‘ബുൾഡോസർ നീതി’ എന്നും ‘അതിർത്തി നീതി’ എന്നും അറിയപ്പെടുന്ന ഇടിച്ചുനിരത്തൽരാജിന്റെ സമകാലിക അഗ്രഗാമി ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥിന്റെ ഹിന്ദുത്വ സർക്കാരാണ്. ആദിത്യനാഥിന്റെ ചുവടുപിടിച്ച് അംഗീകൃത നിയമവ്യവസ്ഥയെ അഗണ്യകോടിയിൽ തള്ളിയുള്ള ഈ ‘നിയമശൂന്യ നിയമ’ത്തിന്റെ രഥയോട്ടം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാകെ പടർന്നു. ഏറ്റവുമൊടുവിൽ ഹരിയാനയിലെ നൂഹിലും ഗുരുഗ്രാമിലുമാണ് പഞ്ചാബ്– -ഹരിയാന ഹൈക്കോടതി സമുചിതമായി നിരീക്ഷിച്ചതുപോലെ, ഈ ‘വംശശുദ്ധീകരണം’ അരങ്ങേറിയത്. നൂഹിൽ സായുധ ജലാഭിഷേക ഘോഷയാത്ര നടത്തി കലാപത്തിന്റെ കൊലനിലമൊരുക്കിയത് വിഎച്ച്പിയും ബജ്‌റംഗദളുമാണ്. ഇവരിൽത്തന്നെ മഹാഭൂരിഭാഗവും ഹരിയാനയ്ക്കു പുറത്തുനിന്ന് എത്തിയ രണോത്സുക ഹിന്ദുത്വവാദികളായിരുന്നു. എന്നാൽ, രായ്ക്കുരാമാനം ‘അനധികൃത കെട്ടിട’ങ്ങളാണെന്ന് ആരോപിച്ച് നിയമവാഴ്ചയുടെ നടപടിക്രമങ്ങൾ ഒന്നുമേ പാലിക്കാതെയും അന്വേഷണം നടത്താതെയും ഒരു നോട്ടീസുപോലും നൽകാതെയും ഇടിച്ചുനിരത്തപ്പെട്ടത് മുസ്ലിം സമുദായാംഗങ്ങളുടെ വീടുകളും കടകളുമാണ്. നിയമവാഴ്ചയാണ് അപ്പോൾ അക്ഷരാർഥത്തിൽ നിലംപരിശാക്കപ്പെട്ടത്.
ഇത്തരം എക്സ്ട്രാ ജുഡീഷ്യൽ അതിർത്തി നീതിയുടെ ഇരകൾ കലാപകാരികളെന്ന് ഭരണകൂടം സംശയിച്ച് ‘അപരാധി’കളായി മുദ്രകുത്തിയവർ മാത്രമല്ല, അവരുടെ നിരപരാധികളായ കുടുംബാംഗങ്ങളുമാണ്. ഭരണകൂട പിന്തുണയോടെയും രക്ഷാകർതൃത്വത്തോടെയും അരങ്ങേറുന്ന ഈ കൂട്ട സാമുദായിക ശിക്ഷ ഭരണഘടനയുടെ അനുച്ഛേദം 14ന്റെ ‘ഒരു വ്യക്തിക്കും നിയമത്തിനു മുമ്പിലുള്ള തുല്യതയോ ഇന്ത്യയുടെ പ്രദേശത്തിനുള്ളിലെ നിയമങ്ങളുടെ തുല്യ പരിരക്ഷയോ ഭരണകൂടം നിഷേധിക്കരുത്’ എന്നതിന്റെ നഗ്നമായ ലംഘനമാണെന്ന് പലപാട് നിയമവിദഗ്ധരും ചില കോടതികളും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നിട്ടും ഈ സംസ്ഥാനങ്ങളിലെ ഭരണകർത്താക്കൾ ഭരണഘടനയെ നോക്കുകുത്തിയാക്കി ബ്രിട്ടീഷ് കൊളോണിയൽ അധികാരികൾ ‘പീനൽ ഷോർട്ട് കട്ട്’ എന്ന് വിശേഷിപ്പിച്ച് പ്രയോഗപഥത്തിൽ വരുത്തിയ ഈ നശീകരണം നിർബാധം തുടരുകയാണ്. കൊളോണിയലിസത്തിന് പാദസേവ ചെയ്ത പാരമ്പര്യമുള്ള ഹിന്ദുത്വ പരിവാർ ബ്രിട്ടീഷുകാർ വടക്കു പടിഞ്ഞാറൻ അതിർത്തി പ്രവിശ്യയിൽ 19–-ാം നൂറ്റാണ്ടിന്റെ ഉത്തരാർധത്തിൽ നിർദയമായി പ്രയോഗിച്ച ‘കശാപ്പ്–- പൂട്ട് നയ’ത്തിന്റെ വർത്തമാന പാഠഭേദമാണ് ഇപ്പോൾ നടപ്പാക്കുന്നത് (ബുച്ചർ ആൻഡ് ബോൾട്ട് പോളിസി). വടക്കു പടിഞ്ഞാറൻ അതിർത്തി പ്രവിശ്യയിൽ ബ്രിട്ടീഷുകാർ പ്രയോഗിച്ച കശാപ്പു–- പൂട്ടുനയത്തെപ്പറ്റി അക്ബർ എസ് അഹമ്മദ് എഴുതിയ ഒരു പ്രബന്ധത്തിന്റെ തുടക്കം ഇങ്ങനെയാണ്: ‘അവിഭക്ത ഇന്ത്യയിലെ വടക്കു പടിഞ്ഞാറൻ അതിർത്തിയിലെ കൊളോണിയൽ കൂട്ടിമുട്ടൽ ഏറ്റവും അക്രമസ്വഭാവമുള്ളതായിരുന്നു, കശാപ്പു–- പൂട്ടു നയത്തിന്റെ ഭാഗമായി തുടരെത്തുടരെ നടത്തിയ മിന്നലാക്രമണങ്ങൾ പത്താൻ ഗോത്ര വിഭാഗത്തിന്റെ ഗ്രാമങ്ങളെയും വിളഭൂമിയെയും ജലസംഭരണികളെയും ധാന്യക്കലവറകളെയും മുച്ചൂടും നശിപ്പിച്ചു. പകരം അവിടെ ഉയർന്നു വന്നത് വൈദ്യുതീകരിച്ച വേലികളും കോട്ടകളുമാണ്. 1947ൽ ബ്രിട്ടീഷുകാർ വിട്ടുപോയപ്പോൾ വികസനത്തിന്റെ അടയാളങ്ങളായ ഒരൊറ്റ സ്കൂളോ കോളേജോ അവിടെയുണ്ടായിരുന്നില്ല. അവശേഷിച്ചത് മർദനോപകരണങ്ങളായ ഫ്രോണ്ടിയർ സ്കൗട്ട്സും കോൺസ്റ്റാബുലറിയുമാണ്.’ (ഇക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്ക്‌ലി, ഡിസംബർ 22–-29, 1979)
‘കൊളോണിയൽ ജസ്റ്റിസ് ഇൻ ബ്രിട്ടീഷ് ഇന്ത്യ’ (കേംബ്രിജ് യൂണിവേഴ്സിറ്റി പ്രസ്, 2010) എന്ന ഗ്രന്ഥത്തിലും അമേരിക്കൻ ഹിസ്റ്റോറിക്കൽ റിവ്യൂവിൽ (ഒക്ടോബർ 2015) ‘ഫ്രോണ്ടിയർ ‘ഫനാറ്റിസം’ ആൻഡ് സ്റ്റേറ്റ് വയലൻസ് ഇൻ ബ്രിട്ടീഷ് ഇന്ത്യ’ എന്ന പ്രബന്ധത്തിലും എലിസബത്ത് കോൾസ്കി ബ്രിട്ടീഷ് ഇന്ത്യയിലെ ഭരണകൂട ഹിംസയുടെ നിദർശനങ്ങളായി വടക്കു പടിഞ്ഞാറൻ പ്രവിശ്യയിലെ പഷ്തൂൺ മേഖലയിൽ 1867ലും 1881ൽ ബലൂചിസ്ഥാനിലും നിയമമാക്കിയ മർഡറസ് ഔട്ട്റേജസ് ആക്ടിനെപ്പറ്റിയും 1854ൽ മലബാറിൽ കൊണ്ടുവന്ന മോപ്പ്ള ഔട്ട്റേജസ് ആക്ടിനെക്കുറിച്ചും സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. രണ്ടു നിയമങ്ങളും ‘മതഭ്രാന്ത’രായ മുസ്ലിങ്ങളെ ‘ആജ്ഞാനുവർത്തിത്വത്തിന്റെയും വിധേയത്വത്തിന്റെയും പാഠം’ പഠിപ്പിക്കാനായിരുന്നു. ഈ നിയമങ്ങൾ ബ്രിട്ടീഷ് ഇന്ത്യയിൽ നിയമപരമായ ഒരു പുതിയ സംവർഗം സൃഷ്ടിച്ചു. ‘മതഭ്രാന്തർ’. ആംഗ്ലോ–- ഇന്ത്യൻ കോഡിലെ മിക്ക അവകാശങ്ങളും നടപടിക്രമങ്ങളും ഈ ‘മതഭ്രാന്തർ’ക്ക് ബാധകമായിരുന്നില്ല. പഞ്ചാബിലെ ബ്രിട്ടീഷ് ലഫ്റ്റനന്റ് ഗവർണർക്ക് പഞ്ചാബിലെ ഏത് പ്രദേശത്തെയും ‘ഹിംസാത്മക അക്രമനിയമത്തിനു കീഴിൽ കൊണ്ടുവരാനുള്ള അധികാരമുണ്ടായിരുന്നു. കുറ്റകൃത്യത്തിൽ സംശയിക്കപ്പെടുന്നവരെപ്പോലും നിയമനടപടിക്രമങ്ങളില്ലാതെ വധിക്കാനുള്ള അധികാരവുമുണ്ടായിരുന്നു.
ഇത്തരം ‘ശല്യപ്രദേശങ്ങൾ’ക്ക് പ്രത്യേക നിയമങ്ങൾതന്നെ വേണമെന്നതിന്റെ കൊളോണിയൽ ന്യായീകരണം, ‘അപരിഷ്കൃതരും ഭരിക്കപ്പെടാൻ കഴിയാത്തവരും ഹിംസോന്മുഖരുമായ മതഭ്രാന്തർക്ക് പരിഷ്കൃത സമൂഹത്തിന്റെ നിയമങ്ങൾ അനുയോജ്യമല്ല’ എന്നായിരുന്നു. മെക്കാളെ അഭിപ്രായപ്പെട്ടത്, ‘ഒരു നല്ല ഭരണസമ്പ്രദായം ഒരു നല്ല ഉടുപ്പുപോലെ ഏത് ശരീരത്തിനാണോ രൂപകല്പന ചെയ്തത് അതിന് പാകമായിരിക്കണം’ എന്നാണ്. പ്രാഗ് ആധുനികഘട്ടത്തിൽ എത്തിനിൽക്കുന്ന കോളനികൾക്ക് പ്രചാരലുപ്തമായ നിയമങ്ങൾതന്നെയാണ് അഭിലഷണീയമെന്നും അദ്ദേഹം പറഞ്ഞു. പഞ്ചാബ് ഗവർണറായിരുന്ന ഡെന്നിസ് ഫിറ്റ്സ്പാട്രിക്കിന്റെ കർക്കശമായ നിലപാട് ‘അതിർത്തി ഗോത്രങ്ങളെ നമ്മുടെ ശക്തിയെന്താണെന്ന് ബോധ്യപ്പെടുത്തണം എന്നായിരുന്നു. പ്രാകൃതരും സംസ്കാരശൂന്യരുമായ അവർക്ക് ഹിംസയുടെ ചിഹ്നവ്യവസ്ഥ മാത്രമേ മനസ്സിലാകൂ’ എന്നായിരുന്നു. വധശ്രമത്തിനുപോലും തൽക്ഷണം പരസ്യ വധശിക്ഷ നടപ്പാക്കുന്നതും മൃതദേഹങ്ങളെ അശുദ്ധമാക്കുന്നതും കത്തിക്കുന്നതും കശാപ്പുപൂട്ടുവേളകളിൽ പതിവായിരുന്നു.