25 April Thursday

‘പാർടി ഗേറ്റി’ലൂടെ 
ബോറിസിന്റെ മടക്കം

ഡോ. ജോസഫ് ആന്റണിUpdated: Tuesday Jul 12, 2022

കളവുകൾ കൈയോടെ പിടിക്കപ്പെടുന്നതും ജോലിയിൽനിന്ന്‌ പുറത്താക്കപ്പെടുന്നതും ബോറിസ് ജോൺസന്‌ പുതിയ അനുഭവമല്ല.  ബ്രിട്ടനിലെ പ്രമുഖ ദിനപത്രമായ ‘ദ് ടൈംസ്,' ബോറിസിനെ ജോലിയിൽനിന്ന്‌ പുറത്താക്കിയത് വ്യാജ ഉദ്ധരണി കെട്ടിച്ചമച്ചതിന്റെ പേരിലായിരുന്നു. ചരിത്രപണ്ഡിതനായിരുന്ന, സ്വന്തം ഭാര്യാപിതാവിന്റെ പേരിലാണ് അന്ന് വ്യാജ ഉദ്ധരണിയുണ്ടാക്കിയത്.  ഇപ്പോൾ, ബോറിസ് ജോൺസന്റെതന്നെ വാക്കുകളിൽ ‘ലോകത്തിലെ ഏറ്റവും മികച്ച ജോലിയായ ബ്രിട്ടന്റെ പ്രധാനമന്ത്രിപദവി’യിൽനിന്നും പുറത്താക്കപ്പെടുന്നതും ‘പാർടി ഗേറ്റ്' എന്ന പേരിൽ വിളിക്കപ്പടുന്ന, കളവ് കൈയോടെ പിടിക്കപ്പെട്ട, സംഭവപരമ്പരകളുടെ പേരിലാണ്.

സാധാരണ, രാജിവയ്ക്കുന്ന പ്രധാനമന്ത്രിമാർ ഉപപ്രധാനമന്ത്രിക്കോ മുതിർന്ന മറ്റേതെങ്കിലും മന്ത്രിമാർക്കോ പ്രധാനമന്ത്രിയുടെ ചുമതല കൈമാറുന്നതാണ് കീഴ്വഴക്കം. അതിനു വിരുദ്ധമായി,  പുതിയ പ്രധാനമന്ത്രിയെ കൺസർവേറ്റീവ് പാർടി തീരുമാനിക്കുന്നതുവരെ കാവൽ പ്രധാനമന്ത്രിയായി തുടരുമെന്ന് ബോറിസ് പ്രഖ്യാപിച്ചു. നിയമപ്രകാരം പുതിയ പാർടി നേതാവിനെ ഒക്ടോബറോടെ മാത്രമേ തെരഞ്ഞെടുക്കാൻ സാധ്യതയുള്ളൂ. അതുവരെ അധികാരത്തിൽ കടിച്ചുതൂങ്ങാനാണ് ബോറിസിന്റെ തന്ത്രം. സ്വന്തം പാർടിയും പ്രതിപക്ഷവും അതിനെതിരെ തിരിഞ്ഞിരിക്കുകയാണ്‌. പ്രതിപക്ഷമായ ലേബർ പാർടി ബോറിസിനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവരുമെന്ന ഭീഷണിയും ഉയർത്തിയിട്ടുണ്ട്.

