26 April Friday

പ്രതീക്ഷയുടെ നാടുജീവിതം - ബെന്യാമിൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Saturday May 21, 2022

കോവിഡ് അതിന്റെ തീക്ഷ്ണഭാവത്തിൽ കത്തിനിൽക്കുമ്പോഴായിരുന്നു ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിലുള്ള രണ്ടാം പിണറായി സർക്കാർ അധികാരമേൽക്കുന്നത്. സത്യപ്രതിജ്ഞ നേരിട്ട് കാണാൻ ആവേശത്തോടെ കാത്തിരുന്ന അനേകർക്ക്  അന്ന്‌ ടിവിയിൽ കണ്ട് തൃപ്തരാകേണ്ട സാഹചര്യമായിരുന്നു. അതുകൊണ്ടുതന്നെ ഈ സർക്കാരിന്റെ മുന്നിലുള്ള പ്രഥമ പരിഗണന കോവിഡ് വ്യാപനം തടയുകയും അനേകരെ മരണത്തിന്‌ വിട്ടുകൊടുക്കാതെ രക്ഷിക്കുക എന്നതുമായിരുന്നു. ആരോഗ്യ പൊതുവിതരണ, തദ്ദേശഭരണ വകുപ്പുകളിൽ ഒന്നാം പിണറായി സർക്കാരിന്റെ തുടർപ്രവർത്തനങ്ങളും ഏകോപനവും ഏറ്റവും അത്യാവശ്യമായി നിലനിന്നിരുന്ന സമയം. അതിനാൽത്തന്നെ ഭൂരിപക്ഷം ജനങ്ങളും പ്രതീക്ഷിച്ചത് പഴയ മന്ത്രിമാരിൽ പലരെയും  നിലനിർത്തുമെന്നായിരുന്നു. എന്നാൽ, അദ്ഭുതങ്ങൾ നിറഞ്ഞ പ്രഖ്യാപനങ്ങളുമായാണ് രണ്ടാം സർക്കാർ കടന്നുവന്നത്.

മുഖ്യമന്ത്രി ഒഴികെ പുതുമുഖങ്ങളെന്ന ഇടതുമുന്നണിയുടെ ധീരമായ നിലപാടറിഞ്ഞ് സാധാരണക്കാർ അന്തംവിട്ടു. ഈ സമയത്താണോ പരീക്ഷണങ്ങൾക്ക് മുതിരേണ്ടതെന്ന് ആസ്ഥാന വിമർശകർ ചാനലുകളിൽ രോഷപ്രകടനം നടത്തി. എന്നാൽ, ഏറെയും പുതുമുഖസ്ഥാനാർഥികളുമായി തെരഞ്ഞെടുപ്പിനിറങ്ങി, 99 എന്ന അദ്ഭുത നമ്പറോടെ വീണ്ടും അധികാരത്തിലെത്തിയ ഇടതുമുന്നണിക്ക് ഈ പരീക്ഷണവും വിജയമാകും എന്നതിൽ സംശയമില്ലായിരുന്നു. ചില മണ്ഡലങ്ങൾ ചില വ്യക്തികളുടെമാത്രം കുത്തകയാണെന്ന ‘ജനാധിപത്യ ബോധത്തെ' ആയിരുന്നു അട്ടിമറിച്ചത്. അത് ചിലരിൽ ഉണ്ടാക്കിയ ഞെട്ടലും വിറയലും ഇനിയും അവസാനിച്ചിട്ടില്ല. അധികാരസ്ഥാനങ്ങളെ സംബന്ധിച്ചും അങ്ങനെ ചില തോന്നലുകൾ നമുക്കുണ്ടായിരുന്നു. എന്നാൽ, ജയിക്കുന്നതും ഭരിക്കുന്നതും വ്യക്തികൾ അല്ലെന്നും മുന്നണിയും അത് മുന്നോട്ട് വയ്ക്കുന്ന ആശയങ്ങളും അതിന്റെ ചലനാത്മകശേഷിയുമാണെന്ന് തെളിയിച്ച ഒരു വർഷം പിന്നിടുമ്പോൾ പുതിയ മന്ത്രിമാരെന്ന തീരുമാനം എത്ര ശരിയായിരുന്നുവെന്ന് ജനങ്ങൾ തിരിച്ചറിയുന്നു. അതുതന്നെയാണ് ഈ മന്ത്രിസഭ ഒന്നാം വാർഷികം ആഘോഷിക്കുമ്പോൾ ജനാധിപത്യത്തെ ഗൗരവത്തോടെ  കാണുന്ന സാധാരണ പൗരന്മാർ മറക്കാൻ പാടില്ലാത്ത കാര്യം. ഇത്  തെരഞ്ഞെടുപ്പ് രീതികളെയും പൗരബോധത്തെയും ജനാധിപത്യത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തെയും വലിയ അളവിൽ സ്വാധീനിക്കാനും മാറ്റിമറിക്കാനുമുള്ള  ചൂണ്ടുപലകയായി മാറുന്നുണ്ട്.


