27 April Saturday

ഫാസിസത്തിന്റെ കാലൊച്ച - എ വിജയരാഘവൻ എഴുതുന്നു

എ വിജയരാഘവൻUpdated: Friday Sep 17, 2021

നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ 2014ൽ ബിജെപി അധികാരത്തിൽ വന്നതോടെ ഇന്ത്യയുടെ ജനാധിപത്യസംവിധാനത്തിനും മതനിരപേക്ഷ അടിത്തറയ്‌ക്കുംനേരെ കടുത്ത ആക്രമണമാണ് നടക്കുന്നത്. ഈ നീക്കങ്ങൾക്ക് വ്യക്തമായ ലക്ഷ്യവും അതിനുതകുന്ന പരിപാടിയുമുണ്ട്. ലക്ഷ്യം മതനിരപേക്ഷ രാഷ്ട്രമായ ഇന്ത്യയെ മതാധിഷ്ഠിതമായി മാറ്റിയെടുക്കണം, ഹിന്ദുരാഷ്ട്രംതന്നെ. അതിലേക്ക് നീങ്ങണമെങ്കിൽ ജനങ്ങളുടെ ഐക്യവും ജനാധിപത്യസംവിധാനവും തകർക്കണം. ഇത്‌ ലക്ഷ്യമിട്ടാണ് മോദി ഭരണവും സംഘപരിവാറിന് അധികാരമുള്ള സംസ്ഥാനങ്ങളും ഓരോ ചുവടുംവയ്ക്കുന്നത്. സംഘപരിവാറിനെ സംബന്ധിച്ച് ജനാധിപത്യവും അഭിപ്രായസ്വാതന്ത്ര്യവുമാണ് ഹിന്ദുരാഷ്ട്രത്തിലേക്കുള്ള വഴിയിലെ പ്രതിബന്ധം. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞാല്‍ ബിജെപിയുടെ ജനാധിപത്യധ്വംസനം എന്തുകൊണ്ടാണെന്ന ചോദ്യത്തിന് ഉത്തരമായി. ഈ പശ്ചാത്തലത്തിൽ വേണം ത്രിപുരയിൽ സിപിഐ എമ്മിനു നേരെയുള്ള ആക്രമണങ്ങളെ കാണാൻ.

ത്രിപുരയിൽ സെപ്തംബര്‍ എട്ടിന് സിപിഐ എം ഓഫീസുകൾക്കും നേതാക്കളുടെ വീടുകൾക്കുംനേരെ നടന്ന ആക്രമണം ജനാധിപത്യ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നാക്രമണമാണ്. ആര്‍എസ് എസ് നിയന്ത്രിക്കുന്ന ബിജെപിയുടെ ഫാസിസ്റ്റ് സ്വഭാവമാണ് അടുത്തകാലത്തെ പല സംഭവങ്ങളിലെയുംപോലെ ഇവിടെയും പ്രകടമാകുന്നത്. 2018ൽ ത്രിപുരയിൽ അധികാരം പിടിച്ച ബിജെപി, പ്രധാന പ്രതിപക്ഷ പാര്‍ടിയായ സിപിഐ എമ്മിന്റെ പ്രവർത്തനം അസാധ്യമാക്കാൻ നിരന്തരം ആക്രമണം അഴിച്ചുവിടുകയാണ്. അതുകൊണ്ടൊന്നും പാര്‍ടിയുടെ പ്രവര്‍ത്തനം തടയാന്‍ കഴിയില്ലെന്ന് വന്നപ്പോഴാണ് സംസ്ഥാനത്താകെ പാര്‍ടി ഓഫീസുകള്‍ തകര്‍ത്തത്. സംസ്ഥാന കമ്മിറ്റി ഓഫീസും ഇരുപതിലേറെ സബ് ഡിവിഷണൽ, ലോക്കൽ കമ്മിറ്റി ഓഫീസുകളും നശിപ്പിച്ചു. സർക്കാരിന്റെ പിന്തുണയും പൊലീസിന്റെ മൗനാനുവാദവും അതിനുണ്ടായിരുന്നു. അഗര്‍ത്തലയിലെ സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമിക്കപ്പെടുന്നതിന് ഒരു മണിക്കൂര്‍ മുമ്പാണ് സിആര്‍പിഎഫ് സംഘം അവിടെ നിന്ന് പിൻമാറിയത്.

