20 April Saturday

ഒക്‌ടോബറിലെ 
ചുവപ്പുവസന്തം - എം വി ഗോവിന്ദൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Nov 3, 2022

image credit Lula da Silva facebook

ബ്രസീലെന്ന്‌ കേൾക്കുമ്പോൾ ആദ്യം മനസ്സിലേക്ക്‌ കടന്നുവരുന്നത്‌ ഫുട്‌ബോളിനെക്കുറിച്ചാണ്‌. പെലെയുടെയും നെയ്‌മറുടെയും  റൊണാൾഡോയുടെയും നാട്‌. ഫുട്‌ബോളിന്റെ നാട്‌ ഇന്ന്‌ ഇടതുപക്ഷത്തിന്റെയും നാടായി മാറിയിരിക്കുന്നു. ബ്രസീൽ വർക്കേഴ്‌സ്‌ പാർടി നേതാവ്‌ ലുല ഡ സിൽവ മൂന്നാമതും ബ്രസീലിൽ പ്രസിഡന്റായി വിജയിച്ചിരിക്കുകയാണ്‌. ഒക്ടോബർ രണ്ടിന്‌ നടന്ന ആദ്യവട്ടം തെരഞ്ഞെടുപ്പിൽ ജയിക്കാനാവശ്യമായ 50 ശതമാനം വോട്ട്‌ നേടാൻ കഴിയാതിരുന്ന ലുല ഒക്ടോബർ 30ന്‌ നടന്ന രണ്ടാം റൗണ്ടിൽ 50.9 ശതമാനം വോട്ട്‌ നേടിയാണ്‌ വിജയിച്ചിരിക്കുന്നത്‌. എതിരാളി ജയിർ ബോൾസനാരോയേക്കാൾ 1.8 ശതമാനം വോട്ട്‌ നേടിയാണ്‌ ലുലയുടെ മൂന്നാം വിജയം. 1985ൽ ബ്രസീലിൽ ജനാധിപത്യഭരണം സ്ഥാപിച്ചശേഷം മൂന്നാമതും പ്രസിഡന്റ്‌ പദവിയിൽ എത്തുന്ന ആദ്യ വ്യക്തിയും എഴുപത്തേഴുകാരനായ ലുലയാണ്‌. ബ്രസീലിലെ പ്രധാന കമ്യൂണിസ്റ്റ്‌ പാർടിയായ കമ്യൂണിസ്റ്റ്‌ പാർടി ഓഫ്‌ ബ്രസീലും ലുലയ്‌ക്ക്‌ പിന്തുണ നൽകിയിരുന്നു.

നേരിയ ഭൂരിപക്ഷത്തിനാണെങ്കിലും ലുലയുടെ വിജയത്തിന്‌ ഇന്നത്തെ ലോകരാഷ്ട്രീയത്തിൽ വളരെയധികം പ്രാധാന്യമുണ്ട്‌. സിപിഐ എമ്മിന്റെ 22, 23 പാർടി കോൺഗ്രസുകൾ സൂചിപ്പിച്ചതുപോലെ സാമ്പത്തികപ്രതിസന്ധിക്കെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധത്തിന്‌ നേതൃത്വം നൽകി തീവ്രവലതുപക്ഷം പലയിടത്തും ശക്തിപ്രാപിക്കുന്ന കാഴ്‌ചയാണ്‌ ദൃശ്യമാകുന്നത്‌. ഫ്രാൻസിലെ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ തീവ്രവലതുപക്ഷ കക്ഷിയായ നാഷണൽ റാലിയുടെ നേതാവ്‌ മേരി ലെ പെൻ വിജയിച്ചില്ലെങ്കിലും 40 ശതമാനം വോട്ട്‌ നേടി . മധ്യ ഇടതുപക്ഷം ഭരിച്ചിരുന്ന സ്വീഡനിൽ നവ ഫാസിസ്റ്റ്‌ കക്ഷിയായ സ്വീഡൻ ഡെമോക്രാറ്റുകൾ നേതൃത്വം നൽകുന്ന സഖ്യം അധികാരത്തിൽ വന്നു. ഇറ്റലിയിലും നവ ഫാസിസ്റ്റ്‌ കക്ഷിയായ ബ്രദേഴ്‌സ്‌ ഓഫ്‌ ഇറ്റലി നേതാവ്‌ ജോർജിയോ മിലോണി അധികാരത്തിൽ വന്നു. ഹംഗറിയും പോളണ്ടും ഇപ്പോൾ ഭരിക്കുന്നതും തീവ്രവലതുപക്ഷംതന്നെ.

