17 April Wednesday

ബെലഗവി സംഘർഷം ആർക്കുവേണ്ടി

ടി ചന്ദ്രമോഹൻUpdated: Monday Jan 2, 2023

അതിർത്തിത്തർക്കത്തിന്റെ പേരിൽ കർണാടകവും മഹാരാഷ്ട്രയും തുറന്ന പോരിൽ. ശത്രു രാജ്യങ്ങളെപ്പോലെയാണ്‌ ഇരു സംസ്ഥാനവും വാക്‌പോരിൽ അണിനിരന്നിരിക്കുന്നത്‌. ഒരിഞ്ച്‌ ഭൂമിപോലും പരസ്‌പരം വിട്ടുകൊടുക്കില്ലെന്ന്‌ ഇരു സംസ്ഥാന മുഖ്യമന്ത്രിമാരും പ്രഖ്യാപിച്ചിരിക്കുകയാണ്‌. നിയമസഭകളും പ്രമേയം പാസാക്കി. ചൈന ഇന്ത്യയിലേക്ക്‌ കടന്നുകയറിയതുപോലെ ഞങ്ങൾ കർണാടകത്തിലേക്ക്‌ കടന്നുകയറുമെന്ന്‌ മഹാരാഷ്ട്രയിലെ ചില പ്രതിപക്ഷ പാർടി നേതാക്കളും പ്രഖ്യാപിച്ചിട്ടുണ്ട്‌. വേനൽക്കാലത്ത്‌ കർണാടകത്തിന്‌ വെള്ളം വിട്ടുനൽകില്ലെന്ന ഭീഷണിയും ഉയർത്തി. സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തിലാണ്‌ രണ്ട്‌ സംസ്ഥാനത്തും  ഒരു മാസത്തിലേറെയായി സംഘർഷം തുടരുന്നത്‌. വിഷയത്തിൽ പ്രകോപനം ഇനിയുണ്ടാകില്ലെന്ന്‌ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷായുടെ സാന്നിധ്യത്തിൽ ഇരു സംസ്ഥാന മുഖ്യമന്ത്രിമാരും ധാരണയായിരുന്നു. യോഗത്തിനു പിന്നാലെതന്നെ പ്രകോപനപരമായ പ്രഖ്യാപനങ്ങൾ ഉണ്ടായി. സംസ്ഥാനങ്ങൾ തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാൻ ബാധ്യതപ്പെട്ട കേന്ദ്രസർക്കാരാകട്ടെ ശക്തമായ ഇടപെടൽ നടത്താതെ മാറിനിൽക്കുന്നു. പ്രാദേശിക വികാരവും ഭാഷാ പ്രശ്‌നവും ഇളക്കിവിട്ട്‌ രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ രണ്ട്‌ സംസ്ഥാനത്തും ഭരണകക്ഷിയായ ബിജെപി തന്ത്രം പയറ്റുകയാണ്‌. ഈ വിഷയം അങ്ങേയറ്റം വൈകാരികവും അതത്‌ സംസ്ഥാനത്തെ മിക്കവാറും  രാഷ്ട്രീയ പാർടികളും ഇക്കാര്യത്തിൽ ഒറ്റക്കെട്ടുമാണ്.

