25 April Thursday

ബിജെപിയുടെ ‘വാങ്ങൽരാഷ്ട്രീയം'

ഡോ. സോണി ജോൺUpdated: Monday Jun 27, 2022

ഇന്ത്യൻ രാഷ്ട്രീയത്തെ നാണക്കേടിന്റെ കാണാക്കയങ്ങളിലേക്ക് ആഴ്‌ത്തിക്കൊണ്ട് ‘ആയാ റാം ഗയാ റാം' സിൻഡ്രോം അനസ്യൂതം തുടരുന്നതിന്റെ നേർക്കാഴ്ചയാണ് മഹാരാഷ്ട്രയിൽ കാണുന്നത്. 1967-ൽ രണ്ടാഴ്ചയ്‌ക്കുള്ളിൽ മൂന്നുതവണ കൂറുമാറി ‘ആയാ റാം ഗയാ റാം' രാഷ്ട്രീയത്തിന്റെ പ്രയോക്താവായ ഗയാലാൽ എന്ന ഹരിയാനയിലെ പഴയ കോൺഗ്രസ് എംഎൽഎയെപ്പോലും നാണിപ്പിക്കുന്ന രാഷ്ട്രീയ അന്തർനാടകങ്ങൾക്കാണ് രാജ്യം സാക്ഷ്യംവഹിക്കുന്നത്.

അധികാരത്തിനായുള്ള കുതിരക്കച്ചവടം ഇതാദ്യമായൊന്നുമല്ല. കോൺഗ്രസ്‌ അടക്കമുള്ള പാർടികൾ അധികാരം നിലനിർത്തുന്നതിനും പിടിച്ചെടുക്കുന്നതിനുമായി പണവും അധികാരവും വാഗ്ദാനം ചെയ്ത്  എംഎൽഎമാരെ വിലയ്‌ക്കെടുത്ത സന്ദർഭങ്ങൾ വിരളമല്ല. 1985ൽ പുറത്തുവന്ന കൂറുമാറ്റ നിരോധന നിയമത്തിനും ഇത്തരം പ്രവണതയ്‌ക്കെതിരെ ഫലപ്രദമായ പ്രതിരോധമുയർത്താൻ കഴിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം. 2014ൽ നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നതുമുതൽ ഈ ‘ആയാ റാം ഗയാ റാം'രീതി മറയില്ലാതെ  ബിജെപിയുടെ രാഷ്ട്രീയ സംസ്കാരത്തിന്റെ അവിഭാജ്യഘടകമായി.

1960കളിൽ മുന്നണി സർക്കാരുകളുടെ തുടക്കത്തോടെയാണ് കൂറുമാറ്റങ്ങൾ ഇന്ത്യയിൽ സർവസാധാരണമായത്. ഇക്കാലയളവിൽ ഇത്തരത്തിലുള്ള രാഷ്ട്രീയക്കളികളുടെ ഏറ്റവും വലിയ ഗുണഭോക്താക്കൾ കോൺഗ്രസായിരുന്നു. വെങ്കിടേഷ് കുമാർ 2003 മെയിൽ ഇക്കണോമിക് ആൻഡ്‌ പൊളിറ്റിക്കൽ വീക്കിലിയിൽ എഴുതിയ ലേഖനത്തിലെ കണക്കുകൾ ശരിയാണെങ്കിൽ 1967നും 1971നും ഇടയിൽ 4000 വരുന്ന നിയമനിർമാണ സഭാംഗങ്ങളിൽ 50  ശതമാനവും ഒരിക്കലെങ്കിലും കൂറുമാറിയവരാണ്.

