20 April Saturday

കടലും കടൽസമ്പത്തും കുത്തകകൾക്ക്‌

ജെ മേഴ്‌സിക്കുട്ടിഅമ്മ ( മുൻ ഫിഷറീസ്‌ മന്ത്രി )Updated: Friday Mar 31, 2023

 

ഇന്ത്യയുടെ തീരക്കടലിലും ആഴക്കടലിലും പ്രത്യേക സാമ്പത്തികമേഖലയിലും ധാതുഖനനത്തിന് അനുമതി നൽകാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുകയാണ്. 2002ലെ ഓഫ്‌ ഷോർ ഏരിയ മിനറൽ ആൻഡ്‌ ഡെവലപ്‌മെന്റ്‌ റഗുലേഷൻ ആക്ട്‌ ഭേദഗതി ചെയ്യുന്നതിന് 2023 ഫെബ്രുവരി ഒമ്പതിന്‌ കരട് ബിൽ വിജ്ഞാപനം ചെയ്തിരുന്നു. തീരപ്രദേശത്ത് 12,000 കോടി ഡോളർ വിലമതിക്കുന്ന കരിമണലും മറ്റ് ധാതുവിഭവങ്ങളും ഉണ്ടെന്നും തീരത്തുനിന്ന്‌ 100 മീറ്റർവരെ ആഴമുള്ള കടൽപ്രദേശത്ത് കരിമണലിൽ ഇൽമനൈറ്റ്, മോണോസൈറ്റ് ഉൾപ്പെടെ 138 ലക്ഷം ടൺ ധാതുക്കളുണ്ടെന്നുമാണ്‌ ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കണ്ടെത്തൽ. കൂടാതെ, ഇന്ത്യയുടെ 20 ലക്ഷത്തിലധികം ചതുരശ്ര കിലോമീറ്റർ വരുന്ന പ്രത്യേക സാമ്പത്തികമേഖലയിൽ (ഇഇസി) പ്രകൃതി വാതകം, ചുണ്ണാമ്പ് കല്ല്, നിർമാണ ഗ്രേഡിലുള്ള മണൽ, മാംഗനീസ് ഉൾപ്പെടെ പോളി മെറ്റാലിക് നോഡ്യൂളുകൾ സമൃദ്ധമായി ഉണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്‌. 

കേന്ദ്രം പ്രഖ്യാപിച്ചിട്ടുള്ള നീല സമ്പദ്‌വ്യവസ്ഥയുടെ (ബ്ലൂ ഇക്കോണമി) ഭാഗമാണ് ഖനന നിയമത്തിലെ ഭേദഗതി.  സമ്പദ്‌വ്യവസ്ഥയുടെ വലിയ വളർച്ച ലക്ഷ്യമിടുന്നതിനാൽ പരമാവധി സമുദ്രവിഭവങ്ങൾ വിനിയോഗിക്കാൻ സ്വകാര്യമേഖലയുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കേണ്ടത് അനിവാര്യമാണെന്നാണ്‌ കേന്ദ്രസർക്കാർ നിലപാട്‌. ഗുണ്ടർ പൗലി എന്ന ബെൽജിയം ധനശാസ്ത്രജ്ഞൻ എഴുതിയ ‘ദ ബ്ലൂ ഇക്കോണമി 10 ഇയേഴ്‌സ്‌ 100 ഇന്നൊവേഷൻസ്‌ 100 മില്യൻ ജോബ്‌’ എന്ന ഗ്രന്ഥത്തിലാണ് നീല സമ്പദ്‌വ്യവസ്ഥയെന്ന പ്രയോഗം ലോകം ആദ്യം കേൾക്കുന്നത്. നീല സമ്പദ്ഘടനയുടെ പ്രധാന ഘടകമായി അദ്ദേഹം വിവക്ഷിച്ചത് സുസ്ഥിര മത്സ്യബന്ധനം, അമിതചൂഷണം ഒഴിവാക്കൽ, മത്സ്യക്കൃഷി, ഭക്ഷ്യസുരക്ഷ എന്നിവയാണ്. കൂടാതെ, ജൈവ വസ്‌തുക്കളുടെ മാലിന്യത്തെ ഊർജമാക്കിമാറ്റൽ, പൊതുസമൂഹത്തിന്റെ സഹകരണത്തോടെ 100 ബിസിനസ് മോഡൽ സുസ്ഥിരവും തുല്യവുമായ വികസനം എന്നിവയുടെ റോഡ് മാപ്പായിട്ടാണ് നീല സമ്പദ്‌വ്യവസ്ഥ വിവക്ഷിക്കപ്പെട്ടത്.


