19 April Friday

ജോഡോ യാത്രയ്ക്ക്‌ ബിജെപിയെ പേടി

അനിൽകുമാർ എ വിUpdated: Wednesday Sep 7, 2022


ഒക്ടോബർ 17ന്റെ കോൺഗ്രസ്‌ അധ്യക്ഷ തെരഞ്ഞെടുപ്പ്‌ ആഘോഷിക്കുകയാണ്‌ മാധ്യമങ്ങൾ. ആ വാർത്തകളിൽ മലയാള മനോരമ ഗാന്ധി കുടുംബം എന്ന് എഴുതുമ്പോൾ മാതൃഭൂമിക്ക് നെഹ്റു കുടുംബമാണ്. രണ്ടു ദശാബ്ദം മുമ്പാണ്‌ ആ പ്രഹസനം അവസാനമായി നടന്നത്‌. കേരളത്തിലും തെരുവുകളിൽ അക്കാലത്ത്‌ ചോരയൊഴുകി. നേതാക്കളുടെ വീട്ടുജോലിക്കാരെപ്പോലും പട്ടികയിൽ തിരുകിക്കയറ്റി. ഇക്കുറി ഒമ്പതിനായിരം വോട്ടർമാരെ ആര് തെരഞ്ഞെടുത്തുവെന്ന ചോദ്യത്തിന്‌ മനോരമയ്‌ക്ക്‌ മറുപടിയുണ്ടോ. വോട്ടർപട്ടിക കാണട്ടെയെന്ന്‌ ചില നേതാക്കൾ ചോദിച്ചിരിക്കയാണ്‌. പട്ടിക മുൻകൂട്ടി പുറത്തുവിട്ടാൽ ബിജെപി സ്വാധീനിക്കുമത്രെ. ക്ലബ് തെരഞ്ഞെടുപ്പിന്റെ ഗൗരവം പുലർത്താത്ത, ഉൾപാർടി ജനാധിപത്യത്തിന്റെ കണികയില്ലാത്ത കോൺഗ്രസ് ഫാസിസത്തെ ചെറുക്കുമെന്നാണ്‌ മനോരമയുടെയും മാതൃഭൂമിയുടെയും ഭാഷ്യം. ആ പാർടി ജനാധിപത്യത്തെ ഫ്യൂഡലിസമാക്കി അധഃപതിപ്പിച്ചിരിക്കുന്നുവെന്ന വാസ്‌തവം മറച്ചുവയ്‌ക്കുകയാണ്‌ അവ. രാഹുൽ ഗാന്ധി അധ്യക്ഷനാകണമെന്ന്‌ ഐഐസിസി ആസ്ഥാനത്ത്‌ പ്രകടനം നടത്തിയ അഞ്ഞൂറു പേരിൽ നാനൂറും ബിജെപിക്കാരായിരുന്നുവെന്ന ഫലിതം മാധ്യമങ്ങൾക്കെതിരായ വിമർശംകൂടിയാണ്‌.  

