28 March Thursday

വിവാഹപ്രായം ഉയർത്തൽ കേന്ദ്രത്തിന്റെ കാപട്യം - ബൃന്ദ കാരാട്ട് എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Dec 21, 2021

പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കി ഉയർത്താൻ ബിൽ കൊണ്ടുവരികയാണ്‌ കേന്ദ്രസർക്കാർ. പാർലമെന്റിലെ എൻഡിഎയുടെ ഭൂരിപക്ഷം കണക്കിലെടുത്താൽ ബിൽ മിക്കവാറും നിയമമാകുകയും ചെയ്യും. എന്നാൽ, ഇത്‌ ഗഹനമായ ചർച്ചയും വിശകലനവും ആവശ്യപ്പെടുന്ന വിഷയമാണ്‌. ഭൂരിപക്ഷത്തിന്റെ ബലത്തിൽ ബിൽ പാസാക്കുകയല്ല, ബന്ധപ്പെട്ട സ്‌റ്റാൻഡിങ്‌ കമ്മിറ്റിയുടെ പരിഗണനയ്ക്ക്‌ വിടുകയാണ്‌ സർക്കാർ യഥാർഥത്തിൽ ചെയ്യേണ്ടത്‌.

18 വയസ്സാകുന്നതോടെ പെൺകുട്ടി നിയമാനുസൃതം പ്രായപൂർത്തിയായ വ്യക്തിയാകുന്നു. ക്രിമിനൽ നിയമങ്ങളടക്കം പ്രായപൂർത്തിയായവർക്ക്‌ ബാധകമായ എല്ലാ നിയമവും അവൾക്കും ബാധകമാണ്‌. 18നും 21നും ഇടയിൽ പ്രായക്കാരായ സ്‌ത്രീകൾ കുറ്റം ചെയ്താൽ മുതിർന്നവരുടെ ജയിലിൽത്തന്നെയാണ്‌ തടവിലാക്കുക. എന്നാൽ, അവൾക്ക്‌ വിവാഹതീരുമാനമെടുക്കാൻ പ്രായമായിട്ടില്ലെന്നാണ്‌ കേന്ദ്രം കൊണ്ടുവരുന്ന പുതിയ ബിൽ പറയുന്നത്‌. ഇത്‌ സ്‌ത്രീശാക്‌തീകരണമല്ല, അവരുടെ ശൈശവവൽക്കരണമാണ്‌. പ്രായപൂർത്തി എന്നതിനെ വിഭജിക്കാനാകില്ല. പ്രായപൂർത്തിയായ സ്‌ത്രീക്ക്‌ വിവാഹസ്വാതന്ത്ര്യം നിഷേധിക്കുന്നതാണ്‌ തെറ്റ്‌. ജാതി, മത അതിർവരമ്പുകൾ ഭേദിച്ച്‌ വിവാഹിതരാകുന്ന യുവദമ്പതികളുടെ തീരുമാനത്തെ നിയമലംഘനമാക്കുകയാണ്‌ ഫലത്തിൽ കേന്ദ്ര സർക്കാരിന്റെ പുതിയ ബിൽ. വ്യക്തിപരമായ കാര്യങ്ങളിൽ സ്വതന്ത്രതീരുമാനം എടുക്കാൻ പ്രായപൂർത്തിയായ പെൺകുട്ടികൾക്ക്‌ ഭരണഘടന നൽകുന്ന അവകാശത്തിനെതിരായ ബിൽ കൂടിയാണിത്‌.

