27 April Saturday

പോരാടാം, നേടിയ സ്വാതന്ത്ര്യം
 സംരക്ഷിക്കാൻ - ബൃന്ദ കാരാട്ട് എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Friday Aug 12, 2022


‘ഈ മഹത്തായ ഓഫീസിനു മുകളിൽ പാറിക്കളിക്കേണ്ട ദേശീയപതാക ഇന്നാട്ടിലെ സ്ത്രീകളുടെ സമ്മാനമായിരിക്കണമെന്നത് ഉചിതമായ തീരുമാനമാണ്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ഞങ്ങൾ പോരാടുകയും കഷ്ടപ്പെടുകയും നിരവധി ത്യാഗങ്ങൾ സഹിക്കുകയും ചെയ്തു. ഇനിയങ്ങോട്ട് ഒരു മഹത്തായ ഇന്ത്യയെ കെട്ടിപ്പടുക്കാൻ സ്ത്രീകൾ അക്ഷീണം പ്രയത്നിക്കും’. 75 വർഷംമുമ്പ് ആഗസ്ത് 15ന്‌ അർധരാത്രി ഭരണഘടന നിർമാണസഭയ്ക്ക് മുകളിൽ ആദ്യമായി ഉയർത്തിയ ദേശീയപതാക രാഷ്ട്രപതിയായിരുന്ന രാജേന്ദ്ര പ്രസാദിന് കൈമാറിയ ഹൻസ മേത്തയുടെ വാക്കുകൾ.

സ്വാതന്ത്ര്യസമര സേനാനിയും ഭരണഘടന നിർമാണസഭയിലെ 15 സ്ത്രീകളിൽ ഒരാളുമായിരുന്ന അവർ ഒന്നുകൂടി പറഞ്ഞു,- ‘നേടിയ സ്വാതന്ത്ര്യം നിലനിർത്തുകയെന്ന വലിയ ലക്ഷ്യത്തിനായി സ്ത്രീകൾ പോരാട്ടം തുടരും'. മുക്കാൽ നൂറ്റാണ്ട് പിന്നിട്ട ഇക്കാലത്തും അന്ന് ഹൻസ മേത്ത പറഞ്ഞ അതേ വെല്ലുവിളിയാണ് സ്ത്രീകൾ, പ്രത്യേകിച്ച്‌ തൊഴിലാളിവർഗ സ്ത്രീകൾ നേരിടുന്നത്. നേടിയ സ്വാതന്ത്ര്യം നിലനിർത്തുകയെന്ന വെല്ലുവിളി. ഇന്ത്യൻ സ്ത്രീസമൂഹം ഇന്നനുഭവിക്കുന്ന പുരോഗതി ആർജിക്കുന്നതിൽ സ്വാതന്ത്ര്യസമരവും ഭരണഘടനയും വലിയ പങ്കുവഹിച്ചിട്ടുണ്ട്. എന്നാൽ, ഇനിയും കടമ്പകൾ അനവധിയാണ് മുന്നിൽ.

മതനിരപേക്ഷ മൂല്യങ്ങൾക്കെതിരായ ആക്രമണം
സ്ത്രീകളുടെ ജീവിതം നിർണയിക്കേണ്ടത് മതമല്ല, ഭരണഘടനയാണ് എന്ന തിരിച്ചറിവാണ് സ്വാതന്ത്ര്യസമരം സ്ത്രീകൾക്കു നൽകിയ ഏറ്റവും വലിയ കരുത്ത്. മതഗ്രന്ഥങ്ങൾ സ്ത്രീകളെ സമൂഹത്തിലെ രണ്ടാംനിര പൗരരായി മാറ്റിനിർത്തുമ്പോൾ ഭരണഘടന  അവർക്ക് ലിംഗ,- മത വ്യത്യാസങ്ങൾക്ക് അതീതമായ സമത്വം ഉറപ്പുനൽകുന്നു. പാകിസ്ഥാനെപ്പോലെ മതാത്മക രാഷ്ട്രമാകാതെ മതനിരപേക്ഷതയിൽ ഊന്നിനിന്നതുകൊണ്ടാണ് നമുക്ക് സ്ത്രീസൗഹൃദമായ നിരവധി നിയമം കൊണ്ടുവരാനായത്. എന്നാൽ, പാകിസ്ഥാൻ ഇസ്ലാമിക രാഷ്ട്രമായതുപോലെ ഇന്ത്യയെ ഹിന്ദുത്വ രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് വാദിച്ച വി ഡി സവർക്കറിന്റെ നേതൃത്വത്തിലുള്ള ഒരുവിഭാഗം ഉണ്ടായിരുന്നു. അവരുടെ വാദം യാഥാർഥ്യമായിരുന്നെങ്കിൽ ഭരണഘടനയല്ല, മനുസ്‌മൃതിയാകും സ്ത്രീകളുടെ ജീവിതം നിർണയിക്കുക.