രാഷ്ട്രീയാധികാര വടംവലി കുതിരക്കച്ചവടത്തിന്റെ നിലവാരത്തിലേക്ക് താഴ്ത്തിയ ആദ്യ സംഭവങ്ങളിലൊന്ന് 1980ൽ ഭജൻലാലിന്റെ നേതൃത്വത്തിൽ ജനതാദളിൽനിന്ന്‌ കോൺഗ്രസിലേക്കുള്ള 40 എംഎൽഎമാരുടെ കൂറുമാറ്റവും ഭജൻലാലിന്റെ മുഖ്യമന്ത്രിക്കസേരയിലേക്കുള്ള അവരോധവുമാണ്. തന്റെ ഗ്രാമമായ ആദംപുരിലെ  ധാന്യച്ചന്തയിൽ കമീഷൻ ഏജന്റായി ജീവിതം തുടങ്ങിയ ഭജൻലാലിന് രാഷ്ട്രീയക്കച്ചവടത്തിലും ഏറെ തിളങ്ങാൻ കഴിഞ്ഞു. 90 അംഗ സഭയിൽ കോൺഗ്രസിന്‌ ഉണ്ടായിരുന്നത് 50 എംഎൽഎമാർ. കൂറുമാറി എത്തിയവരെ തൃപ്തിപ്പെടുത്താനുള്ള ശ്രമത്തിൽ 26 പേർ മന്ത്രിമാരായി. അതായത് രണ്ടിലൊരു കോൺഗ്രസ് എംഎൽഎ മന്ത്രിപദത്തിൽ. ഇന്ത്യയിലെ കാലുമാറ്റ-–-വാങ്ങൽ രാഷ്ട്രീയത്തിന്റെ തലതൊട്ടപ്പനായ ഭജൻലാലിന്റെ അധികാരക്കച്ചവട തന്ത്രങ്ങളിൽ ഒന്നുമാത്രമായിരുന്നു മന്ത്രിപദം. കൂറുമാറി എത്തിയ പല എംഎൽഎമാർക്കും മുഖ്യമന്ത്രിയുടെ സവിശേഷാധികാരത്തിൽ ഫരീദാബാദിലും ചണ്ഡീഗഢിലുമെല്ലാം കണ്ണായ സ്ഥലത്ത് ഒന്നും രണ്ടും മൂന്നും പ്ലോട്ട്‌ വീതം കിട്ടി. അധികാരത്തിൽ തുടരാൻ തനിക്കു വേണ്ടപ്പെട്ടവരെയൊന്നും ഭജൻലാൽ കൈവിട്ടില്ല. അതിൽ കോൺഗ്രസിലെ കേന്ദ്രമന്ത്രിമാരടക്കമുള്ള നേതാക്കളും ന്യായാധിപരുംവരെ ഉൾപ്പെട്ടിരുന്നു.


 

-ആധുനിക ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിൽ ഏറ്റവും കൂടുതൽ രാഷ്ട്രീയക്കച്ചവടവും കൂറുമാറ്റവും നടന്ന കാലഘട്ടമാണ് 2014 മുതൽ ഇന്നുവരെയുള്ള നരേന്ദ്ര മോദി ഭരണം. ബിജെപി തങ്ങളുടെ ഇക്കാലയളവിലെ വാങ്ങൽ രാഷ്ട്രീയത്തിനു നാന്ദികുറിച്ചത് അരുണാചൽപ്രദേശിലായിരുന്നു. 60 അംഗസഭയിൽ 42 സീറ്റുള്ള കോൺഗ്രസ് സർക്കാരിനെ മറിച്ചിടാൻ കോൺഗ്രസിൽനിന്ന്‌ 41 പേരെയാണ്  ചാക്കിലാക്കിയത്. തങ്ങളുടെ എംഎൽഎമാരെ കൂടെനിർത്താൻ കഴിയാത്ത കോൺഗ്രസിന്റെ പിടിപ്പുകേടും എംഎൽഎമാരുടെ രാഷ്ട്രീയ പാപ്പരത്തവും അധികാരക്കൊതിയുമാണ് പിന്നീടുണ്ടായ ഒട്ടേറെ സദ്യശ്യ സംഭവങ്ങളിലൂടെ പുറത്തുവന്നത്. 2017ലെ അസംബ്ലി തെരഞ്ഞെടുപ്പിൽ മണിപ്പുരിൽ അറുപതംഗ സഭയിൽ ഏറ്റവും വലിയ ഒറ്റക്കക്ഷി 28 സീറ്റോടെ കോൺഗ്രസായിരുന്നു.  ബിജെപിയുടെ കൈയാളായി മാറിയ ഗവർണർ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചത് 21  സീറ്റ്‌ മാത്രമുണ്ടായിരുന്ന ബിജെപിയെ. രാഷ്ട്രീയതന്ത്രങ്ങൾക്കൊടുവിൽ കോൺഗ്രസിന്റെ ഒമ്പത്‌ എംഎൽഎമാരെ ബിജെപി സ്വന്തമാക്കി. 2017ൽ ഗോവ തെരഞ്ഞെടുപ്പിൽ 40 അംഗസഭയിൽ 17 സീറ്റോടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായത് കോൺഗ്രസ്.

