25 April Thursday

ഇതോ ക്രിസ്തുശിഷ്യരുടെ മാര്‍ഗം - യൂഹാനോൻ മാർ 
മിലിത്തോസ് മെത്രാപോലീത്താ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Apr 15, 2023

നമ്മൾ മനുഷ്യരിൽ വിവേകശാലികളായവർ ഒരു പ്രസ്ഥാനത്തോടോ സംഘടനയോടോ ആഭിമുഖ്യം പ്രഖ്യാപിക്കുമ്പോൾ അവരുടെ അടിസ്ഥാന തത്ത്വസംഹിതയും വിവിധ വിഷയങ്ങളിലെ നിലപാടുകളും പരിശോധിച്ചിട്ടായിരിക്കും ചെയ്യുക. അവിടെയാണ്‌ ഈ അടുത്തകാലത്തുണ്ടായ ചില ക്രൈസ്തവ മേലധ്യക്ഷന്മാരുടെ ആഭിമുഖ്യ പ്രഖ്യാപനങ്ങളെ വിമർശപരമായി പരിശോധിക്കേണ്ടത്. ക്രൈസ്തവ തത്ത്വശാസ്ത്രം നിർണയിച്ചത് യേശുവിന്റെ പ്രവൃത്തികൾ, പ്രസംഗങ്ങൾ, അക്കാലത്തെ മത–- രാഷ്ട്രീയ നേതൃത്വത്തിന്റെ നീതിനിഷേധവും മനുഷ്യത്വരഹിതവുമായ പ്രവൃത്തികൾക്കെതിരെയുള്ള നിലപാടുകളാണ്‌. യേശുവിന്റെ കാലഘട്ടത്തിലെ സമൂഹം ഏറെ വിഭാഗീയവും പാർശ്വവൽക്കരിക്കപ്പെട്ടതും തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും നിലനിന്നിരുന്നതുമായിരുന്നു.

അക്കാലത്തെ മുന്തിയ സമൂഹമായ ജൂതസമൂഹം രാഷ്ടീയാധികാരികളായിരുന്ന റോമൻ നേതൃത്വത്തോടു ചേർന്നാണ്‌ ഈ സാമൂഹ്യവ്യവസ്ഥ നിലനിർത്തിയിരുന്നത്. ഇതിനെയാണ്‌ യേശു വിമർശിക്കാനും അപഹസിക്കാനും തന്റെതന്നെ ശൈലിയിൽ തിരുത്താനും വിപ്ലവകരമായ ശൈലിയിൽ ശ്രമിച്ചത്. ഈ നിലപാട് അദ്ദേഹത്തിന്റെ കൊലപാതകത്തിലാണ്‌ കൊണ്ടുചെന്നെത്തിച്ചത്. എന്നാൽ, ഈ നിഷേധത്തിന്‌ മൂന്നു ദിവസത്തിൽ കൂടുതൽ ആയുസ്സ്‌ ഉണ്ടായിരുന്നില്ലെന്നും മരണത്തെ അതിജീവിച്ച അദ്ദേഹം ഉയിർത്തെന്നുമാണ്‌ ക്രൈസ്തവ വിശ്വാസം.ഈ വിശ്വാസം അടിസ്ഥാനതത്ത്വമായി സ്വീകരിച്ച ക്രൈസ്തവ ലോകം വിവേചനരഹിതവും നീതിയുക്തവുമായ ഒരു സമൂഹം കെട്ടിപ്പടുക്കാൻ ശ്രമിച്ചു. അതിന്റെ പരിണതഫലമാണ്‌ ഇന്ന് കാണുന്ന ക്രൈസ്തവസഭകൾ. പക്ഷേ, കാലഗതിയിൽ ആ സമൂഹവും അവർ ഏതൊന്നിനെ നിഷേധിച്ച് പുതിയ സമൂഹമായി രൂപംകൊണ്ടുവോ അവയെ എല്ലാം തിരികെ ആശ്ലേഷിച്ച കഥയാണ്‌ ചരിത്രത്തിൽ നാം കാണുന്നത്. അതിന്റെ ഏറ്റവും ഉചിതമായ ഉദാഹരണമാണ്‌ കാൾ മാർക്സിനും അദ്ദേഹം ആഹ്വാനംചെയ്ത സോഷ്യലിസ്റ്റ് വ്യവസ്ഥയ്‌ക്കുമെതിരെ മുതലാളിത്തവ്യവസ്ഥയെ പ്രോത്സാഹിപ്പിച്ച പാശ്ചാത്യ ലോകത്തെ അനുകരിച്ച് എടുത്ത നിലപാടുകൾ. ഇതിന്റെ മറ്റൊരു ഉദാഹരണമാണ് ജർമനിയിലെ ഹിറ്റ്‌ലറുടെ ജൂതനിർമൂലന പദ്ധതിയെ പിന്തുണച്ച അക്കാലത്തെ മുൻനിര ക്രൈസ്തവസഭകൾ എടുത്ത നിലപാട്. സമാനമായ മുസോളിനിയുടെ നിലപാടുകളിൽനിന്നും ഹിറ്റ്‌ലറുടെ നിർമൂലന ശൈലിയിൽനിന്നും പ്രചോദനം ഉൾക്കൊണ്ട ഇന്ത്യയിലെ രാഷ്ട്രീയ സ്വയം സേവക് എന്ന തീവ്രസവർണ ഹിന്ദുത്വ പ്രസ്ഥാനത്തിന്റെയും അതിന്റെ വിവിധ ഉപഘടകങ്ങളുടെയും ഇന്ത്യയിലെ പലയിടത്തെയും പ്രത്യേകിച്ച് കേരളത്തിലെയും പ്രവർത്തനശൈലിയോട് ഇക്കാലത്തെ പല ക്രൈസ്തവമത നേതാക്കളും സ്വീകരിക്കുന്ന അനുകൂല നിലപാട്.