പുരുഷകേന്ദ്രീകൃത വ്യവസ്ഥിതിയുടെ അങ്ങേയറ്റത്തു നിൽക്കുന്ന, പിറവിയുടെ അടിസ്ഥാനത്തിൽ മനുഷ്യരെ വേർതിരിക്കുന്ന, ജാതിവ്യവസ്ഥയെ ഹിന്ദു വിശ്വാസത്തിന്റെ അന്തസ്സത്തയായി കണക്കാക്കുന്ന ആ ഗ്രന്ഥത്തിൽ  സ്ത്രീകളുടെയും ദളിതരുടെയും സ്ഥാനമെന്തെന്ന് നമുക്കറിയാം.    അന്ന് മനുസ്‌മൃതി വാദം ഉന്നയിച്ച ആർഎസ്എസ്, ഹിന്ദുമഹാസഭ പോലുള്ളവർ സമൂഹത്തിന്റെ മുഖ്യധാരയ്ക്ക് പുറത്തുള്ള ചെറുവിഭാഗം ആയിരുന്നെങ്കിൽ ഇന്നവർ ഇന്ത്യ ഭരിക്കുന്നു. അതുകൊണ്ടുതന്നെ, സ്ത്രീകൾ നേടിയ അവകാശങ്ങളെല്ലാം ഭരണഘടന ഉറപ്പുനൽകുന്ന തുല്യനീതിയും മതനിരപേക്ഷതയും അടിസ്ഥാനമാക്കിയ നിയമങ്ങളിൽക്കൂടി നേടിയതാണെന്ന് ഉറക്കെ ആവർത്തിക്കേണ്ടതുണ്ട്.

വിവാഹവും ലൈംഗികതയും തീരുമാനിക്കാനുള്ള വ്യക്തിയുടെ അവകാശം സംരക്ഷിക്കുന്നതും ഗാർഹിക പീഡനങ്ങൾക്കെതിരെയുള്ളതുമായ നിയമങ്ങളിൽ  വെള്ളം ചേർക്കാൻ സർക്കാരിന്റെ ഭാഗമായവർ ശ്രമിക്കുകയാണ്‌ ഇന്ന്. ഇന്ത്യൻ മൂല്യങ്ങൾക്ക് എതിരാണെന്ന പേരിലാണ് ഇത്തരം നീക്കങ്ങൾ. ദുരഭിമാനക്കൊല, വൈവാഹിക പീഡനം തുടങ്ങിയവയ്ക്കെതിരെ നിയമം നിർമിക്കാൻ ബിജെപി-, ആർഎസ്എസ് നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ തയ്യാറാകാത്തതും സ്ത്രീവിമോചനത്തിന്‌ വെല്ലുവിളിയായി നിലനിൽക്കുന്നു.

