08 December Friday

കേന്ദ്രനയം തിരുത്താൻ പോരാട്ടം

കെ ജി ജയരാജ്Updated: Wednesday Aug 23, 2023

പെൻഷൻ പരിഷ്കരണം നിഷേധിക്കുന്ന കേന്ദ്രസർക്കാർ നിലപാടിനെതിരെ 8 ബിഎസ്എൻഎൽ – എംടിഎൻഎൽ പെൻഷൻ സംഘടനകളുടെ ഐക്യവേദി നടത്തുന്ന പ്രക്ഷോഭം കൂടുതൽ കരുത്താർജിക്കുകയാണ്‌. സമരത്തിന്റെ മൂന്നാംഘട്ടമായി നാളെയും മറ്റന്നാളും ഡൽഹിയിലെ ജന്തർ മന്തറിൽ  ധർണ നടത്തും.

ശമ്പള പരിഷ്കരണത്തിനുശേഷമേ പെൻഷൻ പരിഷ്കരണം നടപ്പാക്കാൻ കഴിയൂ എന്ന നിലപാടായിരുന്നു നേരത്തെ കേന്ദ്രസർക്കാർ സ്വീകരിച്ചിരുന്നത്. നഷ്ടത്തിന്റെ പേര് പറഞ്ഞാണ് ബിഎസ്എൻഎല്ലിൽ ശമ്പള പരിഷ്കരണം നിഷേധിക്കുന്നത്. എന്നാൽ ടെലികോം വകുപ്പിൽനിന്നും കൂട്ടത്തോടെ ബിഎസ്എൻഎല്ലിലേക്ക് മാറ്റപ്പെട്ട ജീവനക്കാരുടെ പെൻഷൻ നൽകാനുള്ള പൂർണ ബാധ്യത കേന്ദ്രസർക്കാരിനാണ്. രണ്ടായിരത്തിൽ ബിഎസ്എൻഎൽ രൂപീകരണ വേളയിൽ തന്നെ ഇതിനായി കേന്ദ്ര പെൻഷൻ നിയമത്തിൽ ആവശ്യമായ ഭേദഗതിയും വരുത്തിയിട്ടുണ്ട്‌. മാത്രമല്ല, കേന്ദ്ര ഗവൺമെന്റിന്റെ ഫണ്ടിലേക്ക് ഇവർ ശമ്പള സ്കെയിലിന്റെ മാക്സിമത്തിന്റെ അടിസ്ഥാനത്തിൽ മുഴുവൻ സർവീസ് കാലയളവിലും പെൻഷൻ കോൺട്രിബ്യൂഷൻ നൽകിയിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ പെൻഷൻ പരിഷ്കരണം നടപ്പാക്കുന്നതിന്  കേന്ദ്രസർക്കാരിന്  അധിക സാമ്പത്തിക ബാധ്യത ഉണ്ടാകുന്ന പ്രശ്നമില്ല. 

2007ൽ ആണ് ഇതിനുമുമ്പ് പെൻഷൻ പരിഷ്കരണം നടപ്പാക്കിയത്. അന്ന് രണ്ടാം ശമ്പള പരിഷ്കരണ കമ്മിറ്റി ശുപാർശ ചെയ്ത പരമാവധി ഫിറ്റ്മെന്റായ 30 ശതമാനം നൽകിയാണ് പെൻഷൻ പരിഷ്കരണം നൽകിയത്. മൂന്നാം ശമ്പള പരിഷ്കരണ കമ്മിറ്റി 2017 മുതൽ നൽകുവാൻ ശുപാർശ ചെയ്തിട്ടുള്ള പരമാവധി ഫിറ്റ്‌മെന്റ് ആനുകൂല്യം 15 ശതമാനമാണ്. അതുകൊണ്ടാണ് 15 ശതമാനം ആനുകൂല്യത്തോടെ  2017 ജനുവരിമുതൽ പെൻഷൻ പരിഷ്കരണം നടപ്പാക്കണമെന്ന ഏറ്റവും ന്യായമായ ആവശ്യം സംഘടനകൾ ഉന്നയിച്ചിട്ടുള്ളത്.

