11 December Monday
കടൽ സംരക്ഷണ
ശൃംഖല 
ഒക്ടോബർ 16ന്‌

ആധിക്കടലിൻ തീരത്ത്‌ - പി പി ചിത്തരഞ്ജൻ എംഎൽഎ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 27, 2023

മത്സ്യത്തൊഴിലാളികളുടെ ജീവിതം കൂടുതൽ ദുരിതത്തിലേക്ക് തള്ളിവിട്ടുകൊണ്ട് ബിജെപി സർക്കാർ ഫിഷറീസ് നയവും ബ്ലൂ ഇക്കോണമിയും അടിച്ചേൽപ്പിച്ച് രാജ്യത്തിന്റെ തീരമേഖലയിൽ ആശങ്ക പടർത്തുകയാണ്. ആഴക്കടൽ മത്സ്യമേഖലയെ കുത്തക കമ്പനികൾക്ക് തീറെഴുതുന്ന ദോഷകരമായ ബ്ലൂ ഇക്കോണമി നയവുമായി മുന്നോട്ടുപോകുന്ന കേന്ദ്രം കടൽമണൽ ഖനനം ചെയ്യുന്നതിന് കോർപറേറ്റുകൾക്ക് അനുമതി നൽകിയിരിക്കുന്നു. ഇന്ത്യയുടെ 8118 കിലോമീറ്റർ ദൈർഘ്യം വരുന്ന തീരക്കടലിലും ഉൾക്കടലിലും ഖനനം നടത്തി ആറ് ധാതുക്കൾ സംഭരിക്കുന്നതിനുള്ള അവകാശം 50 വർഷത്തേക്ക് സ്വകാര്യ കുത്തക കമ്പനികൾക്ക് നൽകാനുള്ള 2002ലെ ഓഫ് ഷോർ ഏരിയാസ് മിനറൽ (ഡെവലപ്മെന്റ്‌ ആൻഡ് റെഗുലേഷൻ) ആക്ട് ഭേദഗതി ലോക്‌സഭയിൽ അവതരിപ്പിച്ച് പാസാക്കുകയുണ്ടായി. കടൽമണൽ ഖനനം ചെയ്യുന്നതിന് സ്വകാര്യ കുത്തക കമ്പനികൾക്ക് 50 വർഷത്തേക്ക് ബ്ലോക്ക് തിരിച്ച് ലീസിന് കൊടുക്കാനാണ് നിയമത്തിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത്. ഈ നിയമഭേദഗതി 2017ൽ പാർലമെന്റിൽ അവതരിപ്പിച്ചെങ്കിലും ശക്തമായ പ്രതിഷേധത്തെ തുടർന്ന് പിൻവലിക്കുകയാണ് ചെയ്തത്. ഇന്ത്യയിലെ നാലരക്കോടിയോളം വരുന്ന മത്സ്യത്തൊഴിലാളികൾക്ക് ദ്രോഹകരമായിട്ടുള്ള ഈ നിയമഭേദഗതി അന്ന് പിൻവലിച്ചതുപോലെതന്നെ പിൻവലിക്കാൻ കേന്ദ്രം തയ്യാറാകണം.

മത്സ്യത്തൊഴിലാളികളുടെ ജീവിതം എല്ലാ നിലയിലും പ്രതിസന്ധിയിലാകും. 50 വർഷം ഖനനം നടത്തുന്നതുമൂലം സമുദ്രത്തിന്റെ ആവാസവ്യവസ്ഥ തകിടംമറിയും. പരിസ്ഥിതിക്ക് കോട്ടം സംഭവിക്കുകയും ചെയ്യും. ജലസസ്യങ്ങളുടെ ഉൻമൂലനാശവും ഉണ്ടാകും.  മത്സ്യത്തിന്റെ പ്രജനനവും വളർച്ചയും ഇല്ലാതാകും. ആഴക്കടലിൽനിന്ന് മത്സ്യത്തിന്റെ വരവ് നിലയ്ക്കുകയും തീരക്കടലിലുള്ള മത്സ്യം ആഴക്കടലിലേക്ക് മാറുകയും ചെയ്യും. ഇതുമൂലം മത്സ്യത്തൊഴിലാളികളുടെ ജീവിതം ആകെ താറുമാറാകും. ആഗോളതാപനത്തിന്റെ ഫലമായും ഭൂകമ്പത്തിന്റെയും ന്യൂനമർദത്തിന്റെയും ഫലമായും മത്സ്യബന്ധനത്തിൽനിന്നുള്ള വരുമാനം ക്രമാതീതമായി കുറഞ്ഞിരിക്കുന്നു. അതിന്റെ കൂടെയാണ് കടൽമണൽ ഖനനം നടത്താൻ തീരുമാനിച്ചിരിക്കുന്നത്.

