03 December Friday

സി എച്ചിന്റെ പാതയില്‍ - എ വിജയരാഘവൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 20, 2021

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അതുല്യ നേതാവായിരുന്ന സി എച്ച് കണാരൻ നമ്മെ വിട്ടുപിരിഞ്ഞിട്ട് 49 വർഷം പൂർത്തിയാകുന്നു. സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരിക്കെ 1972 ഒക്ടോബർ ഇരുപതിനാണ് അദ്ദേഹം വേർപിരിഞ്ഞത്. സി എച്ചിന്റെ പൊതുപ്രവർത്തനത്തിന്റെ ആരംഭവും കമ്യൂണിസ്റ്റ് പാർടി രൂപീകരിച്ചതുപോലെ തന്നെ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായിട്ടായിരുന്നു.

ബഹുജനങ്ങളെ സംഘടിപ്പിക്കുന്നതിലും അച്ചടക്കവും കരുത്തുമുള്ള കേഡർ സ്വഭാവമുള്ള പ്രസ്ഥാനമായി പാർടിയെ മാറ്റുന്നതിലും സി എച്ച് കാട്ടിയ മാതൃക എന്നും സ്മരിക്കപ്പെടുന്നതാണ്‌ . പാർടി ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തിയാക്കി ലോക്കൽ സമ്മേളനങ്ങളിലേക്ക് കടക്കുന്ന ഘട്ടത്തിലാണ് ഇത്തവണ നാം സി എച്ചിന്റെ സ്മരണ പുതുക്കുന്നത്. മറ്റു രാഷ്ട്രീയ പ്രസ്ഥാനങ്ങളെപ്പോലെയല്ല തികച്ചും ജനാധിപത്യപരവും അച്ചടക്കത്തോടെയുമാണ് സിപിഐ എം സമ്മേളന നടപടികൾ. ദേശാഭിമാനി പ്രചാരണം ഏറെ മുന്നോട്ടുകൊണ്ടുപോകാനും കൂടുതൽ വാർഷികവരിക്കാരെ കണ്ടെത്താനും കഴിഞ്ഞു. മറ്റൊരു പാർടിക്കും അവകാശപ്പെടാൻ കഴിയാത്ത ഐക്യവും ജനാധിപത്യവുമാണ് കമ്യൂണിസ്റ്റ് പാർടിയിലുള്ളത്. ഇത്തവണ കണ്ണൂരിൽ നടക്കുന്ന സിപിഐ എം പാർടി കോൺഗ്രസും അതിന്റെ ഭാഗമായി നടക്കുന്ന സമ്മേളനങ്ങളും വൻവിജയമാക്കാൻ സി എച്ചിന്റെ സ്മരണ നമുക്ക് ആവേശം പകരും. കേരളം പലവട്ടം നേരിട്ട പ്രതിസന്ധിഘട്ടത്തിലെല്ലാം പാർടി നേതാക്കളും മുഴുവൻ പ്രവർത്തകരും വിവിധ വർഗ ബഹുജന സംഘടനകളുമെല്ലാം ജനങ്ങൾക്ക് സഹായം എത്തിക്കുന്നതിൽ മുന്നിൽനിന്നു. സി എച്ച് അടക്കമുള്ള മുൻഗാമികൾ കാട്ടിത്തന്ന പാതയിലൂടെയാണ് നമ്മുടെ പ്രസ്ഥാനം മുന്നോട്ടുനീങ്ങുന്നത്. ഓഖിയും നിപായും പ്രളയവും കോവിഡുമെല്ലാം നമ്മെ വേട്ടയാടിയപ്പോഴും ഒറ്റക്കെട്ടായിനിന്ന് നേരിടാൻ നമുക്കായി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴക്കെടുതിയിൽവരെ സഹായം എത്തിക്കാൻ സർക്കാർ സംവിധാനങ്ങൾക്കൊപ്പം പ്രവർത്തകർ മുന്നിൽനിന്നു.

