30 September Friday

മണലാരണ്യത്തിലും ക്വാഡ്

ഡോ. ജോസഫ് ആന്റണിUpdated: Tuesday Jul 19, 2022

അമേരിക്കൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനുശേഷം ജോ ബൈഡൻ ആദ്യമായി പശ്ചിമേഷ്യ സന്ദർശിച്ചു. ജൂലൈ 13മുതൽ 16വരെയുള്ള യാത്ര ആരംഭിച്ചത്, അമേരിക്ക സൈനികവും സാമ്പത്തികവും രാഷ്ട്രീയവുമായ എല്ലാ പിന്തുണയും വാരിക്കോരിനൽകുന്ന ഇസ്രയേലിൽനിന്നാണ്. അമേരിക്കൻ സെനറ്ററായിരിക്കെ ആദ്യമായി ഇസ്രയേൽ സന്ദർശിച്ചതിന്റെ അമ്പതാം വർഷത്തിലാണ് പ്രസിഡന്റ്  ബൈഡന്റെ സന്ദർശനം. ഇസ്രയേലിനുപുറമെ, പലസ്തീനും സൗദി അറേബ്യയും ബൈഡൻ സന്ദർശിച്ചു.

ഇപ്പോൾ നിലനിൽക്കുന്ന സുപ്രധാനങ്ങളായ രണ്ട്‌ സംഭവവികാസത്തിന്റെ പശ്ചാത്തലമാണ്‌ ബൈഡന്റെ പശ്ചിമേഷ്യൻ യാത്രയ്ക്ക് പ്രാധാന്യംനൽകിയത്. ആദ്യത്തേത് റഷ്യ–-ഉക്രയ്‌ൻ യുദ്ധംതന്നെയാണ്. രണ്ടാമത്തേത് ഓസ്ട്രിയൻ തലസ്ഥാനമായ വിയന്നയിൽ നടക്കുന്ന ഇറാൻ ആണവകരാർ ചർച്ചകൾ. ഒരു ഇസ്രയേലി മാധ്യമത്തിനുനൽകിയ അഭിമുഖത്തിൽത്തന്നെ ബൈഡൻ തന്റെ പശ്ചിമേഷ്യൻയാത്രയുടെ ലക്ഷ്യം വെളിവാക്കുകയുണ്ടായി. അത് ഇറാനെ തടഞ്ഞുകൊണ്ട് തങ്ങളുടെ ഉറ്റമിത്രമായ ഇസ്രയേലിനെ സംരക്ഷിക്കുകയെന്നതാണ്. എന്തുവിലകൊടുത്തും ഇറാന്റെ ആണവപരിപാടി അവസാനിപ്പിക്കുമെന്നും അതിനാവശ്യമെങ്കിൽ ബലപ്രയോഗത്തിനുവരെ തയ്യാറാകുമെന്നുമാണ്,  ഇസ്രയേൽ പ്രധാനമന്ത്രിയായ യായ്‌ർ ലാപിഡുമായി നടത്തിയ ചർച്ചകൾക്കുശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലും പ്രഖ്യാപിച്ചത്.  യാത്രയുടെ ഭാഗമായി, ബൈഡൻ പലസ്തീനും സന്ദർശിച്ചതിനുശേഷം സൗദി അറേബ്യയിലാണെത്തിയത്. മെയ് 11ന് ഇസ്രയേലി ഭടന്റെ വെടിയേറ്റുമരിച്ച പലസ്തീൻകാരിയായ അൽ ജസീറയുടെ ലേഖിക ഷിറീൻ അബു അഖ്‌ലെയുടെ കൊലപാതകത്തെ അപലപിക്കാൻപ്പോലും തയ്യാറാകാതെയാണ് ബൈഡൻ പലസ്തീൻ സന്ദർശിച്ചുവെന്നത്,  പലസ്തീൻപ്രശ്നത്തിൽ അമേരിക്കയുടെ ഇസ്രയേലി അനുകൂലനിലപാടിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്.