ഈ അടുത്തിടെ ഉണ്ടായ രണ്ടുമൂന്ന് പരസ്യപ്രസ്താവനകൾ ഇതിന്‌ ഉദാഹരണമായി കാണാം. അവയിൽ ഒന്നാമത്തേത് റബറിന്റെ വില 300 രൂപയാക്കുമെങ്കിൽ ബിജെപിയെ പിന്തുണയ്‌ക്കുമെന്നതാണ്‌. മറ്റൊന്ന് ‘ക്രൈസ്തവർ മോദി ഭരണത്തിൽ ഒരുതരത്തിലും അരക്ഷിതരല്ല' എന്നത്‌. സമാനരൂപത്തിൽ മറ്റൊരു പിതാവിന്റെ പ്രഖ്യാപനവും കണ്ടു. ബിജെപി എന്നാൽ എന്താണെന്നും അതിന്റെ മാതൃപ്രസ്ഥാനത്തിന്റെ പ്രഖ്യാപിത നിലപാട് എന്താണെന്നും ബിജെപിയെന്ന ഉപഘടകം കഴിഞ്ഞ ഭരണകാലത്തും ഇപ്പോഴും എന്തുശൈലിയാണ്‌ തുടരുന്നതെന്ന്‌ പരിശോധിക്കാൻ ഈ പ്രസ്താവന നടത്തിയവർ തുനിഞ്ഞെങ്കിൽ ഇപ്രകാരം പറയുമായിരുന്നില്ല. ബിജെപി ആർഎസ്‌എസ്‌ എന്ന പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ സംഘടനാ രൂപമാണെന്നതും ഇന്ത്യയിൽ സവർണ ഹിന്ദുത്വരാഷ്ട്രം സ്ഥാപിക്കുക എന്നതിനായി പ്രതിജ്ഞാബദ്ധമാണെന്നും അവർ പ്രഖ്യാപിച്ചിട്ടുള്ളതാണ്‌. ക്രിസ്ത്യാനികളും മുസ്ലിമുകളും ഈ രാജ്യത്തെ ഇതര ന്യൂനപക്ഷ സമുദായങ്ങളും രാജ്യത്തുനിന്നും ആട്ടിപ്പായിക്കേണ്ടവരാണെന്നും അല്ലാത്തപക്ഷം സവർണ ഹൈന്ദവഭരണത്തിൽ അടിമകളായിരിക്കേണ്ടവരാണെന്നും ‘നാം, നമ്മുടെ ദേശീയത നിർവചിക്കപ്പെടുന്നു' എന്നതിൽ വ്യക്തമാക്കിയിട്ടുണ്ട്‌. ഈ ലക്ഷ്യത്തെ നിലനിൽക്കുന്ന സാഹചര്യം പരിഗണിച്ചാണ് ഓരോ കാലത്തും നടപ്പാക്കാൻ ബിജെപി ശ്രമിച്ചുകൊണ്ടിരുന്നത്‌.

