26 April Friday

വഞ്ചനയ്‌ക്ക്‌ മറയിടാൻ 
മുദ്രാവാക്യങ്ങൾ

സാജന്‍ എവുജിന്‍Updated: Sunday Aug 21, 2022

എട്ടു വർഷത്തെ ബിജെപി ഭരണത്തിന്റെ സംഭാവന വാഗ്‌ദാനലംഘനങ്ങൾ മാത്രമാണെന്ന്‌ സമ്മതിക്കുന്ന പ്രസംഗമാണ്‌ സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ നടത്തിയത്‌. അദ്ദേഹത്തിന്റെ 2015 മുതലുള്ള സ്വാതന്ത്ര്യദിന സന്ദേശങ്ങൾ പരിശോധിച്ചാൽ വഞ്ചനയുടെ ചിത്രം തെളിഞ്ഞുവരും. രാജ്യത്തുനിന്ന്‌ സ്വജനപക്ഷപാതം തുടച്ചുനീക്കിയെന്ന്‌ 2018ലെ സ്വാതന്ത്ര്യദിന സന്ദേശത്തിൽ പ്രധാനമന്ത്രി പറഞ്ഞു. എന്നാൽ, ഇത്തവണ നടത്തിയ പ്രസംഗത്തിൽ അദ്ദേഹം ഈ അവകാശവാദത്തിൽനിന്ന്‌ പിന്മാറി. രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം അഴിമതിയാണെന്നും കുടുംബവാഴ്‌ചയും സ്വജനപക്ഷപാതവുമാണ്‌ അഴിമതിക്ക്‌ കാരണമെന്നും  അദ്ദേഹം പറഞ്ഞു. ഒരു മണിക്കൂർ 22 മിനിറ്റ്‌ നീണ്ട പ്രസംഗത്തിൽ 14 തവണ പ്രധാനമന്ത്രി  ‘ഭ്രഷ്ടാചാർ’ (അഴിമതി)  എന്ന പദം ആവർത്തിച്ചു. ‘പരിവാർവാദ്‌’(കുടുംബവാഴ്‌ച) എന്ന്‌ 11 പ്രാവശ്യം ‘ഭായ്‌–-ഭാട്ടിജവാദ്‌’ എന്ന്‌ ആറു തവണയും പരാമർശിച്ചു. 2016 നവംബർ എട്ടിന്‌ 1000 രൂപ, 500 രൂപ നോട്ടുകൾ പിൻവലിച്ചത്‌ അഴിമതിക്കും കള്ളപ്പണത്തിനും അറുതിവരുത്താനാണെന്ന്‌ പ്രധാനമന്ത്രി അവകാശപ്പെട്ടിരുന്നു. ആറു വർഷം പിന്നിടുമ്പോഴും അഴിമതി പെരുകുകയാണെന്ന്‌ പ്രധാനമന്ത്രി സമ്മതിച്ചിരിക്കുന്നു. നോട്ടുനിരോധനത്തിന്റെ പേരിൽ ജനങ്ങളെ കഷ്ടപ്പെടുത്തിയത്‌ എന്തിനാണെന്ന ചോദ്യത്തിനു മാത്രം ഉത്തരമില്ല.

