16 April Tuesday

വിരിയട്ടെ അക്ഷരവസന്തം

എ എന്‍ ഷംസീര്‍/ സ്പീക്കര്‍Updated: Monday Jan 9, 2023

രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലെ നിയമസഭാ ലൈബ്രറികളേക്കാൾ ഏറെ മികവുപുലർത്തുന്നതാണ് കേരള നിയമസഭാ ലൈബ്രറി, ഗ്രന്ഥശേഖരണത്തിന്റെയും ഇൻഫർമേഷൻ സർവീസിന്റെയും കാര്യത്തിൽ മുൻനിരയിലുള്ള കേരള നിയമസഭാ ലൈബ്രറിയിൽ, സഭാരേഖകളും ചരിത്രരേഖകളും പൊതുവിജ്ഞാനവും സർഗാത്മക രചനകളും തുടങ്ങി വിവിധ വിഷയത്തിലുള്ള ആധികാരിക ഗ്രന്ഥങ്ങൾ ഉൾപ്പെടെ 1,15,000 പുസ്തകമുണ്ട്. 1921ൽ ട്രാവൻകൂർ ലെജിസ്ലേറ്റീവ് ലൈബ്രറി എന്നപേരിലാണ് നമ്മുടെ ലൈബ്രറി പ്രവർത്തനം ആരംഭിച്ചത്. 1949ൽ തിരു- കൊച്ചി സംസ്ഥാനം രൂപീകരിച്ചപ്പോൾ ട്രാവൻകൂർ കൊച്ചി അസംബ്ലി ലൈബ്രറിയായും 1956ൽ ഐക്യകേരള പിറവിയോടെ കേരള നിയമസഭാ ലൈബ്രറിയെന്നപേരിലും പ്രവർത്തിച്ചുവരുന്നു. സമാനതകളില്ലാത്ത നിരവധി നിയമനിർമാണങ്ങൾക്ക് സാക്ഷ്യംവഹിച്ച കേരള നിയമസഭയ്ക്ക് കരുത്തുപകർന്ന ചരിത്രമാണ് നിയമസഭാ ലൈബ്രറിക്കുള്ളത്. പ്രവർത്തനമികവിന്റെ 100 വർഷം താണ്ടിയവേളയിൽ കേരള നിയമസഭയുടെ ആഭിമുഖ്യത്തിൽ ശതാബ്ദി ആഘോഷങ്ങൾ സമുചിതമായി നടന്നുവരികയാണ്.

കേരള നിയമസഭ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവവും സാംസ്‌കാരിക സായാഹ്നങ്ങളും ഒട്ടേറെ പ്രത്യേകതകൊണ്ട് സമ്പന്നമാണ്. മറ്റൊരു നിയമസഭയും ഇത്തരത്തിലുള്ള അക്ഷര-സാഹിത്യ- സാംസ്‌കാരിക വിനിമയത്തിന് വേദിയൊരുക്കിയിട്ടില്ല. നിയമസഭാ സമുച്ചയത്തിൽ 2023 ജനുവരി ഒമ്പതുമുതൽ 15 വരെയാണ് അന്താരാഷ്ട്ര പുസ്തകോത്സവം സംഘടിപ്പിക്കുന്നത്. പൊതുജനങ്ങൾക്ക് ഈ ദിവസങ്ങളിൽ സഭാ സമുച്ചയത്തിൽ പ്രവേശനം നൽകുന്നുണ്ട്. സംസ്ഥാനത്തെ 140 നിയമസഭാ നിയോജക മണ്ഡലങ്ങളിൽനിന്നും വിദ്യാർഥികളടക്കമുള്ളവർ നിയമസഭാ മന്ദിരത്തിലേക്ക് പുസ്തകോത്സവത്തിൽ പങ്കാളികളാകാനായി എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിദ്യാർഥികൾക്ക് നിയമസഭയും ലൈബ്രറിയും നിയമസഭാ മ്യൂസിയവുമൊക്കെ കാണാനുള്ള സൗകര്യവും ഇതോടൊപ്പം ഒരുക്കിയിരിക്കുന്നു. മലയാളത്തിലെ പ്രമുഖ മാധ്യമങ്ങൾ പുസ്തകോത്സവത്തിന്റെ ഏഴു രാവുകളിൽ കലാവിരുന്നൊരുക്കുന്നുമുണ്ട്. കുടുംബശ്രീ ഒരുക്കുന്ന രുചിക്കൂട്ടുകൾ നുണയാൻ ഭക്ഷണശാലകളും ഉണ്ടാകും. ഒരു ജനകീയോത്സവമായി നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം മാറുകയാണ്.