 

ഒരാൾ മാറി മറ്റൊരാൾ വന്നാൽ എല്ലാം താറുമാറാകുമോ എന്നൊരു ഭയം നമുക്കുണ്ടായിരുന്നു. എന്നാൽ, വ്യക്തികളിലല്ല ഭരണം കേന്ദ്രീകരിച്ചിരിക്കുന്നതെന്നും അതിലുപരി മുന്നണി എടുക്കുന്ന നയപരമായ, ജനോപകാരപ്രദമായ, സാമൂഹ്യബോധമുള്ള, നയതീരുമാനങ്ങളിലാണെന്നും അവ ഏറ്റെടുത്ത് നടപ്പാക്കാൻ കാലാകാലങ്ങളിൽ  ആർജവവും നേതൃപാടവവുമുള്ള പ്രവർത്തകർ ഉയർന്നുവരുമെന്നും നാം  മനസ്സിലാക്കുന്നു. മന്ത്രിമാർ ഓരോരുത്തരും, തങ്ങൾ പുതുമുഖങ്ങളാണെന്ന അനാവശ്യ തോന്നൽ ഇല്ലാതെ  വകുപ്പുകൾ മികച്ചതും കാര്യക്ഷമവും ആക്കുന്നതിനുവേണ്ടി മത്സരബുദ്ധിയോടെ പ്രവർത്തിക്കുന്നതും നൂതനവും കാലാനുസൃതവുമായ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുന്നതും നാം കാണുന്നു. അതത് വകുപ്പിന്റെ സ്വതന്ത്രമായ പ്രവർത്തനത്തിനും എന്നാൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുന്നതിനും മേൽനോട്ടം നിർവഹിക്കുന്ന മുഖ്യമന്ത്രി തന്നെയാണ് അവരുടെ പ്രവർത്തനമികവിന്‌ കാരണക്കാരനെന്ന് നിസ്സംശയം പറയാൻ സാധിക്കും.  
രണ്ടാമതും അധികാരത്തിലെത്തി എന്നതുകൊണ്ട് പുരോഗമന പരിപാടികളിലും ജനക്ഷേമപദ്ധതികളിലും വേഗത കുറയ്ക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് ഭരണം ഏറ്റെടുത്ത് അധികം വൈകുംമുമ്പ്‌ ഈ സർക്കാർ പ്രഖ്യാപിച്ച നൂറുദിന കർമപരിപാടികൾ തെളിയിച്ചു. പൊതുമരാമത്ത് വകുപ്പ്,  റീബിൽഡ് കേരള ഇനിഷ്യേറ്റീവ്, കിഫ്ബി എന്നിവയിലൂടെ 2464 കോടിയുടെ പദ്ധതികളാണ് അന്ന് പ്രഖ്യാപിച്ചത്. മടങ്ങിവരുന്ന പ്രവാസികൾക്കായി കെഎസ്ഐഡിസി വഴി നൂറ്‌ കോടിയുടെ വായ്പാപദ്ധതിയും പ്രഖ്യാപിച്ചു.

