23 April Tuesday

ബാങ്ക് മാനേജർമാർക്ക് ഇതെന്തു പറ്റി?!... എസ് എസ് അനിൽ എഴുതുന്നു

എസ് എസ് അനിൽUpdated: Thursday Nov 18, 2021

കാണാതായ ബാങ്ക് മാനേജരുടെ മൃതദേഹം വാമനപുരം ആറ്റിലെ അയണിക്കുഴിക്ക് സമീപം കണ്ടെത്തി. ഒരു ശസ്ത്രക്രിയക്ക് ശേഷം വിശ്രമത്തിലായിരുന്ന നാൽപ്പത്തൊൻപതുകാരിയായ ഇവർ മാനസിക പിരിമുറുക്കം അനുഭവിച്ചിരുന്നതായി പോലീസ് പറഞ്ഞു. ബാങ്ക് ജോലി സംബന്ധിച്ചും കടുത്ത മാനസിക സംഘർഷമാണെന്ന് വീട്ടുകാരോടും അവർ പറഞ്ഞിരുന്നു. ഇന്നത്തെ പത്ര വാർത്തയിൽ നിന്നുള്ള വരികളാണ് മേലുദ്ധരിച്ചത്.

ഒരു പൊതുമേഖലാ ബാങ്ക് മാനേജർ കൂടി ജീവിതം അവസാനിപ്പിച്ചു. മരണമടഞ്ഞ മാനേജരുടെ ജീവിത പങ്കാളി അതേ പൊതുമേഖലാ ബാങ്കിലെ ഓഫീസർ. ഏക മകൻ പ്രൊഫഷണൽ ബിരുദധാരി. തികച്ചും ദു:ഖകരമായ വാർത്ത. മാനസിക പിരിമുറുക്കമായിരുന്നത്രെ കാരണം. ആരോഗ്യ പ്രശ്നം, കുടുംബ വിഷയം, ജോലി സംബന്ധമായ പ്രശ്നം; മാനസിക പിരിമുറുക്കത്തിന് കാരണം പലതുമാകാം.

പെരുകുന്ന ആത്മഹത്യ

കുറച്ച് നാളുകൾക്ക് മുൻപാണ് കണ്ണൂർ തൊക്കിലങ്ങാടിയിലെ ഒരു പൊതുമേഖലാ ബാങ്ക് മാനേജർ ശാഖക്കുള്ളിൽ വച്ച് തൻ്റെ ജീവിതം അവസാനിപ്പിച്ചത്. അതിന് മുൻപ് പാലക്കാടും ഗുരുവായൂരും സമാനമായ ആത്മഹത്യകൾ നടന്നു. കേരളത്തിന് വെളിയിലും നിരവധി ബാങ്ക് മാനേജർമാർ സ്വയം ജീവിതം അവസാനിപ്പിച്ചു. പൊതുമേഖലാ ബാങ്കുകളിലെ മാനേജർമാർക്കിടയിൽ ആത്മഹത്യാ പ്രേരണകൂടുന്നത് എന്തുകൊണ്ട് ?

ഇപ്പോൾ ജീവിതം അവസാനിപ്പിച്ച ഷെമി, കനറാ ബാങ്കിൻ്റെ തമിഴ്നാട്ടിലെ വളുക്കപ്പാറ എന്ന ഒരു ഗ്രാമീണ ശാഖയിലെ മാനേജരായിരുന്നു . ശാഖയിൽ ആകെ ആറു ജീവനക്കാർ. മാനേജരെക്കൂടാതെ രണ്ട് പ്രൊബേഷണറി ഓഫിസർമാർ, രണ്ട് ക്ലറിക്കൽ ജീവനക്കാർ ഒരു പ്യൂൺ. ചെറിയ ശാഖ, അത്യാവശ്യം വേണ്ട ജീവനക്കാർ. ജോലി സംബന്ധമായ പിരിമുറുക്കത്തിന് എന്താകും കാരണം? ബാങ്കിൽ ക്ലറിക്കൽ തസ്തികയിൽ ജോലി ആരംഭിച്ച്, നല്ല നിലയിൽ പ്രവർത്തിച്ച്, അർഹതപ്പെട്ട പ്രൊമോഷൻ നേടി, മാനേജർ തസ്തിക വരെ എത്തിയ ഈ നാല്‌പത്തൊൻപതുകാരി എന്തേ സ്വയം ജീവിതം അവസാനിപ്പിച്ചത്?

