഥാനിലും സമാനമായ പ്രതിഷേധമുണ്ട്‌. എന്നാൽ, കേരളത്തിലെ കോൺഗ്രസ്‌ നേതൃത്വം ഇവിടത്തെ ഗവർണറെ പിന്താങ്ങുന്നു. ഈ നിലപാടല്ല, മറ്റു സംസ്ഥാനങ്ങളിൽ കോൺഗ്രസിന്‌. ഇവിടത്തെ നേതാക്കളുടെ ഇടുങ്ങിയ രാഷ്ട്രീയതാൽപ്പര്യം  അവരെ അപകടത്തിലാക്കും.

വർഗീയശക്തികളെ പ്രതിരോധിക്കാൻ ദേശീയതലത്തിൽ കോൺഗ്രസല്ലെ മുന്നിലുള്ളത്‌

വർഗീയശക്തികളെ ചെറുത്തുതോൽപ്പിക്കാൻ ദേശീയതലത്തിൽ ഫലപ്രദമായ ശ്രമങ്ങൾ നടത്താൻ കോൺഗ്രസിന്‌ കഴിയുന്നില്ല. ഗാന്ധിജിയെയും നെഹ്‌റുവിനെയും തമസ്‌കരിക്കാൻ നടത്തുന്ന ശ്രമങ്ങളെ നേരിടാൻപോലും പറ്റാതെ തികഞ്ഞ നിസ്സംഗതയാണ്‌ കോൺഗ്രസ്‌ നേതൃത്വത്തിന്‌. ഫലപ്രദമായ പോരാട്ടം നടത്താൻ ദേശീയ നേതൃത്വത്തിന്‌ കഴിയുന്നില്ല.  ഇടതുപക്ഷ പ്രസ്ഥാനത്തിന്‌ തനിച്ച്‌ രാജ്യത്തെ വർഗീയശക്തികളെ ചെറുക്കാൻ കഴിയുമെന്ന്‌ ഞാൻ പറയുന്നില്ല. പക്ഷേ, വർഗീയതയെ ആത്മാർഥമായി ചെറുക്കാൻ പ്രാപ്‌തിയുള്ള രാഷ്ട്രീയശക്തിയാണ്‌ സിപിഐ എം. വർഗീയതയോട്‌ സമരസപ്പെടാതെ അവരെ പല്ലും നഖവും ഉപയോഗിച്ച്‌ ചെറുക്കാൻ സിപിഐ എമ്മാണ്‌ ഏറ്റവും മുന്നിൽ. ആ രാഷ്ട്രീയബലത്തെ, അത്തരം മതനിരപേക്ഷ കൂട്ടായ്‌മയെ ശക്തിപ്പെടുത്താനാണ്‌ ഇപ്പോൾ ശ്രമിക്കേണ്ടത്‌.

താങ്കളെ പിന്തിരിപ്പിക്കാൻ കോൺഗ്രസ്‌ പാർടിയിൽനിന്ന്‌ ശ്രമമുണ്ടായോ

കേരളത്തിലെ ഉന്നതരായ മിക്ക കോൺഗ്രസ്‌ നേതാക്കളും എന്നെ ഫോണിൽ ബന്ധപ്പെട്ടു. അവരുടെ പേര്‌ ഇവിടെ പറയുന്നത്‌ ശരിയല്ല. വ്യക്തിപരമായ കാരണങ്ങളാലല്ല, ഞാൻ പാർടി വിടുന്നത്‌. വർത്തമാനകാല കോൺഗ്രസിന്റെ അവസ്ഥ കണ്ടുതന്നെയാണ്‌ എന്നെ ആ പാർടി വിടാൻ പ്രേരിപ്പിച്ചത്‌. ശനിയാഴ്‌ച സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പങ്കെടുക്കുന്ന പൊതുയോഗം കാഞ്ഞങ്ങാട്‌ നടക്കുന്നുണ്ട്‌. അതിൽ പങ്കെടുത്ത്‌ ഇടതുപക്ഷ പ്രസ്ഥാനത്തോടു ചേർന്ന്‌ ഞാനും പ്രവർത്തനം തുടങ്ങും. എനിക്കൊപ്പം നിരവധി പ്രവർത്തകരും ആ സമ്മേളനത്തിൽ എത്തും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top