23 June Sunday

കാർഷികവളർച്ച ഉറപ്പാക്കുന്ന ബജറ്റ്‌

പി കൃഷ്ണപ്രസാദ്Updated: Friday Feb 10, 2023

സാമ്പത്തികവളർച്ചയും ആധുനിക തൊഴിലവസരങ്ങളും ഉയർന്ന പ്രതിശീർഷ വരുമാനവും ഉറപ്പുവരുത്തുന്നതാണ് 2023-–-24ലെ  കേരള ബജറ്റ്. അതോടൊപ്പം വികസന-, ക്ഷേമ പ്രവർത്തനങ്ങൾക്കായി അധിക വിഭവസമാഹരണം ഉറപ്പുവരുത്തുന്നു. എന്നാൽ, അധിക വിഭവസമാഹരണത്തിന്‌ എതിരായ പ്രചാരണമാണ് പ്രതിപക്ഷവും വലതുപക്ഷ മാധ്യമങ്ങളും കെട്ടഴിച്ചുവിടുന്നത്. പെട്രോളിനും ഡീസലിനും രണ്ടു രൂപ സെസ്‌ ഏർപ്പെടുത്തിയത് ജനങ്ങളെ ദുരിതത്തിലാക്കുമെന്നാണ് വാദം. നികുതി ചുമത്താതെ ചെലവ് നടത്താനുള്ള വരുമാനം ഒരു സർക്കാരിനും കണ്ടെത്താനാകില്ല. നികുതി ചുമത്തുന്നതല്ല; നികുതി നൽകാൻ ജനങ്ങളെ പ്രാപ്തരാക്കാൻ സാധിക്കുന്നുണ്ടോ എന്നതാണ് പ്രധാനം.

കേരളത്തിന്റെ സാമ്പത്തിക വികസനത്തിലെ പ്രധാന ഘടകമാണ് തൊഴിലാളികളുടെ ഉയർന്ന വേതന, സേവന വ്യവസ്ഥ. ആർബിഐ രേഖകൾ പ്രകാരം നിർമാണമേഖലയിൽ രാജ്യത്തുതന്നെ ഉയർന്ന ദിവസവേതനം കേരളത്തിലാണ്. ന്യായമായ വില ലഭിക്കാത്ത കർഷകരുടെ വരുമാനം വർധിപ്പിക്കാനുള്ള നടപടികൾക്കാണ് കേരള ബജറ്റ് ഉയർന്ന മുൻഗണന നൽകുന്നത്. തൊഴിലും വരുമാനവും ഉറപ്പുവരുത്തി വാങ്ങൽശേഷി വികസിപ്പിക്കുകയും ദരിദ്ര ജനവിഭാഗങ്ങളുടെ സാമൂഹ്യക്ഷേമം ഉറപ്പുവരുത്തുകയുമാണ് ബജറ്റ് ലക്ഷ്യമാക്കേണ്ടത്. ഈ ദിശയിൽ ഇന്ത്യക്കാകെ മാതൃകയാണ് കേരള ബജറ്റ്.

കൃഷി, മൃഗപരിപാലനം, വ്യവസായ- വ്യാപാര സംരംഭങ്ങൾ, വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ എന്നീ മേഖലകളിലാണ് ബജറ്റ് ഊന്നൽ നൽകുന്നത്. ‘വിജ്ഞാന സമ്പദ്ഘടനയിലൂടെ നവകേരളവികസനം’ ലക്ഷ്യമിട്ട്‌  മുഖ്യമന്ത്രിയുടെ നേതൃത്വത്തിലെ യൂറോപ്പ് സന്ദർശനത്തിൽ നിരവധി കരാറുകൾ ഒപ്പിട്ടു. മത്സ്യഉൽപ്പാദന -സംസ്കരണ മേഖലയിൽ നോർവേയുമായി ഉണ്ടാക്കിയ കരാർപ്രകാരം നിർമിതബുദ്ധി -ആർട്ടിഫിഷ്യൽ ഇന്റലിജൻസ് -അടിസ്ഥാനമാക്കി സമുദ്രക്കൃഷിയിൽ -മാരികൾച്ചറിന്‌ (വെള്ളത്തിൽ മുങ്ങിനിൽക്കുന്ന കൂടുകളിൽ മത്സ്യം കൃഷിചെയ്യുന്ന രീതി) ഒമ്പതു കോടിയും മത്സ്യസംസ്കരണ വ്യവസായപദ്ധതിക്ക് 20 കോടിയും ഉൾപ്പെടുത്തി.