പട്ടിണിയായ മനുഷ്യാ നീ / പുസ്തകം കൈയിലെടുത്തോളൂ / പുത്തനൊരായുധമാണ് നിനക്കത് / പുസ്തകം കൈയിലെടുത്തോളൂ... വിഖ്യാത നാടകകൃത്തും കവിയുമായ ബ്രഹ്‌തോൾഡ് ബ്രഹ്തിന്റെ ഈ വരികൾ കാലാതിവർത്തിയാണ്. പുസ്തകത്തിന്റെ, അക്ഷരത്തിന്റെ അതിലൂടെ ആർജിക്കുന്ന അറിവിന്റെ പ്രാധാന്യത്തെയും ആവശ്യകതയെയുംകുറിച്ചാണ് ബ്രഹ്ത് പറയുന്നത്. പുസ്തകങ്ങളും അക്ഷരങ്ങളും ആയുധമാക്കേണ്ട ഒരു വർത്തമാനത്തിലാണ് നാം ജീവിക്കുന്നത്. രാജ്യത്ത് ജനാധിപത്യവും മതനിരപേക്ഷതയും വെല്ലുവിളിക്കപ്പെടുന്നു. ഫെഡറലിസത്തെ ദുർബലപ്പെടുത്താനും ഭരണഘടനാ മൂല്യങ്ങളെ അപ്രസക്തമാക്കാനും ശ്രമിക്കുന്നു. അത്തരമൊരുകാലത്ത് അറിവിന്റെ ലോകത്തെ കൂടുതൽ പ്രകാശിപ്പിക്കുക എന്നത് ജനാധിപത്യത്തിനെതിരായ വെല്ലുവിളികളെ പ്രതിരോധിക്കാനുള്ള പരിശ്രമമാണ്. കേരള നിയമസഭ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തെ രാജ്യമെമ്പാടുമുള്ള ജനാധിപത്യവാദികൾ സാകൂതം വീക്ഷിക്കുന്നത് അതിനാലാണ്.

നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ നൂറോളം പ്രസാധകരുടെ ഇരുനൂറിൽപ്പരം ബുക് സ്റ്റാളുകളാണ് ഒരുക്കുന്നത്. പുസ്തക പ്രകാശനങ്ങൾ, എഴുത്തുകാരുമായുള്ള സംവാദങ്ങൾ, പാനൽ ചർച്ചകൾ, വിഷൻ ടോക്കുകൾ തുടങ്ങി നിരവധി അനുബന്ധപരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. കുട്ടികളും മുതിർന്നവരുമൊക്കെ അറിവിന്റെ, അക്ഷരത്തിന്റെ, പുസ്തകങ്ങളുടെ ഈ മഹോത്സവം ആസ്വദിക്കുമെന്നതുറപ്പാണ്. ജ്ഞാനസമൂഹത്തിലേക്കുള്ള കേരളത്തിന്റെ കുതിപ്പിനെ കൂടുതൽ ഊർജസ്വലമാക്കാൻ നിയമസഭയിലെ ഈ മാനവികോത്സവം നിമിത്തമാകുമെന്നത് ഉറപ്പാണ്.

പുതുവിജ്ഞാനത്തിന്റെ സ്രോതസ്സുകളായി നാടിനാകെ വെളിച്ചമേകാൻ പാകത്തിൽ നിയമസഭാ ലൈബ്രറിയിലേക്കുള്ള പ്രവേശനം പൊതുജനങ്ങൾക്കുകൂടി ലഭ്യമാക്കാനും ഈ വേളയിൽ തീരുമാനിച്ചിട്ടുണ്ട്. അനൗപചാരിക സർവകലാശാലകളാണ് ഗ്രന്ഥശാലകൾ. അവയിലൂടെ നടക്കുന്ന സാംസ്‌കാരിക ഇടപെടൽ ചെറുതല്ല. നവകേരളത്തിന്റെ നിർമിതിയിൽ കൈകോർത്തുകൊണ്ട് നമുക്ക് അറിവിന്റെ ആകാശനീലിമ സ്വന്തമാക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top