18 April Thursday

ആഭ്യന്തര മാധ്യമങ്ങൾ വരുതിയിൽ ; ഇനി വിദേശമാധ്യമങ്ങൾ

എം പ്രശാന്ത്‌Updated: Thursday Feb 16, 2023

കൊണാട്ട്‌പ്ലേസിനടുത്ത്‌ കെജി മാർഗിൽ ഹിന്ദുസ്ഥാൻ ടൈംസ്‌ കെട്ടിടത്തിന്റെ അഞ്ചും ആറും നിലയിലായാണ്‌ ബിബിസി ഇന്ത്യയുടെ ഓഫീസ്‌. അഞ്ചാം നിലയിൽ എഡിറ്റോറിയൽ വിഭാഗവും മുകൾനിലയിൽ അഡ്‌മിനിസ്‌ട്രേഷൻ വിഭാഗവും പ്രവർത്തിക്കുന്നു. ചൊവ്വാഴ്‌ച പകൽ പതിനൊന്നരയോടെ ഈ രണ്ട്‌ നിലയിലേക്കുമായി അമ്പതിലേറെ വരുന്ന ആദായനികുതി വകുപ്പ്‌ സംഘം ഡൽഹി പൊലീസിന്റെ അകമ്പടിയോടെ ഇരച്ചുകയറി. മോദിക്കെതിരായ ഡോക്യുമെന്ററിയിൽ പ്രതിഷേധമുള്ള ഏതെങ്കിലും സംഘപരിവാർ സംഘടനാ പ്രവർത്തകരാകുമെന്നാണ്‌ ജീവനക്കാർ ആദ്യം കരുതിയത്‌. ഐടി വിഭാഗമാണെന്നും എല്ലാവരും ഫോണുകൾ മേശപ്പുറത്തുവച്ച്‌ ഒരുഭാഗത്തേക്ക്‌ മാറിനിൽക്കണമെന്നും ഉദ്യോഗസ്ഥരിൽ ഒരാൾ ആക്രോശിച്ചപ്പോഴാണ്‌ മോദി സർക്കാരിന്റെ പ്രതികാരനടപടിയാണെന്ന്‌ ജീവനക്കാർ തിരിച്ചറിഞ്ഞത്‌.

ഇത്‌ മാധ്യമപ്രവർത്തകർ മാത്രമുള്ള എഡിറ്റോറിയൽ വിഭാഗമാണെന്നും അക്കൗണ്ട്‌സ്‌ വിഭാഗവും മറ്റും മുകൾനിലയിലാണെന്നും മുതിർന്ന എഡിറ്റർമാരിൽ ഒരാൾ പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. എന്താണ്‌ വേണ്ടതെന്ന്‌ തങ്ങൾക്ക്‌ അറിയാമെന്നും പറഞ്ഞത്‌ അനുസരിച്ചാൽമാത്രം മതിയെന്നും ഉ ദ്യോഗസ്ഥസംഘം കർക്കശമായി നിർദേശിച്ചു. മാധ്യമപ്രവർത്തകരാണെന്ന പരിഗണന പോലുമില്ലാതെ തികച്ചും ഏകപക്ഷീയമായിട്ടായിരുന്നു തുടർന്നുള്ള നടപടികളെന്ന്‌ ജീവനക്കാർ വിവരിക്കുന്നു. എല്ലാവരെയും ഒരു മൂലയിലേക്ക്‌ മാറ്റിനിർത്തി. തുടർന്ന്‌ ഓരോരുത്തരുടേതായി ഫോണുകൾ പരിശോധിച്ചു. ലാപ്‌ടോപ്പുകളും ഡെസ്‌ക്‌ടോപ്പുകളും തിരഞ്ഞു. ബിനാമി, ഹവാല, കള്ളപ്പണം, ഇന്റർനാഷണൽ ടാക്‌സേഷൻ തുടങ്ങിയ വാക്കുകൾ കംപ്യൂട്ടറുകളിൽ ടൈപ്പ്‌ ചെയ്‌തായിരുന്നു പരിശോധന. റെയ്‌ഡിന്റെ ചില ദൃശ്യങ്ങൾ വാർത്താചാനലുകളിൽ വന്നുതുടങ്ങിയതോടെ അതിന്റെ പേരിലും ഭീഷണിയുയർന്നു. ദൃശ്യങ്ങൾ ചോർത്തിയാൽ കൂടുതൽ ബുദ്ധിമുട്ട്‌ നേരിടുമെന്നായിരുന്നു താക്കീത്‌. വിശദമായ പരിശോധനകൾക്കുശേഷം ആറു മണിക്കൂറോളം കഴിഞ്ഞാണ്‌ മാധ്യമപ്രവർത്തകരെ പുറത്തുപോകാൻ അനുവദിച്ചത്‌. 

