25 April Thursday

സ്ഥലപരിശോധന ജനസാന്ദ്രത തെളിയിക്കാൻ - വനംമന്ത്രി എ കെ ശശീന്ദ്രൻ
 എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Dec 27, 2022

രാജ്യത്തെ വന്യജീവി സങ്കേതങ്ങളും ദേശീയോദ്യാനങ്ങളും ഉൾപ്പെടെയുള്ള സംരക്ഷിത പ്രദേശങ്ങൾക്ക് ചുറ്റും  ബഫർസോൺ നിശ്ചയിക്കണമെന്ന സുപ്രീംകോടതിയുടെ നിർദേശങ്ങൾക്ക് രണ്ട് പതിറ്റാണ്ടിലേറെ പഴക്കമുണ്ട്. ഏറ്റവുമൊടുവിൽ 2022 ജൂൺ മൂന്നിന്‌ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി പ്രകാരം രാജ്യത്താകമാനമുള്ള ഇത്തരം സംരക്ഷിതപ്രദേശങ്ങൾക്ക് ചുറ്റും അവയുടെ അതിർത്തി മുതൽ ഏറ്റവും കുറഞ്ഞത് ഒരു കി. മീ പരിധിയെങ്കിലും നിർബന്ധമായും ബഫർസോൺ ഉണ്ടായിരിക്കേണ്ടതാണെന്ന് നിഷ്കർഷിച്ചിരിക്കുകയാണ്.

വിവരശേഖരണം കോടതിവിധി 
പാലിക്കുന്നതിന്  
സുപ്രീംകോടതിയുടെ ഈ വിധി കേരളത്തെ സംബന്ധിച്ചിടത്തോളം പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് സംസ്ഥാനം പുനഃപരിശോധനാ ഹർജി ഫയൽ ചെയ്തിട്ടുണ്ട്. ഈ ഹർജിയിൽ  സംസ്ഥാനത്തെ ജനസാന്ദ്രത, ജനവാസ കേന്ദ്രങ്ങൾ, കൃഷി സ്ഥലങ്ങൾ തുടങ്ങിയ പ്രത്യേക സാഹചര്യങ്ങൾ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ ഈ സാഹചര്യങ്ങൾ സുപ്രീംകോടതിയെ ബോധ്യപ്പെടുത്താൻ സംരക്ഷിത പ്രദേശങ്ങളോട് ചേർന്നുള്ള ജനസാന്ദ്രതയും വിവിധ കെട്ടിടങ്ങൾ, മറ്റ് നിർമാണപ്രവർത്തനങ്ങൾ എന്നിവയുടെ വിശദവിവരങ്ങൾ കോടതിയിൽ സമർപ്പിക്കേണ്ടതുണ്ട്. ഇപ്രകാരം തയ്യാറാക്കുന്ന രേഖ  പുനഃപരിശോധനാ ഹർജിയിൽ പ്രധാന തെളിവായി ഹാജരാക്കാൻ സാധിക്കും. ഇങ്ങനെ തെളിവ് ശേഖരണത്തിനുള്ള രേഖ മറ്റ്  വിധ ഉപയോഗത്തിന്‌ അംഗീകരിക്കപ്പെടുന്നില്ല. റവന്യു രേഖയായോ വനംവകുപ്പിന്റെ തീരുമാനങ്ങൾക്ക് ആധികാരികമായ രേഖയായോ ഉപയോഗിക്കുന്നതല്ല. മുകളിൽ സൂചിപ്പിച്ച കോടതിവിധി പ്രകാരം നിലവിലുള്ള നിർമാണങ്ങളുടെ ഉപഗ്രഹചിത്രങ്ങളോ (സാറ്റലൈറ്റ് ഇമേജിങ്‌) അല്ലെങ്കിൽ ഡ്രോണുകൾ ഉപയോഗിച്ചുള്ള ഫോട്ടോകളോ മൂന്നുമാസത്തിനകം ഹാജരാക്കാൻ  സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഉപഗ്രഹചിത്രങ്ങൾ പൂർണമാകാൻ സാധ്യതയില്ലെന്നും കെട്ടിടങ്ങൾ, ചില ഭൂപ്രദേശങ്ങൾ എന്നിവ നിഴൽമൂലമോ മരങ്ങളുടെ തടസ്സം വഴിയോ വ്യക്തമാകാൻ സാങ്കേതിക പ്രയാസങ്ങൾ ഉണ്ടാകുമെന്നും മനസ്സിലാക്കിയാണ് ഫീൽഡ് പരിശോധനകൂടി നടത്തി  സമർപ്പിക്കാൻ തലത്തിലും വാർഡു തലത്തിലും ഹെൽപ്പ് ഡെസ്ക് സ്ഥാപിച്ച്‌ തദ്ദേശഭരണ സ്ഥാപനങ്ങളുടെയും റവന്യു വകുപ്പിന്റെയും സഹായം സ്വീകരിച്ച്‌ ഭൂതലപരിശോധന നടത്താൻ തീരുമാനിച്ചത്. അത്‌  മിക്കവാറും എല്ലാ പഞ്ചായത്തുകളിലും പുരോഗമിക്കുന്നു.