തല തിരിഞ്ഞ വിചിത്ര നയങ്ങൾ

ഷെമി, ബാങ്കിൻ്റെ കേരളത്തിലെ ഏറ്റവും ഉയർന്ന ഓഫീസിൽ, സംസ്ഥാനത്തെ മറ്റ് ശാഖകളിലെയും ഓഫീസുകളിലെയും ജീവനക്കാരുടെ വിഷയങ്ങൾ കൈകാര്യം ചെയ്തിരുന്ന ഹ്യൂമൺ റിസോഴ്സസ് ഡിപ്പാർട്ട്മെൻ്റിൽ ഏറെ നാൾ സേവനമനുഷ്ടിച്ചിരുന്ന ഓഫീസർ തസ്തികയിലെ ജീവനക്കാരിയായിരുന്നു. മേലധികാരികളുടെ നല്ല പുസ്തകത്തിൽ ഇടമുള്ളവരെയാണ് പൊതുവേ ഇത്തരം പോസ്റ്റുകളിൽ നിയമിക്കാറുള്ളത്. അത്തരക്കാർക്ക് ഒരു ചെറിയ ശാഖയുടെ നിയന്ത്രണം നടത്തുക എന്നത് ദുഷ്കരമാകേണ്ടതില്ല. എന്നിട്ടും എന്തായിരിക്കും ജോലി സംബന്ധമായ പിരിമുറുക്കം?

ഷെമി പണിയെടുത്തിരുന്ന വളുക്കപ്പാറ ശാഖ സ്ഥിതി ചെയ്യുന്ന പ്രദേശം, നേരത്തെ സൂചിപ്പിച്ചതു പോലെ തമിഴ്നാട്ടിലെ ഒരു ഗ്രാമം. സ്വാഭാവികമായി ഇടപാടുകാരിൽ ബഹുഭൂരിപക്ഷവും മാതൃഭാഷ മാത്രം വശമുള്ളവർ. അവിടെ രണ്ട് പ്രൊബേഷനറി ഓഫിസർമാർ, അവരും അന്യഭാഷക്കാർ. ഈ സാഹചര്യത്തിലും ബാങ്കധികാരികൾ നിഷ്കർഷിക്കുന്ന ടാർജറ്റുകൾ, നിക്ഷേപം, വായ്പ, കിട്ടാക്കടം, അതിനേക്കാളുപരി ഇൻഷുറൻസും മ്യൂച്വൽ ഫണ്ടും; എല്ലാമെല്ലാം നിശ്ചിത സമയത്തിനകം പൂർത്തീകരിക്കണം. മൽസരപരീക്ഷ എഴുതി ബാങ്കുകളിൽ ജോലിക്കു കയറുന്നവർ, അവരുടെ സ്വന്തം കഴിവിൻ്റെ ഭാഗമായി പ്രൊമോഷൻ വാങ്ങിയാൽ, അവരെ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലേക്ക് സ്ഥലംമാറ്റം നൽകുന്നത് ചോദ്യം ചെയ്യേണ്ടതില്ല. എന്നാൽ മറ്റൊരു ഭാഷാ സംസ്ഥാനത്ത് ഗ്രാമീണ ശാഖകളിൽ നിർബന്ധമെന്നോണം പ്രതിഷ്ഠിക്കുന്നതിന് എന്ത് ന്യായീകരണമാണ് ഉള്ളത്? ഗുമസ്ത തസ്തികയിലേക്ക് നിയമിക്കുന്ന അന്യഭാഷാ ജീവനക്കാർക്ക്, നിയമനം ലഭിക്കണമെങ്കിൽ തദ്ദേശഭാഷ വായിക്കുന്നതിനും എഴുതുന്നതിനും അറിയണം എന്ന നിബന്ധനയുണ്ട്. ഓഫീസർ/ മാനേജർ തസ്തികയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചാൽ ഇത്തരം ഒരു നിബന്ധനയുമില്ലാത്തതിലെ യുക്തി എന്താണ് എന്ന് നിശ്ചയമില്ല.

