27 April Saturday

ആപത്‌കാലത്തിന്റെ സൂചന - ബൃന്ദ കാരാട്ട്‌ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Friday Feb 24, 2023

രാഷ്‌ട്രീയ സ്വയംസേവക് സംഘ് (ആർഎസ്എസ്) മേധാവി മോഹൻ ഭാഗവത് ഹിന്ദി, ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ നാം ജീവിക്കുന്ന കാലത്തിന്റെയും വരാനിരിക്കുന്ന കാലത്തിലേക്കുമുള്ള നിരവധി സൂചനകൾ അടങ്ങിയിരിക്കുന്നു. ആർഎസ്എസ് കൈക്കൊള്ളുന്ന ഭരണഘടനാതീതമായ അധികാര ശക്തിയിലേക്കാണ് ആദ്യമായി വിരൽചൂണ്ടുന്നത്. സ്വയംസേവകർ നേരത്തേ രാഷ്ട്രീയാധികാര സ്ഥാനങ്ങൾ വഹിച്ചിരുന്നില്ലെങ്കിലും ഇപ്പോൾ അവർ അത്‌ ചെയ്യുന്നുണ്ടെന്ന് ഭാഗവത് പറഞ്ഞു. ‘‘രാഷ്ട്രീയത്തിൽ സ്വയംസേവകർ എന്ത് ചെയ്താലും അതിന് ഞങ്ങൾ ഉത്തരവാദികളാണ്‌. മറ്റുള്ളവർ ഞങ്ങളെ നേരിട്ട് സൂചിപ്പിക്കില്ലെങ്കിലും, തീർച്ചയായും സ്വയം സേവകരെ പരിശീലിപ്പിക്കുന്ന സംഘിന്‌ അതിന്റെ ഉത്തരവാദിത്വമുണ്ട്. അതിനാൽ ഏതൊക്കെ കാര്യങ്ങളാണ് നാം ജാഗ്രതയോടെ പിന്തുടരേണ്ടതെന്ന്‌ ചിന്തിക്കാൻ ഞങ്ങൾ നിർബന്ധിതരാണെ’’ന്ന്‌ അദ്ദേഹം പറഞ്ഞു. അംഗീകൃത രാഷ്ട്രീയപാർടികളാണ്‌ അവരുടെ സ്ഥാനാർഥികളായി തെരഞ്ഞെടുക്കപ്പെട്ടവരുടെ പ്രവർത്തനങ്ങൾക്ക് ഉത്തരവാദികൾ. എന്നാൽ, ഭാരതീയ ജനത പാർടി അധ്യക്ഷനല്ല ഇവിടെ ഉത്തരവാദിത്വത്തെക്കുറിച്ച് സംസാരിച്ചത്, മറിച്ച്‌ ആർഎസ്എസ് മേധാവിയാണ്.

മന്ത്രിസഭയിലെ 70 ശതമാനം മന്ത്രിമാരും സംഘപരിശീലനം നേടിയവരാണ്. പ്രധാനമന്ത്രിതന്നെ ഒരു പ്രചാരക്‌ ആയിരുന്നു. അവരുടെ പ്രവർത്തനങ്ങളിൽ ആർഎസ്എസിന് മേൽനോട്ടം ഉണ്ടോ? ഇല്ലെങ്കിൽ, "ചില ഉത്തരവാദിത്വം’ എന്നതുകൊണ്ട് എന്താണ് ഭാഗവത് അർഥമാക്കുന്നത്? ആർഎസ്എസ് "കൃത്യതയോടെ’ പിന്തുടരുന്ന "കാര്യങ്ങൾ' ഏതൊക്കെയാണ്? വ്യത്യസ്ത രാഷ്ട്രീയ വിശ്വാസങ്ങളെ പ്രതിനിധാനംചെയ്യുന്ന നിരവധി സാംസ്കാരിക സംഘടനകൾ ഇന്ത്യയിലുണ്ട്. പക്ഷേ, അധികാരസ്ഥാനങ്ങളിൽ ഇരിക്കുന്നവരുടെ പ്രവൃത്തികൾക്ക് തങ്ങൾ ഉത്തരവാദികളാണെന്ന് അവരിൽ ആർക്കെങ്കിലും അവകാശപ്പെടാൻ കഴിയുമോ? ഭരണഘടനയ്ക്ക് പുറത്തുള്ള സാംസ്കാരിക സംഘടനയായ ആർഎസ്എസ് ഇത്‌ ചെയ്യുന്നുണ്ടെന്ന്‌ ഇപ്പോൾ ഭാഗവത് തന്നെ ഇത്‌ സ്ഥിരീകരിച്ചിരിക്കുകയാണ്‌. ഭരണഘടനയും നിയമവാഴ്ചയും ആർഎസ്എസ് ഉയർത്തിപ്പിടിക്കുന്ന "സംസ്കാരവും’ തമ്മിലുള്ള അകലമാണ് രണ്ടാമത്തെ സൂചന.

