23 April Tuesday

കടലും പണയം വയ്‌ക്കുന്നു - പി പി ചിത്തരഞ്ജൻ എഴുതുന്നു

പി പി ചിത്തരഞ്ജൻUpdated: Saturday Sep 18, 2021

ആഴക്കടൽ മത്സ്യമേഖലയെ കുത്തക കമ്പനികൾക്ക് തീറെഴുതുന്ന ദേശീയനയത്തിനു പിന്നാലെ രണ്ടു രേഖകൂടി കേന്ദ്രസർക്കാർ പുറത്തിറക്കിയിട്ടുണ്ട്. മറൈൻ ഫിഷറീസ് ബിൽ 2021 പാർലമെന്റ് വർഷകാല സമ്മേളനത്തിൽത്തന്നെ തിരക്കിട്ട് പാസാക്കാനായിരുന്നു നീക്കം. എന്നാൽ, കേരളം, തമിഴ്നാട് അടക്കമുള്ള സംസ്ഥാന സർക്കാരുകളുടെ ഇടപെടലിന്റെയും മത്സ്യത്തൊഴിലാളി സംഘടനകൾ ഉയർത്തിയ ശക്തമായ പ്രതിഷേധത്തെയും തുടർന്ന് തൽക്കാലം മാറ്റിവച്ചിരിക്കുകയാണ്. എന്നാൽ, ബ്ലൂ ഇക്കോണമി നയവും ഇതുമായി ബന്ധപ്പെട്ട് നടപടികളുമായി കേന്ദ്ര സർക്കാർ മുന്നോട്ടു പോകുകയാണ്.

ഇന്ത്യക്ക്‌ 8118 കിലോമീറ്റർ ദൂരം തീരവും 2.01 ദശലക്ഷം ചതുരശ്ര കിലോമീറ്റർ വരുന്ന സമുദ്രമേഖലയിൽ പരമാധികാരവും ഉണ്ട്. 118 ചെറുകിട തുറമുഖവും 12 വലിയ തുറമുഖവുമുണ്ട്. പ്രതിവർഷം 1400 ദശലക്ഷം ചരക്കുകളുടെ നീക്കവും ഈ തുറമുഖങ്ങളിലൂടെ നടക്കുന്നുണ്ട്. നമ്മുടെ കടലിൽ വാണിജ്യ അടിസ്ഥാനത്തിൽ പിടിക്കുന്ന 665 ഇനങ്ങളിൽപ്പെട്ട മത്സ്യങ്ങളും അതുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നവരുമായ 40 ലക്ഷം മത്സ്യത്തൊഴിലാളികളും ഉണ്ട്. 17 കോടിയോളം വരുന്ന ജനങ്ങൾ തീരവാസികളാണ്. 20 ലക്ഷം ക്യുബിക് മീറ്ററോളം എണ്ണയും പ്രകൃതി വാതകങ്ങളും നമ്മുടെ കടലിന്റെ അടിത്തട്ടിലുണ്ട്.

യഥാർഥത്തിൽ കടലിന്റെ മക്കൾക്ക് കടൽ അന്യമാകാൻ പോവുകയാണ്. നമ്മുടെ രാജ്യത്തിന്റെ അധികാരപരിധിയിലുള്ള കടലിൽനിന്ന് ഒരു വർഷം പിടിച്ചെടുക്കുന്ന മത്സ്യം 53 ലക്ഷം ടൺ ആണെന്നതാണ് സർക്കാരിന്റെ കണക്ക്. എന്നാൽ, ഇപ്പോൾ നാം പിടിക്കുന്ന മത്സ്യം ശരാശരി 35 ലക്ഷം ടൺമാത്രമാണ്. ഇന്ത്യൻ കടലിൽ കണക്കുകളനുസരിച്ച് ഏകദേശം 3.12 ലക്ഷം യാനങ്ങൾ പ്രവർത്തിക്കുന്നു. മീനാകുമാരി കമ്മിറ്റി റിപ്പോർട്ടിനെതിരെ ഇന്ത്യയിലെ മത്സ്യത്തൊഴിലാളി സമൂഹം നടത്തിയ സമരത്തെതുടർന്ന് വിദേശ മത്സ്യ കപ്പലുകളുടെ പ്രവർത്തനം ഇന്ത്യ സർക്കാർ തടയുകയുണ്ടായി. പുതിയ മീൻപിടിത്ത നിയമത്തിലും ഇക്കാര്യം എഴുതിവച്ചിട്ടുണ്ട്. എന്നാൽ, ഈ മേഖലകളിലേക്ക് ഇന്ത്യൻ കുത്തകകളെയും കമ്പനികളെയും കൊണ്ടുവരാനാണ് നീക്കം നടക്കുന്നത്.


