മധ്യ അമേരിക്കയിലെ ഏറ്റവും വലിയ രാഷ്ട്രമായ ഗ്വാട്ടിമാലയിൽ പുരോഗമനവാദിയും അഴിമതിക്കെതിരെ നിലകൊള്ളുന്നയാളുമായ ബെർണാഡോ അരെവാലോ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ലാറ്റിനമേരിക്കയിൽ തുടരുന്ന രണ്ടാം ഇളംചുവപ്പ് വേലിയേറ്റത്തിന് ആക്കംകൂട്ടുന്നതാണ് അരെവാലോയുടെ തെരഞ്ഞെടുപ്പ്. 20നു നടന്ന രണ്ടാംഘട്ട തെരഞ്ഞെടുപ്പിൽ യാഥാസ്ഥിതിക പക്ഷക്കാരിയായ സാന്ദ്ര ടൊറസിനെ 21 ശതമാനത്തോളം വോട്ടിനാണ് അരെവാലോ പരാജയപ്പെടുത്തിയത്. മാർച്ചിൽ തെരഞ്ഞെടുപ്പുപ്രക്രിയ ആരംഭിച്ചപ്പോൾ ആദ്യ എഴാം സ്ഥാനത്തുപോലും എത്താൻ കഴിയാതിരുന്ന അരെവാലോയാണ് ഇപ്പോൾ വൻ ഭൂരിപക്ഷത്തിന് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. 2014ൽ അഴിമതിക്കെതിരെ ആരംഭിച്ച ഒരു ചർച്ചാവേദിയാണ് പിന്നീട് സെമില്ല (വിത്ത്) പ്രസ്ഥാനമായി വളർന്നത്. ആദ്യ റൗണ്ടിൽ 12 ശതമാനത്തിൽ താഴെമാത്രം വോട്ട് നേടി രണ്ടാം സ്ഥാനത്ത് എത്തിയ അരെവാലോയാണ് രണ്ടാം റൗണ്ടിൽ 58.01 വോട്ട് നേടി ജയിച്ചത്. ആദ്യ റൗണ്ടിൽ ഒന്നാം സ്ഥാനത്ത് എത്തിയ സാന്ദ്ര ടോറസാണ് രണ്ടാം റൗണ്ടിൽ ദയനീയമായി പരാജയപ്പെട്ടത്. 2008 മുതൽ 2012 വരെ പ്രസിഡന്റായിരുന്ന അൽവാരൊ കോളോമിന്റെ ഭാര്യയാണ് യൂണിറ്റി ഓഫ് ഹോപ് പ്രസ്ഥാനത്തിന്റെ നേതാവുകൂടിയായ ടോറസ്. രണ്ടാം റൗണ്ടിൽ 37.24 ശതമാനം വോട്ട് മാത്രമാണ് ഇവർക്ക് നേടാനായത്.
ഗ്വാട്ടിമാലൻ ജനാധിപത്യപ്രക്രിയയിൽ ബെർണാഡോ അരെവാലോക്ക് പ്രമുഖ സ്ഥാനമുണ്ട്. ഗ്വാട്ടിമാലയിൽ ജനാധിപത്യപരമായി ആദ്യമായി തെരഞ്ഞെടുപ്പ് നടന്ന 1945ൽ അധികാരത്തിൽ വന്ന പ്രസിഡന്റ് ജോസ് അരെവാലോയുടെ മകനാണ് ബെർണാർഡോ. കേരളത്തിൽ 1957ൽ അധികാരത്തിൽ വന്ന ഇ എം എസിന്റെ നേതൃത്വത്തിലുള്ള ആദ്യ കമ്യൂണിസ്റ്റ് സർക്കാരിനെ അട്ടിമറിക്കാൻ വലതുപക്ഷം നടത്തിയ വിമോചനസമരമെന്ന അട്ടിമറിസമരക്കാലത്ത് ഏറെ ചർച്ചചെയ്യപ്പെട്ട സർക്കാരായിരുന്നു ജോസ് അരെവാലോയുടേത്. ഗ്വാട്ടിമാലയിലേത് കമ്യൂണിസ്റ്റ് സർക്കാരാണെന്നു പറഞ്ഞ് ആ സർക്കാരുമായി ഇ എം എസ് സർക്കാരിനെ താരതമ്യം ചെയ്യുകയായിരുന്നു കേരളത്തിലെ വലതുപക്ഷം. ദീപിക പോലുള്ള പത്രങ്ങൾ ഇതിന് വൻ പ്രചാരം നൽകി. സാമൂഹ്യനീതിക്കായി ചില നടപടികൾ എടുത്തെങ്കിലും ഒരു മാർക്‌സിസ്റ്റ് സർക്കാർ ആയിരുന്നില്ല ഗ്വാട്ടിമാലയിലേത്. കുത്തകകളോട് തൊഴിലാളികൾക്ക് മാന്യമായ കൂലി നൽകാൻ ആവശ്യപ്പെടുകയും കമ്യൂണിസ്റ്റ് പാർടിയെ നിയമവിധേയമാക്കി പ്രവർത്തിക്കാൻ അനുവദിക്കുകയും ഭൂപരിഷ്‌കരണം നടപ്പിലാക്കാൻ ശ്രമിക്കുയും ചെയ്‌ത സർക്കാരായിരുന്നു ജോസ് അരെവാലോയുടേത്. സർക്കാരിന്റെ ശക്തമായ ഇടപെടലിലൂടെയേ രാജ്യത്തിന്റെ സാമ്പത്തിക, സാമൂഹ്യസ്ഥിതി മെച്ചപ്പെടുത്താൻ കഴിയൂവെന്ന് വിശ്വസിച്ചെങ്കിലും ഒരിക്കലും മാർക്‌സിസത്തെയും വർഗസമരത്തെയും അദ്ദേഹം അംഗീകരിച്ചിരുന്നില്ല. മുതലാളിത്തത്തെ പരിഷ്‌കരിച്ച് കൂടുതൽ സാമൂഹ്യ പ്രതിബദ്ധതയുള്ളതാക്കുകയെന്ന ലക്ഷ്യമേ അദ്ദേഹത്തിന് ഉണ്ടായിരുന്നുള്ളൂ. ‘ആധ്യാത്മിക സോഷ്യലിസ’മാണ് തന്റേത് എന്നാണ് അദ്ദേഹം സ്വയംവിശേഷിപ്പിച്ചത്. അദ്ദേഹത്തിനുശേഷം അധികാരത്തിൽ വന്ന ജേക്കബ് അർബൻസ് മുൻ പ്രസിഡന്റ് അരെവാലോയുടെ നടപടികൾ കൂടുതൽ ഊർജിതമായി തുടർന്നു. കർണൽ അരമാസ് എന്ന മിർജാഫറുടെ നേതൃത്വത്തിൽ അമേരിക്കൻ രഹസ്യവകുപ്പായ സിഐഎയുടെ സഹായത്തോടെ 1954ൽ അർബൻസ് സർക്കാരിനെ അട്ടിമറിച്ചു. കേരളത്തിലെ വിമോചനസമരക്കാരുടെ ഭാഷയിൽ ‘കമ്യൂണിസ്റ്റ് വിഷസർപ്പത്തിൽനിന്നും ഗ്വാട്ടിമാലയെ മോചിപ്പിച്ചു’. അതുപോലെ ഇ എം എസ് സർക്കാരിനെയും അട്ടിമറിക്കാനാണ് വിമോചനസമരക്കാർ ആഹ്വാനം ചെയ്‌തത്. അന്ന് ഉറുഗ്വേയിൽ ജോസ് അരെവാലോയും ഭാര്യയും അഭയംപ്രാപിച്ച ഘട്ടത്തിലാണ് ബെർണാർഡോ ജനിക്കുന്നത്. അട്ടിമറി നടന്ന വേളയിൽ ‘തീപാറുന്ന കണ്ണുകളും കാറ്റിൽ ഉലയുന്ന മുടിയും മുഷിഞ്ഞ ഉടുപ്പുമായി ഒരു പൊട്ടത്തോക്കുയർത്തി ഗ്വാട്ടിമാലയിലെ തെരുവീഥികളിലൂടെ യാങ്കികളെ വെല്ലുവിളിച്ച് അലറിനടന്നിരുന്ന ഒരു ചെറുപ്പക്കാരൻ ഉണ്ടായിരുന്നു. അതായിരുന്നു ചെ ഗുവേര.’