അതിനെല്ലാം ഉപരിയായി, ഇന്ത്യൻ യുവതികൾ പുതുചരിത്രം രചിക്കുന്ന കാലഘട്ടമാണിത്‌. സ്വന്തം കാര്യം സ്വയംതീരുമാനിക്കുന്നതിൽ കൂടുതൽ ആത്മവിശ്വാസം അവർ ആർജിച്ചിരിക്കുന്നു. ചെറുപ്രായത്തിലെ വിവാഹത്തിനെതിരെ കുടുംബത്തിനുള്ളിലും സമൂഹത്തിൽനിന്നുമുള്ള സമ്മർദത്തിനെതിരെ ശബ്ദമുയർത്താൻ മുൻകാലങ്ങളെ അപേക്ഷിച്ച്‌ അവർ കൂടുതൽ ധൈര്യം കാണിക്കുന്നു. ഇത്തരം ചെറുത്തുനിൽപ്പുകൾ വാർത്തകളായി നമ്മിലെത്തിയിട്ടുമുണ്ട്‌. ആ ചെറുത്തുനിൽപ്പിന്റെ ഫലമായാണ്‌ ഇന്ത്യയിൽ പെൺകുട്ടികളുടെ ശരാശരി വിവാഹപ്രായം 22.1 വയസ്സായത്‌ (സ്ഥിതിവിവരക്കണക്ക്‌ മന്ത്രാലയം, 2019). ഇങ്ങനെ ഗുണകരമായ മാറ്റം സ്വാഭാവികമായിത്തന്നെ നിലവിലുള്ള കാലത്ത്‌ ഇത്തരം ശിക്ഷാനടപടികൾ എന്തിന്‌? മാറ്റം സ്വയം സാധ്യമാക്കാൻ പെൺകുട്ടികളെ പ്രാപ്തരാക്കുംവിധം തൊഴിൽ, വിദ്യാഭ്യാസ സാഹചര്യങ്ങൾ ഒരുക്കുകയാണ്‌ സർക്കാർ ചെയ്യേണ്ടത്‌. സ്‌ത്രീകളുടെ പ്രത്യുൽപ്പാദനശേഷി നിരക്ക്‌ കുറഞ്ഞുവരുന്ന കാലത്തും ജനസംഖ്യാനിയന്ത്രണത്തിനെന്ന പേരിൽ ചില ബിജെപി സർക്കാരുകൾ കൊണ്ടുവരുന്ന പ്രാകൃതനിയമത്തിന്‌ സമാനമാണ്‌ 18നും 21നും ഇടയിൽ പ്രായമുള്ള യുവതികളുടെ വിവാഹം ക്രിമിനൽ കുറ്റമാക്കാനുള്ള കേന്ദ്രനീക്കം.

എന്താണ്‌ പ്രശ്‌നം
വിവാഹപ്രായം ഉയർത്തുന്നതിൽ എന്താണ്‌ തെറ്റെന്ന്‌ നിരവധി ആളുകൾ ചോദിക്കുന്നു. എന്താണ്‌ യാഥാർഥ്യം? ഇന്ത്യയിൽ ഇപ്പോഴും എല്ലാവർഷവും നിരവധി ശൈശവവിവാഹങ്ങൾ നടക്കുന്നുണ്ട്‌. ഇതിലേക്ക്‌ നയിക്കുന്ന കാരണങ്ങളിലാണ്‌ സർക്കാർ ശരിക്കും ശ്രദ്ധ ചെലുത്തേണ്ടത്‌. ദേശീയ കുടുംബാരോഗ്യ സർവേ പ്രകാരം കഴിഞ്ഞ അഞ്ചുവർഷത്തിൽ ശൈശവവിവാഹം 27ൽനിന്ന്‌ 23 ശതമാനമായി കുറഞ്ഞു. എന്നാൽ, നഗരമേഖലയിലാണ്‌ ഈ കുറവത്രയും. ഗ്രാമീണമേഖലയിലെ വിവാഹിതരായ 20നും 24നും ഇടയിൽ പ്രായമുള്ള സ്‌ത്രീകളിൽ നാലിലൊന്നിൽ കൂടുതലും പ്രായപൂർത്തിയാകുംമുമ്പ്‌ വൈവാഹികജീവിതത്തിലേക്ക്‌ തള്ളിവിടപ്പെട്ടവരാണ്‌.