 

യഥാർഥത്തിൽ ആഴക്കടലിൽ വമ്പിച്ച മീൻ കൊള്ള നടത്തുന്ന കുത്തകകൾക്ക് കടൽ പണയപ്പെടുത്തുകയും മത്സ്യത്തൊഴിലാളികൾ പിന്തള്ളപ്പെടുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്. സമുദ്രവിഭവങ്ങളുടെ ചൂഷണമാണ് ബ്ലൂ ഇക്കോണമിയുടെ പ്രധാന ലക്ഷ്യം. സാമ്പത്തികവളർച്ചയ്ക്ക് കടൽവിഭവങ്ങളെ എങ്ങനെ ഉപയോഗപ്പെടുത്തണമെന്ന അന്വേഷണമാണ് നടക്കുന്നതെന്ന് രേഖയിൽ പറയുന്നു.

ആധുനിക വ്യവസായങ്ങൾക്ക് കടൽ ഖനിജങ്ങൾ ആവശ്യമാണ് എന്ന വാദമാണ് ഈ നയം മുന്നോട്ടുവയ്‌ക്കുന്നത്. കംപ്യൂട്ടർചിപ്പുകൾ പോലെയുള്ളവയ്ക്കാണ് അവയുടെ ആവശ്യം കൂടുതലായി വേണ്ടിവരുന്നത്. ഇത്തരം അസംസ്കൃത വസ്തുക്കൾക്കുവേണ്ടിയുള്ള ആഴക്കടൽ ഖനനം കടലിന്റെ പരിസ്ഥിതിയെ ഗുരുതരമായി ബാധിക്കും. മറ്റ് രാജ്യങ്ങളിൽ പുറംകടലിലാണ് ഖനനം നടക്കുന്നതെങ്കിൽ ഇവിടെ നയരേഖയിൽ തീരക്കടൽ ഉൾപ്പെടുത്തിയിരിക്കുന്നു. അത് ഏറ്റവും കൂടുതൽ ബാധിക്കുന്ന സംസ്ഥാനം കേരളം ആയിരിക്കും. അഞ്ചുവർഷത്തിനകം ഈ രംഗത്ത് കേന്ദ്രസർക്കാർ 4072 കോടി രൂപയുടെ നിക്ഷേപം നടത്തും. സർക്കാർ ചെലവിൽ കണ്ടെത്തുന്ന എണ്ണ, പ്രകൃതി വാതകങ്ങൾ, മാംഗനീസ്, നൊഡ്യൂൾസ്, കോപ്പർ നിക്കൽ, കോബാൾട്ട്, പോളി മെറ്റാലിക് ഉൽപ്പന്നങ്ങൾ എന്നിവയും ഖനനം ചെയ്ത് എടുക്കണം എന്നാണ് രേഖ പറയുന്നത്. സർക്കാർ ചെലവിൽ കണ്ടെത്തുന്ന ധാതുഖനനം, സംസ്കരണം, വിപണനം തുടങ്ങിയവ കുത്തകകളെ ഏൽപ്പിക്കുമെന്ന് ഈ രേഖ സംശയമില്ലാതെ വ്യക്തമാക്കുന്നു. അദാനി അംബാനിമാരാണ് ഈ നയത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കൾ.

മത്സ്യത്തൊഴിലാളി സമൂഹം വികസനത്തിന് എതിരല്ല. കടലിന്റെ ആവാസവ്യവസ്ഥയെ തകർക്കുന്ന നടപടികളെ കൈയുംകെട്ടി നോക്കിനിൽക്കാനാകില്ല. ബ്ലൂ ഇക്കോണമി രേഖകളും സമുദ്ര മീൻപിടിത്ത നിയമവും തീരസംസ്ഥാനങ്ങളുമായും തൊഴിലാളി സംഘടനകളുമായും ചർച്ച ചെയ്ത് ആവശ്യമായ തിരുത്തലുകൾ വരുത്താൻ കേന്ദ്രസർക്കാർ തയ്യാറാകണം.  ഈ ആവശ്യം മുൻനിർത്തിയാണ് തീരദേശത്ത് കേരള സംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷൻ സിഐടിയു നേതൃത്വത്തിൽ പ്രതിഷേധ ശൃംഖല സംഘടിപ്പിച്ചിരിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top