27 April Saturday

ബ്രിട്ടന്റെ കൊതിക്കെറുവും ബിബിസി ഡോക്യുമെന്ററിയും...എ കെ രമേശ്‌ എഴുതുന്നു

എ കെ രമേശ്Updated: Friday Jan 27, 2023

എ കെ രമേശ്‌

എ കെ രമേശ്‌

ബിബിസി പുറത്തുവിട്ട വീഡിയോ ഇന്ത്യയെ അവഹേളിക്കുന്നതിനുള്ള ബ്രിട്ടന്റെ ഗൂഢാലോചനയുടെ ഫലമാണ് എന്ന് പ്രചരിപ്പിക്കുന്നത് സംഘപരിവാറുകാർ മാത്രമല്ല. ഏ 20 അധ്യക്ഷസ്ഥാനം ഇന്ത്യക്ക് ലഭിച്ചതിന്റെ കൊതിക്കെറുവ് തീർക്കുകയാണ്  ബ്രിട്ടൺ എന്ന വാദത്തിന് കാറ്റ് പിടിപ്പിക്കുന്നുണ്ട് അവർ. ഇന്ത്യയെ അസ്ഥിരീകരിക്കുന്നതിന് വേണ്ടിയുള്ള പഴയ കോളനിയുടമകളുടെ ശ്രമമാണ് ഇതെന്ന് ഇന്ന് പറയുന്നവർ അന്ന് പറഞ്ഞത്, ബ്രിട്ടനോട് പൊരുതി ഊർജം പാഴാക്കരുതെന്നും നാളെ ആഭ്യന്തര ശത്രുക്കളോട് കണക്ക് തീർക്കാനായി അത് സൂക്ഷിച്ചു വെക്കണം എന്നുമാണ്. അധികാരത്തിലെത്തിയ ഉടനെ തന്നെ ഗുജറാത്തിൽ അവർ അതിന്റെ പണി തുടങ്ങുകയും ചെയ്തു. ഇന്ത്യ കൈപ്പിടിയിലായതോടെ പൂർവ്വാധികം ശക്തിയിൽ അവർ കണക്ക് തീർക്കാനൊരുങ്ങുകയാണ്. സുപ്രീം കോടതിയിൽ നിന്ന് ക്ലീൻചിറ്റ് വാങ്ങിയാലും ജനങ്ങളുടെ ഓർമയിലുണ്ട് 2002 ലെ കൂട്ടക്കുരുതി. അത് മായ്ച്ചു കളയാനുള്ള ശ്രമത്തിലാണ്  ഡോക്യുമെന്ററി നിരോധനം ഏർപ്പെടുത്തിയത് . പ്രചാരണം മറിച്ചാണ്. രാഷ്ട്രത്തിന്റെ പരമാധികാരത്തിന് നേരെ പഴയ കോളനിയുടമകൾ വെല്ലുവിളി ഉയർത്തുകയാണ് എന്നാണ്. അത് നേരാണോ ? ബ്രിട്ടനോടുള്ള മോഡിയുടെ സമീപനം എന്തായിരുന്നു? എങ്ങനെയാണ് മോഡിയുടെ ഇന്ത്യയോട് ബ്രിട്ടൺ പ്രതികരിച്ചത്?

2015 നവംബർ 12 മുതൽ 16 വരെ യു.കെ സന്ദർശനം നടത്തിയ  മോഡിയാണ് ബ്രിട്ടീഷ് പാർലമെന്റിനെ അഭിസംബോധന ചെയ്ത ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി. യു കെ സന്ദർശനം കഴിഞ്ഞ് തുർക്കിയിലെ ജി 20 സമ്മേളനത്തിൽ പങ്കെടുക്കാൻ പോയ മോഡിക്ക് സുരക്ഷാ സംവിധാനമൊരുക്കിയതിൽ ഇസ്രായേലിന്റെ മൊസാദിന് പുറമെ യുകെയുടെ എം 15 ഉം ഉണ്ടായിരുന്നുവെന്ന കാര്യം വളരെ പ്രാധാന്യത്തോടെയാണ് അന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തത്. പാരീസിലെ തീവ്രവാദി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ ഐബിയും റോയും തികയാതെ വരും എന്ന് കണ്ടതുകൊണ്ടാണ് തങ്ങളുടെ വിശ്വസ്ത രാഷ്ട്രങ്ങളായ ഇസ്രായേലിന്റെയും ബിട്ടന്റെയും സുരക്ഷാ സംവിധാനത്തെ ഇന്ത്യൻ സുരക്ഷാ ഏജൻസികൾ കൂട്ട് പിടിച്ചത്.