കുടുംബത്തിന്റെ സാമ്പത്തിക പിന്നാക്കാവസ്ഥ കുട്ടികളെ എങ്ങനെയെല്ലാം ഇരകളാക്കുന്നു എന്നത്‌ മഹാമാരി നമ്മെ ബോധ്യപ്പെടുത്തി. കഴിഞ്ഞ വർഷം മാർച്ച്‌ മുതൽ മെയ്‌ വരെയുള്ള അടച്ചിടൽ കാലത്തുമാത്രം വനിതാ ശിശുവികസന മന്ത്രാലയത്തിന്റെ ഹെൽപ്പ്‌ലൈനിലേക്ക്‌ വന്ന അറിയിപ്പ്‌ പ്രകാരം 5200 ശൈശവവിവാഹം തടയാനായെന്നാണ്‌ കണക്ക്‌. ദരിദ്ര കുടുംബങ്ങളിൽനിന്നുള്ള കുട്ടികളാണ്‌ ഇങ്ങനെ ശൈവവിവാഹത്തിന്‌ നിർബന്ധിതരാകുന്നത്‌. ദാരിദ്ര്യത്തിൽനിന്ന്‌ രക്ഷനേടാനും നിത്യേന ഉയർന്നുവരുന്ന സ്‌ത്രീധന ആവശ്യങ്ങളിൽനിന്ന്‌ രക്ഷനേടാനുമാണിത്‌. വർധിച്ചുവരുന്ന ലൈംഗികാതിക്രമത്തിൽനിന്ന്‌ മകളെ സംരക്ഷിക്കാനുള്ള പോംവഴിയായും അശരണരായ മാതാപിതാക്കൾ വിവാഹത്തെ കാണുന്നു. ‘ചെന്നുകയറുന്ന കുടുംബത്തിന്റെ വിളക്കാ’കാൻ ‘എല്ലാ വിശുദ്ധിയോടെയും’ പെൺകുട്ടികളെ വളർത്തുന്ന, ആണധികാരം ജീവിതരീതിയായ, സമൂഹത്തിന്റെ അനുഗ്രഹാശിസുകളും ശൈശവവിവാഹത്തിന്‌ ഉണ്ടെന്നതാണ്‌ യാഥാർഥ്യം. ഈ സമ്പ്രദായം അംഗീകരിക്കുന്നവരാണ്‌ രാജ്യം ഭരിക്കുന്നത്‌. കേരളംപോലെ പെൺകുട്ടികൾക്ക്‌ ഉന്നതവിദ്യാഭ്യാസ ലഭ്യത ഉറപ്പുവരുത്തുന്ന സംസ്ഥാനങ്ങൾ ശൈശവവിവാഹത്തെ വിജയകരമായി ചെറുക്കുന്നുണ്ട്‌. 1978ലാണ്‌ ഇന്ത്യയിൽ പെൺകുട്ടികളുടെ നിയമാനുസൃത വിവാഹപ്രായം 15ൽനിന്ന്‌ 18 ആയും ആൺകുട്ടികളുടേത്‌ 18ൽനിന്ന്‌ 21 ആയും ഉയർത്തിയത്‌. ഇത്‌ എല്ലാ വിഭാഗക്കാർക്കും ബാധകമാണ്‌. ഒരു വ്യക്തിനിയമത്തിനും ശൈശവവിവാഹ നിരോധനം മറികടക്കാൻ അവകാശമില്ലെന്ന്‌ പല കോടതികളും വിധിന്യായത്തിൽ ആവർത്തിച്ച്‌ വ്യക്തമാക്കിയിട്ടുണ്ട്‌. 43 വർഷത്തിനിപ്പുറവും ശൈശവവിവാഹം പൂർണമായും തുടച്ചുനീക്കുന്നതിൽ നാം പരാജയപ്പെട്ടു എന്നിരിക്കെ, വിവാഹപ്രായം വീണ്ടുമുയർത്തുന്നത്‌ അരികുവൽക്കരിക്കപ്പെട്ട വിഭാഗക്കാരായ മാതാപിതാക്കളെ കൂടുതൽ ശിക്ഷാനടപടികളിലേക്ക്‌ തള്ളിവിടുകയേയുള്ളൂ.