ജനങ്ങളെ കബളിപ്പിക്കുന്നതിൽ  മോദിസർക്കാരിനുള്ള സാമർഥ്യം വെളിപ്പെടുത്തുന്നതാണ്‌ ഇക്കൊല്ലത്തെ സ്വാതന്ത്ര്യദിന പ്രസംഗം.  സ്വാതന്ത്ര്യത്തിന്റെ 75–-ാം വാർഷികം  ആഘോഷിക്കുമ്പോൾ രാജ്യം നേടുമെന്ന്‌ കുറേനാളായി പ്രഖ്യാപിച്ചുവന്ന കാര്യങ്ങളൊന്നും ഫലപ്രാപ്‌തിയിൽ എത്തിയില്ല. ഇപ്പോൾ പറയുന്നത്‌ 2047ഓടെ, അതായത്‌ സ്വാതന്ത്ര്യത്തിന്റെ 100–-ാം വാർഷികം ആഘോഷിക്കുമ്പോൾ ഇന്ത്യ വികസിതരാജ്യമായി മാറുമെന്നാണ്‌. 2022ഓടെ കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന്‌ 2017ൽ കേന്ദ്രം പ്രഖ്യാപിച്ചു. നിലവിലുള്ള വരുമാനം സംരക്ഷിക്കാൻപോലും കഴിയാതെ കർഷകർ പ്രക്ഷാഭത്തിലാണ്‌. തൊഴിൽമേഖലയെക്കുറിച്ച്‌ വളരെ ബുദ്ധിമുട്ടിയാണ്‌  പ്രധാനമന്ത്രി സംസാരിച്ചത്‌. 2020ലെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ ഏഴു തവണ ‘തൊഴിൽ’ എന്ന പദം ഉപയോഗിച്ചു. ഇത്തവണ രണ്ടു പ്രാവശ്യംമാത്രം. അതേസമയം, അഴിമതിയെക്കുറിച്ച്‌ ദീർഘമായി സംസാരിക്കുന്നതിൽ അദ്ദേഹം ആവേശം കണ്ടെത്തുന്നു. 2015ൽ 19 തവണ ‘അഴിമതി’എന്ന പദം ആവർത്തിച്ച മോദി രാജ്യത്തെ അഴിമതിയിൽ കുളിപ്പിച്ചതിന്‌ കോൺഗ്രസാണ്‌ ഉത്തരവാദിയെന്ന്‌ ചൂണ്ടിക്കാട്ടി. എട്ടു വർഷം പ്രധാനമന്ത്രിയായി തുടർന്നിട്ടും അഴിമതി അവസാനിപ്പിക്കാൻ തന്റെ സർക്കാർ ചെയ്‌ത കാര്യങ്ങൾ വിശദീകരിക്കാൻ അദ്ദേഹത്തിനു കഴിയുന്നില്ല. അഴിമതിക്ക്‌ ഉത്തരവാദികൾ പ്രതിപക്ഷകക്ഷികളാണെന്ന്‌ ആരോപിച്ച്‌ രാഷ്‌ട്രീയ കാപട്യം കാണിക്കുകയാണ്‌. രണ്ട്‌ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക്‌ കേവല ഭൂരിപക്ഷം ലഭിച്ചിട്ടും അഴിമതിക്ക്‌ അന്ത്യംകുറിക്കാൻ കഴിയാത്തതിനു കാരണം വിശദീകരിക്കാൻ പ്രധാനമന്ത്രി ബാധ്യസ്ഥനാണ്‌.

  ജനങ്ങളെ സർക്കാർ ഇങ്ങനെ തഴയുമ്പോൾ രാജ്യത്തെ വൻകിട കോർപറേറ്റുകൾ ആവേശഭരിതരാണ്‌. ദരിദ്രരുടെയും തൊഴിൽരഹിതരുടെയും എണ്ണം പെരുകുമ്പോൾ മറുവശത്ത്‌ കോർപറേറ്റുകൾ തടിച്ചുകൊഴുക്കുകയാണ്‌. ഓഹരിവിപണിയിൽ 100 കോടി ഡോളറിൽപ്പരം (8000 കോടിയോളം  രൂപ) മൂല്യമുള്ള 420 കമ്പനി  ഇപ്പോൾ രാജ്യത്തുണ്ട്‌. കഴിഞ്ഞ 10 വർഷത്തിൽ ഈ ഓഹരികളിൽ 40 ശതമാനത്തിന്റെ മൂല്യം അഞ്ചിരട്ടിയായി. ശതകോടി ഡോളർ ആസ്‌തിയുള്ള അതിസമ്പന്നരുടെ എണ്ണം 55ൽനിന്ന്‌ 142 ആയി. ഓഹരിവിപണിയിൽ പൊതുമേഖലാ കമ്പനികളുടെ പങ്കാളിത്തം കഴിഞ്ഞ ദശകത്തിൽ 25 ശതമാനമായിരുന്നെങ്കിൽ ഇപ്പോൾ ഏഴു ശതമാനം മാത്രമാണ്‌. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ സർക്കാർ വിറ്റൊഴിയുന്നതാണ്‌ ഇതിനു കാരണം.
  പതിനാല്‌ മാനദണ്ഡത്തെ അടിസ്ഥാനമാക്കി ലോക സാമ്പത്തികഫോറം തയ്യാറാക്കുന്ന ആഗോള ലിംഗവിവേചന സൂചികയിൽ 2006ൽ ഇന്ത്യ 98–-ാം സ്ഥാനത്തായിരുന്നു. 2022ൽ 135–-ാം സ്ഥാനത്തേക്ക്‌ കൂപ്പുകുത്തി. സ്‌ത്രീകൾ കടുത്ത വിവേചനമാണ്‌ നേരിടുന്നത്‌. തോമസ്‌ പിക്കറ്റിയും ലൂക്കാസ്‌ ചാൻസലും ചേർന്നു തയ്യാറാക്കിയ ‘ഫ്രം ബ്രിട്ടീഷ്‌ രാജ്‌ ടു ബില്യണർ രാജ്‌’ എന്ന റിപ്പോർട്ടിൽ ഉദാരവൽക്കരണം രാജ്യത്ത്‌ സൃഷ്ടിച്ച കെടുതികൾ വിശദീകരിക്കുന്നുണ്ട്‌. 1980കളുടെ തുടക്കത്തിൽ രാജ്യത്തുണ്ടായ പരിമിത നേട്ടങ്ങൾ പോലും ഉദാരവൽക്കരണ–-സ്വകാര്യവൽക്കരണ നയങ്ങൾ കവർന്നെടുത്തു. 1930കളിൽ രാജ്യത്തെ ഏറ്റവും സമ്പന്നരായ ഒരു ശതമാനംപേർ കൈയാളിയിരുന്നത്‌ ദേശീയ സ്വത്തിന്റെ 21 ശതമാനമായിരുന്നെങ്കിൽ 1980കളിൽ ഇത്‌ ആറു ശതമാനവും ഇപ്പോൾ 22 ശതമാനവുമായി. ഏറ്റവും അടിത്തട്ടിലുള്ള 50 ശതമാനംപേരുടെ മൊത്തം സ്വത്ത്‌ ദേശീയ ആസ്‌തിയുടെ 14 ശതമാനത്തിൽ താഴെ മാത്രമാണ്‌. കോവിഡ്‌ കാലത്ത്‌ ഈ 50 ശതമാനം പേരുടെ സ്വത്ത്‌ ദേശീയ സ്വത്തിന്റെ ആറു ശതമാനത്തോളമായി ഇടിഞ്ഞെന്ന്‌ ഓക്‌സ്‌ഫാം റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്‌.