ഇതിന്റെ വിശദാംശങ്ങളിലേക്ക് പലവട്ടം പലരും അന്വേഷണം നടത്തിയിട്ടുണ്ട്‌.  ‘ക്രൈസ്തവർ മോദി ഭരണത്തിൽ ഒരുതരത്തിലും അരക്ഷിതരല്ല' എന്നതിന്റെ സാധൂകരണംമാത്രം പരിശോധിക്കാനാണ്‌ ശ്രമിക്കുന്നത്. കേന്ദ്ര സർക്കാർ 1992ൽ രൂപീകരിച്ച ദേശീയ ന്യൂനപക്ഷ കമീഷന്റെ കണക്കുപ്രകാരം ഓരോ വർഷവും നൂറുകണക്കിന്‌ അതിക്രമങ്ങൾ ക്രൈസ്തവർക്കെതിരെ രാജ്യത്ത് നടക്കുന്നുണ്ട്. ബിജെപി ഭരിച്ച സംസ്ഥാനങ്ങളിൽ അവ വ്യാപകമായിരുന്നു. കേന്ദ്രത്തിൽ അധികാരത്തിൽ വന്നതിനുശേഷം അതിന്റെ വ്യാപനം രാജ്യത്ത് മുഴുവനുമായെന്ന്‌ 2009 ഫെബ്രുവരിയിലെ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. 2020ൽ പുറത്തിറക്കിയ യുണൈറ്റഡ് സ്റ്റേറ്റ്സ് കമീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം ചൈനയ്‌ക്കും പാകിസ്ഥാനും സൗദി അറേബിയക്കും ഒപ്പം ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള ആക്രമണങ്ങളുടെ കാര്യത്തിൽ ഒന്നാം സ്ഥാനത്താണ്‌ ഇന്ത്യയെ ഉൾപ്പെടുത്തിയിരിക്കുന്നത്. രാഷ്ട്രീയ നേട്ടത്തിനുവേണ്ടി ഹിന്ദുതീവ്രവാദ സംഘടനകളായ വിഎച്ച്പി, ബജ്റംഗദൾ, ആർഎസ്‌എസ്‌, ബിജെപി എന്നിവ ചേർന്ന് ഭീകരമായ പീഡനമാണ്‌ നടപ്പാക്കുന്നതെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച് പറയുന്നു. ഈ സാഹചര്യത്തിലാണ്‌ 2023 ഫെബ്രുവരി 19ന്‌ ഡൽഹിയിലെ ജന്തർമന്തറിൽ നൂറിലധികം ക്രൈസ്തവ സമൂഹങ്ങൾ ചേർന്നു നടത്തിയ പ്രതിഷേധസംഘത്തെ കാണേണ്ടത്.  ‘ഛത്തീസ്ഗഢ്‌, ജാർഖണ്ഡ്‌, മധ്യപ്രദേശ്, ഉത്തർപ്രദേശ്, കർണാടകം എന്നിവിടങ്ങളിൽ പൊതുവെയും മറ്റു പലയിടങ്ങളിൽ പ്രത്യേകമായും ക്രൈസ്തവർക്കും ക്രൈസ്തവസഭയ്‌ക്കുമെതിരെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചുള്ള ആശങ്ക പ്രകടിപ്പിക്കാനാണ് തങ്ങൾ സമ്മേളനം നടത്തിയത്' എന്നാണ്‌ അതിന്റെ സംഘാടകർ പ്രഖ്യാപിച്ചത്. ഗുജറാത്തിലെ 25 ഗ്രാമത്തിലായി 1998 ഡിസംബർ 25നു ശേഷം 10 ദിവസം നീണ്ട ആക്രമണങ്ങളിലായി അനേകം ദേവാലയങ്ങളാണ്‌ നശിപ്പിച്ചത്. അതിന്റെ തലേവർഷം വടക്കൻ സംസ്ഥാനങ്ങളിൽ 25 പള്ളി നശിപ്പിക്കപ്പെടുകയോ ആക്രമിക്കപ്പെടുകയോ ചെയ്തു. അവയിൽ 16ഉം ഗുജറാത്തിലാണ്‌. ഒഡിഷയിലെ ഗജപതി ജില്ലയിൽ 1999 ആഗസ്‌തിൽ രണ്ടായിരത്തോളം സംഘപരിവാർ പ്രവർത്തകർ ചേർന്നു നടത്തിയ ക്രൈസ്തവ വേട്ടയുടെ ഭീകരത ചരിത്രത്തിലുണ്ട്‌. ഇതിന്റെ ഭാഗമായി 157 ക്രിസ്ത്യൻ വീട്‌ കൊള്ളയടിക്കപ്പെടുകയും നശിപ്പിക്കുകയുമുണ്ടായി.