അവയൊന്നും വെറും പ്രഖ്യാപനങ്ങളായി ഒടുങ്ങിയില്ല. വെല്ലുവിളികൾ നിറഞ്ഞ അന്തരീക്ഷത്തിലും  അവയിൽ മിക്കതും കാലപരിധിക്കുള്ളിൽ പൂർത്തിയാക്കാൻ കഴിഞ്ഞു. ബാക്കിയുള്ളവ അതിവേഗത്തിൽ പൂർത്തിയാക്കുന്നു. അതിന്റെ ബലത്തിൽനിന്നാണ്  രണ്ടാം നൂറുദിന കർമപരിപാടികൾ മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. അതിഥിത്തൊഴിലാളികൾക്കടക്കം കൂടുതൽ തൊഴിൽദിനങ്ങൾ,  4,64,714  തൊഴിലവസരം,  ഉന്നത നിലവാരത്തിലുള്ള 53 സ്കൂൾ, ലൈഫ് മിഷൻ വഴി 20,000 വീട്‌, സംസ്ഥാനത്താകെ വാതിൽപ്പടി സംവിധാനം, എല്ലാ ജില്ലയിലും സുഭിക്ഷ ഹോട്ടൽ, 15,000 പേർക്ക് പട്ടയം, ഡിജിറ്റൽ ഭൂ സർവേ, ഞങ്ങളും കൃഷിയിലേക്ക് പദ്ധതി വഴി 10,000 ഹെക്ടറിൽ ജൈവ കൃഷി, 23 പുതിയ പൊലീസ് സ്റ്റേഷൻ,  കുട്ടനാട് പദ്ധതിയുടെ ഭാഗമായി വേമ്പനാട് കായലിൽ ബണ്ടു നിർമാണം, ശബരിമല ഇടത്താവളങ്ങളുടെ നവീകരണം, ഇടുക്കിയിൽ എയർ സ്ട്രിപ് ഉദ്‌ഘാടനം, 1500 റോഡിന്റെ ഉദ്ഘാടനം, ഇടുക്കിയിൽ എൻസിസി സഹായത്തോടെ നിർമിച്ച എയർ സ്ട്രിപ് ഉദ്ഘാടനം, മത്സ്യത്തൊഴിലാളികൾക്കുള്ള 532 വീടിന്റെ താക്കോൽദാനം, കോഴിക്കോടും കൊല്ലത്തും മാലിന്യത്തിൽനിന്ന്‌ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന പ്ലാന്റുകൾ എന്നിങ്ങനെ ജനക്ഷേമകരമായ ഒട്ടനവധി പദ്ധതികൾ  രണ്ടാം നൂറുദിന കർമപദ്ധതിയിൽ പ്രഖ്യാപിക്കപ്പെട്ടു.


 

ഈ സർക്കാർ ഒന്നാം വാർഷികത്തിലെത്തുമ്പോൾ ഈ പദ്ധതികളിൽ പലതും യാഥാർഥ്യമായി.  പട്ടയമേളകളിലൂടെ സാധാരണക്കാർക്ക് ലഭ്യമായ പട്ടയാവകാശം, ലൈഫ് മിഷൻ പുതുതായി പൂർത്തീകരിച്ച ഇരുപതിനായിരത്തിലധികം വീടുകൾ, കെ ഫോൺ പദ്ധതിയുടെ സാക്ഷാൽക്കാരം, നവീകരിച്ച റോഡുകൾ, പുതിയ പാലങ്ങൾ, മുടങ്ങാത്ത വൈദ്യുതി, പുതിയ മുഖം കണ്ടെത്തുന്ന റസ്റ്റ് ഹൗസുകൾ, ശക്തമായ ആരോഗ്യസംവിധാനം, ആശുപത്രി നവീകരണം,  കെപിപിഎൽ ഉൾപ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ നവീകരണവും വളർച്ചയും, നോർക്ക റൂട്ട്‌സ്‌ വഴിയുള്ള വിദേശ റിക്രൂട്ട്മെന്റുകൾ, പുതിയ കെട്ടിടങ്ങളോടെയും മികച്ച അധ്യാപകരാലും ശക്തമാകുന്ന  പൊതു വിദ്യാഭ്യാസം എന്നിവയെല്ലാം എടുത്തു പറയേണ്ട കാര്യങ്ങളാണ്‌.  കേന്ദ്രസർക്കാർ പദ്ധതി വിഹിതങ്ങൾ നിരന്തരം വെട്ടിക്കുറയ്ക്കുമ്പോഴും ശക്തമായും കാര്യക്ഷമമായും പ്രവർത്തിക്കുന്ന റേഷൻ കടകൾ തുടങ്ങി ഏറ്റവും ഒടുവിൽ നടക്കുന്ന തൊഴിൽ സർവേ ഉൾപ്പെടെ ഇവിടെ കാര്യക്ഷമമായ സർക്കാർ പ്രവർത്തിക്കുന്നുവെന്ന അനുഭവം ജനങ്ങളിൽ ഉണ്ടാക്കാൻ രണ്ടാം പിണറായി സർക്കാരിന്‌ കഴിഞ്ഞിരിക്കുന്നു എന്ന് നിസ്സംശയം പറയാം. 

ഇതിന്റെയെല്ലാം   തെളിവെന്നോണമാണ്,  കോവിഡിന്റെ ഭീതിയെല്ലാം അകറ്റാൻ  കഴിഞ്ഞ ഈ സാഹചര്യത്തിൽ   മന്ത്രിസഭയുടെ ഒന്നാം വാർഷികാഘോഷം വിപുലമായ ജനപങ്കാളിത്തത്തോടെ  ജില്ലാ കേന്ദ്രങ്ങളിൽ നടത്താൻ കഴിയുന്നത്. ‘എന്റെ കേരളം’ എന്ന് പേരു നൽകി സംഘടിപ്പിച്ച പ്രദർശന വിപണന മേളയിലെ അഭൂതപൂർവമായ ജനത്തിരക്ക് സർക്കാരിന്റെ പ്രവർത്തനങ്ങളെ ജനങ്ങൾ എത്രത്തോളം ആവേശത്തോടെ ഏറ്റെടുക്കുന്നു എന്നതിന്റെ ഉത്തമദൃഷ്‌ടാന്തമായി.