ഗ്വാട്ടിമാലയുടെ ഈ ജനാധിപത്യ പാരമ്പര്യത്തിലെ അവസാന കണ്ണിയിൽപ്പെട്ടയാളാണ് അരെവാലോ എന്നർഥം. കഴിഞ്ഞ നാലുവർഷക്കാലം വലതുപക്ഷക്കാരനായ അലസാന്ദ്രോ ഗിയാമറ്റേറിന്റെ ഭരണകാലം രാജ്യം ഏകാധിപത്യത്തിലേക്ക് നീങ്ങുകയായിരുന്നു. അഭിപ്രായസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിട്ടു. മാധ്യമപ്രവർത്തനം തീർത്തും അസാധ്യമായി. ജോസ് റുബേൻ സമോര തുടങ്ങിയ പ്രസിദ്ധരായ മാധ്യമപ്രവർത്തകർ പോലും ജയിലിൽ അടയ്‌ക്കപ്പെട്ടു. 750 മാധ്യമപ്രവർത്തകരാണ് ആക്രമണത്തിനു വിധേയമായത്. പൗരസമൂഹത്തെ അപ്പാടെ സൈനികവൽക്കരിക്കാനും തയ്യാറായി. നിഷ്‌പക്ഷമായി പ്രവർത്തിക്കുന്ന ജുഡീഷ്യൽ ഓഫീസർമാരും ഉദ്യോഗസ്ഥരും ജീവൻരക്ഷിക്കാൻ നാടുവിട്ടു. ഒന്നേമുക്കാൽ കോടി ജനങ്ങളിൽ പകുതിയും പട്ടിണി കിടക്കുന്ന രാജ്യത്ത് ഭക്ഷ്യവസ്‌തുക്കൾ എത്തിക്കാൻപോലും സർക്കാർ ശുഷ്‌കാന്തി കാട്ടിയില്ല. ഇത്തരം വിഷയങ്ങളിൽ ഊന്നിയാണ് ബെർണാഡോ അരെവാലോ പ്രചാരണം നടത്തിയത്. അഴിമതി കർശനമായി നിയന്ത്രിക്കുമെന്നും പലായനം ചെയ്‌ത ജുഡീഷ്യൽ ഓഫീസർമാരെയും മാധ്യമപ്രവർത്തകരെയും തിരിച്ചുകൊണ്ടുവരുമെന്നും അവർക്ക് പൂർണ പ്രവർത്തനസ്വാതന്ത്ര്യം അനുവദിക്കുമെന്നും ബെർണാർഡോ വാഗ്‌ദാനംചെയ്‌തു. ആദ്യ റൗണ്ട് തെരഞ്ഞെടുപ്പിൽ രണ്ടാംസ്ഥാനത്ത് എത്തിയതോടെ തന്നെ ബെർണാഡോ അരെവാലോയുടെ പാർടിയെ നിയമവിരുദ്ധമായി പ്രഖ്യാപിച്ച് രണ്ടാം റൗണ്ട് തെരഞ്ഞെടുപ്പ് തടയാനുള്ള നീക്കം നിലവിലുള്ള ഭരണനേതൃത്വം നടത്തിയെങ്കിലും അത് വിജയിച്ചില്ല. യഥാർഥത്തിൽ ഈ നീക്കമാണ് ബെർണാഡോ അരെവാലോക്ക് ജനങ്ങളുടെ പിന്തുണ വർധിച്ചതോതിൽ ലഭിക്കാൻ കാരണമായത്.
അടുത്തവർഷം ജനുവരി പതിനാലിനാണ് ബെർണാഡോ അരെവാലോ പ്രസിഡന്റായി സ്ഥാനമേൽക്കുക. അത് തടയാൻ നീക്കങ്ങൾ ഉണ്ടാകുമോ എന്ന് പറയാനാവില്ല. തന്റെ വിജയം ജനങ്ങളുടെ വിജയമാണ് എന്നാണ് അരെവാലോയുടെ അഭിപ്രായം. ‘ഒരു ജനതയെന്നനിലയിൽ അഴിമതിക്കെതിരെ പൊരുതാൻ കരുത്തുനൽകുന്നതാണ് വിജയം’ എന്നും അദ്ദേഹം പ്രതികരിച്ചു. ഗ്വാട്ടിമാലയിൽ തകർക്കപ്പെട്ട ജനാധിപത്യമൂല്യങ്ങൾ തിരിച്ചുപിടിക്കാൻ സഹായിക്കുന്ന ഭരണമാറ്റമാണ് ഉണ്ടായിട്ടുള്ളത്. ലാറ്റിനമേരിക്കയുടെ ഇടതുപക്ഷ ചായ്‌വിന് കരുത്തുപകരുന്നതായിരിക്കും ഗ്വാട്ടിമാലയിലെ ഭരണമാറ്റമെന്ന കാര്യത്തിൽ സംശയമില്ല.
ആഗസ്‌ത് 20നു തന്നെ ലാറ്റിനമേരിക്കൻ രാജ്യമായ ഇക്വഡോറിൽ നടന്ന ആദ്യഘട്ട പ്രസിഡന്റ് തെരഞ്ഞെടുപ്പിലും ഇടതുപക്ഷ സ്ഥാനാർഥി ലുയിസ ഗോൺസാലസ് 33 ശതമാനം വോട്ട് നേടി മുന്നിൽ എത്തുകയുണ്ടായി. ഒക്ടോബർ 15നു നടക്കുന്ന രണ്ടാംഘട്ട തെരഞ്ഞെടുപ്പിലും ഈ വിജയം ആവർത്തിച്ചാൽ ഒരിടവേളയ്‌ക്കുശേഷം ഇക്വഡോറിലും ഇടതുപക്ഷം അധികാരമേൽക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..