യൂറോപ്പ്‌ കൂടുതൽ വലത്തോട്ട്‌ നീങ്ങുമ്പോൾ തീവ്രവലതുപക്ഷത്തെ ചെറുത്തുതോൽപ്പിക്കാൻ കഴിയുമെന്ന ആവേശകരമായ സന്ദേശമാണ്‌ ബ്രസീൽ നൽകുന്നത്‌. ‘ബ്രസീലിലെ ട്രംപ്‌’ എന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന, പുരുഷമേധാവിത്വത്തിന്റെയും വംശീയ വിദ്വേഷത്തിന്റെയും ജനാധിപത്യവിരുദ്ധതയുടെയും പ്രതീകമായ ജയിർ ബോൾസനാരോയെ ഇഞ്ചോടിഞ്ച്‌ നടന്ന പോരാട്ടത്തിൽ തോൽപ്പിച്ചാണ്‌ ലുല വിജയിച്ചത്‌. അതുകൊണ്ടുതന്നെ ലുലയുടെ വിജയം ബ്രസീലിയൻ ജനാധിപത്യത്തിന്റെയും സർവോപരി മനുഷ്യത്വത്തിന്റെയും വിജയമാണ്‌. അമേരിക്കയിൽ ട്രംപ്‌ പരാജയപ്പെട്ടത്‌ തീവ്രവലതുപക്ഷത്തിന്‌ കനത്ത തിരിച്ചടിയാണ്‌ നൽകിയത്‌. ഇപ്പോൾ ട്രംപിന്റെ ഏറ്റവും അടുത്ത രാഷ്ട്രീയസുഹൃത്തായ ബോൾസനാരോയും പരാജയപ്പെട്ടിരിക്കുന്നു. അതായത്‌, എല്ലാകാലത്തും അധികാരത്തിൽ തുടരാനും വിജയം ആവർത്തിക്കാനും തീവ്രവലതുപക്ഷത്തിന്‌ കഴിയില്ലെന്ന സന്ദേശം ബ്രസീൽ നൽകുന്നുണ്ട്‌. അത്‌ ഇന്ത്യക്കും ബാധകമാണ്‌.

ബ്രസീലിന്റെ വിജയത്തിന്‌ മറ്റൊരു പ്രത്യേകതകൂടിയുണ്ട്‌. ലാറ്റിനമേരിക്ക കൂടുതൽ ചുവക്കുകയും ഇടതുപക്ഷത്തിന്റെ ഒരു കോട്ടയായി മാറുകയും ചെയ്‌തിരിക്കുന്നുവെന്നതാണത്‌. 2018ൽ മെക്‌സിക്കോയിൽ ആൻഡ്രസ്‌ മാനുവൽ ലോപസ്‌ ഒബ്രദോർ വിജയിച്ചതിനുശേഷം ആരംഭിച്ച രണ്ടാം ഇളംചുവപ്പ്‌ തരംഗം ഇപ്പോൾ തെക്കേ അമേരിക്കയിലെ ഏറ്റവും വലുതും സമ്പന്നവുമായ ബ്രസീലിലും എത്തിയിരിക്കുന്നു. ക്യൂബയും വെനസ്വേലയും ബൊളീവിയയും ഇടതുപക്ഷത്ത്‌ ഉറച്ചുനിൽക്കുന്ന രാജ്യങ്ങളാണ്‌. അർജന്റീനയും ചിലിയും കൊളംബിയയും പെറുവും നിക്കരാഗ്വയും ഹോണ്ടുറാസും ഇന്ന്‌ ഭരിക്കുന്നത്‌ ഇടതുപക്ഷ സ്വഭാവമുള്ള പാർടികളാണ്‌. സാമ്പത്തിക രാഷ്ട്രീയ നയങ്ങളിൽ ചില പോരായ്‌മകളും വീഴ്‌ചകളും ചൂണ്ടിക്കാട്ടാൻ കഴിയുമെങ്കിലും ഈ രാഷ്ട്രങ്ങളെല്ലാം ഒരു കാര്യത്തിൽ ഒറ്റക്കെട്ടാണ്‌. അത്‌ അമേരിക്കൻ മേധാവിത്വത്തെ ചെറുക്കുന്ന കാര്യത്തിലാണ്‌. ലാറ്റിനമേരിക്കൻ ഇടതുപക്ഷത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയും ഈ സാമ്രാജ്യത്വവിരുദ്ധതയാണ്‌.