2019ലെ കൺസർവേറ്റീവ് പാർടിക്ക്‌ അനുകൂലമായ ജനവിധി നടപ്പാക്കേണ്ടത് തന്റെ ഉത്തരവാദിത്വമാണെന്നും അതിന്‌ അനുവദിക്കണമെന്നും ഇപ്പോൾ, തന്നെ മാറ്റാനുള്ള ശ്രമം ഭ്രാന്തൻ നടപടിയാണെന്നുമുള്ള വാദമുയർത്തി പ്രധാനമന്ത്രിപദവിയിൽ തുടരാൻ ബോറിസ് ജോൺസൺ പരമാവധി ശ്രമിച്ചു. ആ പരിശ്രമമെല്ലാം പരാജയപ്പെട്ടതിൽ തനിക്ക്‌ നിരാശയുണ്ടെന്ന് രാജി  പ്രഖ്യാപനപ്രസംഗത്തിൽ അദ്ദേഹം സമ്മതിക്കുകയുംചെയ്തു. ‘ലോകത്തിലെ ഏറ്റവും മികച്ച ഉത്തരവാദിത്വം’ ഒഴിയുന്നത് അതീവ ദുഃഖത്തോടെയാണെന്നും ബോറിസ് വ്യക്തമാക്കി. വാസ്തവത്തിൽ, ബോറിസ് ജോൺസന്റേത് വൻവീഴ്ചതന്നെയാണ്. പത്രപ്രവർത്തനത്തിലൂടെ രാഷ്ട്രീയ രംഗത്തേക്കു കടന്ന ജോൺസൺ, ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ 2008 മുതൽ ഏകദേശം ഒരു ദശാബ്ദത്തിലേറെ കത്തിനിന്നതിനുശേഷമാണ് കരിഞ്ഞുവീഴുന്നത്‌.
തന്റെ തീവ്രവലതുപക്ഷ വംശീയ ആശയങ്ങളും  യൂറോപ്പ്‌ വിരുദ്ധ നിലപാടുകളും അസത്യങ്ങളും അർധസത്യങ്ങളും ഉൾപ്പെടുത്തി എഴുതുന്നതിൽ ബോറിസ് ജോൺസണ് ഒരു മടിയുമുണ്ടായിരുന്നില്ല. യൂറോ കറൻസി നോട്ടുകൾ പുരുഷന്മാരിൽ വന്ധ്യതയുണ്ടാക്കുമെന്നും നാണയങ്ങൾ ആളുകളെ രോഗിയാക്കുമെന്നുവരെ ബോറിസ് എഴുതിവിട്ടു. അദ്ദേഹത്തിന്റെ സമകാലികരും സഹപ്രവർത്തകരും അക്കാലത്തുതന്നെ അതിനെതിരായി രംഗത്തുവന്നെങ്കിലും  ബ്രിട്ടനിലെ ഒരുവിഭാഗം ആളുകളെ ആകർഷിക്കുന്ന ആ ആശയവുമായിത്തന്നെ ബോറിസ് മുന്നോട്ടുപോയി. രാഷ്ട്രീയത്തിലും ആ വക്രതകൾ പ്രയോഗിക്കാൻ ശ്രമിച്ചപ്പോഴാണ് പ്രധാനമന്ത്രിസ്ഥാനവും കൈയിൽനിന്ന്‌ വഴുതിപ്പോയത്.

പത്രപ്രവർത്തനകാലത്ത് ആഫ്രിക്കൻ ജനവിഭാഗങ്ങളെ വംശീയമായി കളിയാക്കുന്ന വാക്പ്രയോഗങ്ങൾ ബോറിസിന്റെ ലേഖനങ്ങളിൽ പതിവായി പ്രത്യക്ഷപ്പെടാറുണ്ടായിരുന്നു. ഉഗാണ്ടയിലെ യൂറോപ്യൻ കോളനി മേധാവിത്വത്തെ ന്യായീകരിക്കാനും  സ്വവർഗലൈംഗികതയെ ആക്ഷേപിക്കാനും ബോറിസിന് ഒരു മടിയുമുണ്ടായിരുന്നില്ല. ഇത്തരം നിലപാടുമൂലവും സമാന ചിന്താഗതിക്കാരനായ, അമേരിക്കൻ പ്രസിഡന്റായിരുന്ന ഡോണൾഡ് ട്രംപിന്റെ നയങ്ങളോടുള്ള കടുത്ത അഭാവംമൂലവും  ബോറിസ് ജോൺസനെ  ബ്രിട്ടനിലെ ട്രംപ് എന്നു വിശേഷിപ്പിക്കുമായിരുന്നു. വക്രതയും വംശീയതയും തീവ്രദേശീയതയിൽ അടിയുറച്ച യൂറോവിരുദ്ധതയും  വലതുപക്ഷ സാമ്പത്തിക നിലപാടുകളുമായാണ്  ബോറിസ് ജോൺസൺ കൺസർവേറ്റീവ് കക്ഷിയിൽ എത്തുന്നത്. എന്തുകൊണ്ടും വലതുപക്ഷത്തിന്റെ ലക്ഷണമൊത്ത നേതാവായിരുന്നു ബോറിസ് ജോൺസൺ.

