29 March Friday

ജനവിധിക്ക്‌ അരങ്ങുണരുമ്പോൾ

സാജൻ എവുജിൻUpdated: Wednesday Jan 5, 2022

അടുത്തമാസം നടക്കേണ്ട ഉത്തർപ്രദേശ്‌ നിയമസഭാ തെരഞ്ഞെടുപ്പിൽ ജയിച്ചുകയറാമെന്ന ആത്മവിശ്വാസം ബിജെപിക്ക്‌ തീരെയില്ലെന്നതിനു തെളിവാണ്‌ ഡൽഹിയിലും  ഹരിദ്വാറിലും സംഘപരിവാർ സംഘടനകൾ നടത്തിയ വർഗീയവിദ്വേഷ സമ്മേളനങ്ങൾ. കേന്ദ്രത്തിലും ഉത്തർപ്രദേശിലും മികച്ച ഭൂരിപക്ഷത്തിൽ ഭരണം നടത്തിവരുന്ന പാർടിക്ക്‌ വികസനവിഷയങ്ങളുടെ പേരിൽ ജനങ്ങളെ സമീപിക്കാൻ കഴിയുന്നില്ല. മാസങ്ങൾക്ക്‌ മുമ്പേ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത്‌ ഷായും ഉത്തർപ്രദേശിൽ നടത്തിയ പ്രസംഗങ്ങളും വർഗീയവിഷലിപ്‌തമായിരുന്നു. വിദ്വേഷപ്രസംഗങ്ങൾക്ക്‌ കുപ്രസിദ്ധി നേടിയ യോഗി ആദിത്യനാഥ്‌ അഞ്ച്‌ വർഷമായി മുഖ്യമന്ത്രിയായിരിക്കുന്ന ഉത്തർപ്രദേശിനെ കർഷകപ്രക്ഷോഭം മതനിരപേക്ഷ ചിന്താഗതിയിലേക്ക്‌ നയിക്കുന്നുവെന്നതിന്റെ സൂചനകൾ പ്രകടമായതാണ്‌ ബിജെപിയെ അലട്ടുന്നത്‌. ഉത്തർപ്രദേശിനൊപ്പം തെരഞ്ഞെടുപ്പ്‌ നടക്കേണ്ട ഉത്തരാഖണ്ഡ്‌, പഞ്ചാബ്‌, ഗോവ, മണിപ്പുർ സംസ്ഥാനങ്ങളിലും ബിജെപിയുടെ നില പരുങ്ങലിലാണ്‌. കോൺഗ്രസ്‌ വിട്ടുവന്ന മുൻമുഖ്യമന്ത്രി അമരീന്ദർസിങ്ങിന്റെ പാർടിയുടെ ബലത്തിലാണ്‌ പഞ്ചാബിൽ ബിജെപി ഇപ്പോൾ നിലനിൽക്കുന്നതുതന്നെ.

അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഗതിസൂചികയാണ്‌ ഉത്തർപ്രദേശ്‌  നിയമസഭാ തെരഞ്ഞെടുപ്പ്‌ എന്നതിൽ ആർക്കും തർക്കമില്ല. സംസ്ഥാനത്ത്‌  2017ൽ നടന്ന തെരഞ്ഞെടുപ്പിൽ ബിജെപിക്ക്‌ 39.67 ശതമാനം വോട്ടും 403ൽ 312 സീറ്റും നേടാനായി. സമാജ്‌വാദി പാർടി(എസ്‌പി)–-കോൺഗ്രസ്‌ സഖ്യത്തിന്‌ 28.46  ശതമാനം വോട്ടും ബിഎസ്‌പിക്ക്‌ 22.23 ശതമാനം വോട്ടും ലഭിച്ചു. എന്നാൽ എസ്‌പിക്ക്‌ 47,  ബിഎസ്‌പിക്ക്‌ 19,  കോൺഗ്രസിന്‌ ഏഴ്‌ വീതം സീറ്റിൽ മാത്രമാണ്‌ ജയിക്കാൻ കഴിഞ്ഞത്‌. ഇപ്പോൾ രാഷ്ട്രീയസ്ഥിതിഗതികൾ മാറിമറിഞ്ഞു. ബിജെപി മുന്നണിയും എസ്‌പി  സഖ്യവും തമ്മിൽ നേരിട്ട്‌ ഏറ്റുമുട്ടുകയാണ്‌. മുൻ പ്രധാനമന്ത്രി ചൗധരി ചരൺസിങ്ങിന്റെ ചെറുമകൻ ജയന്ത്‌ ചൗധരി നയിക്കുന്ന ആർഎൽഡിയാണ്‌ എസ്‌പിയുടെ പ്രധാനസഖ്യകക്ഷി. ഒ പി രാജ്‌ഭറിന്റെ  എസ്‌ബിഎസ്‌പി(സുഹേൽദേവ്‌ ഭാരതീയ സമാജ്‌ പാർടി) എൻഡിഎ വിട്ട്‌  എസ്‌പിയോടൊപ്പം ചേർന്നിട്ടുണ്ട്‌. കരുത്ത്‌ ചോർന്നുപോയ ബിഎസ്‌പിയും മായാവതിയും കാര്യമായി രംഗത്തില്ല. എംഎൽഎമാർ അടക്കം ഒട്ടേറെ ബിഎസ്‌പി നേതാക്കൾ എസ്‌പിയിൽ ചേക്കേറി.  കോൺഗ്രസിനെ കൂടെക്കൂട്ടാൻ പ്രധാന കക്ഷികൾ മടിക്കുന്നു. എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ ലക്ഷ്യമില്ലാതെ തുഴയുകയാണ്‌ കോൺഗ്രസ്‌. പൂർണമായും ജാതിഅധിഷ്‌ഠിതമായ ഏഴ്‌ ചെറുകക്ഷികളാണ്‌ ബിജെപി മുന്നണിയിൽ ശേഷിക്കുന്നത്‌. ബിജെപിക്ക്‌ വോട്ടുവിഹിതം കാര്യമായി കുറയുമെന്ന്‌ എല്ലാ അഭിപ്രായസർവേകളും പ്രവചിക്കുന്നു. കുത്തഴിഞ്ഞ ക്രമസമാധാനനില, കോവിഡ്‌ കൈകാര്യം ചെയ്‌തതിലെ പരാജയം, അഴിമതി, തൊഴിലില്ലായ്‌മ, ജാതിഅതിക്രമങ്ങൾ, സ്‌ത്രീകൾക്കുനേരെയുള്ള ആക്രമണം എന്നിവ ആദിത്യനാഥ്‌ സർക്കാരിനെതിരെ ശക്തമായ ജനവികാരം സൃഷ്‌ടിച്ചിട്ടുണ്ട്‌. 

