23 April Tuesday

ബെമൽ വിൽപ്പനയ്‌ക്ക്‌ പിന്നിൽ വൻ അഴിമതി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 30, 2022

ഇന്ത്യൻ അതിർത്തികളിലെ ദുഷ്‌ക‌രമായ പർവതപ്രദേശങ്ങളിൽ സുരക്ഷിതമായി സൈനികനീക്കം നടത്താൻ ഉപയോഗിക്കുന്ന ട്രക്കുകൾ, പിനാക മിസൈൽ ലോഞ്ചർ, റഡാർ കാരിയിങ്‌ വെഹിക്കിൾ എന്നിവ നിർമിക്കുന്ന പ്രതിരോധ മന്ത്രാലയത്തിന്റെ കീഴിലുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനമാണ് ബെമൽ ലിമിറ്റഡ്‌ (ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡ്‌). 1964-ൽ കേന്ദ്ര സർക്കാർ 6.56 കോടി രൂപ മൂലധനത്തിൽ ബംഗളൂരുവിൽ പ്രവർത്തനം ആരംഭിച്ച - ബിഇഎംഎൽ കഴിഞ്ഞ 50 വർഷത്തെ തൊഴിലാളികളുടെ കഠിനാധ്വാനത്തിന്റെ ഫലമായി കേന്ദ്ര സർക്കാരിന് ഏകദേശം 350 കോടിക്കു മുകളിൽ ലാഭ വിഹിതം ഇനത്തിലും പതിനായിരക്കണക്കിന് കോടിരൂപ നികുതി ഇനത്തിലും തിരികെ നൽകി.

കേന്ദ്ര സർക്കാർ  23.56 കോടി നിക്ഷേപമാണ് നടത്തിട്ടുള്ളത്. എന്നാൽ, അഞ്ച് പതിറ്റാണ്ടായിട്ടുള്ള തൊഴിലാളികളുടെ കാര്യക്ഷമതകൊണ്ട് ഇന്ത്യയിൽ ആകെ നാല് നിർമാണ യൂണിറ്റും മുപ്പത്തിരണ്ടോളം റീജണൽ ഓഫീസും ആരംഭിക്കാനും ഏകദേശം 3500 ഏക്കർ ഭൂമിയും വൻകെട്ടിടവും മെഷിനറികളും ഉൾപ്പെടെ മാർക്കറ്റ് വില പ്രകാരം ഏകദേശം 50,000 കോടി ആസ്തി കൈവരിക്കാനും സാധിച്ചിട്ടുണ്ട്. ബെമൽ ഇന്ത്യൻ റെയിൽവേക്കുവേണ്ടി ഇരുപതിനായിരത്തോളം പാസഞ്ചർ കോച്ചും ഇന്ത്യൻ- മെട്രോയ്ക്കുവേണ്ടി മൂവായിരത്തഞ്ഞൂറോളം മെട്രോ കോച്ചും ഇതിനകം നിർമിച്ചു നൽകി.

രാജ്യത്തെ ഇരുമ്പ്–-ഉരുക്ക് വ്യവസായത്തിനും നിർമാണമേഖലയ്ക്കുംവേണ്ടി ഏകദേശം 50,000  വാഹനവും ഇതിനകം നിർമിച്ചുനൽകി. രാജ്യസുരക്ഷാ വാഹനങ്ങൾ നിർമിക്കുന്ന തന്ത്രപ്രധാന സ്ഥാപനമെന്നതിനുപരി ഇന്ത്യയിൽ മെട്രോ കോച്ചുകൾ നിർമിക്കുന്ന ഏക ഇന്ത്യൻ കമ്പനിയും ഏക പൊതുമേഖലയുമാണ്. ബെമൽ  മൈനിങ്‌ ആൻഡ്‌  കൺസ്ട്രക്‌ഷൻ വാഹനങ്ങൾ നിർമിക്കുന്ന ഇന്ത്യയിലെ ഏക പൊതുമേഖലയുമാണ്. പ്രതിവർഷം ഏകദേശം 4000 കോടിയുടെ ഓർഡർ നേടുമ്പോൾ അതിൽനിന്ന്‌ 85 ശതമാനം ഓർഡർ നേടുന്നത് ആഗോള ടെൻണ്ടറിൽ പങ്കെടുത്ത് വിദേശ സ്വദേശ കുത്തക കമ്പനികളെ പരാജയപ്പെടുത്തിയാണ്. 2020-–-21 സാമ്പത്തിക വർഷം 3557 കോടി വിറ്റുവരവും 93 കോടി ലാഭവും നേടാൻ സാധിച്ചിട്ടുണ്ട്. നിലവിൽ 10,000 കോടിയുടെ ഓർഡർ കൈവശമുണ്ട്.