"
 

ഇതുകൊണ്ട് എല്ലാം പൂർത്തിയായെന്ന തോന്നൽ നമുക്കുണ്ടാകേണ്ടതില്ല. ജനങ്ങളുടെ പ്രതീക്ഷയും വിശ്വാസവും വളരെ വലുതായതുകൊണ്ടുതന്നെ ഇനിയും ഏറ്റെടുക്കാനും പൂർത്തീകരിക്കാനും നിരവധി പദ്ധതികളുണ്ട്‌.  കെഎസ്ആർടിസിയെ എങ്ങനെ രക്ഷപ്പെടുത്താമെന്ന് കൂട്ടായി ആലോചിക്കേണ്ടതുണ്ട്.   മാലിന്യനിർമാർജനപദ്ധതി കാര്യക്ഷമമാകണം.  കൃഷിയിൽ കൂടുതൽ സ്വയം പര്യാപ്തരാകണം.  കൂടുതൽ സംഭരണകേന്ദ്രങ്ങൾ   ഉണ്ടാകണം. പ്ലാസ്റ്റിക് രഹിത ഗ്രാമങ്ങളെന്ന സ്വപ്‌നം സഫലീകരിക്കാൻ  വിഘാതമായി നിൽക്കുന്നത്‌ എന്തെന്ന്‌ പരിശോധിക്കണം.   ഉന്നത വിദ്യാഭ്യാസ മേഖലയിലെ പിന്നാക്കാവസ്‌ഥ  പരിഹരിക്കണം.

നമ്മുടെ സർവകലാശാലകൾക്ക് ഇന്ത്യയിലെ ഏറ്റവും മികച്ചതെന്ന പേര് ആർജിക്കാൻ കഴിയണം. അതിന്‌ സാധിക്കാത്തത്‌  എന്തുകൊണ്ടെന്ന്‌ പരിശോധിക്കണം. മടങ്ങിവരുന്ന പ്രവാസികളുടെ ക്ഷേമത്തിനായി കൂടുതലായി എന്തു ചെയ്യാൻ കഴിയും, ഇനിയും ഒരു പ്രളയം നേരിടാൻ  നാം പ്രാപ്‌തരായോ, ഫെഡറൽ സംവിധാനത്തെ തകർക്കുകയും സംസ്ഥാനങ്ങളുടെ അവകാശങ്ങൾ ഹനിക്കുകയും ചെയ്യുന്ന കേന്ദ്രസർക്കാരിന്റെ നടപടികളെ  എങ്ങനെ നേരിടാൻ കഴിയും തുടങ്ങിയ കാര്യങ്ങളിലൊക്കെ പുനരാലോചനകൾ നടത്താനും  കാര്യക്ഷമമായ പദ്ധതികൾ ആവിഷ്കരിക്കാനുമുള്ള വലിയ ഉത്തരവദിത്വമാണ് ഈ സർക്കാരിനെ  കാത്തിരിക്കുന്നത്. ഇതിനേക്കാൾ വലുതാണ് കേരളം സ്വപ്‌നമായി ഏറ്റെടുത്തിരിക്കുന്ന സിൽവർ ലൈൻ പദ്ധതി. കേരളം മുന്നോട്ട് നടക്കുന്നത് ഒട്ടും സഹിക്കാത്ത പിന്തിരിപ്പൻ ശക്തികളുടെ എതിർപ്പുകളെയും വ്യാജപരിസ്ഥിതിവാദികളുടെ കപടവാദങ്ങളെയും അതിജീവിച്ച് ഈ പദ്ധതിയുമായി മുന്നോട്ടു പോകാനുള്ള ആർജവമാണ് സാധാരണക്കാർ സർക്കാരിൽനിന്ന് പ്രതീക്ഷിക്കുന്നത്. അതിലുൾപ്പെടെ, നവകേരളം പടുത്തുയർത്തുന്നതിൽ കൂട്ടായ പ്രവർത്തനങ്ങളോടെയും ഉയർന്ന ലക്ഷ്യബോധത്തോടെയും വരുംവർഷങ്ങളിലും മുമ്പത്തേക്കാൾ കാര്യക്ഷമമായി പ്രവർത്തിക്കാൻ ഈ സർക്കാരിന് കഴിയേണ്ടതുണ്ട്. അത്രയധികമാണ് ഈ സർക്കാരിൽ സാധാരണ ജനങ്ങൾക്കുള്ള പ്രതീക്ഷ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top