29 March Friday

ബൈ ബൈ സ്കൂള്‍ ഡെയ്സ്...പരീക്ഷക്കാലം പിന്നിടുന്ന കേരളം

ഡോ. രതീഷ്‌ കാളിയാടന്‍Updated: Thursday Jul 16, 2020

ഡോ. രതീഷ്‌ കാളിയാടന്‍

ഡോ. രതീഷ്‌ കാളിയാടന്‍

ജീവിതത്തില്‍ ആദ്യമായി അഭിമുഖീകരിക്കുന്ന പൊതുപരീക്ഷ എന്നതാണ് എസ് എസ് എല്‍ സിയുടെ പ്രാധാന്യമെങ്കില്‍ സ്കൂള്‍ വിദ്യാഭ്യാസത്തിന് അന്ത്യം കുറിക്കുന്ന പരീക്ഷ എന്നതാണ് ഹയര്‍ സെക്കണ്ടറി, വോക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷകളുടെ പ്രാധാന്യം. ഇനി ജീവിതായോധനത്തിനുള്ള പരിശ്രമമാണ് ഈ ഘട്ടം പിന്നിടുന്ന ഓരോ കുട്ടിയും നടത്തുക. സ്കൂള്‍ വിദ്യാഭ്യാസത്തിന്‍റെ പുറംതോട് പൊട്ടിച്ച് ജീവിതത്തിന്‍റെയും തുടര്‍പഠനത്തിന്‍റെയും പുതിയ മേഖലകളിലേക്ക് പ്രവേശിക്കുന്ന നമ്മുടെ ഹയര്‍ സെക്കണ്ടറി, വോക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിദ്യാര്‍ഥികള്‍ പ്രതീക്ഷാനിര്‍ഭരവും അഭിമാനകരവുമായ മുന്നേറ്റമാണ് ഇക്കുറി നടത്തിയിട്ടുള്ളത്. അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ട “കുട്ടി” എന്ന സങ്കല്‍പത്തില്‍ നിന്ന്‍ പുറത്തുകടന്ന് പൗരന്മാരും പൗരകളുമാകുന്ന സന്ദര്‍ഭത്തില്‍ ഉചിതമായ തീരുമാനം കൈക്കൊള്ളാന്‍ പ്രാപ്തമാക്കുന്ന വിധിയെഴുത്താണ് ഇപ്പോള്‍ നടന്നിട്ടുള്ളത്. ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ 85.13 ശതമാനം പേരും വോക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ 73.02 ശതമാനം പേരും ഉപരിപഠന യോഗ്യത കൈവരിച്ചിരിക്കുന്നു.

കൂടുതല്‍ കുട്ടികള്‍ അഭിമുഖീകരിച്ച ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ 2016 മുതല്‍ ഘട്ടം ഘട്ടമായി ഉപരിപഠന യോഗ്യത കൈവരിച്ചവരുടെ ശതമാനം ഉയരുന്നു എന്നത് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍റെ ഭാഗമായി നടപ്പിലാക്കിയ വൈവിധ്യമാര്‍ന്ന പരിപാടികളുടെ പ്രതിഫലനം കൂടിയാണ് എന്ന്‍ മനസ്സിലാക്കാം. 2016ല്‍ 80.94%, 2017ല്‍ 83.37%, 2018ല്‍ 83.75%, 2019ല്‍ 84.33%, 2020ല്‍ 85.13% എന്നിങ്ങനെയാണ് ഉപരിപഠന യോഗ്യത കൈവരിച്ചവരുടെ ശതമാന കണക്ക്. ഗുണമേന്മയുള്ള വിദ്യാഭ്യാസം എല്ലാ കുട്ടികളുടെയും അവകാശം എന്ന ആശയത്തെ മുറുകെപിടിച്ചുകൊണ്ടുള്ള പിണറായി സര്‍ക്കാറിന്‍റെ പ്രയത്നങ്ങള്‍ക്ക് കുട്ടികള്‍ നല്‍കിയ മികച്ച സമ്മാനമാണിത്. മുന്‍ പരീക്ഷാ ഫലങ്ങളെ താരതമ്യം ചെയ്‌താല്‍ ഇത് കൂടുതല്‍ വ്യക്തമാകും. ഹയര്‍ സെക്കണ്ടറിയുടെ ആദ്യനാളുകളില്‍, കൃത്യമായിപ്പറഞ്ഞാല്‍ 1997ല്‍ 7,334 കുട്ടികള്‍ പരീക്ഷ എഴുതിയപ്പോള്‍ വിജയ ശതമാനം 55.41. അന്ന് 295 പേര്‍ക്കാണ് ഡിസ്റ്റിംഗ്ഷന്‍ നേടാനായത്. ഏറ്റവും കൂടുതല്‍ പേര്‍ ഉപരിപഠന യോഗ്യത കൈവരിച്ചത് 88.08 ശതമാനത്തോടെ 2012ലാണ്. അന്ന്‍ പരീക്ഷ എഴുതിയ 2,93,112 പേരില്‍ 3,334 കുട്ടികള്‍ക്കാണ് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്‌ ഗ്രേഡ് ലഭിച്ചത്. ഈ വര്‍ഷം 3,75,655 പേര്‍ പരീക്ഷ എഴുതിയപ്പോള്‍ 18,510 കുട്ടികള്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ്‌ ഗ്രേഡ് ലഭിച്ചു. ഒപ്പം ടെക്നിക്കല്‍, കമ്പാര്‍ട്ട്മെന്റല്‍, സ്കോള്‍ വിഭാഗങ്ങളിലും വോക്കേഷണല്‍ ഹയര്‍ സെക്കണ്ടറിയിലും സമാനമായ പുരോഗതി കാണാനാകും. ഇവയെല്ലാം മേല്‍സൂചിപ്പിച്ച വിശകലനത്തിന് അടിവരയിടുന്നു.