ഒട്ടേറെ പ്രക്ഷോഭങ്ങൾക്കും സമ്മർദ്ദങ്ങൾക്കും ശേഷമാണ് ടെലികോം അധികാരികൾ  പെൻഷൻ സംഘടനകളെ ഒരു ചർച്ചയ്ക്ക് ക്ഷണിച്ചത്.  17   സംഘടനകളുടെ പ്രതിനിധികൾ പങ്കെടുത്തു. ടെലികോം വകുപ്പധികാരികൾ ആദ്യമായി പെൻഷൻ പരിഷ്കരണം ശമ്പള പരിഷ്കരണവുമായി വേർപെടുത്തി നടപ്പിലാക്കാമെന്ന് യോഗത്തിൽ സമ്മതിച്ചു. ഒരു വിഭാഗം പെൻഷൻ സംഘടനകൾ ആവശ്യപ്പെടുന്ന ഏഴാം ശമ്പളക്കമ്മീഷൻ ശുപാർശ ചെയ്ത ഫിറ്റ്മെന്റോടെ  പെൻഷൻ പരിഷ്കരണം പ്രായോഗികമല്ലെന്നും വ്യക്തമാക്കപ്പെട്ടു. 2017 നുശേഷം വിരമിക്കുന്നവർക്ക് പെൻഷനിൽ അനോമലി ഉണ്ടാകാതിരിക്കാൻ അവരുടെ ശമ്പളം  2017 മുതൽ പുതിയ ശമ്പള സ്കെയിലിൽ നോഷണൽ ആയി നൽകും. റിട്ടയർ ചെയ്യുന്ന മുറയ്ക്ക് സാമ്പത്തികാനുകൂല്യം ലഭ്യമാക്കും. എന്നാൽ പെൻഷൻ പരിഷ്കരണത്തിന് പൂജ്യം ശതമാനം ഫിറ്റ്മെന്റ് എന്ന ടെലികോം വകുപ്പിന്റെ നിർദേശത്തെ മുഴുവൻ പെൻഷൻ സംഘടനകളും ഒറ്റക്കെട്ടായി എതിർത്തതിനെ  തുടർന്ന് മാറ്റം വരുത്താമെന്ന് അധികാരികൾ നൽകിയ ഉറപ്പിനുശേഷമാണ് യോഗം അവസാനിച്ചത്.

ഇതിനുശേഷം ടെലികോംവകുപ്പ് 5 ശതമാനം, 10 ശതമാനം, 15ശതമാനം ഫിറ്റ്മെന്റുകളുടെ സാമ്പത്തിക ചെലവ് കണക്കുകൂട്ടി ബന്ധപ്പെട്ട എല്ലാ അധികാരികളുടെയും പരിശോധനയ്ക്കും പരിഗണനയ്ക്കും സമർപ്പിക്കുകയും ചെയ്തു. മാസങ്ങൾ കഴിഞ്ഞിട്ടും ഒരു തീരുമാനവും ഇല്ലാതെ ഫയൽ വകുപ്പ് സെക്രട്ടറിയുടെ മേശപ്പുറത്ത് വിശ്രമിക്കുന്ന സാഹചര്യത്തിലാണ് പ്രക്ഷോഭ പരിപാടികൾക്ക് രൂപം നൽകുവാൻ ജോയിന്റ് ഫോറം  നിർബന്ധിക്കപ്പെട്ടത്. മറ്റ്  പല കാര്യങ്ങളിലും എന്നപോലെ പറയുന്നതിനുനേരെ എതിരാണ് പ്രവൃത്തി എന്ന് തെളിയിക്കുന്നതാണ് പെൻഷൻ പരിഷ്കരണത്തിൽ കേന്ദ്രം തുടരുന്ന വഞ്ചന.

(ജോയിന്റ് ഫോറം ഓഫ് ബിഎസ്എൻഎൽ  – എംടിഎൻഎൽ പെൻഷനേഴ്സ് അസോസിയേഷൻ കൺവീനറാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
-----
-----
 Top