ബിജെപി ശക്തികേന്ദ്രങ്ങൾ സ്‌പർശിക്കാതെയാണ്‌ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര. എന്നാൽ, മനോരമയും മാതൃഭൂമിയും ബേക്കറി, പപ്‌സ്‌, കല്ലുപ്പ്‌, കടൽക്കുളി മാതൃകയിൽ അത്‌ റിപ്പോർട്ട്‌ ചെയ്യാൻ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്‌. 12 സംസ്ഥാനത്തും രണ്ട് കേന്ദ്രഭരണപ്രദേശത്തും മാത്രമാണ്‌ പര്യടനം. ‌‌ഒറ്റ അക്ക സീറ്റ്‌ മാത്രമുള്ള സംസ്ഥാനങ്ങൾക്ക്‌ പരിഗണനയേയില്ല. ഇന്ത്യ ആരുഭരിക്കണം എന്ന് തീരുമാനിക്കുന്ന ഉത്തർപ്രദേശിലും ഗുജറാത്തിലും പോകുന്നില്ല. പാർടി ശക്തിപ്പെടുത്താൻ ലക്ഷ്യമാക്കിയുള്ള ജാഥയുടെ കേന്ദ്രങ്ങളാകട്ടെ താരതമ്യേന ശേഷിയുള്ള സംസ്ഥാനങ്ങളിൽമാത്രം. രാജസ്ഥാൻ, കേരളം, മഹാരാഷ്ട്ര, കർണാടക, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങൾ ഉദാഹരണം. മധ്യപ്രദേശിൽ മൂന്നിടത്തും രാജ്യസ്ഥാനിൽ രണ്ടിടത്തും സ്വീകരണം ഏറ്റുവാങ്ങുന്ന ജാഥ വടക്കുകിഴക്കൻ മേഖലയിൽ തിരിഞ്ഞുനോക്കുന്നില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിനുമുമ്പ് പാർടിയെ ശക്തിപ്പെടുത്താനെന്ന പേരിൽ നടത്തുന്ന ജാഥ പ്രധാന രാഷ്ട്രീയ എതിരാളിയുടെ ശക്തികേന്ദ്രങ്ങളിൽ പര്യടനം നടത്തിയില്ലെങ്കിൽ അത് മുദ്രാവാക്യത്തെ ദുർബലപ്പെടുത്തുമെന്ന് പാർടിയിൽനിന്ന് വിമർശമുയർന്നു കഴിഞ്ഞു. ഉത്തർപ്രദേശ് പോലെ നിർണായക സംസ്ഥാനത്ത് കോൺഗ്രസ് വർഷങ്ങൾക്കുശേഷം നടത്തുന്ന പദയാത്ര പ്രവേശിക്കുന്നത് ഒരിടത്ത്‌; പടിഞ്ഞാറൻ യുപിയിലെ ബുലന്ദ്ശഹർ. യാത്രാ പര്യടനമുള്ള സംസ്ഥാനങ്ങളിൽ ബിജെപിയുമായി നേർക്കുനേർ പോരാടുന്നത് മധ്യപ്രദേശിൽമാത്രം. ഹിമാചൽപ്രദേശിലും ഈ വർഷം തെരഞ്ഞെടുപ്പ് നടക്കും. ബിജെപിക്കെതിരെ പ്രതിപക്ഷത്തെയും ജനങ്ങളെയും യോജിപ്പിക്കാനാണെങ്കിൽ എന്തിനാണ് കേരളത്തിൽ ഇത്ര കൊട്ടിഘോഷിക്കുന്നത്. 80 ലോക്‌സഭാ മണ്ഡലമുള്ള യുപിയിൽ ഒരു ജാഥാകേന്ദ്രം മാത്രമുള്ളപ്പോൾ ചെറു സംസ്ഥാനമായ കേരളത്തിൽ നിലമ്പൂർ, കൊച്ചി, തിരുവനന്തപുരം എന്നീ മൂന്ന് കേന്ദ്രം. 

കോൺഗ്രസിനെയും രാഹുലിനെയും രൂക്ഷ ഭാഷയിൽ വിമർശിച്ച് ഗുലാംനബി ആസാദ്. ട്വിറ്ററിലും കംപ്യൂട്ടറിലും മാത്രം ഒതുങ്ങിനിൽക്കുന്നവർ അപമാനിക്കാൻ ശ്രമിക്കുന്നുവെന്നായിരുന്നു രാഹുലിനെ ലക്ഷ്യമാക്കിയുള്ള പരാമർശം. അത്തരക്കാരുടെ സ്വീകാര്യത സമൂഹമാധ്യമങ്ങളിൽ ഒതുങ്ങുന്നു. അതിനാലാണ് ജനങ്ങൾക്കിടയിൽ കോൺഗ്രസിനെ കാണാൻ കഴിയാത്തതെന്നും ശ്രീനഗറിലെ സൈനിക് കോളനിയിലെ റാലിയിൽ ആസാദ് പറഞ്ഞു. അദ്ദേഹത്തെ പിന്തുണച്ച്‌ ജമ്മു കശ്മീരിലെ മുൻ ഉപമുഖ്യമന്ത്രിയും മന്ത്രിമാരുമടക്കം എഴുപതിലേറെ നേതാക്കളും കോൺഗ്രസ്‌ വിട്ടു. ഈ വർഷം അവസാനം തെരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തിൽ കോൺഗ്രസ് കടുത്ത പ്രതിസന്ധിലാണ്. ഒട്ടേറെ നേതാക്കൾ ബിജെപിയിൽ ചേർന്നുകഴിഞ്ഞു. ആ സാഹചര്യത്തിൽ യാത്ര സംസ്ഥാനത്ത്‌ പര്യടനം നടത്തണമെന്ന് പാർടി നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. അത്‌ ചെവിക്കൊണ്ടില്ല. യൂത്ത്‌കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ വിശ്വനാഥ് സിങ്‌ വഗേല വിശദമായ കത്തെഴുതി രാജിയും നൽകി. 2016 ‐ 21 കാലയളവിൽ തനിക്ക് ലഭിച്ച വിവിധ പദവികൾ 70 ലക്ഷം കൈക്കൂലി നൽകിയിട്ടാണെന്ന് അദ്ദേഹം തുറന്നടിച്ചു. അടുത്തിടെ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന ഹാർദിക് പട്ടേലിന്റെ  ഉറ്റഅനുയായിയാണ് സിങ്‌. ജോയിൻ കോൺഗ്രസ് ക്യാമ്പയിൻ ഏറ്റെടുക്കുമ്പോൾ ഗുജറാത്ത്‌ ക്വിറ്റ് കോൺഗ്രസ് ക്യാമ്പയിനാണ് സാക്ഷ്യംവഹിക്കുന്നത്‌.