പ്രതിപക്ഷ നേതാവ് മണിക് സർക്കാരിനെ 15 തവണ ആക്രമിച്ചു. സ്വന്തം നിയോജകമണ്ഡലത്തിൽ പോകാൻ അനുവദിക്കുന്നില്ല. പാര്‍ടി പ്രവര്‍ത്തകരെ ആക്രമിക്കുന്ന വിവരങ്ങള്‍ റിപ്പോർട്ട് ചെയ്ത നാല്‌ മാധ്യമസ്ഥാപനങ്ങളെയും 30 മാധ്യമപ്രവർത്തകരെയും ആക്രമിച്ചു. നടന്ന എല്ലാ സംഭവങ്ങളുടെയും വിശദാംശങ്ങളിലേക്ക് പോകുന്നില്ല. ത്രിപുരയിൽ എന്താണ് നടക്കുന്നത് എന്നതിന്റെ വ്യക്തമായ സൂചനയാണ്‌ ഇത്. ഫാസിസത്തിന്റെ കാലൊച്ചയാണ് കേള്‍ക്കുന്നതെന്ന് ജനാധിപത്യവാദികള്‍ മനസ്സിലാക്കണം. അതുകൊണ്ടു തന്നെ ഇതു ത്രിപുരയുടെ മാത്രം പ്രശ്നമല്ല. ജനാധിപത്യ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നാക്രമണമാണ്. ഹിന്ദുത്വ അജൻഡയെ എതിർക്കുന്നവർ ആരായാലും അവരെ ആക്രമിച്ചും ഭയപ്പെടുത്തിയും നിശ്ശബ്ദരാക്കുകയെന്ന ആർഎസ്എസിന്റെ ദേശീയപരിപാടിയാണ് ത്രിപുരയിലും നടപ്പാക്കുന്നത്. എതിര്‍ക്കുന്നവരെ ദേശദ്രോഹികളായി മുദ്രകുത്തുന്ന സംഘപരിവാര്‍ ത്രിപുരയില്‍ നടത്തുന്നത് ശരിക്കും ദേശദ്രോഹ പ്രവര്‍ത്തനമാണ്. തങ്ങളുടെ ഹീനലക്ഷ്യം നേടാൻ ഒരു അതിർത്തി സംസ്ഥാനത്തെ വിഘടനവാദികളുടെ കൈകളിലേക്ക് എറിഞ്ഞുകൊടുക്കുകയാണ് കേന്ദ്ര ഭരണകക്ഷി.

വിഘടനവാദത്തിനും തീവ്രവാദത്തിനും പറ്റിയ സാഹചര്യം വിഭജനവും കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ അവഗണനയും ത്രിപുരയിൽ സൃഷ്ടിച്ചിരുന്നു. ഈ മണ്ണിലാണ് അവിഭക്ത കമ്യൂണിസ്റ്റ് പാർടിയും സിപിഐ എമ്മും ഗോത്രവർഗക്കാരും അല്ലാത്തവരുമായ ജനതയെ ഒന്നിച്ചുനിർത്തി വികസനത്തിനായി പോരാടിയത്

വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ പലതും വിഘടനവാദത്തിലേക്ക് വഴിതെറ്റിയപ്പോൾ അതിൽനിന്ന് വ്യത്യസ്തമായി ജനങ്ങളെ യോജിപ്പിച്ചു നിർത്തുന്നതിന് ഏറ്റവും വലിയ പങ്കുവഹിച്ച പ്രസ്ഥാനമാണ് സിപിഐ എം. ത്രിപുരയുടെ സമകാല ചരിത്രം അത് വ്യക്തമാക്കുന്നുണ്ട്. 1947ലെ ഇന്ത്യാവിഭജനംമൂലം ഒറ്റപ്പെട്ടുപോയ സംസ്ഥാനമാണ് ത്രിപുര. കിഴക്കന്‍ ബംഗാള്‍ പാകിസ്ഥാനില്‍ ചേര്‍ത്തപ്പോള്‍ ത്രിപുരയ്ക്ക് റെയില്‍–റോഡ് ബന്ധവും നദിയിലൂടെയുള്ള യാത്രാമാര്‍ഗവും നഷ്ടമായി. ത്രിപുരയുടെ വികസന ആവശ്യങ്ങള്‍ സ്വാതന്ത്ര്യാനന്തരം കേന്ദ്രത്തിലെയോ ത്രിപുരയിലെയോ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ അവഗണിക്കുകയും ചെയ്തു.