ജനങ്ങളെ പ്രകോപിപ്പിക്കുന്ന പ്രസ്താവനകളാണ്‌ മുഖ്യമന്ത്രിമാരുടെയും മന്ത്രിമാരുടെയും ഭാഗത്തുനിന്നുണ്ടാകുന്നത്‌. തെരഞ്ഞെടുപ്പിൽ വിജയിക്കാൻ വർഗീയതും ജാതീയതയും ഇളക്കിവിടുകയെന്ന ബിജെപി തന്ത്രത്തിന്റെ തുടർച്ചയാണ്‌ അതിർത്തിത്തർക്കത്തിന്റെയും ഭാഷാപ്രശ്‌നത്തിന്റെയും പേരിൽ ജനങ്ങളെ സംഘർഷത്തിലേക്ക്‌ തള്ളിവിടുന്നത്‌. ആറു ദശകത്തിലേറെയായി നിലനിൽക്കുന്ന ബെലഗവിയിലെ അതിർത്തിത്തർക്കത്തിൽ പലപ്പോഴും വലിയ തോതിലുള്ള സംഘർഷം നിലനിന്നിരുന്നു. തെരഞ്ഞെടുപ്പ്‌ അടുക്കുമ്പോഴാണ്‌ പ്രശ്‌നം കുത്തിപ്പൊക്കി ഏറ്റുമുട്ടലിലേക്ക്‌ നീങ്ങുക. ആറ്‌ മാസത്തിനകം കർണാടക നിയമസഭാ തെരഞ്ഞെടുപ്പും മഹാരാഷ്ട്രയിൽ ബിഎംസി ഉൾപ്പെടെയുള്ള തദ്ദേശ തെരഞ്ഞെടുപ്പും നടക്കാനിരിക്കെയാണ്‌ മുഖ്യമന്ത്രിമാർതന്നെ അതിർത്തിപ്രശ്‌നം രൂക്ഷമാക്കിയത്‌. ഇരു സംസ്ഥാനങ്ങളും തമ്മിൽ വാഗ്വാദങ്ങളും വെല്ലുവിളികളും സംഘർഷങ്ങളും മുറുകി വാഹനങ്ങൾ തടയുന്നതുൾപ്പെടെയുള്ള പ്രക്ഷോഭങ്ങളിലേക്ക്‌ നീങ്ങി. നിയമസഭകളിൽ ഈ പ്രശ്‌നം രൂക്ഷമായ ചർച്ചയ്‌ക്കും കാരണമായി. പ്രമേയങ്ങളും പാസാക്കി. അതിർത്തിത്തർക്കത്തിൽ സംസ്ഥാനത്തിന്റെ നിലപാട്‌ ഉയർത്തിപ്പിടിക്കുമെന്നും ഒരിഞ്ച്‌ ഭൂമിപോലും വിട്ടുകൊടുക്കില്ലെന്നുമായിരുന്നു കർണാടകത്തിന്റെ പ്രമേയം. ഡിസംബർ 19 മുതൽ ബെൽഗവിയിൽ നടന്ന പ്രത്യേക ശൈത്യകാല സമ്മേളനത്തിലാണ്‌ പ്രമേയം പാസാക്കിയതെന്നതും ശ്രദ്ധേയമാണ്‌. കർണാടകത്തിന്റെ മണ്ണും വെള്ളവും ഭാഷയും സംരക്ഷിക്കുന്നതിൽ ഒരു വിട്ടുവീഴ്‌ചയുമില്ലെന്ന്‌ പ്രമേയം വ്യക്തമാക്കി.

കർണാടകം പ്രമേയം പാസാക്കി ഒരാഴ്‌ച കഴിഞ്ഞപ്പോൾ കൂടുതൽ പ്രകോപനം സൃഷ്ടിക്കുന്ന രീതിയിലാണ്‌ മഹാരാഷ്ട്ര നിയമസഭ പ്രമേയം പാസാക്കിയത്‌. കർണാടകത്തിലെ മറാത്തി സംസാരിക്കുന്ന 865 ഗ്രാമത്തെ മഹാരാഷ്ട്രയിൽ ഉൾപ്പെടുത്താൻ നിയമവഴി തേടുമെന്നാണ്‌ ഏകകണ്‌ഠമായി പാസാക്കിയ പ്രമേയത്തിൽ പറയുന്നത്‌. അതിർത്തിത്തർക്കത്തിന്‌ കർണാടകം മനഃപൂർവം ഇന്ധനം നൽകുകയാണെന്ന്‌ പ്രമേയം അവതരിപ്പിച്ച മുഖ്യമന്ത്രി ഏക്‌നാഥ്‌ ഷിൻഡെ പറഞ്ഞു. ബെലഗവിയിലെ കാർവാർ, നിപാനി, ബിദാർ, ഭാൽക്കി എന്നിവിടങ്ങളിലെ 865 ഗ്രാമത്തിലെയും നഗരങ്ങളിലെയും മറാത്തി സംസാരിക്കുന്ന ജനങ്ങൾക്കൊപ്പം മഹാരാഷ്ട്ര സർക്കാർ ഉറച്ചുനിൽക്കുമെന്നും വ്യക്തമാക്കി. അതിർത്തി പ്രദേശങ്ങളിലെ മറാഠികളുടെ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്രസർക്കാർ കർണാടക സർക്കാരിന്‌ നിർദേശം നൽകണമെന്നും സുപ്രീംകോടതി തീരുമാനം വരുന്നതുവരെ 865 ഗ്രാമത്തെ കേന്ദ്രഭരണപ്രദേശമായി പ്രഖ്യാപിക്കണമെന്നും  ആവശ്യപ്പെട്ടു.