സ്ത്രീകളുടേതായ ഏജൻസി
ഗാന്ധിജി നയിച്ച കോൺഗ്രസ് ആകട്ടെ, കമ്യൂണിസ്റ്റുകാർ നയിച്ച മുന്നേറ്റമാകട്ടെ, അംബേദ്കറുടെ നേതൃത്വത്തിലുള്ള സാമൂഹ്യനീതി പ്രസ്ഥാനമാകട്ടെ, സ്വാതന്ത്ര്യസമരകാലത്ത് സ്ത്രീ പ്രാതിനിധ്യത്തെയും അവരുടേതായ പ്രത്യേക ഏജൻസിയെന്ന ആശയത്തെയും നേതൃത്വം വലിയതോതിൽ പിന്തുണച്ചിരുന്നു. യാഥാസ്ഥിതിക ഫ്യൂഡൽ കെട്ടുപാടുകൾ പൊട്ടിച്ചെറിഞ്ഞ്‌ ലക്ഷക്കണക്കിന് സ്ത്രീകൾ സധൈര്യം ലാത്തിയെയും തോക്കിനെയും നേരിട്ടു. ജയിലിൽ കഴിഞ്ഞു. ഇന്നത്തെ ഇന്ത്യൻ സ്ത്രീ സമൂഹത്തിൽ, പ്രത്യേകിച്ച്‌ ഇളംതലമുറയിൽ, മുൻകാലങ്ങളിൽ നിഷിദ്ധമായിരുന്ന മേഖലകളിൽ കാലുറപ്പിച്ച്‌ ഉയരങ്ങൾ കീഴടക്കിയവർ അനേകം. എന്നാൽ, സ്ത്രീകളുടെ, പ്രത്യേകിച്ച്‌ ദരിദ്രവിഭാഗത്തിൽ ഉള്ളവരുടെ ക്ഷേമത്തിനായും അവകാശ സംരക്ഷണത്തിനായുമുള്ള നിയമ, നയ മാറ്റങ്ങൾ സാധ്യമായത് വൻ പ്രക്ഷോഭങ്ങളിൽക്കൂടിയാണ്. ചിലപ്പോഴൊക്കെ പാതിമനസ്സോടെ സമ്മതം മൂളിയ സർക്കാരുകൾ മറ്റു ചിലപ്പോൾ തീർത്തും ശത്രുതാപരമായ നിലപാടുകളുമെടുത്തു.

ഇന്നും മകന് പ്രാധാന്യം നൽകുന്ന രാജ്യമാണ് നമ്മുടേത്. 1994ൽ പെൺ ഭ്രൂണഹത്യ കുറ്റകരമാക്കി. എന്നാൽ, യുഎൻ പോപ്പുലേഷൻ ഫണ്ടിന്റെ 2020ലെ റിപ്പോർട്ട്‌ പ്രകാരം 2011–--16ൽ ഗർഭകാലയാളവിലെ ലിംഗനിർണയത്തിലൂടെ രാജ്യത്ത്‌ നാലു ലക്ഷം പെൺകുഞ്ഞുങ്ങളുടെ പിറവി ‘ഒഴിവാക്കപ്പെട്ടു'. ലൈംഗികാതിക്രമം, പെൺകുഞ്ഞുങ്ങളെ ബലാത്സംഗം ചെയ്യുന്നത്, സ്ത്രീധനമരണം, ആസിഡ് ആക്രമണങ്ങൾ തുടങ്ങി കുടുംബത്തിലും സമൂഹത്തിലും സ്വന്തം സ്ഥാനം ഉറപ്പിക്കാനുള്ള സ്ത്രീകളുടെ ശ്രമങ്ങളെ സമൂഹം പിറകോട്ടുവലിക്കുന്ന മാർഗങ്ങൾ പലതാണ്.

2019ൽ സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ 4.12 ലക്ഷമായി ഉയർന്നതായി നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ വ്യക്തമാക്കുന്നു. സ്ത്രീകൾക്കെതിരായ കുറ്റങ്ങളിൽ ശിക്ഷ കിട്ടുന്നത് 23.7 ശതമാനം പേർക്ക് മാത്രമാണ്. ദളിത്, ആദിവാസി സ്ത്രീകൾക്കെതിരായ ജാതിക്കുറ്റങ്ങളും അവർ തൊഴിലാളി വർഗമായതുകൊണ്ടുമാത്രം ഭൂപ്രഭുക്കന്മാർ, സമ്പന്നർ തുടങ്ങിയവരിൽനിന്ന് നേരിടേണ്ടിവരുന്ന അതിക്രമങ്ങളും കൂടുന്നു. ഹാഥ്‌രസ് കേസിൽ ഉൾപ്പെടെ ബലാത്സംഗക്കേസ് പ്രതികൾക്ക് അധികൃതർ നൽകിയ പരസ്യ പിന്തുണ ഇത്തരം കുറ്റകൃത്യങ്ങളെ പ്രോത്സാഹിപ്പിക്കുകയേയുള്ളൂ.