ബംഗാളിൽനിന്നുള്ള കുടിയേറ്റം ത്രിപുരയുടെ ജനസംഖ്യാഘടന തന്നെ മാറ്റിമറിച്ചു. ത്രിപുരയില്‍ ജനിച്ചുവളര്‍ന്നവരേക്കാള്‍ കൂടുതല്‍ പുറത്തുനിന്ന് വന്നവരായി. ഗോത്രവർഗക്കാരുടെ അനുപാതം കുറഞ്ഞു. ഇപ്പോൾ മൊത്തം ജനസംഖ്യയുടെ മൂന്നിലൊന്നേയുള്ളൂ ഗോത്രവർഗക്കാർ. വിഘടനവാദത്തിനും തീവ്രവാദത്തിനും പറ്റിയ സാഹചര്യം വിഭജനവും കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ അവഗണനയും ത്രിപുരയിൽ സൃഷ്ടിച്ചിരുന്നു. ഈ മണ്ണിലാണ് അവിഭക്ത കമ്യൂണിസ്റ്റ് പാർടിയും സിപിഐ എമ്മും ഗോത്രവർഗക്കാരും അല്ലാത്തവരുമായ ജനതയെ ഒന്നിച്ചുനിർത്തി വികസനത്തിനായി പോരാടിയത്. സിപിഐ എമ്മിന്‌ ജനകീയ അടിത്തറയുണ്ടാക്കിയത് ഈ പോരാട്ടമാണ്.

1978ലാണ് സിപിഐ എം നേതൃത്വത്തിൽ ആദ്യ സർക്കാർ ത്രിപുരയിൽ അധികാരത്തിൽ വന്നത്. നൃപൻ ചക്രവർത്തിയുടെ നേതൃത്വത്തിൽ 10 വർഷം ഭരിച്ച സർക്കാർ ഗോത്രവിഭാഗക്കാരെ മുഖ്യധാരയിൽ ചേർത്തുനിർത്തുന്നതിന് മാതൃകാ നടപടികളാണ് സ്വീകരിച്ചത്. ഒന്ന്: ഗോത്രവർഗ ഭാഷയായ കൊക്ബറോക് സംസ്ഥാന ഭാഷയായി അംഗീകരിച്ചു. രണ്ട്: ഗോത്രവിഭാഗക്കാർക്ക് ജോലി–-സ്ഥാനക്കയറ്റ സംവരണവും കർശനമായി നടപ്പാക്കി. മൂന്ന്: ഗോത്രവർഗക്കാരിൽനിന്ന് മറ്റുള്ളവർ കൈയടക്കിയ ഭൂമി തിരിച്ചുനൽകി. നാല്: ഗോത്രവർഗ പ്രദേശങ്ങളുടെ വികസനത്തിന് ജില്ലാ സ്വയംഭരണ കൗൺസിലുകൾ രൂപീകരിച്ചു. വിഘടനവാദത്തിൽനിന്ന് ത്രിപുരയെ രക്ഷിക്കുകയെന്ന മഹത്തായ ലക്ഷ്യത്തോടെയാണ് സിപിഐ എം ഭരണം നിർവഹിച്ചത്. അതിന് ഫലവുമുണ്ടായി. അകത്തുനിന്നും പുറത്തുനിന്നുമുള്ള സഹായം ലഭിച്ചിട്ടും വിഘടനവാദികള്‍ ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ടു.