‘സർവേ’ എന്നപേരിൽ ഐടി ഉദ്യോഗസ്ഥർ നടത്തുന്ന പരിശോധന തുടരുകയാണ്‌. 30 മണിക്കൂർ പിന്നിട്ട്‌ കഴിഞ്ഞു. റെയ്‌ഡ്‌ തുടങ്ങിയതുമുതൽ ‘മോദിഭക്ത’ ചാനലുകൾ ഒന്നൊന്നായി ബിബിസി ഓഫീസിന്‌ മുന്നിലെത്തി ലൈവ്‌ റിപ്പോർട്ടിങ്‌ തുടങ്ങിയിരുന്നു. ബിബിസി നികുതി വെട്ടിപ്പ്‌ നടത്തിയതായി വിവരം, ബിബിസിക്ക്‌ ചൈനീസ്‌ സർക്കാരുമായും സംഘടനകളുമായും ബന്ധം എന്നിങ്ങനെയുള്ള ‘ഞെട്ടിപ്പിക്കുന്ന’ വിവരങ്ങളാണ്‌ മോദി അനുകൂല ചാനലുകൾ പുറത്തുവിട്ടുകൊണ്ടിരുന്നത്‌. കൃത്യമായ ഇടവേളകളിൽ ഈ ചാനലുകളുടെ ലേഖകർക്ക്‌ വാട്‌സാപ്പിലും മറ്റുമായി സന്ദേശങ്ങൾ പ്രവഹിച്ചുകൊണ്ടിരുന്നു. മോദി വിരുദ്ധ ഡോക്യുമെന്ററി സംപ്രേഷണം ചെയ്‌തതിനു പിന്നാലെയാണ്‌ റെയ്‌ഡെന്ന വസ്‌തുതമാത്രം ഈ ചാനലുകൾ മറച്ചുവച്ചത്‌.

ഇന്ത്യൻ മാധ്യമങ്ങളെ കീഴടക്കി
ദേശീയ മാധ്യമങ്ങൾ ഏറെക്കുറെ പൂർണമായി മോദി സർക്കാരിനും സംഘപരിവാറിനും വിധേയപ്പെട്ട്‌ കഴിഞ്ഞു. എൻഡിടിവി പോലുള്ള ഒറ്റപ്പെട്ട തുരുത്തുകളെപ്പോലും അദാനിയെപ്പോലുള്ള മോദിയുടെ ചങ്ങാത്തമുതലാളിമാർ വിഴുങ്ങി. ചുരുക്കം ഓൺലൈൻ മാധ്യമങ്ങൾ മാത്രമാണ്‌ നിലവിൽ പ്രതിരോധമുയർത്തുന്നത്‌. ‘ഇന്ത്യ: ദ മോദി ക്വസ്‌റ്റ്യൻ’ എന്നപേരിൽ ബിബിസി തയ്യാറാക്കിയ രണ്ടു ഭാഗമുള്ള ഡോക്യുമെന്ററി ഗുജറാത്ത്‌ വംശഹത്യയെക്കുറിച്ചാണ്‌. മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി വംശഹത്യാ വേളയിൽ ഏതെല്ലാംവിധം അക്രമികളെ സഹായിച്ചെന്ന്‌ ബ്രിട്ടീഷ്‌ സർക്കാരിന്റെ തന്നെ ഒരു അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡോക്യുമെന്ററി സമർഥിക്കുന്നു.

ഗുജറാത്ത്‌ വംശഹത്യ മോദിയും പരിവാരവും ഇപ്പോഴും ആഭ്യന്തരമായി വമ്പുപറയുന്ന കാര്യങ്ങളിൽ ഒന്നാണ്‌. ‘ഗുജറാത്തിൽ ചിലർ കുഴപ്പങ്ങൾക്ക്‌ ശ്രമിച്ചിരുന്നു. 2002ൽ അവരെ നിലയ്‌ക്കുനിർത്തി’–- ആഭ്യന്തര മന്ത്രിയായ അമിത്‌ ഷാ അടുത്തിടെ ആഘോഷപൂർവം പറഞ്ഞു. ഗുജറാത്തിൽ 2002ലെ അടക്കം നിയമസഭാ തെരഞ്ഞെടുപ്പുകൾ മോദി ജയിച്ചതും വംശഹത്യ ഉയർത്തിക്കാട്ടിയാണ്‌. എന്നാൽ, ജി–-20 ഉച്ചകോടിക്കും മറ്റും ഇന്ത്യ ആതിഥേയത്വം വഹിക്കാനിരിക്കുന്ന ഘട്ടത്തിൽ ബിബിസിപോലൊരു അന്തർദേശീയ മാധ്യമം മോദിയെ ഇകഴ്ത്തിയുള്ള ഡോക്യുമെന്ററി പുറത്തുവിട്ടത്‌ സംഘപരിവാറിന്‌ ക്ഷീണമായി. ഈയൊരു കാരണമാണ്‌ ബിബിസിക്കെതിരായ വേട്ടയാടലിലേക്ക്‌ നയിച്ചത്‌.

റിപ്പോർട്ടേഴ്‌സ്‌ വിത്തൗട്ട്‌ ബോർഡേഴ്‌സ്‌ തയ്യാറാക്കുന്ന ആഗോള മാധ്യമസ്വാതന്ത്ര്യ സൂചികയിൽ 180 രാജ്യത്തിന്റെ പട്ടികയിൽ 150–-ാം സ്ഥാനത്താണ്‌ ഇന്ത്യ ഇപ്പോൾ. അടിയന്തരാവസ്ഥയേക്കാൾ മോശമായ നിലയിലാണ്‌ സംഘപരിവാർ ഭരണത്തിൽ രാജ്യത്തെ മാധ്യമസ്വാതന്ത്ര്യം.