പലസ്തീനികൾ ഈ സന്ദർശനത്തിൽനിന്ന്‌ കാര്യമായൊന്നും പ്രതീക്ഷിക്കുന്നുമില്ല. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പുവേളയിൽത്തന്നെ, ‘വാഷിങ്‌ടൺ പോസ്റ്റ്’ പത്രത്തിന്റെ ലേഖകനായിരുന്ന ജമാൽ ഖഷോഗിയുടെ വധത്തിനുത്തരവാദിയായ സൗദി അറേബ്യക്കെതിരെ മനുഷ്യാവകാശ ധ്വംസനത്തിനെതിരായ  കടുത്തനടപടി സ്വീകരിക്കുമെന്ന്‌ വീമ്പടിച്ച ബൈഡനാണ് പറഞ്ഞതെല്ലാം വിഴുങ്ങി ജിദ്ദയിൽ വിമാനമിറങ്ങിയത്. ഉക്രയ്‌ൻ–-റഷ്യ യുദ്ധത്തെതുടർന്നുണ്ടായിരിക്കുന്ന ഇന്ധനക്ഷാമം പരിഹരിക്കുന്നതിൽ സഹായംതേടലാണ്  സൗദിസന്ദർശനത്തിന്റെ പ്രധാനലക്ഷ്യം. പശ്ചിമേഷ്യയിൽ ഇസ്രയേലിന്റെ പ്രധാനശത്രുവായ ഇറാനെതിരായി രൂപീകൃതമായ ഐ2യു2 ഉന്നതതലസമ്മേളനം സൗദിക്കും സന്തോഷമുള്ള കാര്യമാണ്. ഇറാന്റെ ആണവപദ്ധതിക്കെതിരായുള്ള സൗദി–-ഇസ്രയേൽ സഹകരണം പരസ്യമായ രഹസ്യമാണുതാനും.

പശ്ചിമേഷ്യൻ യാത്രയുടെ ഭൂതന്ത്രപരമായ പ്രാധാന്യം, അമേരിക്കയുടെ കാർമികത്വത്തിൽ രൂപംകൊണ്ട ഇന്ത്യയും ഇസ്രയേലും യുഎസും യുഎഇയും അംഗങ്ങളായുള്ള ‘ഐ2യു2’ എന്നപേരിലുള്ള  ചതുർരാഷ്ട്രസഖ്യത്തിന്റെ ആദ്യ ഉന്നതതലസമ്മേളനം തന്നെയായിരുന്നു. അത്, നിലവിൽ അമേരിക്കയുടെ നേതൃത്വത്തിൽ ഇന്ത്യയും ഓസ്‌ട്രേലിയയും ജപ്പാനും അംഗങ്ങളായി 2007ൽ  നിലവിൽവന്ന ക്വാഡും അമേരിക്ക, പാകിസ്ഥാൻ, അഫ്‌ഗാനിസ്ഥാൻ, ഉസ്‌ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങൾചേർന്ന് 2021 ജൂലൈയിൽ രൂപീകരിച്ച ക്വാഡിനുംപുറമെ, പശ്ചിമേഷ്യ കേന്ദ്രീകരിച്ച് മൂന്നാമതൊരു ക്വാഡിനുകൂടി ജന്മംനൽകലായിരുന്നു. അമേരിക്കൻ പ്രസിഡന്റ് ബൈഡൻ എന്തിനാണ് കിഴക്കൻ ഏഷ്യയിലും മധ്യേഷ്യയിലും പശ്ചിമേഷ്യയിലും ഓടിനടന്ന്‌ ചതുർരാഷ്ട്രസഖ്യങ്ങൾ രൂപീകരിക്കുന്നത്? ദുർബലമാകുന്ന അമേരിക്കയുടെ ആഗോളമേധാവിത്വം പുനഃസ്ഥാപിക്കാനുള്ള അറ്റകൈപ്രയോഗങ്ങളാണ് ഇവയെല്ലാം. പശ്ചിമേഷ്യൻ ക്വാഡിലൂടെ അമേരിക്ക എന്താണ് ലക്ഷ്യമിടുന്നത്?