പ്രതിവർഷം 12,000 കോടി രൂപ വിറ്റുവരവുള്ളതാണ് സംസ്ഥാനത്തെ മാംസവിപണി. മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യക്ക് 13 കോടി വകയിരുത്തി. നേരത്തേ പ്രഖ്യാപിച്ച കേരള ചിക്കൻ പദ്ധതിയിൽ പാലക്കാട് അട്ടപ്പാടിയിലെ ബ്രീഡർ ഫാം – കോഴിത്തീറ്റ ഫാക്ടറി പദ്ധതിക്ക് 49.5 കോടി  അനുവദിച്ചിട്ടുണ്ട്. കുടുംബശ്രീ പിന്തുണയോടെ ആയിരക്കണക്കിന് സംരംഭകരെ സൃഷ്ടിച്ച്‌ മാംസ കയറ്റുമതി ശേഷിയിലേക്ക് കേരളത്തെ ഉയർത്താവുന്ന പദ്ധതിയാണ്‌ ഇത്. കേരള ഫീഡ്‌സിനുള്ള വകയിരുത്തൽ 40 കോടിയാക്കി വർധിപ്പിച്ചു. പാൽ, പച്ചക്കറി, തീറ്റപ്പുല്ല്, പെറ്റ്ഫുഡ് നിർമാണം, കാർഷിക ഉൽപ്പാദനവും വിപണി പിന്തുണയും എന്നീ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്ന പദ്ധതികൾക്കാണ് ഊന്നൽ. മുൻ ബജറ്റിൽ പ്രഖ്യാപിച്ച കാർബൺ ന്യൂട്രൽ കോഫീ പദ്ധതിക്ക്‌ 150 കോടി ലഭ്യമാണ്. നാളികേരത്തിന് തറവില ഉയർത്തി. നെൽക്കൃഷിക്കായി കൂടുതൽ തുക വകയിരുത്തി. റബ്ബർ മേഖലയിൽ 600 കോടി ലഭ്യമാക്കി. 2022-–-23ൽ ഒരു ലക്ഷം വ്യവസായ സംരംഭങ്ങളെന്ന ലക്ഷ്യം വിജയിച്ചത് ഈ മേഖലയിലെ ഉണർവിനും യുവാക്കളെ ആകർഷിക്കാനുള്ള സാധ്യതയ്‌ക്കും ഉദാഹരണമാണ്. 1000 സംരംഭങ്ങളിലൂടെ നാലു വർഷത്തിനകം ഒരു ലക്ഷം കോടി രൂപ വിറ്റുവരവ് ലക്ഷ്യമിടുന്ന സ്കെയിൽ അപ് പദ്ധതി ശ്രദ്ധേയമാണ്.

1,28,000 കോടി രൂപയുടെ ഇറക്കുമതിയും 74,000 കോടി രൂപയുടെ കയറ്റുമതിയുമാണ് 2021–--22ൽ ഉണ്ടായത്. കയറ്റുമതിയിൽ 92 ശതമാനവും അന്യ സംസ്ഥാനങ്ങളിലേക്കുള്ള കാർഷിക അസംസ്കൃത വസ്തുക്കളാണ്. ലാറ്റെക്സ്, റബ്ബർ ഷീറ്റ് എന്നിവയ്ക്ക് പകരം കോർപറേറ്റ് ഭീമൻ കമ്പനികളെ ആശ്രയിക്കാതെ ഉൽപ്പാദക സഹകരണ സംഘങ്ങളുടെ നേതൃത്വത്തിൽ ഓട്ടോമെറ്റീവ് ടയർ അടക്കമുള്ള സംസ്കൃത ഉപഭോക്തൃ ഉൽപ്പന്നങ്ങൾ നിർമിച്ച് വിപണനം ചെയ്യുന്നതിലൂടെ  കർഷകർക്ക് ഉയർന്ന വില ലഭ്യമാക്കാനാകും. മിൽമയുടെ പാൽപ്പൊടി ഫാക്ടറി നിർമാണം മലപ്പുറത്ത്‌ പുരോഗമിക്കുന്നു. കാപ്പിയും നെല്ലും നാളികേരവും പാലും  മാംസവും പച്ചക്കറികളുമടക്കം എല്ലാ കാർഷിക ഉൽപ്പന്നങ്ങളും മൂല്യവർധിത ഉൽപ്പന്നങ്ങളാക്കുന്ന കാർഷിക വ്യവസായങ്ങൾക്കാണ് വ്യവസായ വകുപ്പ് മുൻഗണന നൽകുന്നത്. ഈ പശ്ചാത്തലത്തിലാണ് 1000 കോടിയുടെ മേക്ക്‌ ഇൻ കേരള പദ്ധതി  പ്രഖ്യാപിച്ചത്.6000 കോടി യുടെ വിഴിഞ്ഞം പദ്ധതിയും കൊച്ചി-–-പാലക്കാട് വ്യവസായ ഇടനാഴി പദ്ധതിയും കിൻഫ്രയ്‌ക്ക്‌ 350 കോടിരൂപ അനുവദിച്ചതും വ്യവസായവൽക്കരണത്തിന് സഹായിക്കും. കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച മൂല്യവർധിത മിഷൻ-- (വാല്യു ആഡഡ്‌ മിഷൻ) സിയാൽ മാതൃകയിൽ കാർഷിക ഉപഭോക്തൃ ഉൽപ്പന്നങ്ങളുടെ വിപണി വികസനപദ്ധതി, സുഭിക്ഷ കേരളമടക്കമുള്ള സഹകരണ കൃഷിപദ്ധതികൾ, വിജ്ഞാന സമ്പദ്ഘടന വികസിപ്പിക്കാനുള്ള നയം എന്നിവയുടെ തുടർച്ചയാണ് 2023–--24 ബജറ്റ്. ഈ ദിശയിൽ വേഗത വർധിക്കണ്ടതുണ്ട്. കർഷകർക്കും കർഷകത്തൊഴിലാളികൾക്കും ആദായവിലയും മിനിമം വേതനവും ഉറപ്പുവരുത്തണം. ഒന്നാമതായി- ഉൽപ്പാദക സഹകരണ സംഘങ്ങളുടെ നേതൃത്വത്തിൽ റബ്ബർ മേഖലയിലടക്കം സഹകരണ കൃഷിയും കാർഷിക സംസ്‌കരണ വ്യവസായങ്ങളും വികസിപ്പിക്കണം. കോട്ടയത്തെ റബർ പാർക്കിന് 200 കോടിയാണ് വകയിരുത്തിയത്. കേരള ബ്രാൻഡിൽ ഉപഭോക്തൃ ഉൽപ്പന്നനിർമാണം പ്രോത്സാഹിപ്പിച്ച്‌; ലഭിക്കുന്ന മിച്ചം അധികവിലയായി കർഷകർക്കും മിനിമം വേതനമായി തൊഴിലാളികൾക്കും ലഭ്യമാക്കാൻ വ്യവസ്ഥ ചെയ്യണം. എൽഡിഎഫിന്റെ  ബദൽ വികസന നയത്തിന്റെ ഭാഗമാണ്‌ അവ. അതിനായി കേരള ഭൂപരിഷ്കരണ നിയമത്തിന്റെ മാതൃകയിൽ നിയമനിർമാണം നടത്തുന്നത് പരിഗണിക്കണം. അത്‌ ദേശീയ തലത്തിൽ കർഷക പ്രസ്ഥാനത്തെ വളരാൻ സഹായിക്കും. 