ബെമൽ തന്ത്രപ്രധാന സ്ഥാപനമായതിനാൽ ഉൽപ്പന്നങ്ങളെക്കുറിച്ച് വിവരാവകാശ നിയമം 2005 പ്രകാരം കേന്ദ്ര സർക്കാരിനോട് ചോദിച്ചാൽപ്പോലും രാജ്യസുരക്ഷയെ ബാധിക്കുന്നതിനാൽ വിവരങ്ങൾ ഒരു ഇന്ത്യൻ പൗരനും നൽകാറില്ല. ഇന്ത്യൻ ആർമിയുടെ നട്ടെല്ലായ ബെമലിനെ  മോദി സർക്കാർ രാജ്യസുരക്ഷ മാനിക്കാതെ 2021 ജനുവരി നാലി-ന് വിദേശ സ്വദേശ കോർപറേറ്റ് കമ്പനികൾക്ക്  26 ശതമാനം ഓഹരികൾ വിറ്റഴിച്ച്, ഏകദേശം 1800 കോടിക്ക്‌ വിൽക്കാൻ താൽപ്പര്യപത്രം ക്ഷണിക്കുകയായിരുന്നു. രാജ്യസുരക്ഷ അപകടത്തിലാകുമെന്നു കാണിച്ച്  മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയോട് വിൽപ്പനയിൽനിന്ന്‌ പിൻമാറണമെന്ന്‌ ആവശ്യപ്പെട്ടു. 2021 ജനുവരി ആറിന് കഞ്ചിക്കോട് കമ്പനിപ്പടിയിൽ തൊഴിലാളികൾ അനിശ്ചിതകാല സമരവും തുടങ്ങി. -മെട്രോ കോച്ച് നിർമാണം തുടങ്ങുന്നതിനു മുമ്പ്‌ രാജ്യത്തിന് ആവശ്യമായ മെട്രോ കോച്ചുകൾ വിദേശത്തുനിന്ന്‌ ഒരു കോച്ചിന് 16 കോടിക്കു മുകളിൽ വാങ്ങുകയായിരുന്നു.

എന്നാൽ, മെട്രോ - കോച്ച് നിർമാണം തുടങ്ങുകയും ആഗോള ടെൻണ്ടറിൽ പങ്കെടുത്ത് വിദേശ കമ്പനികളെ പരാജയപ്പെടുത്തി ഓർഡറുകൾ നേടിയപ്പോൾ ഇന്ത്യയിൽ വിദേശ കമ്പനികൾ ഒരു കോച്ചിന്റെ വില -16 കോടിയിൽനിന്ന്‌ എട്ട്‌ കോടിലേക്ക്‌ വില താഴ്ത്താൻ നിർബന്ധിതരായി. ഇതിലൂടെ കേന്ദ്ര സർക്കാരിന് ഏകദേശം ഒരു ലക്ഷം കോടി രൂപയോളം പദ്ധതിച്ചെലവ് ചുരുക്കാനും സാധിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാർ  ബെമൽ സ്വകാര്യവൽക്കരിക്കുന്നതിലൂടെ വീണ്ടും വിദേശ മെട്രോ കോച്ച് നിർമാണ കമ്പനികൾ ധാരണയുണ്ടാക്കി ഒരു കോച്ചിന് 20 കോടിക്കു മുകളിൽ വിൽക്കാൻ തീരുമാനിച്ചാൽപ്പോലും കേന്ദ്ര സർക്കാർ അതേവിലയ്ക്ക് വാങ്ങാൻ നിർബന്ധിതരാകും.