2006 ലെ  നിയമസഭാ തെരഞ്ഞെടുപ്പ്‌ വേളയിലാണ്‌ ബെലഗവിയെ സംസ്ഥാനത്തിന്റെ രണ്ടാം തലസ്ഥാനമായി കർണാടകം പ്രഖ്യാപിച്ചത്‌. 2012ൽ നിയമസഭാ മന്ദിരം (സുവർണ സൗധ) നിർമിച്ചു. ശൈത്യകാല സമ്മേളനം നടത്തുന്നത്‌ ഇവിടെയാണ്. അതിർത്തിത്തർക്കം രൂക്ഷമായിരിക്കെ ഡിസംബർ 19 മുതൽ ബെലഗവിയിൽ നിയമസ‌ഭാ സമ്മേളനം ചേർന്നത് പ്രശ്‌നം വഷളാക്കുകയും ചെയ്‌തു. സമ്മേളനം ചേരുന്നതിനെതിരായ മഹാരാഷ്ട്ര ഏകീകരൺ സമിതി മഹാമേള എന്ന പേരിൽ ശക്തമായ പ്രതിഷേധവുമായി- രംഗത്തുണ്ടായിരുന്നു. ബെലഗവിയിലും പരിസരങ്ങളിലും അയ്യായിരത്തിലേറെ പൊലീസുകാരെ വിന്യസിച്ചാണ്‌ സുരക്ഷ ഒരുക്കിയത്‌. ക്രമസമാധാനപാലനത്തിനായി ഇത്രയും പൊലീസുകാരെ വിന്യസിച്ചതോടൊപ്പം 500 സിസിടിവി കാമറ പ്രത്യേകമായി സ്ഥാപിച്ചു. നിയമസഭാ കവാടത്തിനരികിലും മറ്റ്‌ വിവിധ പ്രദേശങ്ങളിലുമായി അറുപത്തിരണ്ടോളം സംഘടനകളാണ്‌ പ്രതിഷേധം സംഘടിപ്പിച്ചത്‌. അസംബ്ലിഹാളിൽ വി ഡി സവർക്കറുടെ ഫോട്ടോ അനാച്ഛാദനം ചെയ്‌തതും പ്രതിഷേധത്തിനിടയാക്കി. മഹാത്മാഗാന്ധി, സർദാർ വല്ലഭ്‌ഭായ്‌ പട്ടേൽ, ഡോ. ബി ആർ അംബേദ്‌കർ, സുഭാഷ്‌ ചന്ദ്രബോസ്‌, സ്വാമി വിവേകാനന്ദൻ, ബസവേശ്വര എന്നിവരുടെ ഫോട്ടോകൾക്കൊപ്പം സവർക്കറുടെ ഫോട്ടോ അനാച്ഛാദനം ചെയ്യുന്നതിനെ പ്രതിപക്ഷമായ കോൺഗ്രസ്‌ എതിർത്തിരുന്നു. മഹാരാഷ്ട്രയിലെ ഭരണപക്ഷത്തെ തൃപ്‌തിപ്പെടുത്താനാണ്‌ സവർക്കറുടെ ഫോട്ടോ ഉൾപ്പെടുത്തിയത്‌.