അധികാരത്തിലിരിക്കുന്ന പ്രസിഡന്റിനെതിരെ ബ്രസീലിയൻ ജനത വിധിയെഴുതുന്നതിന്‌ പല കാരണങ്ങളുണ്ട്‌.  ബോൾസനാരോ പ്രധാനമായും നിലകൊണ്ടത്‌ വൻകിട ബിസിനസുകാർക്കു വേണ്ടിയായിരുന്നു. പ്രത്യേകിച്ചും അഗ്രി ബിസിനസുകാർക്ക്‌. ഇതിന്റെ ഫലമായാണ്‌ ‘ഭൂമിയുടെ ശ്വാസകോശമെന്ന്‌ വിളിക്കപ്പെടുന്ന’ ആമസോൺ കാടുകൾ വെട്ടിത്തെളിച്ചത്‌. വന–- ഖനിജ സമ്പത്തുകളിലായിരുന്നു ഈ വൻകിട കോർപറേറ്റുകൾക്ക്‌ കണ്ണ്‌. അവിടെയുള്ള തദ്ദേശീയ ജനതയെ മുഴുവൻ ആട്ടിപ്പായിക്കുകയും അവരുടെ ജീവനോപാധികൾ ഇല്ലാതാക്കുകയും ചെയ്‌തു.  പ്രതിഷേധിച്ചവരെ കൊന്നുതള്ളി.

അതോടൊപ്പം കോവിഡിനെ നേരിടുന്നതിൽ ബോൾസനാരോ തികഞ്ഞ പരാജയമായിരുന്നു. വൈറൽ പനിമാത്രമാണെന്നു പറഞ്ഞ്‌ വാക്‌സിനേഷൻ നൽകുന്നതിന്‌ ഒരു ശ്രമവും നടത്തിയില്ല. ഫലമോ ഏഴുലക്ഷം പേർ മരിച്ചു. ലുല സർക്കാർ നടപ്പാക്കിയ ക്ഷേമപദ്ധതികളൊക്കെ നിർത്തലാക്കി. തൊഴിൽവകുപ്പ്‌തന്നെ ഇല്ലാതാക്കി. എല്ലാ ജനാധിപത്യ സംവിധാനങ്ങളെയും തകർത്തു. നവ ഉദാരവൽക്കരണം അതിന്റെ തീവ്രതയിൽ നടപ്പാക്കി. ഫലമോ വിലക്കയറ്റം രൂക്ഷമായി. തൊഴിലില്ലായ്‌മ വർധിച്ചു. ലുലയെ കള്ളക്കേസിൽ കുടുക്കി ഒന്നരവർഷം ജയിലിലടച്ചു. ലുല അധികാരമൊഴിയുമ്പോൾ വളർന്നുകൊണ്ടിരിക്കുന്ന ഒരു സമ്പദ്‌വ്യവസ്ഥയായിരുന്നു ബ്രസീലിന്റേത്‌. തൊഴിലില്ലായ്‌മ ഏറ്റവും കുറഞ്ഞ നിരക്കിലും. എന്നാൽ, ബോൾസനാരോ വന്നതോടെ അതൊക്കെ അട്ടിമറിക്കപ്പെട്ടു.