സ്വാതന്ത്ര്യ സമരപോരാട്ടങ്ങളുടെ മുന്നണിയിലുണ്ടായിരുന്ന സ്ത്രീകൾക്ക് രാജ്യത്തിന്റെ ആദ്യ പാർലമെന്റിൽ ലഭിച്ചത് അഞ്ചു ശതമാനം പ്രാതിനിധ്യം മാത്രമാണ് . 75 വർഷത്തിനുശേഷം 14 ശതമാനത്തിലെത്തി. ലോക ശരാശരിയായ 24.6 ശതമാനംതന്നെ പര്യാപ്തമല്ലെന്ന വസ്തുത നിലനിൽക്കെയാണ്‌ ഇത്.

പഞ്ചായത്തുതലത്തിൽ സ്ഥിതി വ്യത്യസ്തമാണ്. മൂന്നിലൊന്ന്‌ വനിതാ സംവരണമെന്നത് യുപിഎ സർക്കാരിന്റെ കാലത്ത്‌ 50 ശതമാനമാക്കി. അതോടെ താഴേത്തട്ടിൽ സ്ത്രീകൾ വിജയഗാഥകൾ എഴുതാൻ തുടങ്ങി. ഇടതുപക്ഷ ഭരണകാലത്ത്‌ പശ്ചിമ ബംഗാളിലാണ്‌ മൂന്നിലൊന്ന്‌ പ്രാതിനിധ്യം ആദ്യം നടപ്പാക്കിയത്‌. ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിലാകട്ടെ, സ്ത്രീകൾ നേതൃത്വം നൽകുന്ന തദ്ദേശഭരണ സ്ഥാപനങ്ങൾ നിരവധി അവാർഡ്‌ നേടി രാജ്യത്തിനുതന്നെ മാതൃകയാകുന്നു.

നവ ഉദാരനയങ്ങളുടെ പ്രത്യാഘാതങ്ങൾ
സമൂഹത്തിലെ സ്ത്രീകളുടെ അന്തസ്സ്‌, സ്വയംസ്ഥാപിക്കാനുള്ള കഴിവ്‌ എന്നിവ അവരുടെ ധനസമ്പാദനശേഷിയെ ആശ്രയിച്ചിരിക്കുന്നു.
ചരിത്രപരമായിത്തന്നെ തൊഴിൽ മേഖലകളിൽ പുലർത്തിവരുന്ന ലിംഗവിവേചനവും പ്രധാന ഘടകമാണ്. മുൻ കോൺഗ്രസ് സർക്കാർ തുടങ്ങിവച്ച കോർപറേറ്റ് അനുകൂല നവ ഉദാരവൽക്കരണ നയങ്ങൾ കൂടുതൽ ശക്തിയോടെ തുടരുകയാണ് മോദി സർക്കാർ. ഇങ്ങനെ സമൂഹത്തിൽ സൃഷ്ടിച്ചെടുക്കുന്ന ഉച്ചനീചത്വങ്ങൾ പാർശ്വവൽക്കൃത സമൂഹത്തെയാകെ ബാധിക്കുമെങ്കിലും ഇതിന്റെ തിക്തഫലങ്ങൾ കൂടുതലും അനുഭവിക്കുന്നത് സ്ത്രീകളാണ്.