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ പൂർവാർധത്തിൽ നടന്ന മാപ്പിള പ്രക്ഷോഭങ്ങളെക്കുറിച്ച് പഠിച്ച് പരിഹാരമാർഗങ്ങൾ നിർദേശിക്കാൻ മദ്രാസ് ഗവൺമെന്റ് മലബാറിൽ മുമ്പ് ജുഡീഷ്യൽ ഓഫീസറായി സേവനമനുഷ്ഠിച്ചിരുന്ന ടി എൽ സ്ട്രേഞ്ചിനെയാണ് 1852 ഫെബ്രുവരി 17ന് നിയമിച്ചത്. അദ്ദേഹത്തിന്റെ നിഗമനം ‘അജ്ഞരും സ്വാർഥരും ദുഷ്ടരുമായ പുരോഹിതവർഗത്താൽ ഉദ്ദീപ്തരായ കുടില ചിന്താഗതിക്കാരും പ്രതികാരദാഹികളും നിരക്ഷരുമായ മാപ്പിളമാരുടെ മതഭ്രാന്തിന്റെ ഫലമായിരുന്നു മാപ്പിള ലഹളകളെല്ലാംതന്നെ’ എന്നായിരുന്നു. മാപ്പിളമാരുടെ ‘മതാന്ധത’യിൽമാത്രം ഊന്നി കർശന നടപടികൾക്കാണ് സ്ട്രേഞ്ച് കമീഷൻ ശുപാർശ ചെയ്തത്. ഇങ്ങനെ 19–-ാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ഉണ്ടാക്കിയ മോപ്പ്ള ആക്ടിലെ വകുപ്പുകളിൽ പലതും ഏതൊരു സംഘട്ടനത്തിനും മാപ്പിള സമൂഹം മുഴവനായി ഉത്തരം പറയേണ്ട സാഹചര്യം സംജാതമാക്കിയെന്ന് കെ എൻ പണിക്കർ എഴുതുന്നു. കലാപം നടന്ന ഗ്രാമങ്ങളിലെ മാപ്പിളമാർക്ക് കൂട്ടപ്പിഴ ചുമത്താൻ അനുവദിക്കുന്ന ‘മോപ്പ്ള ആക്ടി’ലെ ഒരു പ്രത്യേക വകുപ്പ് വളരെ നിർദയമായിരുന്നു. മലബാർ കലക്ടറായിരുന്ന എച്ച് വി കൊളോണി വധിക്കപ്പെട്ടതോടെയാണ് കൂട്ടപ്പിഴ ചുമത്താനാരംഭിച്ചത്. വധത്തിന് മൂന്നുപേരേ ഉണ്ടായിരുന്നുള്ളൂവെങ്കിലും മൂന്നു ഗ്രാമങ്ങളിൽനിന്നുള്ള 719 പേർക്ക് പിഴ ചുമത്തുകയുണ്ടായി. മോപ്പ്ള ആക്ടിലെ ഒരു വകുപ്പാണ് (എ ആക്ട്,1854 സെക്‌ഷൻ, 3.) അധിനിവേശ ഭരണകൂടം വധിക്കുകയോ ആക്‌ഷനിൽ കൊല്ലപ്പെടുകയോ ചെയ്ത മാപ്പിളമാരുടെ മൃതശരീരം കത്തിക്കുന്നത് ബ്രിട്ടീഷ് ഇന്ത്യയിൽ ആദ്യമായി നിയമാനുസൃതമാക്കിയത്.