ചരിത്രത്തെ വർഗീയമായി വളച്ചൊടിക്കുകയാണ്‌ അഭിമുഖത്തിൽ. ‘ആയിരം വർഷമായി ഹിന്ദു സമൂഹം യുദ്ധത്തിലാണ്’ എന്ന് ഭാഗവത് പറഞ്ഞു. ഈ ഏകീകൃത സമൂഹം എവിടെ, എപ്പോൾ നിലനിന്നിരുന്നു? വിജയികളുമായി സഹകരിക്കുകയും ചില സന്ദർഭങ്ങളിൽ അവരുടെ ഇടപെടലുകൾ ക്ഷണിച്ചുവരുത്തുകയും ചെയ്‌ത എല്ലാ രാജാക്കന്മാരും അത്തരമൊരു ചരിത്രത്തിൽ ഉൾപ്പെടുമോ? സ്വന്തം രാജ്യാതിർത്തി വ്യാപിപ്പിക്കാൻ മറ്റ് രാജാക്കന്മാരെയും അവരുടെ സൈന്യത്തെയും കൂട്ടക്കൊല ചെയ്ത എല്ലാ "ഹിന്ദു’ ഭരണാധികാരികളും ഇതിൽ ഉൾപ്പെടുമോ? ജാതി ശ്രേണിയിൽ തങ്ങളേക്കാൾ കീഴെയുള്ളവർക്കെതിരെ അതിക്രമം നടത്തിയവരും മനുസ്മൃതി അനുശാസിക്കുന്ന ജാതി അടിസ്ഥാനത്തിലുള്ള നിയമങ്ങൾ പാലിച്ചവരും ഇതിൽ ഉൾപ്പെടുമോ? സമഗ്രമായ ഒരു ഹിന്ദുത്വ സ്വത്വം കെട്ടിപ്പടുക്കാൻ, ആർഎസ്‌എസ്‌ ഒരു ഹിന്ദു–-- മുസ്ലിം വിരുദ്ധ ആശയം നിർമിക്കുന്നു. ഒരു മതത്തിനെതിരെ മറ്റൊരു മതം പ്രതിരോധിച്ച യുദ്ധമായിരുന്നു ഇന്ത്യയുടെ മുഴുവൻ ചരിത്രവുമെന്ന്‌ ഇതിലൂടെ സ്ഥാപിക്കാനാണ്‌ ശ്രമിക്കുന്നത്‌. ഇന്ന്‌ നടത്തുന്ന വർഗീയ ആക്രമണത്തെ ന്യായീകരിക്കാനുള്ള ചരിത്രപരമായ അനീതിയായി ഇതിനെ അവതരിപ്പിക്കുകയാണ്‌. "യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ അക്രമാസക്തരാകുന്നത് സ്വാഭാവികമാണ്. ഉള്ളിലുള്ള ശത്രുവിനെതിരെയാണ് യുദ്ധം നടത്തുന്നത്‌. - ഇത് ഹിന്ദു സമൂഹത്തെയും ഹിന്ദു ധർമത്തെയും ഹിന്ദു സംസ്കാരത്തെയും സംരക്ഷിക്കാനുള്ള യുദ്ധമാണെ’ ന്നും ഭാഗവത് പറഞ്ഞു. ആയുധമെടുക്കാനുള്ള ആർ‌എസ്‌എസ് മേധാവിയുടെ ആഹ്വാനത്തിൽ ആർ‌എസ്‌എസുമായുള്ള സംഭാഷണം മിതവാദ കാഴ്ചപ്പാടുകളെ സഹായിക്കുമെന്ന് വിശ്വസിച്ചിരുന്നവർപോലും നിരാശരാകും. "ഇസ്ലാമിന് ഭയപ്പെടാനൊന്നുമില്ല, എന്നാൽ മുസ്ലിങ്ങൾ മേൽക്കോയ്മയുടേതായ ഗർജിക്കുന്ന വാക്ചാതുര്യം ഉപേക്ഷിക്കണമെ’ന്നും ഭാഗവത്‌ പറഞ്ഞു. മുസ്ലിങ്ങളെ ആർഎസ്എസ് സൂക്ഷ്മമായി പരിശോധിക്കുമെന്നാണ് ഇതിലൂടെ അർഥമാക്കുന്നത്‌.