ഇന്ത്യയുടെ രണ്ട് വൻ കുത്തകയ്‌ക്ക്‌ നമ്മുടെ കടലും കടൽസമ്പത്തും വീതംവയ്ക്കാനുള്ള പരിശ്രമമാണ് ബ്ലൂ ഇക്കോണമിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്. എണ്ണയും പ്രകൃതിവാതകങ്ങളും അംബാനി ഗ്രൂപ്പിനും ധാതുസമ്പത്തിന്റെ ഖനനം അദാനി ഗ്രൂപ്പിനുമാണ് വീതംവച്ചിരിക്കുന്നത്. കേരളത്തിലെ സർക്കാർ മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ജീവിതപുരോഗതിക്കും സാമൂഹ്യവളർച്ചയ്ക്കും പ്രത്യേക പരിഗണന നൽകിവരുന്നു.  കിഫ്ബി മുഖാന്തരം തീരസംരക്ഷണത്തിനായി ---പദ്ധതികൾ നടപ്പാക്കി വരുന്നു. ചെല്ലാനം പ്രദേശത്തടക്കം ടെട്രാപോഡ് ഉപയോഗിച്ചുള്ള തീരസംരക്ഷണ പ്രവൃത്തികൾ ഒരുദാഹരണം മാത്രമാണ്. പുനർഗേഹം പദ്ധതി പ്രകാരം 18,865 കുടുംബത്തെ മാറ്റി താമസിപ്പിക്കുന്നതിന് പദ്ധതി ആവിഷ്കരിച്ചെങ്കിലും 8743 കുടുംബംമാത്രമാണ് സന്നദ്ധത പ്രകടിപ്പിച്ചിട്ടുള്ളത്. ഇതുവരെ 2561 കുടുംബം പൂർണമായും പുനരധിവസിക്കപ്പെട്ടു.

തീരദേശത്തെ സ്കൂളുകൾ, ആശുപത്രികൾ എന്നിവയുടെ നിർമാണത്തിനും വികസനത്തിനുമായി നൂറുകണക്കിന് കോടി രൂപയാണ് സർക്കാർ ചെലവഴിക്കുന്നത്. റോഡുകൾ, പാലങ്ങൾ, കുടിവെള്ളം, വൈദ്യുതി എന്നിവ  ഉറപ്പാക്കാൻ കഴിഞ്ഞു. ഉന്നത വിദ്യാഭ്യാസരംഗത്ത് മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് തിളക്കമാർന്ന വിജയം കരസ്ഥമാക്കാൻ കഴിയുന്നു. ഇതിനകം 73 വിദ്യാർഥികൾക്ക്‌ എംബിബിഎസിന് പ്രവേശനം സിദ്ധിച്ചു.

കാലാവസ്ഥാ മുന്നറിയിപ്പുമൂലം തൊഴിൽ നഷ്ടമാകുന്ന ദിവസങ്ങൾക്ക് മത്സ്യത്തൊഴിലാളികൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന്‌ പ്രത്യേക ധനസഹായം അനുവദിക്കുന്നു. വകുപ്പ് മന്ത്രി സജി ചെറിയാൻ പങ്കെടുത്ത് തീരദേശത്തെ 47 മണ്ഡലത്തിലും സംഘടിപ്പിച്ച "തീരസദസ്സ്'  മത്സ്യത്തൊഴിലാളി വിഭാഗത്തോടുള്ള പ്രതിജ്ഞാബദ്ധത തെളിയിക്കുന്നതായി.

കേന്ദ്രത്തിന്റെ മത്സ്യത്തൊഴിലാളിദ്രോഹ നയങ്ങൾക്കെതിരെ ശക്തമായ ചെറുത്തുനിൽപ്പാണ് പിണറായി സർക്കാർ സ്വീകരിക്കുന്നത്. ദേശീയ മത്സ്യബന്ധന നിയമത്തിലെ മത്സ്യത്തൊഴിലാളിദ്രോഹ വ്യവസ്ഥകൾ ഒഴിവാക്കാൻ ബ്ലൂ ഇക്കോണമിയിലും ധാതുമണൽ ഖനനത്തിലും സംസ്ഥാനത്തിന്റെ വിരുദ്ധാഭിപ്രായം അറിയിച്ചിട്ടുണ്ട്. കുറഞ്ഞനിരക്കിൽ മണ്ണെണ്ണയടക്കം ലഭ്യമാക്കണമെന്ന് കേരളസർക്കാർ നിരന്തരം കേന്ദ്രത്തോട് ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നു. ഈ നിലയിൽ പ്രവർത്തിക്കുന്ന കേരളത്തിലെ എൽഡിഎഫ് സർക്കാരിനെ മത്സ്യത്തൊഴിലാളിസമൂഹം നന്ദിയോടെയാണ് കാണുന്നത്. കേന്ദ്രസർക്കാരിന്റെ മത്സ്യത്തൊഴിലാളിദ്രോഹ നയങ്ങൾക്കെതിരെ ‘കടൽ കടലിന്റെ മക്കൾക്ക്’ എന്ന മുദ്രാവാക്യം ഉയർത്തി നടത്തുന്ന കടൽസംരക്ഷണ ജാഥ കേരളത്തിലെ മത്സ്യത്തൊഴിലാളി സമരമുന്നേറ്റത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കും. തുടർന്ന്, ഒക്ടോബർ 16ന്  കടൽ സംരക്ഷണ ശൃംഖല ചേരും.

(കേരള സംസ്ഥാന മത്സ്യത്തൊഴിലാളി 
ഫെഡറേഷൻ- (സിഐടിയു) 
ജനറൽ സെക്രട്ടറിയാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
-----
-----
 Top