2016 നവംബർ 6 ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ ഇന്ത്യ സന്ദർശിക്കുന്നുണ്ട്. പ്രധാനമന്ത്രിയായ ശേഷം അവരുടെ ആദ്യ യൂറോപ്പ് ഇതര സന്ദർശനമായിരുന്നു അത്. ഇന്ത്യയെ അത്ര പ്രാധാന്യത്തോടെയാണ് ബ്രിട്ടൻ നോക്കിക്കണ്ടത് എന്നർത്ഥം.

2017 ഫെബ്രവരി 27 ന് യു കെ ഇന്ത്യാ ഇയർ ഓഫ് കൾച്ചർ എന്ന വൻ പദ്ധതി സാക്ഷാൽ ബ്രിട്ടീഷ് രാജ്ഞിയാണ് ഉദ്ഘാടനം ചെയ്തത്. അന്ന് ബക്കിങ്ങ്ഹാം കൊട്ടാരത്തിൽ നടന്ന ആ ചടങ്ങിൽ ഇന്ത്യൻ പ്രധാനമന്ത്രിയെ പ്രതിനിധാനം ചെയ്തു കൊണ്ട് അരുൺ ജെയ്റ്റ്ലിയാണ് പങ്കെടുത്തത്. അന്നൊരുക്കിയ ദൃശ്യ വിസ്മയത്തിൽ ഇന്ത്യയുടെ ദേശീയ പക്ഷിയായ മയിലിനെ കൊട്ടാരത്തിന്റെ മുഖപ്പിൽ നൃത്തം ചെയ്യിക്കുക കൂടി ചെയ്തിരുന്നു. അത്രക്ക് സുദൃഢവും ഗാഢവുമായിരുന്നു അന്ന് ഇന്ത്യാ-ബ്രിട്ടീഷ് നയതന്ത്ര ബന്ധം എന്നർത്ഥം.

2017 ൽ ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെയും ഇന്ത്യൻ ജേണലിസ്റ്റ് അസോസിയേഷന്റെയും എഴുപതാം പിറന്നാൾ ആഘോഷ വേളയിലാണ്   അന്നത്തെ വിദേശകാര്യ മന്ത്രി ബോറിസ് ജോൺസൺ "റിവേഴ്സ് കൊളോണിയലിസ"മെന്ന പ്രയോഗം നടത്തുന്നത്. ബ്രിട്ടണിൽ ഉൽപാദിപ്പിക്കപ്പെടുന്ന ജാഗ്വർ കാറുകൾ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യപ്പെടുന്നതും ബോളിവുഡ് താരങ്ങൾ അതിൽ സഞ്ചരിക്കുന്നതുമൊക്കെ ഉദ്ധരിച്ചു കൊണ്ട് തങ്ങൾ റിവേഴ്സ് കൊളോണിയലിസത്തിന്റെ ഗുണഭോക്താക്കളാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. അതുവഴി പണ്ടൊരിക്കൽ തങ്ങളുടെ കോളണിയായിരുന്ന ഇന്ത്യ തങ്ങളുടെ സമ്പദ് വ്യവസ്ഥയുടെ തന്നെ ആധാര സ്തംഭമായിരിക്കുന്നു എന്ന സ്തുതി ഗീതമാണ് അദ്ദേഹം ഉയർത്തിയത്.

അതേ ബോറിസ് ജോൺസൺ പ്രധാനമന്ത്രിയായപ്പോൾ 20 21 ലെ ഇന്ത്യൻ റിപബ്ലിക് ദിന പരേഡിൽ പങ്കെടുക്കാ നുള്ള ക്ഷണം സ്വീകരിച്ചതാണ്. ബ്രിട്ടണിലെ കോവിഡ് വ്യാപനം കാരണം പങ്കെടുക്കാനാവാഞ്ഞത് വേറെക്കാര്യം. പക്ഷേ മഹാമാരിയെ മറി കടന്നുകൊണ്ട്  ഇരു പ്രധാനമന്ത്രിമാരും 2021 മെയ് 4 ന് ഓൺലൈനായി യോഗം ചേർന്ന് ഇന്ത്യാ യുകെ സമഗ്ര യുദ്ധതന്ത്ര പങ്കാളിത്തത്തിന്റെ (India UK comprehensive Strategic partnership) കാര്യത്തിലും ഇന്ത്യ യുകെ റോഡ് മാപ്പ് 2030 ന്റെ കാര്യത്തിലും കൂടുതൽ സഹകരണാത്മകമായി പ്രവർത്തിക്കാൻ ധാരണയാക്കിയിരുന്നു.