കർഷകന്റെ താൽപ്പര്യ സംരക്ഷണമാണ് പ്രധാനമെന്ന് കരുതുന്ന സംഘടനകളും കൂട്ടായ്മകളും ഈ പരിശോധന ഫലപ്രദമാക്കാൻ സഹായിക്കുകയാണ് വേണ്ടത്. അതിനു പകരം പാവപ്പെട്ട കർഷകരെ ഇളക്കിവിട്ട് നേട്ടം കൊയ്യാനാണ് പലരും ശ്രമിക്കുന്നത്. ഇത് അപലപനീയമാണ്.  ബഫർസോൺ പ്രഖ്യാപനം ജനവാസ മേഖലകൾ, കൃഷിയിടങ്ങൾ, കച്ചവട സ്ഥാപനങ്ങൾ തുടങ്ങിയവയെല്ലാം ഒഴിവാക്കണമെന്ന കേരള നിയമസഭ ഐകകണ്ഠ്യേന പാസാക്കിയ പ്രമേയത്തിന്‌ വിരുദ്ധമായ ഒരു നടപടിയും സർക്കാർ സ്വീകരിക്കുകയില്ല. ബഫർസോൺ സംബന്ധിച്ച്‌ ഭിന്നാഭിപ്രായം ഉണ്ടെന്ന പ്രതീതി സൃഷ്ടിക്കുന്നത്  കോടതിക്ക് മുമ്പിലെ നിയമപോരാട്ടത്തിനെ പ്രതികൂലമായി ബാധിക്കും. ഇത്തരം ശ്രമങ്ങളിൽനിന്ന്‌ പിൻവാങ്ങി ഭൂതല പരിശോധന ശാസ്ത്രീയമാക്കാനുള്ള പിന്തുണയാണ് സമര സംഘടനകൾ സർക്കാരിന് നൽകേണ്ടത്. സർക്കാർ തീരുമാനിച്ചിട്ടുള്ളത്. നേരിട്ടുള്ള സ്ഥലപരിശോധന നടത്താൻ  സുപ്രീംകോടതി നിർദേശിച്ചിട്ടില്ലെങ്കിലും പൂർണ വിവരങ്ങൾ ശേഖരിച്ച് ജനസാന്ദ്രതയും കേരളത്തിന്റെ പ്രത്യേക സാഹചര്യങ്ങളും  ബോധ്യപ്പെടുത്തുന്നതിനു വേണ്ടിയാണ് ഈ ഉദ്യമം. ഇപ്രകാരം കോടതി നിശ്ചയിച്ച ബഫർസോൺ പ്രദേശം ജനവാസമേഖലയാണെന്ന് തെളിയിക്കാൻ മറ്റ് മാർഗമില്ല. സുപ്രീംകോടതി നിശ്ചയിച്ച സ്ഥലങ്ങൾ ബഫർസോൺ അല്ലാതാക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. അതല്ലാതെ പ്രസ്തുത പ്രദേശങ്ങളെ ബഫർസോണാക്കി നിശ്ചയിക്കുന്നതിനല്ല.