ബോൾസനാരോയുടെ ഈ നയത്തിൽനിന്ന്‌ തീർത്തും വ്യത്യസ്‌തമായ നയങ്ങളായിരുന്നു ലുല സ്വീകരിച്ചിരുന്നത്‌. നവഉദാരവൽക്കരണ നയങ്ങൾ പൂർണമായും ഉപേക്ഷിച്ചില്ലെങ്കിലും ജനങ്ങളുടെ ക്ഷേമത്തിലും അധികാരവികേന്ദ്രീകരണത്തിലും ഊന്നുന്ന ഭരണമായിരുന്നു ലുലയുടേത്‌ (2003–-10). അതിൽ ഏറ്റവും പ്രധാനം ദാരിദ്ര്യനിർമാർജനത്തിന്‌ നടപ്പാക്കിയ ബോൾസ ഫാമിലിയ (കുടുംബ അലവൻസ്‌) പദ്ധതിയായിരുന്നു. അതിദരിദ്രരായ കുടുംബങ്ങളിലെ സ്‌ത്രീകൾക്ക്‌ ഒരു നിശ്‌ചിത തുക മാസംതോറും അവരുടെ ബാങ്ക്‌ അക്കൗണ്ടിലേക്ക്‌ നൽകുന്ന രീതിയായിരുന്നു ഇത്‌. ഇതിന്‌ ചില നിബന്ധനകളും മുന്നോട്ടുവയ്‌ക്കപ്പെട്ടു. കുട്ടികളെ സ്‌കൂളിൽ അയച്ചിരിക്കണം. അവർക്ക്‌ പകർച്ചവ്യാധികൾക്കെതിരായ വാക്‌സിൻ നൽകിയിരിക്കണം, വീട്ടിലെ ഗർഭിണികളായ സ്‌ത്രീകളെയും കുട്ടികളെയും വൈദ്യപരിശോധനയ്‌ക്ക്‌ വിധേയരാക്കിയിരിക്കണം തുടങ്ങിയ നിബന്ധനകൾ. 120 ലക്ഷം വീട്ടിലാണ്‌ ഈ സഹായമെത്തിച്ചത്‌. 2003ൽ 35 ശതമാനമായിരുന്നു ദരിദ്രരെങ്കിൽ 2012ൽ അത്‌ 15 ശതമാനമായി കുറയ്‌ക്കാൻ ഇതുവഴി കഴിഞ്ഞു. അതോടൊപ്പം എല്ലാവർക്കും പാർപ്പിടം, എല്ലാ വീട്ടിലും വൈദ്യുതി, കൂടുതൽ കോളേജുകളും സർവകലാശാലകളും സ്‌കൂളുകളും പൊതു ആരോഗ്യമേഖലയിൽ നിക്ഷേപം തുടങ്ങി ബ്രസീലിയൻ ജനതയുടെ ജീവിതപുരോഗതി ഉറപ്പാക്കുന്ന നടപടികളാണ്‌ ലുല കൈക്കൊണ്ടത്‌. ദരിദ്രകുടുംബത്തിൽ ജനിച്ച്‌ ഔപചാരികമായ വിദ്യാഭ്യാസം നേടാനാകാതെ ചെറുപ്പത്തിൽത്തന്നെ തൊഴിലാളിയായി ജീവിതം ആരംഭിച്ച ലുലയ്‌ക്ക്‌ പാവങ്ങളുടെ വേദന അറിയാമായിരുന്നു. അതാണ്‌ അദ്ദേഹം നടപ്പാക്കിയ പദ്ധതികളിലും പ്രതിഫലിച്ചത്‌. ലോകത്തിലെ പത്താമത്തെ വലിയ എണ്ണക്കമ്പനിയായ പെട്രോബ്രാസിൽനിന്ന്‌ ലഭിക്കുന്ന മിച്ചം ഉപയോഗിച്ചാണ്‌ ഈ ജനപക്ഷ പരിപാടികൾ ലുല സർക്കാർ നടപ്പാക്കിയിരുന്നത്‌.

എന്നാൽ, ഈ പദ്ധതികൾ മൂന്നാമതും അധികാരത്തിൽ വരുമ്പോൾ അതേപടി നടപ്പാക്കാൻ കഴിയുമോയെന്ന്‌ വരുംനാളുകളിൽ മാത്രമേ അറിയാൻ കഴിയൂ. തകർന്ന ഒരു സമ്പദ്‌വ്യവസ്ഥയാണ്‌ ബോൾസനാരോയിൽനിന്ന്‌ ലുല ഏറ്റുവാങ്ങുന്നത്‌. മാത്രമല്ല, ബോൾസനാരോയുടെ ലിബറൽ പാർടിക്കാണ്‌ പാർലമെന്റിലെ ഇരുസഭയിലും ഭൂരിപക്ഷം. പ്രവിശ്യാ ഗവർണർമാരിലും  പ്രവിശ്യാകൗൺസിലുകളിലും കൂടുതൽ സ്വാധീനം ബോൾസനാരോ പക്ഷത്തിനാണ്‌. അതുകൊണ്ടുതന്നെ ലുലയ്‌ക്ക്‌ ഭരണം സുഗമമാകില്ല. ഭരണസഖ്യത്തിലെ ചില കക്ഷികളും ലുലയുടെ എല്ലാ ജനപക്ഷ പദ്ധതികളെയും അനുകൂലിക്കണമെന്നില്ല. ലാറ്റിനമേരിക്കയിലെ ഇടതുപക്ഷ പാർടികളുടെ പ്രധാന ദൗർബല്യമായി പലരും ചൂണ്ടിക്കാട്ടുന്നത്‌ സംഘടനയിൽ അവർ വേണ്ടത്ര ശ്രദ്ധിക്കാറില്ല എന്നാണ്‌. ബോൾസനാരോയെപ്പോലുള്ള തീവ്രവലതുപക്ഷ വംശീയപ്രസ്ഥാനങ്ങളെ നേരിടണമെങ്കിൽ ശക്തമായ സംഘടന കൂടിയേ കഴിയൂ. അതിന്‌ ലാറ്റിനമേരിക്കൻ പാർടികൾ തയ്യാറാകുമെന്ന്‌ പ്രതീക്ഷിക്കാം. കരുത്തുറ്റ സംഘടനയും ജനപിന്തുണയും ഉണ്ടെങ്കിൽ ലാറ്റിനമേരിക്കൻ ഇടതുപക്ഷത്തിന്‌ ഇനിയും മുന്നേറ്റം നേടാൻ കഴിയും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top