വരുന്നത് 2008ൽ ലണ്ടൻ മേയർ ആകുന്നതോടെയാണ്. 2016 വരെ ആ പദവിയിൽ തുടർന്നു. ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽനിന്നു വിടുന്നത് തീരുമാനിക്കുന്നതിനായി നടന്ന ബ്രെക്സിറ്റ്‌ ഹിതപരിശോധനയിൽ, ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടണമെന്നു വാദിച്ചുകൊണ്ട് യൂറോ വിരുദ്ധനായ ബോറിസ് ശക്തമായി രംഗത്തുവന്നു. ബ്രെക്സിറ്റിന് അനുകൂലമായി ബ്രിട്ടീഷ്ജനത വിധിയെഴുതിയതിനെത്തുടർന്ന്,  ജെയിംസ് കാമറൺ  പ്രധാനമന്ത്രിസ്ഥാനം രാജിവച്ചപ്പോൾ, തെരേസ മേയ് പുതിയ പ്രധാനമന്ത്രിയായി. ജെയിംസ് കാമറണിന്റെ പിൻഗാമിയായി  തെരേസ മേയ് വരുന്നതിനെ എതിർത്തിരുന്ന ബോറിസ് ജോൺസൺ, 2016ൽ തെരേസ മേയ് മന്ത്രിസഭയിൽ വിദേശമന്ത്രിയായി ചുമതലയേറ്റെങ്കിലും ബ്രെക്സിറ്റ്‌ നടപ്പാക്കുന്നതുൾപ്പെടെയുള്ള  വിഷയങ്ങളിലുണ്ടായ അഭിപ്രായവ്യത്യാസംമൂലം 2018 ജൂലൈയിൽ രാജി സമർപ്പിച്ചു. 2019ൽ തെരേസ മേയ് രാജിവച്ചതിനെത്തുടർന്നാണ് ബോറിസ്   പ്രധാനമന്ത്രിയാകുന്നത്.