സാമ്പത്തികശേഷിമാത്രം മാനദണ്ഡമാക്കിയതിലൂടെ ഒരു മുൻ പരിചയവുമില്ലാത്തതും കളിപ്പാട്ട യുദ്ധോപകരണങ്ങൾപോലും നിർമിക്കാൻ - കാര്യക്ഷമതയില്ലാത്തതുമായ റിയൽ എസ്റ്റേറ്റ് കമ്പനികളെയും മറ്റും അന്തിമപട്ടികയിൽ  ഉൾപ്പെടുത്തിയതിലൂടെ മോദി സർക്കാരിന്റെ അവകാശവാദം കാപട്യമെന്ന് വ്യക്തമാകുന്നു. മോദി സർക്കാരിന്റെ കാര്യക്ഷമതാ കുറവുമൂലം രാജ്യം കടുത്ത സാമ്പത്തികപ്രതിസന്ധി നേരിടുന്നതിനാൽ രാജ്യത്തിന്റെ ആസ്തികളും പൊതുമേഖലകളും വിറ്റഴിക്കേണ്ട സാഹചര്യമാണ് ഇപ്പോൾ  രാജ്യത്തുള്ളത്. വൻ നഗരങ്ങളിലുള്ള ബെമലിന്റെ സ്വന്തം പേരിലുള്ള ഏകദേശം 2000 ഏക്കർ ഭൂമിയുടെയും പാട്ടഭൂമിയായ ഏകദേശം 1500 ഏക്കറിന്റെയും ഉടമസ്ഥാവകാശം കോർപറേറ്റുകളുടെ കൈയിൽ എത്തും.  ബെമൽപോലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ മാർക്കറ്റ് വില കണക്കാതെ ചുളുവിലയ്ക്ക് കോർപറേറ്റുകൾക്ക് വിൽക്കുന്ന നയമാണ് മോദി സർക്കാർ നടപ്പാക്കുന്നത്.

എന്നാൽ, ഏതെങ്കിലും കേന്ദ്ര പൊതുമേഖലാ സ്ഥാപനം അടച്ചുപൂട്ടൽ ഒഴിവാക്കാൻ സംസ്ഥാന സർക്കാരിന് കൈമാറുമ്പോൾ ഓഹരി വിലയ്ക്കുപകരം മാർക്കറ്റ് വില പ്രകാരം ഭൂമിയുടെയും കെട്ടിടത്തിന്റെയും മെഷിനറിയുടെയും വില നൽകണമെന്ന നയമാണ് കേന്ദ്ര സർക്കാർ നടപ്പാക്കുന്നത്. കേന്ദ്ര സർക്കാർ അടച്ചുപൂട്ടാൻ തീരുമാനിച്ച്, കഞ്ചിക്കോട് ഇൻസ്ട്രമെന്റേഷൻ സംസ്ഥാന സർക്കാർ ഏറ്റെടുക്കാൻ തയ്യാറായപ്പോൾ സംസ്ഥാന സർക്കാർ സൗജന്യമായി നൽകിയ ഭൂമിക്ക്‌ ഇപ്പോൾ മാർക്കറ്റ് വില കണക്കാക്കി കേന്ദ്ര സർക്കാരിന് നൽകണമെന്ന് ആവശ്യപ്പെടുന്നതിലൂടെ പൊതുമേഖലകളെ സ്വകാര്യവൽക്കരിക്കുന്നത് കോർപറേറ്റുകളെ സഹായിക്കാനെന്ന് വ്യക്തം. ബെമൽ സ്വകാര്യവൽക്കരണത്തോടൊപ്പം കേന്ദ്ര സർക്കാർ കൂടുതൽ പണം സ്വരൂപിക്കാൻവേണ്ടി ബെമലിന്റെ സ്വന്തം പേരിൽ ഇന്ത്യയുടെ വൻനഗരങ്ങളിലുള്ള ഏകദേശം 600 ഏക്കർ ഭൂമിയും വൻ കെട്ടിടങ്ങളും ഉൾപ്പെടുന്ന ആസ്തിയെ ബെമൽ ലാൻഡ്‌ അസറ്റ് ലിമിറ്റഡ് എന്ന കമ്പനി രൂപീകരിച്ച് പ്രത്യേകം വിൽക്കാനും ശ്രമം ആരംഭിച്ചിരിക്കുകയാണ്.