തെറ്റിദ്ധാരണകൾ പ്രചരിപ്പിക്കരുത്
ഇപ്പോൾ തയ്യാറാക്കിയ ഉപഗ്രഹചിത്രങ്ങൾ ബഫർസോൺ തിട്ടപ്പെടുത്താൻ വേണ്ടിയാണെന്ന രീതിയിൽ ചില തെറ്റായ പ്രചാരണങ്ങൾ നിക്ഷിപ്ത താൽപ്പര്യക്കാർ നടത്തുന്നുണ്ട്. ബഫർസോൺ നിശ്ചയിക്കുന്നതുകൊണ്ട്   സർക്കാരിന് നേടാൻ പ്രത്യേകമായി ഒന്നുമില്ല. മറിച്ച്  പൊതുജനങ്ങളുടെയും കർഷക സമൂഹത്തിന്റെയും  താൽപ്പര്യം സംരക്ഷിക്കുന്നതിനാണ്‌ സർക്കാരിന് മുൻഗണന. സുപ്രീംകോടതി നിശ്ചയിച്ച ബഫർസോണായ ഒരു കി. മീ പ്രദേശത്തുനിന്ന്‌ ആളുകൾ ഒഴിഞ്ഞു പോകേണ്ടി വരുമൈന്ന തെറ്റായ പ്രചാരണം ഭീതി പരത്തുന്നതിനു വേണ്ടിയാണ്. അങ്ങനെയൊരു പ്രശ്നം  ഉണ്ടാകില്ലെന്ന് സർക്കാരിന് ഉറപ്പുനൽകാൻ സാധിക്കും. വാഹനത്തിന് നിയന്ത്രണങ്ങൾ ഉണ്ടായേക്കാം, കാർഷിക പ്രവർത്തനങ്ങൾ നിരോധിക്കപ്പെടാൻ സാധ്യതയുണ്ട്,  പരിസ്ഥിതി ദുർബലപ്രദേശമാകും തുടങ്ങിയ തെറ്റായ കാര്യങ്ങളാണ് നിക്ഷിപ്ത താൽപ്പര്യക്കാർ പ്രചരിപ്പിക്കുന്നത്. 

2019ലെ സർക്കാർ ഉത്തരവ്
2019ലെ സർക്കാർ ഉത്തരവിനെക്കുറിച്ചും തെറ്റിദ്ധരിപ്പിക്കുന്ന സമീപനമാണ് ചില സംഘടനകൾ നടത്തുന്നത്. പൂജ്യംമുതൽ ഒരു കി. മീ വരെയെന്ന് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പരിധി കുറച്ച് നിശ്ചയിച്ചത് ജനവാസമേഖലകളും കൃഷി സ്ഥലങ്ങളും ഉൾപ്പെടുന്ന പ്രദേശം പൂജ്യം കി. മീ എന്ന് നിശ്ചയിച്ചുകൊണ്ടാണ്. അല്ലാതെ പൂജ്യമെന്ന് ഉത്തരവിൽ പറയേണ്ടതില്ലല്ലോ. വനം ഉൾപ്പെടുന്ന പ്രദേശങ്ങളും മറ്റുമാണ് ഒരു കി. മീ പരിധിയിൽ വരുന്നത്. ഇപ്രകാരം ജനവാസമേഖലകളും കൃഷിസ്ഥലങ്ങളും ഒഴിവാക്കിക്കൊണ്ടുള്ള കരട് നിർദേശമാണ് സംസ്ഥാനം കേന്ദ്ര സർക്കാരിന് സമർപ്പിച്ചിട്ടുള്ളത്. 2013ലെ സർക്കാർ തീരുമാനത്തിൽ ജനവാസമേഖല ഒഴിവാക്കി പൂജ്യംമുതൽ 12 കി. മീ പരിധി നിശ്ചയിച്ചതും പൊതുജനങ്ങൾ വിലയിരുത്തണം.