അധികാരമേറ്റെടുത്ത  ജോൺസന്റെ പ്രധാന ഉത്തരവാദിത്വം ബ്രെക്സിറ്റ്‌ കരാർ നടപ്പാക്കലായിരുന്നു. 2019 ജൂലൈയിൽ അധികാരമേറ്റെടുത്ത് ഏറെക്കഴിയുന്നതിനുമുമ്പുതന്നെ  ജോൺസന്റെ നടപടികളോടും ബ്രെക്സിറ്റ്‌ നിലപാടിലും പ്രതിഷേധിച്ച് കൺസർവേറ്റീവ് പാർടി അംഗങ്ങൾ കൂറുമാറിയതോടെ ന്യൂനപക്ഷമായ സർക്കാർ, 2019 ഡിസംബറിൽ  പുതിയ തെരഞ്ഞെടുപ്പിനെ നേരിട്ടു. ജെർമി കോർബിന്റെ നേതൃത്വത്തിലുള്ള ലേബർ പാർടിയെ പരാജയപ്പെടുത്തി, ബോറിസ് ജോൺസന്റെ നേതൃത്വത്തിൽ കൺസർവേറ്റീവ് പാർടി വമ്പിച്ച ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിൽ വന്നു. തനിക്ക്‌ ലഭിച്ച ജനപിന്തുണയുടെ ബലത്തിൽ യൂറോപ്യൻ യൂണിയനുമായി നടത്തിയ  ചർച്ചകളുടെ ഫലമായി, ബ്രിട്ടീഷ് പാർലമെന്റ്, ബ്രെക്സിറ്റ്‌ കരാർ അംഗീകരിച്ചതോടെ 2020 ജനുവരി 21ന് ബ്രിട്ടൻ ഇയുവിൽനിന്നും പുറത്തുപോയി. തൊട്ടുപിന്നാലെ, കോവിഡ് മഹാമാരിക്കാലത്താണ്  പ്രധാനമന്ത്രിപദവി രാജിവയ്ക്കുന്നതിലേക്കു നയിച്ച സംഭവങ്ങൾ അരങ്ങേറിയത്.
ആദ്യഘട്ടത്തിൽ, അമേരിക്കയിൽ ട്രംപ് ചെയ്തതുപോലെ   മഹാമാരി നേരിടുന്നതിൽ ഗൗരവമായ സമീപനമായിരുന്നില്ല ബ്രിട്ടൻ സ്വീകരിച്ചത്. അതുമൂലം ജനസംഖ്യയിൽ ബ്രിട്ടനേക്കാൾ കൂടുതൽ ജനങ്ങളുള്ള ജർമനിയിലും ഫ്രാൻസിലും മരിച്ചതിനേക്കാൾ കൂടുതലാളുകൾ (1.81 ലക്ഷം) ബ്രിട്ടനിൽ മരിച്ചു. ബോറിസ് ജോൺസനുതന്നെ ഗുരുതരമായി രോഗബാധയുണ്ടായി. അതോടൊപ്പം ഈ വിഷയത്തിലുള്ള നിലപാട് വ്യക്തമാക്കുന്നതായിരുന്നു അദ്ദേഹം നടത്തിയതായി പറയപ്പെട്ട ഒരു വാചകവും അതിനെത്തുടർന്നുള്ള വിവാദങ്ങളും. കോവിഡ്  രണ്ടാം തരംഗം വന്നപ്പോൾ, ‘രാജ്യത്ത് അടച്ചിടൽ പ്രഖ്യാപിക്കുന്നതിനേക്കാൾ നല്ലത് ആയിരങ്ങളുടെ ശവശരീരങ്ങൾ കുന്നുകൂടുന്നതാണ് തനിക്കിഷ്ടം’ എന്ന് ബോറിസ് ജോൺസൺ പറഞ്ഞതായാണ് പ്രമുഖ മാധ്യമപ്രവർത്തകനായ സൈമൺ വാൾട്ടേഴ്സ്, ‘ഡെയിലി മെയിൽ’ ദിനപത്രത്തിൽ എഴുതിയ ലേഖനത്തിൽ ആരോപിച്ചത്. ആ ആരോപണങ്ങളെ ബോറിസ് തള്ളിക്കളഞ്ഞെങ്കിലും കോവിഡ് മഹാമാരിയെ തൃണവൽഗണിക്കുന്ന സമീപനമാണ് ബോറിസ് ജോൺസന്റെ കസേര തെറിപ്പിച്ച ‘പാർടി ഗേറ്റ്' വിവാദങ്ങളിലേക്ക് നയിച്ചത്.

