20 April Saturday

ബോട്ട്‌ ദുരന്തങ്ങൾ തുടർക്കഥ

(തയ്യാറാക്കിയത്‌: റിസർച്ച്‌ ഡെസ്‌ക്‌)Updated: Monday May 8, 2023

ചെറുതും വലുതുമായ യാത്രാ ബോട്ട്‌–- ടൂറിസ്റ്റ്‌ ബോട്ട്‌ അപകടങ്ങളിൽ അഞ്ഞൂറിനടുത്ത്‌ ജീവനുകളാണ്‌ പൊലിഞ്ഞത്‌. ഇതിനു പുറമേയാണ്‌ മത്സ്യബന്ധന വള്ളങ്ങളും കടത്തുതോണികളും മറിഞ്ഞുള്ള അപകടങ്ങളും മരണവും. സംസ്ഥാനത്തെ ഏറ്റവുംവലിയ ബോട്ട്‌ ദുരന്തമുണ്ടായത്‌ 2009 സെപ്‌തംബർ 30ന്‌ തേക്കടിയിലാണ്‌. തടാകത്തിൽ സർവീസ്‌ നടത്തിയിരുന്ന ബോട്ട്‌ മറിഞ്ഞ്‌ 45 വിനോദ സഞ്ചാരികളാണ്‌ മരിച്ചത്‌


1924 ജനുവരി പതിനേഴിനാണ്‌ മലയാളക്കരയെ നടുക്കിയ ആദ്യബോട്ട്‌ അപകടമുണ്ടാകുന്നത്‌. റെഡീമിർ എന്ന ബോട്ട്‌ പല്ലനയാറ്റിൽ മറിഞ്ഞ്‌ മഹാകവി കുമാരനാശാനടക്കം 24 പേരുടെ ജീവൻ കവർന്നു. ഇതിനുശേഷം ഒരു നൂറ്റാണ്ടിനിടെ നിരവധി അപകടമാണ്‌ ഉണ്ടായത്‌. ചെറുതും വലുതുമായ യാത്രാ ബോട്ട്‌–- ടൂറിസ്റ്റ്‌ ബോട്ട്‌ അപകടങ്ങളിൽ അഞ്ഞൂറിനടുത്ത്‌ ജീവനുകളാണ്‌ പൊലിഞ്ഞത്‌. ഇതിനു പുറമേയാണ്‌ മത്സ്യബന്ധന വള്ളങ്ങളും കടത്തുതോണികളും മറിഞ്ഞുള്ള അപകടങ്ങളും മരണവും. സംസ്ഥാനത്തെ ഏറ്റവുംവലിയ ബോട്ട്‌ ദുരന്തമുണ്ടായത്‌ 2009 സെപ്‌തംബർ 30ന്‌ തേക്കടിയിലാണ്‌. തടാകത്തിൽ സർവീസ്‌ നടത്തിയിരുന്ന ബോട്ട്‌ മറിഞ്ഞ്‌ 45 വിനോദ സഞ്ചാരികളാണ്‌ മരിച്ചത്‌.

അശ്രദ്ധയും നിയമലംഘനങ്ങളുമാണ്‌ അധികം ബോട്ട്‌ ദുരന്തങ്ങൾക്കും വഴിവച്ചത്‌. ലൈഫ്‌ ജാക്കറ്റ്‌ അടക്കമുള്ള സുരക്ഷാ ഉപകരണങ്ങൾ ഉപയോഗിക്കാത്തത്‌ പലപ്പോഴും അപകടത്തിന്റെ വ്യാപ്‌തി വർധിപ്പിച്ചു. രാത്രി സഞ്ചാരം, മണ്ണൽത്തിട്ടയിലും മരക്കുറ്റികളിലും ഇടിക്കുന്നത്‌, അമിതമായി ആളെ കയറ്റുന്നത്‌, ബോട്ടിന്റെ കാലപ്പഴക്കം, അശാസ്‌ത്രീയ നിർമാണം തുടങ്ങിയവ അപകടം വിളിച്ചുവരുത്തുകയാണ്‌. പല്ലനയാറ്റിലെ അപകടംമുതൽ തേക്കടിയിലും തട്ടേക്കാടുമെല്ലാം താനൂരിന്‌ സമാനമായി അപകടം നടന്നത്‌ രാത്രിയിലാണ്‌. ഇത്‌ രക്ഷാപ്രവർത്തനം ദുഷ്‌കരമാക്കി. കൂടുതൽ ജീവൻ പൊലിയുന്നതിനും വഴിവച്ചു.

പ്രധാന ദുരന്തങ്ങൾ


1924 ജനുവരി 17
പല്ലന, മരണം 24

ട്രാവൻകൂർ ആൻഡ് കൊച്ചിൻ മോട്ടോറിന്റെ സർവീസ്‌ നടത്തുന്ന ‘റെഡീമിർ’ ബോട്ട്‌ കൊല്ലത്തുനിന്ന് എറണാകുളത്തേക്ക്‌ വരുന്നതിനിടെ പല്ലനയാറ്റിലെ പല്ലന പുത്തൻകരി വളവിൽവച്ച്‌ രാത്രി 10.30ന്‌ മറിഞ്ഞു.136 പേരാണ്‌ ഇരുനില ബോട്ടിൽ ഉണ്ടായിരുന്നത്‌. മഹാകവി കുമാരനാശാൻ അടക്കം 24 പേർ മരിച്ചു.

1952 ഏപ്രിൽ 20
ചെണ്ടങ്ങ, മരണം 19

വേമ്പനാട്ട് കായലിൽ ചെങ്ങണ്ടയ്‌ക്ക്‌ സമീപത്തുവച്ച്‌ ചേർത്തലയിൽനിന്ന്‌ വൈക്കത്തേക്ക്‌ പോകുകയിരുന്ന കനകം ബോട്ട് മറിഞ്ഞു.