കോഴിക്കോട് ജില്ലയിലെ അഴിയൂരിലാണ്‌ സി എച്ച് ജനിച്ചത്. പുന്നോലിലെ സർക്കാർ സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞ് തുടർപഠന വേളയിൽത്തന്നെ ദേശീയപ്രസ്ഥാനത്തിന്റെ ആശയം സ്വാധീനം ചെലുത്തി. ജന്മി നാടുവാഴിത്തത്തിന്റെയും ബ്രിട്ടീഷ്‌ കൊളോണിയലിസത്തിന്റെയും മർദകവാഴ്ചയുടെ കാലത്തായിരുന്നു സി എച്ചിലെ രാഷ്ട്രീയപ്രവർത്തകൻ രൂപംകൊള്ളുന്നത്. ആദ്യകാലത്ത് അധ്യാപകനായി പ്രവർത്തിച്ചുകൊണ്ടായിരുന്നു രാഷ്ട്രീയപ്രവർത്തനം. അതുവഴി വിപുലമായ ജനവിഭാഗവുമായി ബന്ധം സ്ഥാപിക്കുന്നതിനു കഴിഞ്ഞു. അക്കാലത്ത് ഉയർന്നുവന്ന നവോത്ഥാന പ്രസ്ഥാനത്തിന്റെ ഭാഗമായി പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ മുൻനിരയിലുണ്ടായിരുന്നു.

ജാതി ആചാരങ്ങൾക്കും മത സങ്കുചിതത്വത്തിനും എതിരായി അക്കാലത്ത്‌ വലിയ സമരങ്ങൾ തന്നെ ഉയർന്നുവന്നിരുന്നു. പുരോഗമന ജനാധിപത്യ മതനിരപേക്ഷ ഉള്ളടക്കത്തോടെയുള്ള നിലപാടുമായി പൊരുതിനിന്നവരാണ് സി എച്ചും സഹപ്രവർത്തകരും. നവോത്ഥാന ആശയങ്ങൾ പ്രചരിപ്പിച്ച സംഘടനയായിരുന്നു കോട്ടയം താലൂക്ക് സ്വതന്ത്ര ചിന്താസമാജം. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരായി പ്രതികരിക്കാൻ രൂപംകൊണ്ട സംഘടനയായിരുന്നു ഇത്. അക്കാലത്ത് നിലനിന്ന പലവിധ അനാചാരത്തെയും ശക്തിയുക്തം എതിർക്കാൻ അവർ തയ്യാറായിരുന്നു. ആദ്യഘട്ടത്തിൽ നവോത്ഥാനവാദികളോട്‌ വെറുപ്പും വിദ്വേഷവും പ്രകടിപ്പിച്ചവർതന്നെ പിന്നീട് അനാചാരങ്ങൾക്കെതിരായി ശബ്ദിക്കാൻ തയ്യാറായെന്നത് ചരിത്രസത്യമാണ്. ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങൾ സി എച്ചിന്റെ സാമൂഹ്യവീക്ഷണത്തെ സ്വാധീനിച്ചിരുന്നു. ജാതി ആചാരങ്ങൾക്കും സാമൂഹ്യതിന്മകൾക്കും എതിരായ ആദ്യകാല പ്രവർത്തനങ്ങളിൽത്തന്നെ ഇത് കാണാനാകും.