2022 നവംബർ 16 ന്പുതിയ ബ്രിട്ടീഷ്  പ്രധാനമന്ത്രി റിഷി സുനക്കുമായി നടന്ന ആദ്യ കൂടിക്കാഴ്ച വളരെ സൗഹാർ ദപരമായിരുന്നുവെന്നും യങ്ങ് പ്രൊഫഷണൽ സ് സ്കീം അതിന്റെ ഭാഗമായി രൂപപ്പെട്ടതാണെന്നും ഇന്ത്യൻ ഹൈകമീഷനാണ് പ്രസ്താവനയിറക്കിയത്.

2020 - 21 കാലത്തേതിലും 35.2 ശതമാനം കൂടുതലായിട്ടുണ്ട് 2021-22 കാലത്തെ ഇന്ത്യാ യുകെ ഉഭയകക്ഷി വ്യാപാരം എന്ന് രേഖപ്പെടുത്തിയതും അതേ ഹൈകമീഷനാണ്. യു കെയിലെ ഇന്ത്യൻ നിക്ഷേപമാണെങ്കിൽ അമേരിക്കയുടെതിന്  തൊട്ടു താഴെയാണ്.. 107പ്രാെജക്റ്റുകളിലായി മുതൽ മുടക്കിയ ഇന്ത്യൻ മുതലാളിമാർ ബ്രിട്ടണിൽ  ഒരുക്കിയ തൊഴിലവസരം 8664ആണെന്നും കമീഷൻ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇന്ത്യൻ കമ്പനികൾ  ബ്രിട്ടണിൽ കൊടുത്ത ആകെ കോർപറേറ്റ് നികുതി 30.46 കോടി പൗണ്ടാണ്, അവർ ഒരുക്കിയ തൊഴിൽ അവസരം1, 41,005 ആണെന്നും ഹൈകമീഷൻ കണക്കാക്കിയിട്ടുണ്ട്.

ഇങ്ങനെയുള്ള ബന്ധത്തെയാണ് ഇപ്പോൾ പഴയ ഉടമകളുടെ കൊതിക്കെറുവിന്റെ കഥ വഴി അടക്കം ചെയ്യാൻ ശ്രമിക്കുന്നത്. മുഖ്യമന്ത്രി മോഡിക്ക് വിസ നിഷേധിച്ച അതേ അമേരിക്കയാണ് പ്രധാനമന്ത്രി മോഡിക്ക് ചെമ്പരവതാനി സ്വീകരണം നൽകിയതും. ബ്രിട്ടണിലെ ബഹുരാഷ്ട്രക്കുത്തകകളും കുത്തകാനുകൂല പ്രത്യയ ശാസ്ത്ര പ്രചാരകൻ പ്രധാനമന്ത്രിയായതിൽ അതീവ സന്തുഷ്ടരായിരുന്നു എന്നാണ് മേൽ പറഞ്ഞ അനുഭവങ്ങളും തെളിയിച്ചത്. കള്ളക്കഥകൾ ചരിത്ര പാഠങ്ങളാക്കിക്കൊണ്ടിരിക്കുന്നവരുടെ തട്ടിപ്പിന്റെ മറ്റൊരു മുഖം മാത്രമാണ് ബ്രിട്ടന്റെ ഇന്ത്യാ വിരോധം എന്ന പാ‌‌ഴ്‌‌ക്കഥയും.

പക്ഷേ മോഡിക്ക് കീഴിൽ ഇന്ത്യൻ മാധ്യമങ്ങൾ മുട്ടിലിഴയുന്നതു പോലെ അത്ര തരം താണിട്ടില്ല  ബ്രിട്ടണിലെ ചാനലുകൾ എന്ന കാര്യമാണ് സംഘപരിവാറിനെ അസ്വസ്ഥമാക്കുന്നത്. റിഷി സുനാക്ക് എന്ന ഒക്കച്ചങ്ങാതിയുടെ നാട്ടിൽ നിന്ന് അവർ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു കാര്യമാണ് നടന്നിരിക്കുന്നത്. ഡോക്യുമെന്ററിയിലെ ഇരകളുടെ മൊഴികളേക്കാൾ സംഘപരിവാറിനെ പ്രതിക്കൂട്ടിലാക്കുന്നത് മോഡിയുടെ തന്നെ വാക്കുകളും ശരീരഭാഷയുമാണ്. ആ വേവലാതി മറയ്ക്കാൻ മാത്രമാണ് ഈ ഗൂഢാലോചനാ സിദ്ധാന്തം കെട്ടിയിറക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top