ഇരു സംസ്ഥാനത്തും ഏറെ വൈകാരികമായ പ്രശ്നമാണ്‌ ബെലഗവി. രാഷ്ട്രീയ വ്യത്യാസമില്ലാതെ പാർടികൾ ഇക്കാര്യത്തിൽ ഒരുമിച്ച് നിൽക്കുന്നു. മഹാരാഷ്ട്രയുമായും ഗോവയുമായും അതിർത്തി പങ്കിടുന്ന പ്രദേശമായ ബെൽഗാം 2014 മുതലാണ്‌ ബെലഗവി എന്നറിയപ്പെടുന്നത്‌. സംസ്ഥാന പുനഃസംഘടനാ പ്രകാരം ബെലഗവി അന്നത്തെ മൈസൂർ സംസ്ഥാനത്തിന്റെ ഭാഗമായി. മൈസൂർ പിന്നീട് കർണാടക സംസ്ഥാനമായി. മറാത്തി സംസാരിക്കുന്നവരാണ്‌ ബെലഗവിയിൽ കൂടുതലെന്ന വാദമാണ്‌ സംസ്ഥാന പുനഃസംഘടനാ സമയത്ത്‌ ഉയർന്നുവന്നത്‌. ബെലഗവിയും അതിനോടു ചേർന്നുള്ള പ്രദേശങ്ങളും മഹാരാഷ്ട്രയോട് ചേർക്കണമെന്ന ആവശ്യവുമായി ബെലഗവിയിലെയും മഹാരാഷ്ട്രയിലെയും രാഷ്ട്രീയക്കാർ രംഗത്തുവന്നു. മഹാരാഷ്ട്ര ബെലഗവിക്കുമേൽ അവകാശം ഉന്നയിച്ച്‌ കേന്ദ്ര സർക്കാരിന് നിവേദനം നൽകി. ബെലഗവി അടക്കം മറാത്തി സംസാരിക്കുന്ന പ്രദേശങ്ങൾ കർണാടകത്തോട് ചേർക്കാൻ പാടില്ല എന്നായിരുന്നു ഇതിൽ ആവശ്യപ്പെട്ടിരുന്നത്. ബെലഗവി, നിപ്പനി, കാർവാർ എന്നിവിടങ്ങളിലെ 865 ഗ്രാമം തങ്ങളുടെ ഭാഗമാണെന്നാണ് മഹാരാഷ്ട്ര അവകാശപ്പെട്ടത്. 1966ൽ ഈ പ്രശ്നം പരിശോധിക്കാൻ കേന്ദ്രം മഹാജൻ കമീഷനെ ചുമതലപ്പെടുത്തി. കമീഷന്റെ ശുപാർശകൾ മഹാരാഷ്ട്ര തള്ളിക്കളഞ്ഞപ്പോൾ നടപ്പാക്കണം എന്നായിരുന്നു കർണാടകത്തിന്റെ ആവശ്യം. വൈകാതെ മഹാരാഷ്ട്ര ഏകീകരണ സമിതി വിഷയം ഏറ്റെടുത്തു. ബെലഗവി ആസ്ഥാനമായി പ്രവർത്തിക്കുന്ന സമിതിക്ക്‌ മഹാരാഷ്ട്രയിലെ എല്ലാ രാഷ്ട്രീയ പാർടികളുടെയും പിന്തുണയുണ്ട്. മറുഭാഗത്ത് കർണാടക രക്ഷണ വേദിക നിലവിലെ സ്ഥിതി നിലനിർത്തണമെന്നും ബെലഗവി കന്നഡ സംസാരിക്കുന്നവർക്ക് പ്രാമുഖ്യമുള്ള സ്ഥലമാണെന്ന അവകാശവാദവും ഉന്നയിക്കുന്നു.

അക്രമാസക്തമായ പല സമരങ്ങളും ഈ മേഖലയിൽ അരങ്ങേറി.  പ്രധാനപ്പെട്ട ഒന്നായിരുന്നു സ്കൂളുകളിൽ കന്നഡ നിർബന്ധിത ഭാഷയാക്കുന്നതിനെതിരെ 1986 ജൂണിൽ നടന്ന സംഘർഷവും പൊലീസ് വെടിവയ്പും. മഹാജൻ കമീഷൻ റിപ്പോർട്ട് തള്ളിക്കളഞ്ഞുകൊണ്ട് ഭരണഘടനയുടെ 131(ബി) അനുസരിച്ച് പ്രശ്നപരിഹാരമുണ്ടാകണമെന്ന് ആവശ്യപ്പെട്ട് 2004ൽ മഹാരാഷ്ട്ര സുപ്രീംകോടതിയെ സമീപിച്ചു. 2006ൽ സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ മഹാരാഷ്ട്ര സർക്കാർ പറഞ്ഞത്, കർണാടകത്തിൽ ജീവിക്കുന്ന മറാത്തി സംസാരിക്കുന്ന ജനങ്ങൾ അനുഭവിക്കുന്ന അരക്ഷിതാവസ്ഥ കണക്കിലെടുത്ത് ബെലഗവിയെ മഹാരാഷ്ട്രയോട് ചേർക്കണമെന്നാണ്. 2017ൽ ജയ് മഹാരാഷ്ട്ര എന്നെഴുതിയ മഹാരാഷ്ട്ര സർക്കാരിന്റെ ബസുകൾക്ക്‌ ബെലഗവിയിൽ സ്വീകരണം നൽകിയ മഹാരാഷ്ട്ര ഏകീകരൺ സമിതിയുടെ പ്രവർത്തകർക്കെതിരെ കർണാടക സർക്കാർ രാജ്യദ്രോഹക്കുറ്റം ചുമത്തി കോൺഗ്രസ്‌ സർക്കാർ കേസെടുത്തിരുന്നു.