ത്രിപുരയിൽ അധികാരം നഷ്ടപ്പെട്ട കോൺഗ്രസ് എന്താണ് ചെയ്തതെന്നുകൂടി മനസ്സിലാക്കണം. സ്വയംഭരണ കൗൺസിലുകളെ അവർ എതിർത്തു. മാത്രമല്ല, ത്രിപുര ഉപജാതി ജുബസമിതി (ടിയുജെഎസ്) എന്ന വിഘടനവാദ സംഘടന രൂപീകരിച്ചു. സിപിഐ എമ്മിന് ആദിവാസി വിഭാഗങ്ങളിലുള്ള അടിത്തറ തകർക്കുകയെന്ന ഒറ്റലക്ഷ്യമായിരുന്നു കോൺഗ്രസിന്. കൗൺസിലുകൾ രൂപീകൃതമായതോടെ ടിയുജെഎസിനെ കോൺഗ്രസ് രംഗത്തിറക്കി. 1949 ഒക്ടോബർ 15ന് (ഇന്ത്യൻ യൂണിയനിലേക്ക് ത്രിപുരയെ ചേർത്ത ദിവസം) ശേഷം വന്നവർ പുറത്തുപോകണമെന്ന്‌ ആവശ്യപ്പെട്ട് അവർ അക്രമസമരം തുടങ്ങി. ടിയുജെഎസിൽ ഒരു വിഭാഗത്തിന്റെ താവളം ചിറ്റഗോങ് മലനിരകളായിരുന്നു. അവർക്ക് പാകിസ്ഥാനിൽനിന്ന് ആയുധവും ലഭിച്ചു. സിഐഎയുടെ സഹായവും ഉണ്ടായിരുന്നെന്ന് വ്യക്തമായി. കലാപത്തിൽ ആയിരത്തിനാനൂറിലേറെ നിരപരാധികൾ കൊല്ലപ്പെട്ടു. കോൺഗ്രസും ആനന്ദമാർഗികളുടെ സംഘടനയായ അംറ ബംഗാളിയും ടിയുജെഎസുമായി കൈകോർത്തു. എന്നാൽ, ഇടതുപക്ഷ സർക്കാരും ഗോത്രവർഗപ്രസ്ഥാനമായ ഗണമുക്തി പരിഷത്തും (ജിഎംപി) ശക്തിയായി നേരിട്ടു. സ്വയംഭരണ ജില്ലാ കൗൺസിലുകളെ ഇല്ലാതാക്കാൻ കോൺഗ്രസ് നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടു. അധികാരം പിടിയ്ക്കാനും എതിര്‍പക്ഷത്തുള്ളവരെ തോല്‍പ്പിക്കാനും വിഘടനവാദം പ്രോത്സാഹിപ്പിക്കുന്ന പരിപാടി തുടങ്ങിവെച്ചത് കോണ്‍ഗ്രസ് ആണെന്ന് വ്യകതമാക്കാനാണ് ഇക്കാര്യം വിശദീകരിച്ചത്.

ടിയുജെഎസിന്റെ സായുധ വിഭാഗമായിരുന്നു ടിഎൻവി (ട്രൈബൽ നാഷണൽ വളന്റിയേഴ്സ്). ത്രിപുരയിൽ ജനങ്ങളുടെ സമാധാനം തകർത്ത ഈ പ്രസ്ഥാനത്തിന്റെ നേതാവ് ബിജോയ് ഹ്രങ്കാലുമായി 1988ലെ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പ്രധാനമന്ത്രി രാജീവ് ഗാന്ധി രഹസ്യ കരാറുണ്ടാക്കി. ടിയുജെഎസ് വ്യാപക അക്രമം അഴിച്ചുവിട്ടു. പട്ടാളത്തിന് പ്രത്യേക അധികാരം നൽകുന്ന എഎഫ്എസ്‌പിഎ ത്രിപുരയിലാകെ രാജീവ് ഗാന്ധി ബാധകമാക്കി. ഒരുഭാഗത്ത് വിഘടനവാദികളുടെയും മറുഭാഗത്ത് സൈന്യത്തിന്റെയും പിൻബലത്തിൽ 1988ൽ കോൺഗ്രസ് അധികാരം പിടിച്ചു. അഞ്ചുവർഷം കഴിഞ്ഞപ്പോൾ ജനങ്ങൾ വീണ്ടും സിപിഐ എമ്മിനെ അധികാരത്തിൽ കൊണ്ടുവന്നു. 1993 മുതൽ തുടർച്ചയായി 25 വർഷം ത്രിപുര സിപിഐ എം ഭരണത്തിലായി.


 

ദശരഥ് ദേബും തുടർന്ന് 20 വർഷം മണിക് സർക്കാരും നയിച്ച ഇടതുപക്ഷ സർക്കാർ എല്ലാ മേഖലയിലും വികസനമെത്തിച്ചു. ഗോത്രവർഗക്കാർ, പട്ടികജാതിക്കാർ, പിന്നോക്ക സമുദായങ്ങൾ, മതന്യൂനപക്ഷങ്ങൾ എന്നിവരെ ഇതരവിഭാഗങ്ങൾക്കൊപ്പം യോജിപ്പിച്ചു നിർത്തി. പ്രാദേശിക തെരഞ്ഞെടുപ്പുകൾ കൃത്യമായി നടന്നു. വനാവകാശനിയമം നടപ്പാക്കുന്നതിൽ രാജ്യത്ത് ഒന്നാം സ്ഥാനത്തേക്ക് ത്രിപുര വന്നു. സ്വയംഭരണ കൗൺസിലുകൾ ഗോത്രജീവിതത്തിൽ വലിയ മാറ്റമുണ്ടാക്കി.