 

"മുസ്ലിങ്ങൾക്ക് ഇന്ത്യയിൽ പൂർണമായും ഹിന്ദു രാഷ്ട്രത്തിന് കീഴ്പെട്ട് ജീവിക്കാം’ എന്ന ഹെഡ്‌ഗേവാറിന്റെയും എം എസ്‌ ഗോൾവാൾക്കറിന്റെയും അഭിപ്രായങ്ങളുടെ പരിഷ്‌കരിച്ച പതിപ്പാണ് ഭാഗവതിന്റെ ഇപ്പോഴത്തെ പരാമർശം. ആർഎസ്എസ്‌ കൊണ്ടാടുന്ന ഈ വിഗ്രഹങ്ങൾ "ആഭ്യന്തര ശത്രു' എന്ന് തിരിച്ചറിഞ്ഞത് മുസ്ലിങ്ങളെ മാത്രമല്ല, മറിച്ച്‌ കമ്യൂണിസ്റ്റുകളെയും ക്രിസ്ത്യാനികളെയും കൂടിയാണ്. ഈ പരാമർശത്തിന്റെ പ്രയോഗം ഭാഗവത്‌ ഈ രീതിയിലേക്ക്‌ വിപുലീകരിക്കുകയും ചെയ്‌തു–- "ഇവിടെ താമസിക്കുന്നവരെല്ലാം- ഹിന്ദുവോ കമ്യൂണിസ്റ്റോ ആകട്ടെ, ഈ യുക്തി ഉപേക്ഷിക്കണം’. ഭരണഘടനയും മഹാത്മാഗാന്ധിയുടെ കൊലപാതകത്തിലേക്ക് നയിച്ച ഒരു പ്രത്യയശാസ്ത്രത്തോടുള്ള എതിർപ്പുമാണ്‌ ഉപേക്ഷിക്കേണ്ട യുക്തിയായി നിർദേശിച്ചിരിക്കുന്നത്‌. ഈ വർഗീയ സ്വേച്ഛാധിപത്യം ഒരു ഓർമിപ്പിക്കലാണ്‌–- മതനിരപേക്ഷത ആക്രമിക്കപ്പെടുമ്പോൾ, ഭരണഘടനയുടെ അടിസ്ഥാനശിലകളായ വിവിധ ഭാഗങ്ങൾ അവിഭാജ്യമാണെന്നും അല്ലെങ്കിൽ ജനാധിപത്യം നിലനിൽക്കില്ലെന്നുമുള്ള ഓർമിപ്പിക്കൽ. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതും രാഷ്ട്രീയത്തിൽനിന്ന് മതത്തെ വേർപെടുത്തുന്നതും ജനാധിപത്യത്തെ സംരക്ഷിക്കുന്നതിൽ നിർണായകമാണ്. ഇസ്ലാമിക തീവ്രവാദം ഉൾപ്പെടെ എല്ലാത്തരം തീവ്രവാദത്തിനെതിരായ പോരാട്ടവും ഇതിൽ ഉൾപ്പെടുന്നു. ഒരു വർഗീയത മറ്റൊന്നിനെ ശക്തിപ്പെടുത്തും.