എന്നാൽ, സർക്കാരുണ്ടാക്കിയത് വെറും 13 അംഗങ്ങൾ മാത്രമുണ്ടായിരുന്ന ബിജെപി.  കോൺഗ്രസിൽനിന്നും മറ്റു പാർടികളിൽനിന്നുമായി 11 പേരെ അടർത്തിയെടുത്താണ് അവർ സർക്കാരുണ്ടാക്കിയത്. പിന്നീട് 2019ൽ കോൺഗ്രസിലെ 15 എംഎൽഎമാരും മഹാരാഷ്ട്രവാദി ഗോമന്തക് പാർടിയിലെ രണ്ട് എംഎൽഎമാരും  പാർടി വിട്ട് ബിജെപിയിൽ ചേർന്നു. 2018ൽ മധ്യപ്രദേശിൽ സ്വതന്ത്രാംഗങ്ങൾ ഉൾപ്പെടെ 121 എംഎൽഎമാരുടെ പിന്തുണയോടെയാണ് കോൺഗ്രസിന്റെ കമൽനാഥ് സർക്കാരുണ്ടാക്കിയത്.  കോൺഗ്രസിൽ അസംതൃപ്‌തനായിരുന്ന ജ്യോതിരാദിത്യ സിന്ധ്യയെ വാഗ്ദാനങ്ങൾ നൽകി മോഹിപ്പിച്ച്,  28 എംഎൽഎമാരെ രാജിവയ്‌പിച്ച്  സർക്കാരിനെ താഴെയിട്ടു. തുടർന്നുനടന്ന 28 സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പുകളിൽ 19ലും വിജയിച്ച് ബിജെപി അധികാരം പിടിച്ചെടുത്തു. 2018ൽ കർണാടകത്തിൽ കോൺഗ്രസ്- ജനതാദൾ (സെക്കുലർ) - സർക്കാരിനെയും അട്ടിമറിച്ചത് വാങ്ങൽ രാഷ്ട്രീയ തന്ത്രങ്ങളായിരുന്നു. പതിനാറോളം വിമത കോൺഗ്രസ്- –-ജനതാദൾ എംഎൽഎമാരെ രാജിവയ്‌പിച്ച് സർക്കാരിനെ ന്യൂനപക്ഷമാക്കി യെദ്യൂരപ്പ അധികാരം കൈയടക്കി. 2021 പുതുച്ചേരിയിലെ കോൺഗ്രസ് സർക്കാരിനെ ഒരംഗം പോലുമില്ലാതിരുന്നിട്ടും അട്ടിമറിച്ചിട്ടതും ബിജെപിയുടെ വാങ്ങൽ രാഷ്ട്രിയ തന്ത്രങ്ങളിലൂടെയായിരുന്നു. ഇപ്പോൾ കഥ മഹാരാഷ്ട്രയിൽ എത്തുമ്പോഴും അവസ്ഥ ഒട്ടും ഭിന്നമല്ലെന്നു മാത്രമല്ല, ബിജെപിയുടെ ‘ആയാ റാം ഗയാ റാം' രാഷ്ട്രീയ സംസ്കാരം പുതുപുത്തൻ  തന്ത്രങ്ങളുമായി മുന്നോട്ടുതന്നെ.

സംഘപരിവാറിന്റെ വാങ്ങൽശേഷി എക്കാലത്തെയും ഉയർന്ന നിലയിലാണ്‌ ഇന്ന്. വർഗീയതയുടെ പരിചയണിഞ്ഞ് ഭൂരിപക്ഷംവരുന്ന സാധാരണക്കാരുടെ ജീവൽ പ്രതിസന്ധികളെ നിസ്സാരവൽക്കരിച്ച് കോർപറേറ്റുകളെ താലോലിക്കുന്നതിൽ പ്രത്യേക പരിജ്ഞാനമുണ്ട് സംഘപരിവാർ രാഷ്ട്രീയത്തിന്. ചുരുക്കിപ്പറഞ്ഞാൽ ഇക്കാര്യത്തിലെ തലതൊട്ടപ്പന്മാരായ കോൺഗ്രസിനേക്കാൾ ഏറെ കാതം മുന്നിലാണ് അവർ. അതിരുകളില്ലാത്ത കോർപറേറ്റ് സ്നേഹത്തിനു പ്രത്യുപകാരമായി  ‘ഇലക്ടറൽ ബോണ്ടിലൂടെയും സംഭാവനയിലൂടെയും ' നിയമപരമായി ലഭിക്കുന്നതും അല്ലാതുള്ള മാർഗങ്ങളിലൂടെ ഉണ്ടാക്കിയെടുക്കുന്നതുമായ വലിയ സമ്പാദ്യമാണ് ബിജെപിയുടെ വാങ്ങൽശേഷിക്ക്‌ ആധാരം. കേരളത്തിലെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത് 35 സീറ്റെങ്കിലും ലഭിച്ചാൽ  അധികാരത്തിൽ എത്തുമെന്ന് സുരേന്ദ്രനെക്കൊണ്ട് ഗീർവാണം അടിപ്പിച്ചതും ബിജെപിക്കവരുടെ വാങ്ങൽ ശേഷിയിലുള്ള ആത്മവിശ്വാസം ഒന്നുതന്നെയാണ്. ബിജെപിയുടെ വാങ്ങൽതന്ത്രങ്ങൾക്കു പിറകിലുള്ള ലക്ഷ്യം വെറും താൽക്കാലികമായ അധികാരനേട്ടം മാത്രമാണോയെന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്. തങ്ങൾ സ്വപനം കാണുന്നത് കോൺഗ്രസ്‌മുക്ത ഭാരതമെന്നൊക്കെ പറയുന്നുണ്ടെങ്കിലും സംഘപരിവാർ മാത്രം ഭരിക്കുന്ന ഒരു ഹിന്ദുത്വ ഭാരതമാണ്‌ അവരുടെ കിനാവെന്നത് നഗ്നമായ സത്യമാണ്.