നിരവധി പശ്ചിമേഷ്യൻരാജ്യങ്ങളിൽ ഇന്ത്യയുടെ അംബാസഡറായി പ്രവർത്തിച്ചിരുന്ന എഴുത്തുകാരനും ചിന്തകനുമാണ് തൽമീസ് അഹമ്മദ്. അദ്ദേഹത്തിന്റെ "വെസ്റ്റ് ഏഷ്യ അറ്റ് വാർ' എന്ന പുതിയ പുസ്തകത്തിൽ പശ്ചിമേഷ്യയിൽ അമേരിക്കയുടെ ലക്ഷ്യം എന്താണെന്ന് കൃത്യമായി പറഞ്ഞിട്ടുണ്ട്. തൽമീസിന്റെ വാക്കുകൾ ഇങ്ങനെയാണ്: ആഗോളമേധാവിത്വം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായി, അമേരിക്കയ്ക്ക് പശ്ചിമേഷ്യയിൽ പ്രധാനമായും രണ്ട് ലക്ഷ്യമാണുള്ളത്:

1. ഇറാനെ പ്രതിരോധിച്ചുകൊണ്ട് ഇസ്രയേലിന്റെ സുരക്ഷ ഉറപ്പാക്കുക;

2. പശ്ചിമേഷ്യൻ ഇന്ധനലഭ്യത തടസ്സംകൂടാതെ ലഭ്യമാക്കുക.

ഇപ്പോൾ അമേരിക്കയുടെ നേതൃത്വത്തിൽ രൂപംകൊള്ളുന്ന ഐ2യു2 എന്ന പുതിയ സംഘടന ലക്ഷ്യമിടുന്നതും ഇതുതന്നെയാണെങ്കിലും കരാറിന്റെ കുന്തമുന പ്രധാനമായും നീളുന്നത് ഇറാനിലേക്കാണ്. പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ ജൂൺ 15ന് ഐ2യു2വിനെക്കുറിച്ച്  പ്രസിദ്ധീകരിച്ച വാർത്തയിൽ,  ഈ സംഘടനയുടെ രൂപീകരണത്തിന്റെ ലക്ഷ്യത്തെക്കുറിച്ച് വൈറ്റ് ഹൗസിനെ ഉദ്ധരിച്ചുകൊണ്ട് പറഞ്ഞത്, ലോകത്താകമാനമുള്ള അമേരിക്കൻ സഖ്യങ്ങളെ ശക്തിപ്പെടുത്താനും ഉത്തേജിപ്പിക്കാനും നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമായാണ് നാലു രാജ്യത്തിന്റെ പശ്ചിമേഷ്യൻ ക്വാഡ്  രൂപീകരിക്കുന്നതെന്നാണ്.

ഇന്ത്യൻ വിദേശമന്ത്രി എസ് ജയ്‌ശങ്കറുടെ 2021 ഒക്ടോബറിലെ ഇസ്രയേൽ സന്ദർശനവേളയിലാണ്, യുഎസ്എ, യുഎഇ, ഇന്ത്യ, ഇസ്രയേൽ (യു2ഐ2) എന്നീ നാല്‌ രാജ്യത്തിന്റെ കൂട്ടായ്മയെന്ന ആശയം  രൂപംകൊണ്ടത്. ആദ്യഘട്ടത്തിൽ ഈ കൂട്ടായ്മയെ സാമ്പത്തികസഹകരണത്തിനുള്ള അന്തർദേശീയ ഫോറം എന്നാണ് വിളിച്ചിരുന്നത്. യുഎഇയുടെ ഇന്ത്യയിലെ അംബാസഡർ അഹ്‌മദ്‌ ആൽബന്നയാണ്  ഈ ചതുർരാഷ്ട്രക്കൂട്ടായ്മയെ പശ്ചിമേഷ്യൻ ക്വാഡ് എന്ന് വിശേഷിപ്പിച്ചത്.