 

എന്നാൽ, കേന്ദ്രസർക്കാർ മത്സ്യത്തൊഴിലാളികൾ പരമ്പരാഗതമായി പൊതുസ്വത്തായി കരുതുന്ന കടലും കടൽസമ്പത്തും സ്വകാര്യവ്യക്തികൾക്ക് പാട്ടത്തിന് നൽകാനുള്ള തീരുമാനമാണ് ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ളത്‌. കടലിനെ വിവിധ ബ്ലോക്കുകളായി തിരിച്ച് 50 വർഷത്തേക്ക് പാട്ടത്തിന് നൽകാനുള്ള വ്യവസ്ഥകളാണ് വിജ്ഞാപനത്തിലുള്ളത്‌. ഒരു സ്റ്റാൻഡേർഡ് യൂണിറ്റ് 3.43 ചതുരശ്ര കിലോമീറ്ററാണ്. അങ്ങനെ 45 യൂണിറ്റ് വരെ ഒരാൾക്ക് ലേലത്തിൽ പിടിക്കാം. എന്നുവച്ചാൽ 154.3 ചതുരശ്ര കിലോമീറ്റർവരെ ഒരാൾക്ക് 50 വർഷത്തേക്ക് സ്വന്തമാക്കാം. ഖനനം ചെയ്യുന്ന ആൾക്കുതന്നെ ഉൽപ്പന്നങ്ങൾ ഉൽപ്പാദിപ്പിക്കാനുമുള്ള കോമ്പോസിറ്റ്‌ ലൈസൻസാണ്‌ നൽകുന്നത്. പാട്ടവ്യവസ്ഥയിൽ ആദ്യവർഷം വാടക നൽകേണ്ടതില്ല. രണ്ടുമുതൽ അഞ്ചുവരെയുള്ള വർഷത്തേക്ക് 50,000 രൂപമാത്രം. ആറുമുതൽ 10 വർഷത്തേക്ക് ഒരുലക്ഷം രൂപയും 11–ാംവർഷംമുതൽ 50 വർഷത്തേക്ക് രണ്ടു ലക്ഷം രൂപയുമാണ് വാടക. റോയൽറ്റിയാകട്ടെ നാമമാത്രവും. നാടിന്റെ സമസ്തമേഖലയും സ്വകാര്യവൽക്കരിക്കുന്ന മോദി സർക്കാർ വരുംതലമുറയ്ക്കുള്ള കടലിനെയും കടൽവിഭവങ്ങളെയുംകൂടി കോർപറേറ്റുകൾക്ക് തീറെഴുതുകയാണ്‌.

കടൽ ആവാസവ്യവസ്ഥ സുസ്ഥിരമായി നിലനിർത്തുന്നതിനും തീരദേശവാസികളുടെ ജീവിക്കാനുള്ള അവകാശം ഉറപ്പാക്കുന്നതിനും വൻതോതിലുള്ള പ്രക്ഷോഭം ഉയർത്തിക്കൊണ്ടുവരേണ്ടതുണ്ട്‌.  കേന്ദ്രസർക്കാരിന്റെ ക്യൂഎഎംഡിആർ ഭേദഗതി പിൻവലിക്കണം. ഏപ്രിൽ 28ന്‌ 50,000 മത്സ്യത്തൊഴിലാളികളെ പങ്കെടുപ്പിച്ച്‌ രാജ്ഭവൻ മാർച്ച് നടത്താൻ മത്സ്യത്തൊഴിലാളി സംഘടനകൾ കൂട്ടായി തീരുമാനിച്ചിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top