ഹിന്ദു സമൂഹത്തിനുവേണ്ടി സംസാരിക്കുന്നുവെന്ന ആർഎസ്എസ് അവകാശവാദമാണ് മൂന്നാമത്തെ സൂചകം. ഹിന്ദുത്വയുടെ പതാകവാഹകരാണ് തങ്ങളെന്ന് ന്യായമായി അവകാശപ്പെടുന്ന ആർഎസ്‌എസ്‌ മതവുമായോ ദശലക്ഷക്കണക്കിന് ഹിന്ദുക്കളുടെ മതവിശ്വാസവുമായോ ഒന്നും ചെയ്യാൻ കഴിയാത്ത ഒരു രാഷ്ട്രീയ സങ്കൽപ്പം മാത്രമാണ്‌. "ഹിന്ദു താൽപ്പര്യമാ’ണ്‌ തങ്ങളുടെ ലക്ഷ്യമെന്ന്‌ സംസാരിക്കുന്ന ഒരു സംഘടനയുടെ മേധാവിക്ക് സാധാരണ ഹിന്ദുവായ -ഒരു തൊഴിലാളിയുടെയോ കർഷകന്റെയോ സാമ്പത്തികവും സാമൂഹ്യവുമായ ദുരവസ്ഥയെക്കുറിച്ച് ഒന്നും പറയാനില്ലെന്നത് ശ്രദ്ധേയമാണ്. നേരെ വിപരീതമായി, ഭാഗവത് ഹിന്ദു സമൂഹത്തെ വിശേഷിപ്പിച്ചത് "സമൃദ്ധവും ശക്തവു’മെന്നാണ്. ആർഎസ്എസ് "ചില ഹിന്ദുക്കളുടെ’ അഭിവൃദ്ധിമാത്രം കാണുന്നുണ്ടെന്ന് തോന്നുന്നു, എന്നാൽ ഭൂരിപക്ഷത്തിന്റെയും ദാരിദ്ര്യത്തെ കാണുന്നില്ല. അതുപോലെതന്നെ ദളിതർക്കെതിരായി ജാതീയമായി അതിക്രമങ്ങൾ നടത്തുന്നവരെ അപലപിക്കുന്ന ഒരു വാക്കുപോലും ഭാഗവതിന്റെ നാവിൽനിന്ന്‌ ഉയർന്നുവന്നില്ല. "ജയ് ശ്രീറാം' എന്ന മുദ്രാവാക്യത്തിലൂടെ "എല്ലാ ജാതികളെയും വിഭാഗങ്ങളെയും ഒരുമിച്ചു ചേർത്തു’എന്ന്‌ പറഞ്ഞിടത്തുമാത്രമാണ്‌ ഭാഗവത് ജാതിയുടെ പരാമർശം നടത്തിയത്‌. ജാതി അടിസ്ഥാനത്തിലുള്ള അസമത്വങ്ങളെ മറികടക്കാൻ "ശ്രീരാമനെ’ ഒരു രാഷ്ട്രീയ ഉപകരണമായി ഉപയോഗിക്കാനുള്ള ഒരു വിചിത്ര തന്ത്രമാണ് ഇത് വെളിപ്പെടുത്തുന്നത്. സ്ത്രീകളോടുള്ള ആർഎസ്എസിന്റെ സമീപനത്തെക്കുറിച്ച് ഭാഗവതിന്റെ പ്രസ്താവനയിൽ എന്ത്‌ പുതുമയാണുള്ളത്‌.- സ്ത്രീകളെ എങ്ങനെ നേരിട്ട് ആർഎസ്എസ് ശാഖകളിൽ ഉൾപ്പെടുത്താമെന്ന് സംഘടന ആലോചിക്കുമെന്ന്‌ മാത്രമാണ്‌ ഭാഗവത്‌ പറഞ്ഞത്‌. സ്ത്രീധന മരണങ്ങളിലും സ്ത്രീകൾക്കും കുട്ടികൾക്കും നേരെ നടക്കുന്ന ലൈംഗികാതിക്രമങ്ങളിലും ഗാർഹിക പീഡനങ്ങളിലും സർക്കാരിനെപ്പോലെതന്നെ ആർഎസ്‌എസ്‌ മേധാവിയും മൗനം പാലിച്ചു. സ്വാതന്ത്ര്യത്തിന്റെ 75-–-ാം വർഷത്തിൽ ആർഎസ്എസ് മേധാവി നടത്തിയ ഈ അഭിമുഖം ഇന്ത്യക്ക്‌ എത്രത്തോളം നഷ്ടപ്പെടാനുണ്ടെന്നതിന്റെ സൂചനയാണ്‌ നൽകുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top