ധാരാളം സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്നതാണ് ഈ വര്‍ഷത്തെ പരീക്ഷാക്കാലം. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ പരീക്ഷ നിര്‍ത്തിവയ്ക്കേണ്ടി വന്നതും ജനകീയമായ ഇടപെടലുകളിലൂടെ പിന്നീട് പരീക്ഷ നടന്നതും ചരിത്രമാവുകയാണ്. മറ്റൊരു സംസ്ഥാനത്തിനും പരീക്ഷാബോര്‍ഡിനും എത്തിപ്പിടിക്കാന്‍ കഴിയാത്ത നേട്ടമാണിത്. ഉത്തര സൂചികാ നിര്‍ണയ ശില്‍പശാലകള്‍ ഓണ്‍ലൈനില്‍ പൂര്‍ത്തീകരിച്ചു. പരീക്ഷ നടത്തിപ്പ്, മൂല്യനിര്‍ണയ ക്യാമ്പുകള്‍ തുടങ്ങി പരീക്ഷ സംബന്ധമായ പ്രവര്‍ത്തനങ്ങളെല്ലാം ഓണ്‍ലൈനില്‍ ക്രമീകരിച്ച് വ്യത്യസ്തമായ വഴി സ്വീകരിക്കുക കൂടിയാണ് ഈ ഘട്ടത്തില്‍ ചെയ്തിട്ടുള്ളത്. സമയബന്ധിതമായി മൂല്യനിര്‍ണയം നടത്തി ഫലപ്രഖ്യാപനത്തിന് സജ്ജമാക്കി. സര്‍ടിഫിക്കറ്റിലുമുണ്ട് സവിശേഷതകള്‍. പരീക്ഷാര്‍ഥിയുടെ ഫോട്ടോ, ജനനതീയതി, മാതാവിന്‍റെയും പിതാവിന്‍റെയും പേര്, ആകെ സ്കോര്‍ എന്നിവ കൂടി ഉള്‍പ്പെടുത്തി. കേരളത്തില്‍ ആദ്യമായി പരീക്ഷണാടിസ്ഥാനത്തില്‍ നാഷണല്‍ സ്കില്‍ ക്വാളിഫിക്കേഷന്‍ ഫ്രെയിംവര്‍ക്ക് സ്കീം പ്രകാരം നടക്കുന്ന പരീക്ഷ എന്ന പ്രത്യേകതയുമുണ്ട്. ഈ വര്‍ഷത്തെ പരീക്ഷാ ഫലത്തിന്‍റെ അടിസ്ഥാനത്തില്‍ ഇക്കാര്യത്തില്‍ പുതിയ ചുവടുവയ്പുകള്‍ ആലോചിക്കേണ്ടിവരും.

ചരിത്രമാകുന്ന ഈ പരീക്ഷയില്‍ മികച്ച നേട്ടം കൈവരിച്ച മുഴുവന്‍ കുട്ടികള്‍ക്കും അവരെ സജ്ജരാക്കിയ അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും അഭിനന്ദനങ്ങള്‍. മുഖ്യമന്ത്രി പിണറായി വിജയന്‍, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് മുതലായവര്‍ മാധ്യമങ്ങളിലൂടെ അഭിനന്ദന സന്ദേശം കൈമാറിയിട്ടുണ്ട്. പ്രതീക്ഷിച്ച നേട്ടം കൈവരിക്കാന്‍ സാധിക്കാത്തവര്‍ ആരും നിരാശരാകേണ്ടതില്ല. ഇപ്പോള്‍ നേടിയതിനേക്കാള്‍ ഉയര്‍ന്ന സ്കോര്‍ നേടിയേ പിന്മാറൂ എന്ന് വാശിയുള്ളവര്‍ക്ക് സേ പരീക്ഷ എഴുതാം. മുന്‍വര്‍ഷങ്ങളില്‍ നിന്ന്‍ വ്യത്യസ്തമായി  ഉപരിപഠന യോഗ്യത നേടാനാവാത്ത വിഷയങ്ങള്‍ക്ക് പുറമേ മൂന്ന്‍ വിഷയങ്ങള്‍ കൂടി ഇക്കുറി  എഴുതാവുന്നതാണ്. മറ്റുള്ളവര്‍ക്ക് ഉപരിപഠനത്തിലേക്കോ തൊഴില്‍ പരിശീലനത്തിലേക്കോ പ്രവേശിക്കാവുന്നതാണ്. അനുയോജ്യമായ തൊഴിലോ കോഴ്സുകളോ തെരഞ്ഞെടുക്കുന്നതിന് നിങ്ങളെ സഹായിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ പരിശീലനം സിദ്ധിച്ച അധ്യാപകരുടെ സേവനം പ്രയോജനപ്പെടുത്താം. അവസരങ്ങളുടെ വിശാലമായ ലോകം നിങ്ങള്‍ക്ക് മുന്നില്‍ വാതിലുകള്‍ തുറന്നിട്ടിട്ടുണ്ട്. എത്തിപ്പെടുന്ന മേഖല ഏതായാലും ക്രിയാത്മകമായി ഇടപെടാനുള്ള മനസാന്നിധ്യം ഉറപ്പാക്കലാണ് ഈ ഘട്ടത്തില്‍ അനിവാര്യമായിട്ടുള്ളത്.

(ലേഖകൻ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൽ വിദ്യാഭ്യാസ വിദഗ്ധനാണ്‌.)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top