കേന്ദ്ര നിയമമായ പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം തീർപ്പാക്കുന്നതിന്  സുപ്രീംകോടതി മുമ്പാകെയുള്ള ഗോദവർമൻ തിരുമുൽപ്പാട്‌  കേസിന്റെ ഭാഗമായാണ് സംരക്ഷിത പ്രദേശങ്ങൾക്ക് ചുറ്റും ബഫർസോൺ ഉണ്ടായിരിക്കണമെന്ന്  നിഷ്കർഷിച്ചിട്ടുള്ളത്. വനം നിയമങ്ങൾ പ്രകാരമോ വന്യജീവി സംരക്ഷണ നിയമപ്രകാരമോ അല്ല ഈ വിധി. പരിസ്ഥിതി സംരക്ഷണനിയമം മനുഷ്യന് ആവശ്യമായ പരിസ്ഥിതി സംരക്ഷണമാണ് ഉദ്ദേശിക്കുന്നത്. ആയത് വന്യജീവി സംരക്ഷണത്തിനുള്ള നിയമമല്ല.


 

സംരക്ഷിത പ്രദേശങ്ങളുടെ 
അതിർത്തി
സംരക്ഷിത പ്രദേശങ്ങളുടെ അതിർത്തികളിൽ മാറ്റം വരുത്തുന്നതിന് ദേശീയ വന്യജീവി ബോർഡിന്റെ ശുപാർശ ആവശ്യമാണ്. കേന്ദ്ര നിയമമായ വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് വന്യജീവി സങ്കേതങ്ങളും ദേശീയോദ്യാനങ്ങളും നിലവിൽ വന്നിട്ടുള്ളത്. 1991ൽ കേന്ദ്രഭേദഗതി നിയമം പ്രാബല്യത്തിൽ വരുന്നതുവരെ ഒരു വിജ്ഞാപനംമാത്രം പുറപ്പെടുവിച്ചുകൊണ്ടാണ്  സംരക്ഷിതപ്രദേശങ്ങൾ പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാൽ, അതിനു ശേഷമുള്ള പുതിയ പ്രദേശങ്ങൾക്കായി ഒരു പ്രാഥമിക വിജ്ഞാപനവും പിന്നീട് ഒരു അന്തിമ വിജ്ഞാപനവും പുറപ്പെടുവിക്കേണ്ടതുണ്ട്. പ്രാഥമികവിജ്ഞാപനം പുറപ്പെടുവിച്ചശേഷം അവകാശത്തർക്കങ്ങളും ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച പ്രശ്നങ്ങളും കേട്ട ശേഷം രണ്ടു വർഷത്തിനുശേഷം അന്തിമവിജ്ഞാപനം പുറപ്പെടുവിക്കുന്നു. ഈ സംരക്ഷിതപ്രദേശങ്ങളുടെ അതിരുകളിൽ മാറ്റംവരുത്തണമെങ്കിൽ ദേശീയ വന്യജീവി ബോർഡിന്റെ ശുപാർശ വേണം. ഇത് വന്യജീവി സംരക്ഷണ നിയമത്തിന്റെ 26 എ(3) വകുപ്പിൽ വ്യക്തമാക്കിയിട്ടുള്ളതാണ്. ഈ വ്യവസ്ഥ വിവിധ കോടതിവിധികളിൽ വ്യക്തമാക്കിയിട്ടുണ്ട്.