  ഇത്തരത്തിൽ സമൂഹ്യ –-സാമ്പത്തിക അസമത്വം രാജ്യത്ത്‌ ഭീകരമായി വളരുമ്പോൾത്തന്നെയാണ്‌ ജനക്ഷേമപദ്ധതികളിൽനിന്ന്‌ സർക്കാരുകൾ ഒഴിഞ്ഞുനിൽക്കണമെന്ന ആഹ്വാനം ചില കേന്ദ്രങ്ങളിൽനിന്ന്‌ ഉയരുന്നത്‌. മാത്രമല്ല, ‘സൗജന്യങ്ങൾ’ നൽകി വോട്ടുപിടിക്കുന്നത്‌ നിരോധിക്കണമെന്ന ആവശ്യവുമായി ബിജെപി വക്താവ്‌ അശ്വനി ഉപാധ്യായ സുപ്രീംകോടതിയിൽ ഹർജി നൽകുകയും ചെയ്‌തു. പൊതുജനങ്ങൾക്ക്‌ സൗജന്യങ്ങൾ നൽകിയതിലൂടെ രാജ്യത്തെ സംസ്ഥാന സർക്കാരുകളുടെ മൊത്തം കടം 70 ലക്ഷം കോടി രൂപയാണെന്നും ഉപാധ്യായ ആരോപിക്കുന്നു. സാമൂഹ്യക്ഷേമ പെൻഷൻ, തൊഴിലാളി പെൻഷൻ അടക്കമുള്ള സംവിധാനങ്ങൾക്കെതിരായ ആക്രമണത്തിന്റെ ഭാഗമാണ്‌ ഈ ഹർജി. കോർപറേറ്റുകൾക്ക്‌ ഓരോ വർഷവും ലക്ഷക്കണക്കിനു കോടി രൂപയുടെ ഇളവുകൾ വാരിക്കോരി നൽകുന്നവരാണ്‌ ജനക്ഷേമപദ്ധതികളെ ആക്ഷേപിക്കുകയും എതിർക്കുകയും ചെയ്യുന്നത്‌. വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, അടിസ്ഥാനസൗകര്യവികസനം, ടെലികോം, റെയിൽവേ, വ്യോമയാനം, വൈദ്യുതി, പ്രതിരോധനിർമാണം, ബാങ്കിങ്‌, ഇൻഷുറൻസ്‌, ബഹിരാകാശ ഗവേഷണം  എന്നിങ്ങനെ സർവമേഖലയും കോർപറേറ്റുകൾക്ക്‌ തീറെഴുതുന്ന മോദിസർക്കാരിന്റെ ‘സബ്‌ കാ സാഥ്‌, സബ്‌ കാ വികാസ്‌’ മുദ്രാവാക്യം ഇര കോർത്ത ചൂണ്ടയ്‌ക്ക്‌ സമാനമാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top