25 April Thursday

അസ്തമിക്കാത്ത ബിബിസി

വിജേഷ്‌ ചൂടൽUpdated: Tuesday Oct 18, 2022

image credit bbc.com

സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ ഉടമകളായിരുന്ന ഗ്രേറ്റ് ബ്രിട്ടന് ഇപ്പോൾ ആഗോളശക്തിയായി അവകാശപ്പെടാനെന്തുണ്ട്‌? യൂറോപ്യൻ യൂണിയനിൽനിന്ന് വ്യത്യസ്തമായ ഒരുവിധ നിയന്ത്രണവും ഏർപ്പെടുത്താനോ നയങ്ങൾ നടപ്പാക്കാനോ ബ്രിട്ടന്‌ അവകാശമില്ല. ചൈനയെപ്പോലെ ലോകവ്യാപാരത്തിന്റെ നിബന്ധനകൾ നിശ്ചയിക്കാൻ അവസരമില്ല. ഒരിക്കൽ ഭൂഖണ്ഡങ്ങൾ കീഴടക്കിയ ബ്രിട്ടീഷ്‌ നാവികസേനയേക്കാൾ പത്തിരട്ടി വിമാനവാഹിനിക്കപ്പലുകൾ ഇന്ന്‌ അമേരിക്കൻ നാവികസേനയ്ക്ക് സ്വന്തമായുണ്ട്‌. എന്നാൽ, ഇന്നും മറ്റാർക്കും മത്സരിക്കാനാകാത്തതും ബ്രിട്ടനുമാത്രം അവകാശപ്പെട്ടതുമായ മൂന്നക്ഷരത്തിലൊതുങ്ങുന്ന ചരിത്രമാണ്‌–- ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ്‌ കോർപറേഷൻ. നൂറ്റാണ്ടുമുമ്പ്‌ ബ്രിട്ടീഷ്‌ റോയൽ നേവി ചെയ്തതുപോലെ നൂറ്റാണ്ടിനിപ്പുറം ബിബിസി ലോകമെമ്പാടും അനായാസം വ്യാപിക്കുകയും വിഹരിക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ലോകമാകെ ശേഷിക്കുന്ന ബ്രിട്ടന്റെ പൈതൃകമാണ്‌ ബിബിസിയെന്ന്‌ നിസ്സംശയം പറയാം.

യുണൈറ്റഡ് കിങ്‌ഡത്തിന്റെ ദേശീയ പ്രക്ഷേപണ സംവിധാനമായ ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ്‌ കോർപറേഷൻ (ബിബിസി) നിലവിലുള്ള ഏറ്റവും പഴക്കംചെന്ന ഔദ്യോഗിക വാർത്താ പ്രക്ഷേപണ സ്ഥാപനമാണ്‌. ജീവനക്കാരുടെ എണ്ണമനുസരിച്ച് ലോകത്തിലെ ഏറ്റവും വലിയ ബ്രോഡ്കാസ്റ്റിങ്‌ കമ്പനിയും–- ആകെ 22,000 ജീവനക്കാർ. 30 ഭാഷയിലായി അമ്പത്‌ കോടിയോളം കേൾവിക്കാർ. മറ്റൊരു വാർത്താസംപ്രേഷണ സ്ഥാപനത്തിനും ഇത്രയും വൈവിധ്യവും സുദീർഘവുമായ ചരിത്രമില്ലെന്നത്‌ നിസ്തർക്കമാണ്‌. ഒന്നാം ലോകയുദ്ധകാലത്ത്‌ വയർലെസ്‌ സംവിധാനത്തിന്റെ സാധ്യത തിരിച്ചറിഞ്ഞ ഒരുകൂട്ടം ഉദ്യോഗസ്ഥരാണ്‌ റേഡിയോ പ്രക്ഷേപണമെന്ന ആശയത്തിലേക്ക്‌ എത്തിച്ചേർന്നത്‌. ജനറൽ പോസ്‌റ്റ്‌ ഓഫീസ്‌ ഉദ്യോഗസ്ഥർക്കായിരുന്നു ആദ്യം നിർവഹണച്ചുമതല. ബിബിസി എന്ന ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ്‌ കമ്പനി 1922 ഒക്ടോബർ 18നാണ്‌ രൂപീകൃതമായത്‌. 1922 നവംബർ 14-ന് സ്‌ട്രാൻഡിലെ മാർക്കോണിയുടെ ലണ്ടൻ സ്റ്റുഡിയോ 2എൽഒ-യിൽ പ്രതിദിന പ്രക്ഷേപണം ആരംഭിച്ചു. 1927 ജനുവരിയിൽ- പേര്‌ ബ്രിട്ടീഷ് ബ്രോഡ്‌കാസ്റ്റിങ്‌ കോർപറേഷൻ എന്നാക്കി.