കേന്ദ്രആഭ്യന്തരസഹമന്ത്രി  അജയ്‌മിശ്ര ആരോപണവിധേയനായി നിൽക്കുന്ന ലഖിംപുർ ഖേരി കർഷകകൂട്ടക്കൊല  ബിജെപിയെ വല്ലാതെ ഉലച്ചു. പുറമെ ശാന്തമാണെങ്കിലും ബിജെപിയുടെ അകം പുകയുകയാണ്‌. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞാൽ ബിജെപിയിൽ രണ്ടാമൻ ആര്‌ എന്ന ചോദ്യം വീണ്ടും ഉയരുന്ന ഘട്ടത്തിലുമാണ്‌  ഉത്തർപ്രദേശ്‌ തെരഞ്ഞെടുപ്പ്‌. അമിത്‌ ഷാ നേരിട്ട്‌ ഇടപെട്ട ബംഗാൾ, തമിഴ്‌നാട്‌, കേരളം എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിൽ ബിജെപി തകർന്നതോടെയാണ്‌ ഉത്തർപ്രദേശ്‌ നിർണായകമാകുന്നത്‌.  ആദിത്യനാഥിന്റെ രാഷ്‌ട്രീയഭാവി  നിശ്‌ചയിക്കുന്ന തെരഞ്ഞെടുപ്പായും ഇത്‌ മാറുകയാണ്‌. മുൻമുഖ്യമന്ത്രിയും എസ്‌പി നേതാവുമായ അഖിലേഷ്‌യാദവിന്റെ യോഗങ്ങളിൽ വൻജനക്കൂട്ടമാണ്‌.  

ഉത്തരാഖണ്ഡിൽ ബിജെപിയും കോൺഗ്രസും ഒരേപോലെ പാളയത്തിൽ പട നേരിടുന്നു. എഴുപതംഗ നിയമസഭയിൽ 57 സീറ്റ്‌ നേടിയാണ്‌ 2017ൽ ബിജെപി അധികാരത്തിൽ വന്നത്‌. എന്നാൽ, അഞ്ച്‌ വർഷത്തിൽ മൂന്ന്‌ മുഖ്യമന്ത്രിമാരെ പരീക്ഷിച്ചിട്ടും ബിജെപിക്ക്‌ ആഭ്യന്തരപ്രശ്‌നങ്ങൾ പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല. വികസനകാര്യത്തിൽ പിന്നിൽ നിൽക്കുന്ന സംസ്ഥാനമായി ഉത്തരാഖണ്ഡ്‌ മാറി. 2021 ജൂലൈ നാലിന്‌ ചുമതലയേറ്റ  മുഖ്യമന്ത്രി പുഷ്‌കർസിങ്‌ ധാമിക്ക്‌ ഇരിപ്പുറപ്പിക്കാൻ സമയം കിട്ടിയിട്ടില്ല. മുഖ്യമന്ത്രിയും കോൺഗ്രസ്‌ നേതാവുമായ ഹരീഷ്‌ റാവത്തും പരിതപിക്കുന്നത്‌ നിർണായക പോരാട്ടത്തിൽ സ്വന്തംപക്ഷത്തുനിന്ന്‌ സഹായം കിട്ടുന്നില്ലെന്നാണ്‌.