മോദി അധികാരത്തിലെത്തിയശേഷം ഏതെല്ലാംവിധമാണ്‌ ദേശീയ–- പ്രാദേശിക മാധ്യമങ്ങളെ വരുതിയിൽ കൊണ്ടുവന്നതെന്ന്‌ പ്രമുഖ മാധ്യമപ്രവർത്തകനും ഹിന്ദുസ്ഥാൻ ടൈംസിന്റെ മുൻ എഡിറ്റർ ഇൻ ചീഫുമായ ബോബി ഘോഷ്‌ വിശദമാക്കുന്നുണ്ട്‌. എച്ച്‌ടിയിലെ തന്റെ അനുഭവങ്ങൾ തന്നെയാണ്‌ അദ്ദേഹം വിവരിക്കുന്നത്‌. സർക്കാരിനെതിരായ വാർത്തകൾ പ്രസിദ്ധീകരിച്ചാൽ അടുത്തദിവസംമുതൽ ഉന്നത ഉദ്യോഗസ്ഥരും നേതാക്കളും മറ്റും വിളി തുടങ്ങും. സർക്കാർ പരസ്യം ഇനി നൽകില്ല, നിയമനടപടികൾ സ്വീകരിക്കും, സ്വത്തുവിവരങ്ങളെക്കുറിച്ച്‌ അന്വേഷണമുണ്ടാകും, കുടുംബാംഗങ്ങളുടെ ഇടപാടുകളടക്കം പരിശോധിക്കും, ഐടി റെയ്‌ഡുണ്ടാകും തുടങ്ങിയ നിലയിലാണ്‌ ഭീഷണികൾ. മുഖ്യധാരാ മാധ്യമങ്ങൾ ഒന്നൊന്നായി ഭീഷണിക്ക്‌ വഴങ്ങിയെന്ന്‌ ഘോഷ്‌ പറയുന്നു. അദ്ദേഹത്തിന്‌ ഹിന്ദുസ്ഥാൻ ടൈംസ്‌ വിട്ടുപോകേണ്ടിയും വന്നു.

ചെറുത്തുനിന്ന മാധ്യമങ്ങൾക്ക്‌ കയ്‌പേറിയ അനുഭവങ്ങളുണ്ടായി. 2017ൽ എൻഡിടിവി ഉടമകളുടെ വസതികളിലും മറ്റും സിബിഐ പരിശോധന നടത്തി. ന്യൂസ്‌ക്ലിക്ക്‌, ന്യൂസ്‌ലോൺഡ്രി, ദി വയർ തുടങ്ങിയ സ്ഥാപനങ്ങളും വേട്ടയാടപ്പെട്ടു. ആൾട്ട്‌ന്യൂസ്‌ ഉടമ മുഹമ്മദ്‌ സുബൈർ ജയിലിൽ അടയ്‌ക്കപ്പെട്ടു. റാണാ അയൂബിനെപ്പോലുള്ള മാധ്യമപ്രവർത്തകർ ഇപ്പോഴും കോടതികൾ കയറിയിറങ്ങുന്നു. ഇന്ത്യയുടെ അഭിമാനമായിരുന്ന സ്വതന്ത്ര മാധ്യമപാരമ്പര്യം അപകടത്തിലാണെന്ന്‌ ന്യൂയോർക്ക്‌ ടൈംസ്‌ മുഖപ്രസംഗം എഴുതിയതിന്റെ അടുത്ത ദിവസമാണ്‌ ബിബിസി ഓഫീസുകളിലെ റെയ്‌ഡ്‌. അന്തർദേശീയമായി ഉയരുന്ന വിമർശങ്ങളെയൊന്നും മോദി പരിഗണിക്കുന്നേയില്ല. ഇന്ത്യയെന്ന വിശാലമായ വിപണിയുടെ സാധ്യതകൾക്കു മുന്നിൽ മറ്റ്‌ ലോക രാജ്യങ്ങളും നേതാക്കളുമെല്ലാം നിശ്ശബ്ദരാകുകയാണ്‌. റിപ്പോർട്ടേഴ്‌സ്‌ വിത്തൗട്ട്‌ ബോർഡേഴ്‌സ്‌ തയ്യാറാക്കുന്ന ആഗോള മാധ്യമസ്വാതന്ത്ര്യ സൂചികയിൽ 180 രാജ്യത്തിന്റെ പട്ടികയിൽ 150–-ാം സ്ഥാനത്താണ്‌ ഇന്ത്യ ഇപ്പോൾ. അടിയന്തരാവസ്ഥയേക്കാൾ മോശമായ നിലയിലാണ്‌ സംഘപരിവാർ ഭരണത്തിൽ രാജ്യത്തെ മാധ്യമസ്വാതന്ത്ര്യം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top