തലശേരിയിലെ തിരുവങ്ങാട്‌ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ അവർണവിഭാഗങ്ങളെ പ്രവേശിപ്പിക്കുമായിരുന്നില്ല. അവർണവിഭാഗക്കാരുടെ ക്ഷേത്ര പ്രവേശനത്തിനുവേണ്ടി സി എച്ചിന്റെ നേതൃത്വത്തിൽ വലിയ ഇടപെടൽ നടത്തേണ്ടിവന്നു. ജനങ്ങളെ സംഘടിപ്പിച്ച് ക്ഷേത്രത്തിലേക്ക് മാർച്ച് നടത്തി അധികാരികളെ അമ്പരപ്പിക്കുകയുണ്ടായി. ക്ഷേത്രവിലക്ക്‌ ലംഘിച്ച് ക്ഷേത്രക്കുളത്തിൽ കുളിച്ചത്‌ മറ്റൊരു പ്രധാന സംഭവമാണ്. പിന്തിരിപ്പൻ ജാതി, മതശക്തികൾ കേരളത്തെ വീണ്ടും അന്ധവിശ്വാസജടിലമായ ഭൂതകാലത്തേക്ക് നയിക്കാൻ ശ്രമിക്കുമ്പോൾ തീർച്ചയായും സി എച്ചിനെപ്പോലുള്ളവരുടെ ഇന്നലെകളിലെ നവോത്ഥാനസമരങ്ങൾ ഓർക്കേണ്ടതുണ്ട്. ബ്രിട്ടീഷ്‌ കൊളോണിയലിസത്തിനെതിരെ പ്രസംഗിച്ചതിന്റെ പേരിലാണ് സി എച്ചിനെ പൊലീസ് ആദ്യമായി അറസ്റ്റുചെയ്തത്, 1932ൽ. തുടർന്ന്, ജയിലിൽ അടയ്ക്കപ്പെട്ട വേളയിലാണ് വിപ്ലവകാരികളുമായി അടുത്തിടപഴകുന്നത്. ആ ഘട്ടത്തിലാണ് കമ്യൂണിസ്റ്റ് ആശയം ആഴത്തിൽ പതിയുന്നത്. 1942ൽ ബോംബെ പാർടി പ്ലീനത്തിൽ പങ്കെടുത്തിരുന്നു. ജയിലറകളും കേസുകളുമൊന്നും സി എച്ചിലെ പോരാളിയെ ദുർബലപ്പെടുത്തിയില്ല. കൂടുതൽ കരുത്തോടെ പ്രവർത്തനരംഗത്ത് സജീവമാകുന്നതിനാണ് ഇതൊക്കെ കാരണമായത്. ഇന്ത്യൻ കമ്യൂണിസ്റ്റ് പാർടിക്കകത്ത്‌ രൂപപ്പെട്ട വലതുപക്ഷ അവസരവാദ രാഷ്ട്രീയ സമീപനത്തിനെതിരെ നിരന്തര സമരമാണ് സി എച്ചിന്റെ നേതൃത്വത്തിൽ നടന്നത്. അക്കാലത്ത് റിവിഷനിസത്തിനെതിരായി പാർടിയിൽ സുചിന്തിതമായി നിലപാടെടുക്കുകയും വിശദീകരിക്കുകയും ചെയ്ത നേതാക്കളിൽ പ്രമുഖനായിരുന്നു അദ്ദേഹം. ഇ എം എസ് അദ്ദേഹത്തെ വിശേഷിപ്പിച്ചത് ഞാൻ കണ്ട ഏറ്റവും മികച്ച സംഘാടകൻ എന്നാണ്.

സി എച്ച് അന്തരിച്ച 1972നുശേഷം കേരള രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. അന്നത്തെ മാർക്സിസ്റ്റ് വിരുദ്ധ മുന്നണി ഇന്നത്തെ വലതുപക്ഷ മുന്നണിയേക്കാൾ ശക്തമായിരുന്നു. 1979 അവസാനത്തോടെ ഒരു ദശകമായി നിലനിന്ന മാർക്സിസ്റ്റ് വിരുദ്ധ മുന്നണി തകർന്നു. 1980ൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി രൂപംകൊണ്ടതിനുശേഷമുള്ള കേരള രാഷ്ട്രീയത്തിൽ ഇടതുപക്ഷ ശക്തികൾ ഒരുഭാഗത്തും വലതുപക്ഷം മറുഭാഗത്തുമായുള്ള ധ്രുവീകരണത്തിന് ആക്കംകൂടി. ബിജെപിയുടെ പിറവി 1980ൽ ആണെങ്കിലും ആർഎസ്എസിന്റെ സാന്നിധ്യം സംസ്ഥാനത്ത് സ്വാതന്ത്ര്യപ്രാപ്തിക്കു മുമ്പുമുതലേ നിലനിന്നിരുന്നു. എന്നാൽ, 1990കളിൽ വാജ്പേയിയുടെ നേതൃത്വത്തിൽ കേന്ദ്രത്തിൽ ബിജെപി ഭരണം വന്നതോടെ കേന്ദ്രഭരണം ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള രാഷ്ട്രീയ ഇടപെടലുകളും കുതന്ത്രങ്ങളും ഉണ്ടായി.

വർഷങ്ങളോളം കേരളത്തിൽ നിലനിന്ന മുന്നണിസംവിധാനം ആകെമാറി. കൂടുതൽ കക്ഷികളും പ്രസ്ഥാനങ്ങളും ഇടതുപക്ഷത്തോടൊപ്പം അണിനിരന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുതന്നെ കേരള രാഷ്ട്രീയത്തിന്റെ ഗതി മാറ്റി. വലിയൊരു ശതമാനം ജനങ്ങളുടെ പിന്തുണ ആർജിക്കാൻ ഇടതുപക്ഷത്തിനും അതിനു നേതൃത്വം നൽകുന്ന സിപിഐ എമ്മിനും കഴിഞ്ഞു. വലിയ ഭൂരിപക്ഷം നേടി തുടർഭരണത്തിലെത്താനും കഴിഞ്ഞു. അതേസമയം, കേന്ദ്രം ഭരിക്കുന്ന ബിജെപിയാകട്ടെ ദിനംപ്രതി ജനങ്ങളെ വേട്ടയാടുകയാണ്. കോവിഡിന്റെ കെടുതികൾ അനുഭവിക്കുന്ന സാധാരണക്കാരെ വീണ്ടും പിഴിയുകയാണ്. കർഷകദ്രോഹ ബില്ലുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തുന്ന കർഷകരെ കൊലപ്പെടുത്തി പകരംവീട്ടാനാണ് കേന്ദ്രം ശ്രമിക്കുന്നത്.