നയവൈകല്യം മറയ്‌ക്കാൻ ഇരട്ടത്താപ്പ്‌
ചെറുപ്രായത്തിൽ അമ്മമാരാകുന്ന പെൺകുട്ടികളുടെ ആരോഗ്യകാര്യത്തിലുള്ള ആശങ്കയാണ്‌ ബിൽ കൊണ്ടുവരാൻ കാരണമായി കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടുന്നത്‌. വിവാഹപ്രായം 21 ആക്കുന്നതിലൂടെ അവരുടെ ആരോഗ്യം സംരക്ഷിക്കാനാകുമെന്നും അവകാശപ്പെടുന്നു. ഇത്‌ വെറും ഇരട്ടത്താപ്പാണ്‌. മാതൃ–- ശിശു മരണനിരക്ക്‌, പോഷകാഹാരക്കുറവ്‌ എന്നിവയെല്ലാം സർക്കാരിന്റെ നയപരമായ തീരുമാനങ്ങളുമായി നേരിട്ട്‌ ബന്ധമുള്ളവയാണ്‌. വർഷാവർഷം പൊതുജനാരോഗ്യത്തിനായുള്ള നീക്കിയിരിപ്പ്‌ വെട്ടിക്കുറയ്‌ക്കുകയാണ്‌ കേന്ദ്രസർക്കാർ. ആരോഗ്യമേഖല സ്വകാര്യവൽക്കരിക്കുന്നു. ഭക്ഷ്യവില കേട്ടുകേൾവിയില്ലാത്തവിധം ഉയരുമ്പോഴും ഭക്ഷ്യസുരക്ഷാ സംവിധാനങ്ങൾ വ്യാപിപ്പിക്കില്ലെന്ന്‌ വാശിപിടിക്കുന്നു. ഇതെല്ലാം ചെയ്തിട്ട്‌, സ്‌ത്രീകളുടെ ആരോഗ്യത്തിനായി മുതലക്കണ്ണീർ ഒഴുക്കുന്നു. ചുരുക്കത്തിൽ പറഞ്ഞാൽ, ആരോഗ്യ വിദ്യാഭ്യാസ കാര്യങ്ങൾക്കായി കൂടുതൽ പണം ചെലവഴിക്കില്ലെന്ന സ്വന്തം നയവൈകല്യം മറച്ചുവയ്ക്കാൻ സ്‌ത്രീകളുടെ പൗരാവകാശത്തിന്‌ കൂച്ചുവിലങ്ങിടുകയാണ്‌ എൻഡിഎ സർക്കാർ ചെയ്യുന്നത്‌.

പെൺകുട്ടികളുടെ വിവാഹപ്രായം ആൺകുട്ടികളുടേതിന്‌ തുല്യമാക്കുന്നത്‌ സ്‌ത്രീ ശാക്‌തീകരണത്തിലേക്കുള്ള ചവിട്ടുപടിയാണെന്ന വികലവാദം ജനങ്ങളോട്‌ കണ്ണുമടച്ച്‌ വിശ്വസിക്കാനാണ്‌ കേന്ദ്രസർക്കാർ ആവശ്യപ്പെടുന്നത്‌. തുല്യ വിവാഹപ്രായമാണ്‌ പോംവഴിയെങ്കിൽ, ഇരുകൂട്ടർക്കും വിവാഹപ്രായം 18 ആക്കണമെന്ന 2008ലെ നിയമ കമീഷൻ ശുപാർശ എന്തുകൊണ്ട്‌ അംഗീകരിക്കുന്നില്ല? സ്‌ത്രീകളുടെ വ്യക്തിസ്വാതന്ത്ര്യം സംരക്ഷിക്കാനും ശാക്‌തീകരണം സാധ്യമാക്കാനും സർക്കാരിനു മുന്നിൽ മറ്റു വഴികളില്ലേ? വിദ്വേഷ കുറ്റകൃത്യങ്ങൾക്കെതിരെ പ്രത്യേകനിയമം സാധ്യമല്ലേ? വൈവാഹിക ബലാത്സംഗത്തിനെതിരെ നിയമം കൊണ്ടുവരാൻ ശ്രമിക്കാത്തതെന്ത്‌? ‌ഗാർഹിക പീഡന നിരോധന നിയമത്തിൽ വെള്ളം ചേർക്കാനുള്ള സർക്കാർ ശ്രമങ്ങൾ അവസാനിപ്പിച്ചുകൂടേ?

മിക്ക രാജ്യങ്ങളിലും കുട്ടികൾ പ്രായപൂർത്തിയാകുന്ന വയസ്സും (ഭൂരിപക്ഷം രാജ്യങ്ങളിലും 18 തന്നെ) വിവാഹപ്രായവും തമ്മിൽ വ്യത്യാസമില്ല. പ്രായപൂർത്തിയാകുന്നത്‌ 18 ആക്കിയുള്ള 1989ലെ യുഎൻ പൊതുസഭാ പ്രമേയത്തിൽ ഇന്ത്യയും ഒപ്പുവച്ചതാണ്‌. ആഗോളതലത്തിൽ എത്തിച്ചേർന്ന ഈ അഭിപ്രായ ഐക്യത്തിനെതിരെ പോകാൻ കേന്ദ്രസർക്കാർ മുന്നോട്ടുവയ്‌ക്കുന്ന കാരണങ്ങൾ തെല്ലും വിശ്വാസയോഗ്യമല്ലെന്ന്‌ മാത്രമല്ല, ദോഷകരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top