പുതുതായി നിലവിൽവന്ന ഐ2യു2, രണ്ടുവർഷംമുമ്പ്‌ (2020 ആഗസ്ത്‌) ട്രംപിന്റെ നേതൃത്വത്തിൽ വലിയ കൊട്ടുംകുരവയോടും കൊണ്ടാടിയ അബ്രഹാം കരാറിന്റെ ഒരു പുതിയ അവതാരമാണെന്നുപറയാം. അബ്രഹാം കരാറിലൊപ്പിട്ട നാലുരാജ്യത്തിൽ, ബഹ്റൈനുപകരം പുതിയ കരാറിൽ ഇന്ത്യയാണെന്ന വ്യത്യാസംമാത്രം. പശ്ചിമേഷ്യയുടെ ശാശ്വതസമാധാനം ഉറപ്പാക്കാനുള്ള ഈ നൂറ്റാണ്ടിലെ സുപ്രധാനകരാർ എന്നായിരുന്നു ആ കരാറിനെ വിശേഷിപ്പിച്ചത്. അബ്രഹാം കരാറും ഇസ്രയേൽ–-പലസ്തീൻ പ്രശ്നം പരിഹരിക്കാൻ ഒന്നും ചെയ്തില്ലെന്നുമാത്രമല്ല, പലസ്തീനെതിരായ ഇസ്രയേലിന്റെ ആക്രമണം ശക്തിപ്പെടുകമാത്രമാണ് ഉണ്ടായത്. വാസ്തവത്തിൽ, അബ്രഹാംകരാറിന്റെ ലക്ഷ്യം ഇസ്രയേൽ–-പലസ്തീൻ സമാധാനമായിരുന്നില്ല.

അങ്ങനെയായിരുന്നെങ്കിൽ പലസ്തീൻ ആ കരാറിന്റെ ഭാഗമാകണമായിരുന്നു. ഡോണൾഡ് ട്രംപിന്റെ മരുമകനും യഹൂദവംശക്കാരനുമായ യാരിദ്  കുഷ്‌നറുടെ നേതൃത്വത്തിൽ രൂപംകൊണ്ട ആ കരാറിന്റെ പ്രധാനലക്ഷ്യവും ഇറാനെ തടയുകയെന്നതായിരുന്നു. ബറാക് ഒബാമയുടെ കാലത്ത് നിലവിൽവന്ന ഇറാൻ ആണവകരാറിൽനിന്ന്‌ പിന്മാറിയ അമേരിക്ക; ഇറാനെ ഒന്നാംനമ്പർ ശത്രുവായിക്കരുതുന്ന ഇസ്രയേൽ; ഇറാനെ എതിർക്കുന്ന യുഎഇ, ബഹ്‌റൈൻ എന്നിവരായിരുന്നു അബ്രഹാംകരാറിലെ അംഗങ്ങൾ. വിചിത്രമെന്നുപറയട്ടെ, ഇറാനെ എതിർക്കുകയെന്ന സുപ്രധാന ലക്ഷ്യവുമായി രൂപംകൊണ്ട ഐ2യു2വിൽ പുതുതായെത്തുന്നത് ഇറാനുമായി തന്ത്രപ്രധാന സഹകരണമുള്ള ഇന്ത്യയാണ്.