യുപിയിലെ ലഖിംപുരിൽ കർഷകർക്കുമേൽ വാഹനം ഓടിച്ചുകയറ്റി കൊലപ്പെടുത്തിയ മന്ത്രിപുത്രനെ അറസ്റ്റുചെയ്യാൻ സുപ്രീംകോടതിയുടെ ഇടപെടൽ വേണ്ടിവന്നു. മന്ത്രിയാകട്ടെ ഇന്നും അധികാരത്തിൽ തുടരുകയും ചെയ്യുന്നു. രാജ്യത്തെ പൂർണമായി വിറ്റുതുലയ്ക്കുന്ന കേന്ദ്ര നയത്തിനെതിരെ കോൺഗ്രസ് പ്രതിഷേധിക്കുന്നേയില്ല. ജനങ്ങളുടെ പ്രശ്നങ്ങളേക്കാൾ അവർക്ക്‌ വലുത് പാർടിക്കുള്ളിലെ അധികാരത്തർക്കമാണ്. ബിജെപി ഭരണം അവസാനിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പോലും കോൺഗ്രസിനാകുന്നില്ല. നിർണായക വിഷയങ്ങളിൽ ശബ്ദമുയർത്തുന്നത് ഇടതുപക്ഷമാണ്. ഭരണവർഗ നയങ്ങൾക്കെതിരായി ചൂഷിത ജനവിഭാഗങ്ങളുടെ വിശേഷിച്ച് തൊഴിലാളികൾ, കർഷകർ, കർഷകത്തൊഴിലാളി വിഭാഗങ്ങളുടെ ശക്തമായ പ്രതിരോധ മുന്നേറ്റങ്ങൾ ഇന്ന് ശക്തിപ്പെട്ടു വരുന്നുണ്ട്.

രാജ്യവ്യാപകമായി ഇത്തരം മുന്നേറ്റം കൂടുതൽ ശക്തിപ്പെടുന്നതിന്റെ ഉദാഹരണമാണ് ഒരുവർഷം പിന്നിട്ട കർഷകസമരം. ഇന്ത്യയിലാകെയുള്ള ഇത്തരം പോരാട്ടങ്ങൾക്ക് ശരിയായ ദിശാബോധം നൽകുന്നത് ഇടതുപക്ഷമാണ്. വർഗസമരത്തിന്റെ വേഗത വർധിപ്പിക്കുന്ന ഇത്തരം മുന്നേറ്റങ്ങളെ കൂടുതൽ സംഘടിതമായി മുന്നോട്ടുകൊണ്ടുപോകാൻ ഇടതുപക്ഷത്തിനാകണം. ഇതിന് പ്രാപ്തി നൽകുന്നത്‌ സി എച്ചിനെപ്പോലുള്ള നേതാക്കൾ നടത്തിയ പ്രവർത്തനത്തിന്റെ അനുഭവങ്ങളാണ്. ഇടതുപക്ഷ പ്രസ്ഥാനത്തെ തകർക്കാൻ ശത്രുവർഗം ആവനാഴിയിലെ എല്ലാ ആയുധവും ഉപയോഗിക്കും. അതിനെ ചെറുക്കാൻ ധൈര്യമായി മുന്നോട്ടുപോകാനുള്ള പാഠമാണ് സി എച്ചിന്റെ ജീവിതം. കേന്ദ്ര ഭരണത്തിന്റെയടക്കം കടന്നാക്രമണങ്ങളിൽനിന്ന് എൽഡിഎഫ് പ്രസ്ഥാനത്തെയും സംസ്ഥാന സർക്കാരിനെയും കാത്തുസൂക്ഷിക്കാൻ സി എച്ച് സ്‌മരണ നമുക്ക് ആവേശം പകരും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top