ബെമൽ വിൽപ്പനയ്‌ക്കെതിരെ തൊഴിലാളികൾ ആരംഭിച്ച അനിശ്ചിതകാല ധർണ 600 ദിവസം പൂർത്തിയായി.  ജനങ്ങളുടെ നികുതിപ്പണംകൊണ്ട് നിർമിച്ചതും, തൊഴിലാളികളുടെ  കാര്യക്ഷമതയാൽ നേടിയതുമായ 50,000 കോടി ആസ്തി വെറും 1800 കോടി ഓഹരിവിലയ്ക്ക് വിൽക്കുന്നതിനെതിരെയുള്ളതാണ്‌ തൊഴിലാളികളുടെ അനിശ്ചിതകാല സമരം. പൊതുമുതൽ സ്വകാര്യവൽക്കരിക്കുന്നതിലൂടെ പിന്നാക്ക വിഭാഗത്തിലെ അഭ്യസ്തവിദ്യരായ ചെറുപ്പക്കാർക്കുള്ള 50 ശതമാനം തൊഴിൽസംവരണം നഷ്ടമാകും. കേന്ദ്ര സർക്കാരിന് പ്രതിവർഷം ടാക്സ് ഇനത്തിലും ഡിവിഡന്റ് ഇനത്തിലും ലഭിക്കുന്ന ലക്ഷക്കണക്കിന് കോടി രൂപ നഷ്ടമാകും.

മോദി സർക്കാർ പ്രതിരോധമേഖലയിലും മേയ്ക്ക് ഇന്ത്യ നടപ്പാക്കുമെന്ന് അവകാശപ്പെടുമ്പോൾ നിലവിലുള്ള ബെമൽപോലുള്ള പ്രതിരോധസ്ഥാപനം വിദേശ കമ്പനികൾക്ക്  വിൽക്കുമ്പോൾ എങ്ങനെ സുരക്ഷ സംരക്ഷിക്കും. രാജ്യസുരക്ഷയിൽ സുപ്രധാന പങ്കുവഹിക്കുന്ന ബെമൽ വിദേശ കമ്പനികൾക്ക് വിൽക്കുന്നത് രാജ്യദ്രോഹപരമാണ്. രാജ്യസുരക്ഷാ വാഹനങ്ങൾ നിർമിക്കുന്ന ബെമൽ വിദേശികൾക്ക് വിൽക്കുന്നതിലൂടെ ബിജെപിയുടേത് കപട രാജ്യസ്നേഹമാണെന്ന് മനസ്സിലാകും. കൊച്ചി റിഫൈനറി, ഹിന്ദുസ്ഥാൻ ലൈഫ് കെയർ എന്നീ തന്ത്രപ്രധാന സ്ഥാപനങ്ങൾക്കു പുറമെ - എൽഐസി എന്ന ജനപക്ഷ ഇൻഷുറൻസ് പദ്ധതികളെപ്പോലും കൈയൊഴിയുന്ന കേന്ദ്ര സർക്കാരിന്റെ പൊതുമേഖലാവിരുദ്ധ നിലപാടുകൾക്കെതിരായ ജനകീയ പോരാട്ടങ്ങൾക്ക് ബെമൽ തൊഴിലാളികൾ ഒറ്റക്കെട്ടായി മുന്നോട്ട് നയിക്കുന്ന പ്രക്ഷോഭം ആവേശം പകരും.

(സിഐടിയു സംസ്ഥാന സെക്രട്ടറിയാണ് ലേഖകൻ‍)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top