2007–-2008ൽ ഒഡിഷയിലെ കാന്ദമാലിൽ ആവർത്തിച്ചുണ്ടായ ഹിന്ദുതീവ്രവാദ സഘടനകളുടെ ആക്രമണത്തിൽ നൂറുകണക്കിനു വീടുകളാണ്‌ തീവച്ച് നശിപ്പിച്ചത്. 50,000 ഗ്രാമവാസികളായ ക്രിസ്ത്യാനികളാണ്‌ കാട്ടിൽ അഭയം തേടേണ്ടിവന്നത്. വൈദികരെയും കന്യാസ്ത്രീകളെയും വിവസ്ത്രരാക്കി തെരുവിലൂടെ നടത്തുകയും ചത്ത പശുക്കളുടെ മുമ്പിൽ നിർത്തി ചിത്രമെടുത്ത് പ്രചരിപ്പിച്ച് ആക്രമണം വർധിപ്പിക്കുകയുമുണ്ടായി. സംഭവത്തിന്റെ തീവ്രത ശമിക്കുന്നതിനു മുമ്പേ ആ ഗ്രാമങ്ങൾ സന്ദർശിക്കാനും ഹൃദയഭേദകമായ ചിത്രങ്ങൾ കാണാനും എനിക്ക്‌ അവസരമുണ്ടായി. അവിടെ കത്തോലിക്കാ സഭയിലെ മെത്രാനായിരുന്ന മാർ റാഫേൽ ചീനാത്ത് നിറകണ്ണുകളോടെയാണ്‌ അദ്ദേഹത്തിന്റെ ജനങ്ങൾ അനുഭവിച്ച പീഡനം വിവരിച്ചത്. ആക്രമണത്തിനെതിരായ ബിഷപ്പിന്റെ നിലപാടുമൂലം ഏറെനാൾ ഒഡിഷയിൽ വരാൻ സാധിക്കാത്ത അവസ്ഥയുണ്ടായി. കർണാടക സംസ്ഥാനത്തെ ക്രൈസ്തവവേട്ട തികച്ചും അപലപനീയമാണ്‌. ഇവയെക്കുറിച്ചുള്ള ബംഗളൂരു ആർച്ച് ബിഷപ് മാർ പീറ്റർ മക്കർദോയുടെ അങ്കലാപ്പുണ്ടാക്കുന്ന പ്രസ്താവനകൾ തന്റെ ജനങ്ങളെക്കുറിച്ചുള്ള കരുതലിന്റെ പ്രകടഭാവമാണ്‌. ‘കർണാടകയിൽ ഒരു ക്രിസ്ത്യാനിയായിരിക്കുക അപകടകരമാണ്‌’ എന്നാണ്‌ അദ്ദേഹം എൻഡിടിവി അഭിമുഖത്തിൽ പറഞ്ഞത്. ഗ്രഹാം സ്റ്റെയിൻസിന്റേത് പഴയ കഥയാണെങ്കിൽ ഛത്തീസ്ഗഢിൽ ആദിവാസി ക്രിസ്ത്യാനികൾക്കെതിരെ ആക്രമണം നടന്നത് ജനുവരിയിലാണ്‌. ആക്രമണം തടയാൻ ചെന്ന പൊലീസുകാരെയും ആക്രമിച്ചു. ഖർ വാപസിയുടെ പേരിൽ ക്രൈസ്തവർക്കെതിരെ നടക്കുന്ന നിർബന്ധിത ഹൈന്ദവവൽക്കരണത്തെ ഭയന്ന് ഇവിടെ അനേകം ദളിതർ നാടുവിട്ടുപോകേണ്ടിവരുന്നു. ക്രിസ്‌മസ് ദിനങ്ങളിൽ ഉത്തരാഖണ്ഡിൽ നടന്നതും പഴയതല്ല.

മതപരിവർത്തനത്തിനെതിരായ നിയമത്തിന്റെ മറവിൽ നടക്കുന്ന ആക്രമണങ്ങൾ അനവധിയാണ്‌. ഇങ്ങനെ വിവരിക്കാൻ തുടങ്ങിയാൽ അതിരുണ്ടാകില്ല. അവിടെയാണ്‌  ചിലർ സ്വന്തം താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്തവരോട് ആഭിമുഖ്യം പ്രഖ്യാപിച്ച് രാജ്യത്തിന്റെ മതസ്വാതന്ത്ര്യത്തെ ഒറ്റുകൊടുക്കാൻ ശ്രമിക്കുന്നത്. ഈ പ്രവണതയെ കേരളത്തിലെ ക്രൈസ്തവർ ഉൾപ്പെടുന്ന പൊതുസമൂഹം തള്ളിക്കളയും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top