ഇത്‌ പറയുമ്പോൾ പ്രസക്തമായ ഒരു ചോദ്യമുയരും. ഇത്രയും മികച്ച പ്രവർത്തനം കാഴ്ചവച്ച സിപിഐ എമ്മിന് എങ്ങനെ ഭരണം നഷ്ടപ്പെട്ടു. പല ഘടകമുണ്ടെങ്കിലും പ്രധാനം കോൺഗ്രസ് പാർടിയാകെ ബിജെപിയിലേക്ക് ഒഴുകിയതാണ്. 2013ൽ കോൺഗ്രസിനും ഐഎൻപിടിക്കും (ഇൻഡിജിനസ് നാഷണലിസ്റ്റ് പാർടി ഓഫ് ത്രിപുര) 44.65 ശതമാനം വോട്ട് കിട്ടി. ബിജെപി അധികാരംപിടിച്ച 2018ൽ കോൺഗ്രസിന് കിട്ടിയത് 1.78 ശതമാനംമാത്രം. ഇടതുപക്ഷത്തിന്റെ വോട്ട് 52.32 ശതമാനത്തിൽനിന്ന് 44.87 ആയാണ് കുറഞ്ഞത്. കോൺഗ്രസിന്റെ ഒരുപാട് നേതാക്കളും എംഎൽഎമാരും ബിജെപിയിലേക്ക് ചേക്കേറി. പലരും അവരുടെ സ്ഥാനാർഥികളുമായി.

എന്നാൽ, കോൺഗ്രസിൽനിന്നുള്ള കൂറുമാറ്റം മാത്രമായിരുന്നില്ല ഇടതുപക്ഷത്തിന്റെ പിറകോട്ടടിക്ക് കാരണം. 2014ൽ നരേന്ദ്ര മോദി പ്രധാനമന്ത്രിയായതുമുതൽ ത്രിപുരയിലെ സിപിഐ എം സർക്കാരിനെ താഴെയിറക്കാൻ ബിജെപിയും ആർഎസ്എസും ശ്രമമാരംഭിച്ചിരുന്നു. അതിനുവേണ്ടി കേന്ദ്ര സഹായത്തോടെ എല്ലാ അടവുംപയറ്റി. ആദ്യം ചെയ്തത്, നിരോധിക്കപ്പെട്ട തീവ്രവാദപ്രസ്ഥാനമായ എൻഎൽഎഫ്ടിയുടെ (നാഷണൽ ലിബറേഷൻ ഫ്രണ്ട് ഓഫ് ത്രിപുര) മുന്നണി സംഘടനയായ ഐപിഎഫ്ടിയുമായി (ഇൻഡിജിനസ് പീപ്പിൾസ് ഫ്രണ്ട് ഓഫ് ത്രിപുര) രഹസ്യ ധാരണയുണ്ടാക്കുകയാണ്. അവർക്ക് ഡൽഹിയിൽനിന്ന് ഇഷ്ടംപോലെ പണം നൽകി. ത്രിപുരയെ വെട്ടിമുറിച്ച് ഓട്ടോണമസ് കൗൺസിലിന് പരിധിയിലുള്ള പ്രദേശങ്ങൾ കൂട്ടിച്ചേർത്ത് ‘ത്വിപ്രലാൻഡ്’ എന്ന സംസ്ഥാനം രൂപീകരിക്കണമെന്ന ആവശ്യം 2015ൽ അവർ മുന്നോട്ടുവച്ചു. ഇടതുപക്ഷവും ജിഎംപിയും ശക്തമായി എതിർത്തു. ഇത് അംഗീകരിച്ചാൽ ത്രിപുര പന്ത്രണ്ടോ പതിമൂന്നോ കഷണമാകും. പക്ഷേ, ഈ വിഭജനവാദത്തിന് കേന്ദ്ര ഭരണകക്ഷിയുടെ നേതാക്കൾ പരസ്യപിന്തുണ നൽകി. ഗോത്രവർഗക്കാർക്കിടയിൽ അവർ സ്വത്വരാഷ്ട്രീയവും ഉപയോഗിച്ചു. അതിനൊക്കെ പുറമെ, ഹിന്ദുത്വ വർഗീയ കാർഡും.