അഞ്ചിൽ കോൺഗ്രസ്‌ ഭരണത്തിലുള്ള ഏക സംസ്ഥാനമായ പഞ്ചാബ്‌ പഞ്ചകോണ മത്സരത്തിലേക്ക്‌ നീങ്ങുകയാണ്‌. എസ്‌എഡി–-ബിജെപി ഭരണം അവസാനിപ്പിച്ച്‌ 2017ൽ കോൺഗ്രസ്‌ മടങ്ങിവന്നപ്പോൾ 117 അംഗ നിയമസഭയിൽ അവർക്ക്‌ ലഭിച്ചത്‌ 77 സീറ്റാണ്‌. ആദ്യമായി മത്സരിച്ച എഎപിക്ക്‌ 20 സീറ്റ്‌ കിട്ടി. എസ്‌എഡി–-ബിജെപി സഖ്യം 18 സീറ്റിലൊതുങ്ങി. ഭരണപരാജയവും ആഭ്യന്തരകലഹവും കോൺഗ്രസിനെ ദുർബലമാക്കി. ഹൈക്കമാൻഡിന്റെ പിടിപ്പുകേട്‌ സ്ഥിതി കൂടുതൽ വഷളാക്കി.  അടുത്തിടെവരെ അഭിപ്രായസർവേകളിൽ എഎപിയായിരുന്നു ഒന്നാംസ്ഥാനത്ത്‌. കാർഷികനിയമങ്ങൾക്കെതിരെ സമരത്തിലുണ്ടായിരുന്ന 22 കർഷകസംഘടന ചേർന്ന്‌ രൂപീകരിച്ച സംയുക്ത സമാജ്‌ മോർച്ച(എസ്‌എസ്‌എം) മത്സരിക്കുമെന്ന്‌ പ്രഖ്യാപിച്ചതോടെ ഒന്നാംസ്ഥാനത്തിനായി  പോരാട്ടം കടുക്കും. എസ്‌എഡി–-ബിഎസ്‌പി സഖ്യം, ബിജെപി–-പഞ്ചാബ്‌ ലോക്‌ കോൺഗ്രസ്‌(അമരീന്ദർസിങ്‌)  സഖ്യം എന്നിവയാണ്‌ മറ്റ്‌ മുന്നണികൾ. കോൺഗ്രസ്‌ തനിച്ച്‌ മത്സരിക്കാനാണ്‌ സാധ്യത.

  ഗോവയിലും മണിപ്പുരിലും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ  കോൺഗ്രസ്‌ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയെങ്കിലും ബിജെപിയാണ്‌ സർക്കാർ രൂപീകരിച്ചത്‌. ഗോവയിൽ 17 എംഎൽഎമാരുണ്ടായിരുന്ന കോൺഗ്രസിൽ ശേഷിക്കുന്നത്‌ രണ്ട്‌ പേർമാത്രം. കൂറുമാറ്റം തടയാൻ ഹൈക്കമാൻഡും ശ്രമിച്ചില്ല.  മനോഹർ പരീക്കറിനെ കേന്ദ്രത്തിൽനിന്ന്‌ കൊണ്ടുവന്നാണ്‌ ഗോവയിൽ ബിജെപി സർക്കാരുണ്ടാക്കിയത്‌. 2017ൽ അദ്ദേഹത്തിന്റെ മരണശേഷം മുഖ്യമന്ത്രിയായ പ്രമോദ്‌ സാവന്ത്‌ നിലനിൽക്കുന്നത്‌ കോൺഗ്രസിൽനിന്നുള്ള കൂറുമാറ്റത്തിന്റെ ബലത്തിലാണ്‌. എഎപിയും തൃണമൂൽ കോൺഗ്രസും ഗോവയിൽ  വേരുറപ്പിക്കാൻ ശ്രമങ്ങൾ നടത്തുന്നുണ്ട്‌.

കഴിഞ്ഞ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ്‌ കോൺഗ്രസിൽനിന്ന്‌ ബിജെപിയിൽ എത്തിയ ബീരേൻസിങ്ങാണ്‌ മണിപ്പുർ മുഖ്യമന്ത്രി. തെരഞ്ഞെടുപ്പിൽ 60 അംഗസഭയിൽ കോൺഗ്രസിന്‌ 28 സീറ്റും ബിജെപിക്ക്‌ 21 സീറ്റുമാണ്‌ ലഭിച്ചത്‌. രാഷ്‌ട്രീയ കുതിരക്കച്ചവടം വഴി ബിജെപി ഭരണം പിടിച്ചെടുക്കുന്നത്‌ തടയാൻ 15 വർഷമായി ഇവിടെ അധികാരത്തിലിരുന്ന കോൺഗ്രസിനു കഴിഞ്ഞില്ല. അഞ്ച്‌ വർഷവും നിഷ്‌ക്രിയ പ്രതിപക്ഷമായിരുന്നു കോൺഗ്രസ്‌. സൈന്യത്തിന്റെ പ്രത്യേക അധികാരനിയമം(അഫ്‌സ്‌പാ) മണിപ്പുരിൽ മുഖ്യവിഷയമാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top