1958 ജൂലൈ 21
മലമ്പുഴ, മരണം: 35

മലമ്പുഴ റിസർവോയറിൽ മോട്ടോർ ഘടിപ്പിച്ച കടത്തുവള്ളം മോശം കാലാവസ്ഥയെത്തുടർന്ന്‌ മുങ്ങി. സമീപത്തെ എസ്റ്റേറ്റിൽ ജോലിക്കുപോയ തൊഴിലാളികളാണ്‌ അണക്കെട്ടിൽ മുങ്ങിമരിച്ചത്‌.

1971 സെപ്‌തംബർ 27
കരമന, മരണം: 11

തിരുവനന്തപുരം തൃക്കണ്ണാപുരം കരമനയാറ്റിൽ കടത്തുവള്ളം മറിഞ്ഞു.

1974 ഫെബ്രുവരി 5
പൊൻമുടി,മരണം:12


പൊൻമുടി ഡാമിന്റെ റിസർവോയറിൽ കടത്തുവള്ളം മുങ്ങി.

1976 ഏപ്രിൽ 5
വേമ്പനാട്ട് കായൽ, മരണം: 12

വേമ്പനാട്ട്‌ കായലിൽ വള്ളം മുങ്ങി.

1980 മാർച്ച് 19
കണ്ണമാലി, മരണം 29

കണ്ണമാലി പള്ളിയിൽ നേർച്ചസദ്യയിൽ പങ്കെടുത്തു മടങ്ങിയവർ സഞ്ചരിച്ച ബോട്ട് കല്ലഞ്ചേരി കായലിൽ മുങ്ങി. മരിച്ചവരിൽ ഏറെയും പെരുമ്പടപ്പ് സ്വദേശികൾ.

1982 ജനുവരി 16
ശാസ്‌താംകോട്ട, മരണം 23

ശാസ്‌താംകോട്ട കായലിൽ കടത്തുവള്ളം മുങ്ങി 23 പേർ മരിച്ചു.

1983 സെപ്‌തംബർ 23
കൊച്ചി, മരണം: 18

പനമ്പുകാട്ടുനിന്ന് പുറപ്പെട്ട വഞ്ചി മുരിക്കുംപാടത്തിനു സമീപം മുങ്ങി. വല്ലാർപാടം പള്ളിയിൽ തീർഥാടനത്തിനു പോയിവരുന്ന സംഘമാണ്‌ വള്ളത്തിലുണ്ടായിരുന്നത്‌.

2002 ജൂലൈ 29
കുമരകം, മരണം: 29

മുഹമ്മയിൽനിന്ന് കുമരകത്തേക്ക് പുറപ്പെട്ട ബോട്ട് രാവിലെ ആറരയോടെ വേമ്പനാട്ട്‌ കായലിൽ മുങ്ങി. 50 പേർക്ക് കയറാവുന്ന ബോട്ടിൽ ഇരട്ടിയിലേറെ ആളുകൾ കയറിയതാണ് ദുരന്തത്തിനു വഴിവച്ചത്. ബോട്ടിൽ ഉണ്ടായിരുന്നതിൽ അധികവും പിഎസ്‌സി പരീക്ഷ എഴുതാൻ പോയ ഉദ്യോഗാർഥികളായിരുന്നു .

2007 ഫെബ്രുവരി 20
തട്ടേക്കാട്‌, മരണം: 18

എളവൂർ സെന്റ് ആന്റണീസ് സ്കൂളിൽനിന്ന് വിനോദയാത്രാ സംഘം സഞ്ചരിച്ചിരുന്ന ബോട്ട്  തട്ടേക്കാട് പക്ഷിസങ്കേതത്തിലെ  ഭൂതത്താൻകെട്ട് ഡാമിൽ മറിഞ്ഞു. അധ്യാപകരും സ്‌കൂൾ വിദ്യാർഥികളുമടക്കം 18 പേർ മരിച്ചു. 37 പേരാണ്‌ ബോട്ടിൽ ഉണ്ടായിരുന്നത്‌. കൂടുതൽ പേരെ കയറ്റിയതാണ്‌ അപകട കാരണം. വൈകിട്ട് ആറരയോടെയായിരുന്നു അപകടം.

2009 സെപ്‌തംബർ 30
തേക്കടി, മരണം: 45

കേരളത്തിൽ ഉണ്ടായ ഏറ്റവും വലിയ ബോട്ട്‌ അപകടം. തേക്കടി തടാകത്തിൽ സർവീസ് നടത്തുന്ന ജലകന്യക ബോട്ട് മറിഞ്ഞ് ബോട്ടിൽ ഉണ്ടായിരുന്ന 76 പേരിൽ 45 പേരും മരിച്ചു. മരിച്ചവരെല്ലാം വിനോദസഞ്ചാരികളായിരുന്നു.

2009 നവംബർ 4
ചാലിയാർ, മരണം: 8

അരീക്കോട് ചാലിയാറിൽ മൂർക്കനാട് സ്‌കൂൾക്കടവിൽ തോണി മറിഞ്ഞു. മരിച്ചത്‌ മുഴുവൻ വിദ്യാർഥികൾ.

2015 ആഗസ്‌ത്‌ 26
കൊച്ചി, മരണം: 11

വൈപ്പിനിൽനിന്ന് ഫോർട്ടുകൊച്ചിയിലേക്ക്‌ പോയ യാത്രാബോട്ടിൽ മീൻപിടിത്ത വള്ളം ഇടിച്ചതിനെത്തുടർന്ന്‌ യാത്രാബോട്ട്‌ മുങ്ങി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top