1920-ന് മുമ്പുതന്നെ ബ്രിട്ടനിൽ പൊതു റേഡിയോ പ്രക്ഷേപണങ്ങൾ ഉണ്ടായിരുന്നു. 1920 ജൂണിൽ ചെംസ്‌ഫോർഡിലെ മാർക്കോണിയുടെ വയർലെസ് ടെലിഗ്രാഫ് കമ്പനിയിൽനിന്നാണ് ബ്രിട്ടന്റെ ആദ്യ തത്സമയ പൊതുപ്രക്ഷേപണം നടത്തിയത്. 1922ഓടെ റഷ്യയിലും അമേരിക്കയിലും റേഡിയോ സ്റ്റേഷനുകൾ പ്രവർത്തിച്ചിരുന്നു.  തുടക്കംമുതൽ ഒരു പൊതുസേവന റേഡിയോ ആയിരുന്ന ബിബിസി ഒരുപരിധിവരെ സ്വതന്ത്ര മാധ്യമമെന്ന നിലയിൽ തുടരാൻകൂടിയാണ്‌ ശ്രമിച്ചത്‌. യുദ്ധകാലത്തൊഴികെ, നേരിട്ടുള്ള നിയന്ത്രണത്തിന്‌ ശ്രമിച്ചിട്ടില്ല. അതേസമയം, ബിബിസി തങ്ങളോട് പക്ഷപാതപരമായി പെരുമാറുന്നുവെന്ന്   ബ്രിട്ടീഷ് മന്ത്രിമാർതന്നെ പരാതിപ്പെട്ടിട്ടുമുണ്ട്‌. പലപ്പോഴും ഇടതുപക്ഷ മുന്നേറ്റങ്ങൾ വലതുപക്ഷ കാഴ്‌ചപ്പാടുകളിലൂടെ മാത്രം അവതരിപ്പിച്ചു. 

ആദ്യകാലങ്ങളിൽ ബിബിസി റേഡിയോയിൽ സംഗീതം, നാടകം, ചർച്ചകൾ, കുട്ടികളുടെ പരിപാടികൾ എന്നിവയായിരുന്നു നിറഞ്ഞത്‌. പത്രങ്ങളുമായുള്ള മത്സരം ഒഴിവാക്കാൻ രാത്രി ഏഴുവരെ വാർത്ത പാടേ ഒഴിവാക്കി. 1936-ൽ  ലോകത്തിലെ ആദ്യ ടെലിവിഷൻ സംപ്രേഷണം ആരംഭിച്ചു. ലണ്ടനിൽ ആയിരത്തോളം പേർക്കു മാത്രമേ അന്ന്‌ മിന്നുന്ന ചിത്രങ്ങൾ ലഭിച്ചുള്ളൂ. 1939 സെപ്തംബർ ഒന്നി-ന് മിക്കി മൗസ്‌ കാർട്ടൂണിനിടെ ബിബിസി ടിവി സംപ്രേഷണം നിർത്തി. രണ്ടാം ലോക മഹായുദ്ധം ആരംഭിച്ചിരുന്നു. 1946 ജൂൺ എട്ടി-ന് വിക്ടറി പരേഡ് നടന്ന ദിവസമാണ് പുനരാരംഭിച്ചത്.  ഇന്ന് എട്ട്‌ ടെലിവിഷൻ ചാനലും അമ്പതിലേറെ റേഡിയോ സ്‌റ്റേഷനും വാർത്താവെബ്‌സൈറ്റ്‌ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സേവനങ്ങളും ബിബിസിക്കുണ്ട്.

ഏറ്റവും അനിവാര്യമായ ഘട്ടത്തിൽ സ്ഥാപിക്കപ്പെടുകയും തുടർന്ന്‌ കാലാനുസൃതമായി നവീകരിക്കപ്പെടുകയുംചെയ്‌ത ചരിത്രമാണ്‌ നൂറ്റാണ്ടു പിന്നിടുമ്പോഴും ബിബിസിയെ പ്രസക്തമാക്കുന്നത്‌. ശീതയുദ്ധകാലത്ത് ദശലക്ഷക്കണക്കിന് ജനങ്ങൾ ഇരുമ്പുമറയ്‌ക്കുള്ളിൽ വാർത്തകളറിയാൻ ആശ്രയിച്ചത്‌ ബിബിസിയെയാണ്‌. വിവിധ രാജ്യങ്ങളിൽ പ്രാദേശിക റേഡിയോ സ്റ്റേഷനുകൾ തൊടാൻ വിസമ്മതിച്ച വാർത്തകളും ബിബിസി എത്തിച്ചു. ലോകമെമ്പാടും ഇന്നും  ബിബിസി വേൾഡ് സർവീസിനെ വിശ്വസനീയ വാർത്താ ഉറവിടമായി കേൾക്കുന്നുണ്ട്‌. ബിബിസി വേൾഡ് ടെലിവിഷൻ പ്രധാനപ്പെട്ട അന്താരാഷ്ട്ര ടിവി ചാനലുകളിലൊന്നായി.
കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും വലിയ കണ്ടുപിടിത്തമെന്ന്‌ വിശേഷിപ്പിക്കാവുന്ന പ്രക്ഷേപണ സാങ്കേതികവിദ്യ ഏറെ മുന്നേറിയപ്പോൾ ആ പ്രയാണത്തിന്‌ ബിബിസി നായകത്വം വഹിച്ചു. പലപ്പോഴും രാഷ്‌ട്രീയമായ നിലപാടുകളും സാമ്രാജ്യത്വ വിധേയത്വവുമെല്ലാം ചോദ്യംചെയ്യപ്പെട്ടപ്പോഴും ബിബിസി എന്ന വാർത്താമാധ്യമം ഇന്ന് ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും വിശ്വസനീയവുമായ ബ്രോഡ്കാസ്റ്ററുകളിൽ ഒന്നാണ്.

അതേസമയം, ബ്രിട്ടന്റെ ഈ മഹത്തായ ആസ്തിയെ മൂല്യരഹിതമാക്കാൻ ബ്രിട്ടീഷ്‌ സർക്കാർ നടത്തുന്ന നീക്കം ആശങ്കയുണർത്തുന്നുണ്ട്‌. പൊതുമേഖലയിലുള്ള ബിബിസിയെ സ്വകാര്യവൽക്കരിക്കാനുള്ള ശ്രമം തിരിച്ചടിയാകുമെന്നാണ്‌ ചൂണ്ടിക്കാട്ടപ്പെടുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top