ബോംബ്‌ രാഷ്ട്രീയത്തിനു
നേരെയും മൗനം
തെരഞ്ഞെടുപ്പ്‌ ലക്ഷ്യംവച്ച്‌ സംഘപരിവാരം ഹീനമായ അതിക്രമ പരമ്പരകൾ പുറത്തെടുത്തിട്ടുണ്ട്‌. ബിജെപിയെ അധികാരത്തിലെത്തിക്കാൻ വ്യാപകമായി ബോംബ്‌ സ്‌ഫോടനങ്ങൾ നടത്തിയെന്ന മുൻ ആർഎസ്‌എസുകാരന്റെ വെളിപ്പെടുത്തൽ അതിന്‌ തെളിവാണ്‌. മഹാരാഷ്ട്രയിലെ നാന്ദേഡ്‌ സ്വദേശി യശ്വന്ത്‌ ഷിൻഡെയാണ്‌ രാജ്യം ഞെട്ടിയ വസ്‌തുതകളുമായി കോടതിയെ സമീപിച്ചത്‌. 2006ൽ അവിടത്തെ  ആർഎസ്‌എസ്‌ ബോംബു ഫാക്ടറിയിലെ സ്‌ഫോടനത്തിൽ രണ്ട്‌ സ്വയംസേവകർ മരിച്ചതിന് സാക്ഷിയാണെന്നും കുറ്റക്കാരെ നിയമത്തിന്‌ മുന്നിൽ കൊണ്ടുവരണമെന്നും കോടതിയോട്‌ അഭ്യർഥിച്ചു. ആർഎസ്‌എസ്‌ നേതാവ്‌ ഇന്ദ്രേഷ്‌ കുമാറാണ്‌ എല്ലാത്തിന്റെയും സൂത്രധാരനെന്നും കൂട്ടിച്ചേർത്തു. എന്നാൽ, അതൊരു പ്രചാരണായുധമായി ഉയർത്താൻ മൃദു ഹിന്ദുത്വത്തിലൊളിക്കുന്ന കോൺഗ്രസിനായിട്ടില്ല. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലത്തിൽ മുസ്ലിം പേരുള്ള ഗ്രാമങ്ങളുടെ പേരുകൾ മാറ്റി വാർഡ് പുനർനിർണയം നടത്തുന്നതു സംബന്ധിച്ചും മിണ്ടാട്ടമില്ല. ഗൊരഖ്‌പുർ മുനിസിപ്പാലിറ്റിയിൽ  വാർഡുകളുടെ എണ്ണം കൂട്ടി നടത്തിയ പുനർനിർണയത്തിലാണ് പത്തിലധികം ഗ്രാമങ്ങളുടെ പേരുമാറ്റം. ഇലാഹിബാഗ്, ജഫ്ര ബസാർ, ഇസ്മായിൽപുർ ഗ്രാമങ്ങൾ യഥാക്രമം ബന്ധു സിങ് നഗർ, ആത്മരാം നഗർ, സാഹബ്ഗഞ്ച് എന്നിങ്ങനെയാകും അറിയപ്പെടുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top