വിദേശനയകാര്യങ്ങളിൽ ഉക്രയ്‌ൻ വിഷയത്തിലടക്കം അമേരിക്കയ്ക്കിഷ്ടമില്ലാത്ത നിലപാട്‌സ്വീകരിച്ച ഇന്ത്യയെ, ഇറാന്റെയും ശത്രുപക്ഷത്തേക്ക് കൊണ്ടുവരാനുള്ള കുടിലതന്ത്രമാണ് ഐ2യു2വിലൂടെ അമേരിക്ക ഒരുക്കുന്നത്. പാകിസ്ഥാനിലൂടെയല്ലാതെ അഫ്‌ഗാനിസ്ഥാനിലേക്കും മധ്യേഷ്യൻ രാജ്യങ്ങളിലേക്കും പോകാനുള്ള ഇന്ത്യയുടെ വാതിലാണ് ഇറാൻ. അതിനായാണ് ഇറാന്റെ തന്ത്രപ്രധാനമായ ചബഹർ തുറമുഖ നിർമാണത്തിൽ ഇരുരാജ്യവും സഹകരിക്കുന്നത്. ഇറാൻ വിദേശമന്ത്രി ഈ ജൂണിൽ ഇന്ത്യ സന്ദർശിച്ചപ്പോൾ അവിടെനിന്ന്‌ വീണ്ടും എണ്ണ ഇറക്കുമതി ചെയ്യുന്നതിനെക്കുറിച്ചും ചർച്ചകൾ നടന്നു. അമേരിക്കൻ ഉപരോധം ഏർപ്പെടുത്തുന്നതിനു മുമ്പ്‌  ഇറാനിൽനിന്ന്‌ എണ്ണ ഇറക്കുമതിചെയ്യുന്ന രാജ്യങ്ങളിൽ രണ്ടാംസ്ഥാനത്തായിരുന്നു ഇന്ത്യ. വളർന്നുവരുന്ന ഇന്ത്യ–-ഇറാൻ ബന്ധങ്ങളെ പശ്ചിമേഷ്യൻ ക്വാഡിലെ ഇന്ത്യയുടെ അംഗത്വം പ്രതികൂലമായി ബാധിച്ചേക്കാം.

ജോ ബൈഡൻ വൈസ്‌ പ്രസിഡന്റായിരിക്കവേ, ബറാക് ഒബാമയുടെ നേതൃത്വത്തിൽ നിലവിൽ വന്നതായിരുന്നു ഇറാൻ ആണവകരാർ. ആ കരാറിനെതിരായിരുന്ന ഇസ്രയേലിന്റെ താൽപ്പര്യം സംരക്ഷിക്കാൻ, ട്രംപിന്റെ മരുമകനും യഹൂദനുമായ യാരിദ് കുഷ്‌നറുടെയും ഇസ്രയേൽ ലോബിയുടെയും  താൽപ്പര്യപ്രകാരമാണ് അമേരിക്ക ആ കരാറിൽനിന്ന്‌ പിന്മാറിയത്. പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽത്തന്നെ, താൻ തെരഞ്ഞെടുക്കപ്പെട്ടാൽ അമേരിക്ക വീണ്ടും ഇറാൻ ആണവകരാർ അംഗീകരിക്കുമെന്നു പറഞ്ഞിരുന്നു. എന്നാൽ, അധികാരത്തിൽവന്നതിനുശേഷം കരാറിനായി പുതിയ ഉപാധികളാണ് ബൈഡൻ മുന്നോട്ടുവച്ചത്. കരാറിൽ ഒപ്പിട്ട യൂറോപ്യൻ രാജ്യങ്ങളുടെ സമ്മർദഫലമായി വിയന്നയിൽ നടക്കുന്ന ചർച്ചകൾ കരാറിലേക്കെത്തുന്ന വേളയിലാണ്, അതിനെ അതിശക്തമായി എതിർക്കുന്ന മൂന്നുരാജ്യം ഉൾപ്പെടുന്ന ഐ2യു2 ഉന്നതതലസമ്മേളനം. നിലവിൽത്തന്നെ അനിശ്ചിതത്വത്തിൽ നിൽക്കുന്ന ആണവകരാർ ചർച്ചകൾ ഐ2യു2 ഉന്നതതലം അട്ടിമറിച്ചേക്കാം. അമേരിക്കയും യുഎഇയും ബഹ്റൈനുമായി വളരെ മെച്ചപ്പെട്ട പരസ്പരബന്ധമുള്ള ഇന്ത്യക്ക്‌ ഐ2യു2 എന്ന ഇറാൻവിരുദ്ധ കൂട്ടായ്മയിലെ അംഗത്വം തന്ത്രപരമായ  നഷ്ടങ്ങളായിരിക്കും സമ്മാനിക്കുക.

(കേരള സർവകലാശാല അന്താരാഷ്‌ട്ര മാർക്സിയൻ പഠന ഗവേഷണകേന്ദ്രം ഡയറക്ടറാണ് ലേഖകൻ)

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top