സാംസ്കാരികപരമയും ജനാധിപത്യരീതികളും സജീവമായ ഇന്ത്യയിൽ അത്തരമൊരു പരിപൂർണാധികാരം കൈപ്പിടിയിൽ ഒതുങ്ങണമെങ്കിൽ ഇന്ന് നിലവിലുള്ള ജനാധിപത്യരീതികൾക്ക് അറുതിവരുത്തേണ്ടതുണ്ട്. അത്തരമൊരു വലിയ ഹീനപ്രയത്നത്തിന്റെ ഭാഗമായിക്കൂടി വേണം ബിജെപി തുടർച്ചയായി നടത്തുന്ന വാങ്ങൽ രാഷ്ട്രീയത്തിലൂടെയുള്ള ജനാധിപത്യത്തിന്റെ ക്രമാനുഗതമായ ‘കശാപ്പി'നെ നോക്കിക്കാണാൻ. സത്യാനന്തര കാലഘട്ടത്തിൽ ഇതൊന്നും അധാർമികമല്ലെന്നും കൈപ്പിടിയിലെ അധികാരം രാഷ്ട്രീയ ധാർമികതയുടെ അടയാളമാണെന്നു കരുതുന്നവർ തുടർച്ചയായ ഈ കശാപ്പ് ഒരുജനതയെക്കൂടി അതു പഠിപ്പിച്ചെടുക്കുകയെന്ന ദൗത്യംകൂടി - നിർവഹിച്ചുപോരുമെന്നു കരുതുന്നുണ്ടാകണം. ആത്യന്തികമായ ഒരു ഹിന്ദുത്വരാഷ്ട്ര രൂപീകരണത്തിന് ഭാരതീയ മനസ്സുകളെ പാകപ്പെടുത്തുകയെന്നതും ഇവരുടെ അത്രയൊന്നും  ഹിഡൻ അല്ലാത്ത ഒരു അജൻഡയാണെന്നതും കാണാതെ പോകാനാകില്ല.

‘അഗ്നിവീറു'കളെ ബിജെപി കാര്യാലയങ്ങളുടെ സുരക്ഷാ ഗാർഡുകളായി നിയമിക്കുമെന്ന ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലേഷ് വിജയവർഗിയയുടെ പ്രസ്താവന ഇതോടൊപ്പം ചേർത്തുവായിക്കേണ്ടതാണ്. ഏതൊരു ഫാസിസ്റ്റ് ഭരണക്രമത്തിനും അത്തരമൊരു സേന ഒഴിവാക്കാനാകാത്തതാണെന്നതിന് ചരിത്രംസാക്ഷ്യം. ഇക്കാലഘട്ടത്തിലെ രാഷ്ട്രീയ ദേശാടനങ്ങളിൽ ഏറ്റവും വലിയ ജനാധിപത്യവാദികളെന്ന് ഊറ്റംകൊള്ളുന്നവർപോലും താമസംവിനാ ഏറ്റവും മുന്തിയ വർഗീയവാദികളായി മാറുന്നുണ്ടെന്നതും സംഘപരിവാരത്തിന്‌ വലിയ ആത്മവിശ്വാസം നൽകുന്നുണ്ടാകണം. ജനാധിപത്യത്തിലെ ഏറ്റവും ഉചിതമായ കൗടില്യതന്ത്രം തീർത്തും ജനാധിപത്യവിരുദ്ധമായ ഈ ‘ചതി'തന്നെയാണെന്ന സംഘപരിവാറിന്റെ നയം ജനാധിപത്യവിശ്വാസികളായ ഇന്ത്യൻ ജനതയ്‌ക്കുമുമ്പിലുയർത്തുന്ന വെല്ലുവിളി ചില്ലറയല്ല.

വാൽക്കഷ്ണം: നാലുവർഷത്തെ സൈനിക സേവനത്തിനുശേഷം അഗ്നിവീറുകളെ സ്കൂളുകളിൽ കായികാധ്യാപകരായി നിയമിക്കാമെന്ന കേന്ദ്ര കായികമന്ത്രിയുടെ കണ്ടെത്തൽ ചെറുപ്പത്തിലേ കുട്ടികളെ യുദ്ധവെറി പഠിപ്പിക്കുന്നതിന് ഉപകാരപ്രദമാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top