സ്വാതന്ത്ര്യസമരത്തിന്റെ അടിസ്ഥാനശക്തിയായി നിലകൊണ്ടത് തൊഴിലാളികളും കർഷകത്തൊഴിലാളികളും ആയിരുന്നെങ്കിലും നേതൃത്വത്തിലെ വർഗ വ്യത്യാസം പ്രകടമായിരുന്നു. ഈ വ്യത്യാസമാണ് സ്വതന്ത്ര ഇന്ത്യയിൽ ജന്മി ഭൂപ്രഭു വിഭാഗത്തെ ആധിപത്യത്തിൽ ഉറപ്പിച്ചുനിർത്തിയത്. സാമ്പത്തിക സമത്വം, തൊഴിലെടുക്കാനുള്ള അവകാശം, തുല്യ വേതനത്തിനുള്ള അവകാശം, തൊഴിലെടുക്കുന്ന സ്ത്രീകളുടെ അവകാശങ്ങൾ എന്നിവ നിർദേശക തത്വങ്ങൾക്ക്‌ താഴെയുള്ള നോൺ ജസ്റ്റിസയബിൾ (കോടതിയെ സമീപിച്ച്‌ അവകാശം നേടിയെടുക്കാനാവാത്ത )വിഭാഗത്തിലേക്ക് മാറ്റിയത് ഭരണവർഗത്തിലെ ഇത്തരം ആധിപത്യങ്ങളുടെ ഫലമായാണ്. ഭരണഘടനാ നിർമാണസഭയിലെ കമ്യൂണിസ്റ്റ്, സോഷ്യലിസ്റ്റ് വിഭാഗക്കാരായ ചുരുക്കം അംഗങ്ങൾ മാത്രമാണ് സാമ്പത്തികമേഖലയിലെ അവകാശങ്ങൾ കോടതിയിൽ ചോദ്യം ചെയ്യാനാകുന്ന (ജസ്റ്റിസയബിൾ) മൗലികാവകാശങ്ങളുടെ പട്ടികയിൽപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടത്. അന്ന് വല്ലഭ്‌ഭായ്‌ പട്ടേലിന്റെ നേതൃത്വത്തിലുള്ള സബ് കമ്മിറ്റി ഇതിനെതിരായിരുന്നു.

നവ ഉദാരനയങ്ങളുടെ ഫലമായി ഇന്ത്യൻ സമൂഹത്തിൽ സ്ത്രീകളുടെ പദവി കൂടുതൽ താഴേക്കുപോയി. കൂടുതൽ വിവേചനത്തിന്‌ ഇരയാകുന്ന അവസ്ഥയുണ്ടായി. സ്ത്രീകളുടെ തൊഴിലില്ലായ്മയിൽ മുന്നിൽനിൽക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തത്തിൽ ഏറ്റവും പിന്നിലുള്ള രാജ്യങ്ങളിൽ ഒന്നും. 2019ലെ ഒഇസിഡി സർവേ പ്രകാരം രാജ്യത്ത്‌ തൊഴിലില്ലായ്മയിൽ സ്ത്രീകൾ പുരുഷന്മാരേക്കാൾ 52 ശതമാനം മുന്നിലാണ്. 

തൊഴിൽ അവസരങ്ങളുടെ ദൗർലഭ്യം കാരണം ഗ്രാമീണമേഖലയിൽ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം 10 ശതമാനത്തിനും താഴെ എത്തിയതായി 2022 ഏപ്രിലിലെ കണക്കുകൾ വ്യക്തമാക്കുന്നു.പുരുഷന്മാർക്ക് ലഭിക്കുന്നതിന്റെ മൂന്നിലൊന്ന് വേതനം മാത്രമാണ് ഇപ്പോഴും സ്ത്രീകൾക്ക് ലഭിക്കുന്നത്.

ഇന്നത്തെ ഇന്ത്യയിൽ കോർപറേറ്റുകളെ സഹായിക്കാനും തങ്ങളുടെ മനുവാദി ആശയങ്ങൾ നടപ്പാക്കാനുമായി കേന്ദ്രസർക്കാർ നടത്തുന്ന തീവ്രശ്രമങ്ങൾ സ്വാതന്ത്ര്യസമരത്തിന്റെ അന്തസ്സത്തയെ മാത്രമല്ല, സ്വാതന്ത്ര്യത്തെത്തന്നെ തകർക്കുന്ന നിലയാണ്. സംവിധാനത്തിലെ പുഴുക്കുത്തുകൾ പരിഹരിക്കാനും സോഷ്യലിസം, സമത്വം, നീതി എന്നിവ നേടിയെടുക്കാനും തൊഴിലാളിവർഗത്തിലെ പുരുഷൻമാരും സ്ത്രീകളും ഒറ്റക്കെട്ടായി രണ്ടാം സ്വാതന്ത്ര്യസമരത്തിന് തയ്യാറാകേണ്ടിയിരിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top