2017ൽ ഐപിഎഫ്ടിയും ബിജെപിയും ചേർന്ന് കലാപം അഴിച്ചുവിട്ടു. തൃണമൂൽ കോൺഗ്രസിന്റെ സഹായവും കിട്ടി. നന്ദിഗ്രാമിന്റെ മറ്റൊരു പതിപ്പ്. മാധ്യമങ്ങളെയും ബിജെപി വിലയ്‌ക്കെടുത്തു. അമിത് ഷാ തന്നെയാണ് നയിച്ചത്. കോടിക്കണക്കിനു രൂപയുടെ പരസ്യം മാധ്യമങ്ങൾക്കു നൽകി. പോരാത്തവർക്ക് നേരിട്ട് പണവും നൽകി. ബംഗാളികളും ഗോത്രവർഗക്കാരും തമ്മിലെ അകൽച്ച സംഘർഷമാക്കി മാറ്റാനും ശ്രമം നടന്നു. അപവാദപ്രചാരണത്തിന് സിബിഐയെയും ഉപയോഗിച്ചു. 2018ലെ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഐപിഎഫ്ടി നേതാക്കൾ പ്രധാനമന്ത്രിയുടെ ഓഫീസുമായും ബിജെപി ആസ്ഥാനവുമായും നിരന്തരം ബന്ധപ്പെട്ടു. പ്രധാനമന്ത്രിയുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെട്ടാണ് അവർ കലാപമഴിച്ചുവിട്ടത്.

2018ൽ കുത്സിത മാർഗങ്ങളും വർഗീയതയും വിഘടനവാദവും പണവും ഉപയോഗിച്ച് സിപിഐ എമ്മിനെ തോൽപ്പിച്ചെങ്കിലും പാർടിയുടെ ജനകീയ അടിത്തറ തകർക്കാൻ ബിജെപിക്ക് കഴിഞ്ഞിട്ടില്ല. അതുകൊണ്ടാണ് നിരന്തരമായ ആക്രമണം പാർടിക്കുനേരെ നടത്തുന്നത്. ഇതിനെ എല്ലാ ജനാധിപത്യ പാർടിയും ഒന്നിച്ചുനിന്ന് എതിർക്കേണ്ടതുണ്ട്. ഇന്ത്യൻ രാഷ്ട്രീയ ഘടനയുടെ വലതുപക്ഷവൽക്കരണത്തെയും രാജ്യത്തെ വിറ്റുതുലയ്ക്കുന്ന സാമ്പത്തിക നയങ്ങളെയും ചെറുക്കാൻ ബദൽ നയങ്ങളുയർത്തി പ്രവർത്തിച്ചവയാണ് ഇടതുപക്ഷ സർക്കാരുകൾ.

ബംഗാളും കേരളവും ത്രിപുരയും പുലർത്തിയ ഇടതുപക്ഷ മനസ്സാണ് ഹിന്ദുത്വ വർഗീയതയ്ക്കും ആഗോളവൽക്കരണത്തിനും എതിരായ പ്രതിരോധമുയർത്തിയത്. പ്രതിപക്ഷത്തിരുന്നും ജനകീയ വിഷയങ്ങളുയർത്താൻ ത്രിപുരയിൽ പാർടി നടത്തുന്ന പരിശ്രമങ്ങൾക്ക് സ്വീകാര്യത വർധിച്ചിട്ടുമുണ്ട്. സിപിഐ എമ്മിനെ തകർക്കുകയെന്ന ഗൂഢാലോചനയുടെ പ്രയോഗമാണ് ബിജെപിയുടെ ഈ ആക്രമണങ്ങൾ.

വാഗ്ദാനങ്ങൾ പാലിക്കാത്ത ബിജെപി ഭരണത്തിനെതിരെ ഉയരുന്ന പ്രതിഷേധത്തെ തകർക്കാനുള്ള ശ്രമത്തെ ത്രിപുരയിലെ ജനങ്ങളും പാർടിയും ചെറുക്കും. ബിജെപിയുടെ ഫാസിസ്റ്റ് നീക്കങ്ങളെ ജനങ്ങളെ അണിനിരത്തി എതിർക്കാൻ തന്നെയാണ് ത്രിപുരയിലെയും ഇന്ത്യയിലാകെയുമുള്ള കമ്യൂണിസ്റ്റുകാരുടെ തീരുമാനം. ഇന്ത്യ ഒരു ജനാധിപത്യ രാഷ്ട്രമായി നിലനിൽക്കണമോ എന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top