മൃതദേഹം കത്തിക്കുന്നത് മുസ്ലിങ്ങളെ സംബന്ധിച്ച് ഇസ്ലാമിക വിരുദ്ധവും അതിഹീനവുമായ കൃത്യമാണ്. ഇങ്ങനെ അംഗീകൃത കൊളോണിയൽ നിയമവാഴ്ചയോടൊപ്പംതന്നെ ഒരു വ്യത്യസ്ത കൊളോണിയൽ നിയമവാഴ്ചയും ബ്രിട്ടീഷ് ഇന്ത്യയിൽ നിലനിന്നിരുന്നു. വടക്കു പടിഞ്ഞാറൻ അതിർത്തി പ്രവിശ്യയിൽ 1867ൽ നടപ്പാക്കിയ മർഡറസ് ഔട്ട്റേജസ് ആക്ടിന്റെ രൂപരേഖ, 1854ൽ മലബാറിൽ നിയമമാക്കിയ മോപ്പ്ള ഔട്ട്റേജസ് ആക്ടായിരുന്നു. ലോ മെമ്പർ ആയിരുന്ന ഹെൻറി മെയ്നോട് മർഡറസ് ഔട്ട്റേജസ് ആക്ടിന്റെ കരട് തയ്യാറാക്കാൻ അന്നത്തെ വൈസ്രോയി സർ ജോൺ ലോറൻസ് ആവശ്യപ്പെട്ടപ്പോൾ ‘അതിർത്തിയിലെ മതഭ്രാന്തരായ ഘാതകർ’ക്ക് ഉചിതമായ ഉത്തരം മോപ്പ്ള ഔട്ട്റേജസ് ആക്ടുപോലെ ഒന്നാണെന്ന് സൂചിപ്പിക്കുകയും ചെയ്തിരുന്നു. മുസ്ലിങ്ങൾക്ക് ‘രാജ്യത്ത് അവരുടെ യഥാസ്ഥാനമെന്താണെന്ന് കാണിച്ചുകൊടുക്കാൻ’ ഈയിടെയായി ഹിന്ദുത്വ സംസ്ഥാന സർക്കാരുകൾ ബുൾഡോസർ നീതി എന്ന പേരിൽ നടത്തുന്ന നിയമരഹിത ഹിംസ, രാഷ്ട്രമീമാംസ സൈദ്ധാന്തികൻ പാർഥ ചാറ്റർജി ചൂണ്ടിക്കാണിച്ചതുപോലെ ‘റൂൾ ഓഫ് കൊളോണിയൽ ഡിഫറൻസി’ന്റെ വർത്തമാന വകഭേദമാണ്. യൂറോപ്യന്മാരേക്കാൾ ‘താണ തരക്കാരും പിന്നാക്കക്കാരും വ്യത്യസ്തരുമായ കോളനി പ്രജകൾക്കു’വേണ്ടി ഉണ്ടാക്കിയ നിയമങ്ങൾ ഇന്ന് ന്യൂനപക്ഷങ്ങൾക്കുനേരെ പോർവിളി നടത്തി സംഘപരിവാർ നടപ്പാക്കുന്നതിനെ ശക്തമായി ചെറുത്തില്ലെങ്കിൽ നിയമവാഴ്ച രാജ്യത്ത് കുഴിച്ചുമൂടപ്പെടും.
(മടപ്പള്ളി ഗവ. കോളേജിലെ
ചരിത്രവിഭാഗം അധ്യാപകനാണ് ലേഖകൻ )
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..