നവംബർ 30ന് സുപ്രീംകോടതി കേസ്‌ പരിഗണിക്കാനിരിക്കെയായിരുന്നു ഇരു സംസ്ഥാനവും വിവാദ പ്രസ്താവനകളുമായി ഇത്തവണ രംഗത്തു വന്നത്. മഹാരാഷ്ട്ര – കർണാടകം അതിർത്തി ജില്ലയായ സാംഗ്‍ലിയിലെ ചില ഗ്രാമങ്ങൾ കർണാടകത്തിനൊപ്പം ചേർക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പ്രമേയം പാസാക്കിയെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പ്രഖ്യാപിച്ചതാണ്‌ ഇപ്പോഴത്തെ പ്രശ്‌നങ്ങൾക്ക്‌ തുടക്കം. ബൊമ്മെയുടെ അവകാശവാദം നിഷേധിച്ച മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസാകട്ടെ രൂക്ഷമായ ഭാഷയിലാണ്‌ പ്രതികരിച്ചത്‌. ഒരു ഗ്രാമവും പ്രമേയം പാസാക്കിയിട്ടില്ലെന്നും ആരും എവിടേക്കും പോകില്ലെന്നും മറാത്തി സംസാരിക്കുന്ന ബെലഗവി മാത്രമല്ല, കാർവാറും നിപ്പനിയും മഹാരാഷ്ട്രയോട് ചേർക്കാൻ പ്രക്ഷോഭം നടത്തുമെന്നും ഫഡ്നാവിസ്‌ പ്രഖ്യാപിച്ചു. ഫഡ്നാവിസ് പ്രഖ്യാപിച്ച രീതിയിൽ ഒന്നും സംഭവിക്കില്ലെന്നും കർണാടകത്തിന്റെ ഭൂമിയും അതിർത്തിയും സംരക്ഷിക്കാൻ ഏതറ്റംവരെയും പോകുമെന്നും മഹാരാഷ്ട്രയിലെ സോലാപുർ, അക്കലക്കോട്ടെ ജില്ലകൾ കർണാടകത്തിന്‌ വിട്ടുനൽകണമെന്നും ബൊമ്മെ മറുപടി പറഞ്ഞതോടെ ഇരു ഭാഗത്തും സംഘർഷം ഉടലെടുത്തു. ബെലഗവി തിരിച്ചുകിട്ടുന്നതിനുള്ള പ്രക്ഷോഭത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക്‌ പെൻഷൻ നൽകാനുള്ള മഹാരാഷ്ട്ര സർക്കാരിന്റെ തീരുമാനം സ്ഥിതി വഷളാക്കി. കർണാടകത്തിൽ താമസിക്കുന്നവർക്കും പെൻഷൻ നൽകുമെന്നും പ്രഖ്യാപിച്ചു. ഇതിനു മറുപടിയായി കർണാടകത്തെ ഒരുമിപ്പിക്കാൻ പൊരുതിയ മഹാരാഷ്ട്രയിലുള്ള കർണാടകക്കാർക്കും പെൻഷൻ നൽകാൻ കർണാടക സർക്കാരും തീരുമാനിച്ചു. മഹാരാഷ്ട്രയിലെ കന്ന‍ഡ പഠിപ്പിക്കുന്ന സ്കൂളുകൾക്ക് ധനസഹായം നൽകുമെന്നും പ്രഖ്യാപിച്ചു. മഹാരാഷ്ട്ര മന്ത്രിമാരുടെ ബെൽഗവി സന്ദർശിക്കാനുള്ള തീരുമാനം സ്ഥിതി വഷളാക്കി. പിന്നാലെ ഇരു സംസ്ഥാനങ്ങളിൽനിന്നുള്ള വാഹനങ്ങൾ ആക്രമിക്കപ്പെട്ടു. ഇതിന്റെ തുടർച്ചയാണ്‌ നിയമസഭകളുടെ പ്രമേയം പാസാക്കൽ. പ്രശ്‌നം രമ്യമായി പരിഹരിക്കുന്നില്ലെങ്കിൽ തെരഞ്ഞെടുപ്പ്‌ അടുക്കുന്നതോടെ സ്ഥിതി ഇനിയും വഷളാകാനാണ്‌ സാധ്യത.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top