ഉൽപ്പാദന – സേവന മേഖല വികസിപ്പിച്ച്‌ തൊഴിലും വരുമാനവും ഉറപ്പുവരുത്തി കർഷകരടക്കം എല്ലാ ജനവിഭാഗങ്ങളെയും നികുതി നൽകാൻ പ്രാപ്തരാക്കാൻ ഉതുകുന്നതാണ് കേരള ബജറ്റിലെ നിർദേശങ്ങൾ. ഈ ദിശയിലാണ് ആരോഗ്യകരമായ സംവാദങ്ങൾ രൂപപ്പെടേണ്ടത്. കേരള വികസന മാതൃകയുടെ അടിത്തറയാണ് ആരോഗ്യവും വിദ്യാഭ്യാസവും. ചികിത്സാച്ചെലവിനും വിദ്യാഭ്യാസച്ചെലവിനും പൊതുമേഖലയെ ആശ്രയിക്കുന്ന സാധാരണ കുടുംബങ്ങൾക്ക് ലഭിക്കുന്ന ആശ്വാസം വളരെ ഉയർന്നതാണ്. ആഗോള സമ്പദ്ഘടന കടുത്ത മാന്ദ്യത്തിലേക്ക് കൂപ്പുകുത്തുന്നത് ഇന്ത്യൻ സമ്പദ്ഘടനയെയും ഗുരുതരമായി ബാധിക്കും. നരേന്ദ്ര മോദി സർക്കാർ വിഭവലഭ്യത തടഞ്ഞ്‌ കേരളത്തെ ഞെരുക്കുകയും പ്രതിപക്ഷം വിഭവസമാഹരണത്തെ ചോദ്യംചെയ്ത്‌ വികസനത്തെ തടയാൻ ശ്രമിക്കുകയും ചെയ്യുന്നു. അധിക വിഭവസമാഹരണം നടത്തി കേരള വികസനമാതൃകയുടെ നേട്ടങ്ങൾ  സംരക്ഷിക്കണ്ടത് രാഷ്ട്രീയമായി അനിവാര്യമാണ്. ഈ വസ്തുത ജനങ്ങളോട് തുറന്നുപറഞ്ഞ്‌ തൊഴിലും വരുമാനവും ഉറപ്പുവരുത്തി ഉൽപ്പാദനമേഖലകളെ വളർച്ചയിലേക്ക് നയിക്കുകയാണ്‌ സംസ്ഥാന സർക്കാർ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top