കേന്ദ്ര പരിസ്ഥിതി സംരക്ഷണ നിയമം വ്യാഖ്യാനിച്ചുള്ള ഗോദവർമൻ തിരുമുൽപ്പാട് കേസിലാണ് ഒരു കി. മീ ദൂരത്തിൽ ബഫർസോൺ ഉണ്ടായിരിക്കണമെന്ന് സുപ്രീംകോടതി വിധിച്ചിട്ടുള്ളത്. ഈ നിയമം 1986ൽ പാർലമെന്റ് പാസാക്കിയതാണ്. മനുഷ്യപരിസ്ഥിതിയുമായി ബന്ധപ്പെട്ട് 1972 ജൂണിൽ സ്റ്റോക്ക് ഹോമിലെ ഐക്യരാഷ്ട്ര സമ്മേളനത്തിലുണ്ടായ തീരുമാനം നടപ്പാക്കുന്നതിനു വേണ്ടിയാണ് അനുച്ഛേദം 253 പ്രകാരം ഈ നിയമം പാസാക്കിയത്. പരിസ്ഥിതി എന്ന വിഷയത്തിൽ നിയമനിർമാണം നടത്തുന്നതിന് പ്രസ്തുത അനുച്ഛേദപ്രകാരം കേന്ദ്ര സർക്കാരിനും പാർലമെന്റിനും മാത്രമാണ് അധികാരം. ഭേദഗതി വരുത്തുന്നതിനും നിയമനിർമാണത്തിനും സംസ്ഥാന സർക്കാരുകൾക്ക് അധികാരമില്ല.

പരാതി നൽകാൻ അവസരം
വനംവകുപ്പും കെഎസ്ആർഇസിയും നടത്തിയ സർവേയിൽ പിശകുകൾ ഉണ്ടെങ്കിൽ അത് ചൂണ്ടിക്കാണിക്കുന്നതിനും തിരുത്തുന്നതിനുമാണ്‌  പരാതി നൽകാൻ അവസരം നൽകിയത്‌.  പഞ്ചായത്തു തലത്തിലും വാർഡു തലത്തിലും ഹെൽപ്പ് ഡെസ്ക് സ്ഥാപിച്ച്‌ തദ്ദേശഭരണ സ്ഥാപനങ്ങളുടെയും റവന്യു വകുപ്പിന്റെയും സഹായം സ്വീകരിച്ച്‌ ഭൂതലപരിശോധന നടത്താൻ തീരുമാനിച്ചു. അത്‌  മിക്കവാറും എല്ലാ പഞ്ചായത്തുകളിലും പുരോഗമിക്കുന്നു.

കർഷകന്റെ താൽപ്പര്യസംരക്ഷണമാണ് പ്രധാനമെന്ന് കരുതുന്ന സംഘടനകളും കൂട്ടായ്മകളും ഈ പരിശോധന ഫലപ്രദമാക്കാൻ സഹായിക്കുകയാണ് വേണ്ടത്. അതിനു പകരം പാവപ്പെട്ട കർഷകരെ ഇളക്കിവിട്ട് നേട്ടം കൊയ്യാനാണ് പലരും ശ്രമിക്കുന്നത്. ഇത് അപലപനീയമാണ്.  ബഫർസോൺ പ്രഖ്യാപനം ജനവാസമേഖലകൾ, കൃഷിയിടങ്ങൾ, കച്ചവട സ്ഥാപനങ്ങൾ തുടങ്ങിയവയെല്ലാം ഒഴിവാക്കണമെന്ന കേരള നിയമസഭ ഐകകണ്ഠ്യേന പാസാക്കിയ പ്രമേയത്തിന്‌ വിരുദ്ധമായ ഒരു നടപടിയും സർക്കാർ സ്വീകരിക്കുകയില്ല. ബഫർസോൺ സംബന്ധിച്ച്‌ ഭിന്നാഭിപ്രായം ഉണ്ടെന്ന പ്രതീതി സൃഷ്ടിക്കുന്നത്  കോടതിക്ക് മുമ്പിലെ നിയമപോരാട്ടത്തിനെ പ്രതികൂലമായി ബാധിക്കും. ഇത്തരം ശ്രമങ്ങളിൽനിന്ന്‌ പിൻവാങ്ങി ഭൂതല പരിശോധന ശാസ്ത്രീയമാക്കാനുള്ള പിന്തുണയാണ് സമര സംഘടനകൾ സർക്കാരിന് നൽകേണ്ടത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top