കടുത്ത നിയന്ത്രണങ്ങൾ നിലനിന്ന 2020–-21ൽ പ്രധാനമന്ത്രിയുടെ വസതിയായ ഡൗണിങ്‌ സ്ട്രീറ്റിലും  മറ്റ്‌ സർക്കാർ മന്ദിരങ്ങളിലും പഞ്ചനക്ഷത്ര സൽക്കാരം നടന്നെന്നും അതിൽ ബോറിസ് ജോൺസൻ ഉൾപ്പെടെ പങ്കെടുത്തെന്നുമാണ് ആരോപണം. അത്തരം 12 കേസ്‌ അന്വേഷിക്കുകയും പ്രധാനമന്ത്രി ബോറിസ് ജോൺസനും ധനമന്ത്രി ഋഷി സുനാക്കിനും ശിക്ഷ വിധിക്കുകയുംചെയ്തു. ഇതിനെത്തുടർന്ന് ബോറിസിനെതിരായ അസംതൃപ്തി നിലനിൽക്കവെയാണ്  ലൈംഗികാരോപണ വിധേയനായ  ക്രിസ്റ്റഫർ പിഞ്ചറിനെ  ചീഫ് വിപ്പായി നിയമിച്ചത്. ഇത്  കൺസർവേറ്റീവ് പാർടിക്കുള്ളിൽ വീണ്ടും പൊട്ടിത്തെറിയുണ്ടാക്കി. ഒടുവിൽ അദ്ദേഹത്തെ  നീക്കി രാജ്യത്തോട് മാപ്പപേക്ഷിച്ചെങ്കിലും അതോടെ ബോറിസിന്റെ രാഷ്ട്രീയജീവിതത്തിന്‌ തിരശ്ശില താഴ്ന്നുതുടങ്ങിയിരുന്നു. നാലു പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ വിലക്കയറ്റത്തിന് സാക്ഷിയാകുന്ന സാമ്പത്തികരംഗവും  വർധിച്ചുവരുന്ന തൊഴിൽസമരങ്ങളും  ബോറിസിന്റെ നേതൃത്വത്തെ വെല്ലുവിളിക്കാൻ മറ്റുള്ളവരെ പ്രേരിപ്പിച്ചു. ജോൺസനെ മുന്നിൽനിർത്തിയാൽ തങ്ങളുടെയെല്ലാം രാഷ്ട്രീയഭാവി ഇരുളടഞ്ഞതാകുമെന്ന തിരിച്ചറിവിലാണ് ഒന്നിനുപിറകെ ഒന്നായി ബോറിസിന്റെ രാജി  ആവശ്യപ്പെട്ടുകൊണ്ട് 59 മന്ത്രിമാർ രാജിനൽകിയത്. ഇതാണ് ബോറിസിന്റെ രാഷ്ട്രീയജീവിതത്തിന്‌ തിരശ്ശീലയിട്ടത്.

ഇന്ത്യൻ വംശജനും ധന മന്ത്രിയുമായിരുന്ന ഋഷി സുനാക് (അദ്ദേഹം ഇൻഫോസിസ് സ്ഥാപകൻ എൻ ആർ  നാരായണമൂർത്തിയുടെ മരുമകനാണ്), ആഭ്യന്തര മന്ത്രിയായ പ്രീതി പട്ടേൽ, പാകിസ്ഥാൻ  വംശജനും ആരോഗ്യമന്ത്രിയുമായിരുന്ന സാജിദ് ജാവീദ് എന്നിവരുൾപ്പെടെ ഒരു ഡസനോളം കൺസർവേറ്റീവ് പാർടി  നേതാക്കളും മന്ത്രിമാരും പ്രധാനമന്ത്രിയാകാൻ മത്സരരംഗത്ത് എത്തിയിട്ടുണ്ട്. പക്ഷേ, ഒരുകാര്യം ഉറപ്പാണ്, ഋഷി സുനാക് ഉൾപ്പെടെ ആര് നേതൃത്വം കൊടുക്കുന്ന മന്ത്രിസഭ നിലവിൽവന്നാലും  നവഉദാരവാദ സാമ്പത്തികനയങ്ങളിൽ അടിയുറച്ച തീരുമാനങ്ങളൊന്നും ബ്രിട്ടന്റെ പ്രശ്നങ്ങൾ പരിഹരിക്കില്ലെന്നു മാത്രമല്ല, കൂടുതൽ വഷളാക്കുകയുംചെയ്യും. പ്രധാനമന്ത്രി മാറിയേക്കും. പക്ഷേ, കൺസർവേറ്റീവ് കക്ഷിയുടെ നയങ്ങൾ തുടരും. അതുകൊണ്ട് ഇത്തരം നാടകങ്ങൾ വീണ്ടും ആവർത്തിക്കാം.

(കേരള സർവകലാശാല അന്താരാഷ്‌ട്ര
മാർക്സിയൻ പഠന ഗവേഷണകേന്ദ്രം
ഡയറക്ടറാണ് ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top