പൊതുമേഖലാ ബാങ്കുകളുടെ അത്യുന്നതങ്ങളിൽ വിഹരിക്കുന്നവരിൽ ചിലർ പഴയ ജന്മിത്വ നിലപാടുകളുള്ളവരായി തീർന്നിരിക്കുന്നു. എന്തിനും എവിടെയും എങ്ങനെയും ലാഭമുണ്ടാക്കുക എന്ന കേന്ദ്ര നയങ്ങളോട് ചേർന്ന് നിന്ന്, ഭരണകൂടത്തിൻ്റെ ദാസൻമാരായി അവരവരുടെ കസേര, പിരിഞ്ഞു പോയാലും ഉറപ്പിക്കുന്നതിനുള്ള കുതന്ത്രങ്ങളൊരുക്കുക. അതിന് വേണ്ടിയുള്ള നയങ്ങൾ താഴെക്കിടയിൽ അടിച്ചേൽപ്പിക്കുക. പൊതുമേഖലയായതിനാൽ ജീവനക്കാർക്കു നേരെ കുതിര കയറാൻ ചെറിയ പ്രയാസമുണ്ട്. അത് കൊണ്ട് തന്നെ എല്ലാം ഓഫീസർമാർക്കും മാനേജർമാർക്കും നേരെ. ഇവരുടെ തനി സ്വഭാവം മനസ്സിലാക്കണമെങ്കിൽ ഇപ്പോൾ ഇടആ ബാങ്കിലെ, ആന്ധ്രാ ബാങ്കിൽ നിന്നും ഇന്ത്യൻ ബാങ്കിൽ നിന്നും റിട്ടയർ ചെയ്ത് പെൻഷൻ പറ്റിയ രണ്ട് ഉന്നതർ നടപ്പിലാക്കുന്ന 'പരിഷ്ക്കാരങ്ങൾ' മാത്രം പരിശോധിച്ചാൽ മതി.

പണിയെടുത്ത് ജീവിക്കുന്നവർ ഒന്നിക്കണം

ഇന്ന് ബാങ്കുകളിൽ 10 മുതൽ 5 വരെ എന്ന പ്രവർത്തന സമയമെന്നത് ശാഖയുടെ പുറത്തെ വിലയേറിയ ബോർഡിലെ മനോഹരങ്ങളായ അക്ഷരങ്ങളിൽ മാത്രമായി ചുരുങ്ങിയിരിക്കുന്നു. രാവിലെ 9 ന് ശാഖയിൽ എത്തിച്ചേരുന്ന ഓഫീസർമാർ ഏറ്റവും ചുരുങ്ങിയത് 7 മണി വരെ ശാഖയിൽ തുടരണം. അവധി ദിവസങ്ങളിൽ പ്രത്യേക ഡ്യൂട്ടി. ഇതിനെ ചോദ്യം ചെയ്യേണ്ട ഓഫീസർ രംഗത്തെ ചില സംഘടനകളാകട്ടെ അവധി ദിനവും അധിക സമയവും പണിയെടുക്കണമെന്ന അധികാരികളുടെ നിലപാടിനെ പോലും ചോദ്യം ചെയ്യാൻ തയ്യാറാകുന്നില്ല. അടുത്ത ദിവസമാണ് എക്സിക്യൂട്ടീവ് കാഡറിലെ ഏറ്റവും താഴെ തസ്തികയിലെ ചീഫ് മാനേജറെ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ എന്ന പൊതുമേഖലാ ബാങ്ക് ചീഫ് കാഷ്യറുടെ പണിയെടുപ്പിക്കണമെന്ന തിട്ടൂരമിറക്കിയത്. മറ്റൊരു പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡയിലെ മാനേജർമാരും എക്സിക്യൂട്ടീവ് സ്റ്റാഫും, 'കാസാ' നിക്ഷേപങ്ങൾ കൂട്ടുന്നതിന് താളമേളങ്ങൾക്കൊത്ത് അറിയാത്ത നൃത്തം ചെയ്യുന്ന ദയനീയ കാഴ്ചയും നാം കണ്ടു.

ബാങ്കുകളിലെ തൊഴിൽ സംസ്കാരത്തിന് വലിയ ഒരു മാറ്റമുണ്ടാകേണ്ടിയിരിക്കുന്നു. തൊഴിൽ നിയമങ്ങൾ പോലും ഉടമകൾക്ക് അനുകൂലമാക്കി മാറ്റി എഴുതുന്ന പുതിയ സാമ്രാജ്യത്വ നയ കാലഘട്ടത്തിൽ തൊഴിലാളി എന്ന നിർവചനത്തിന് പോലും അർത്ഥമില്ലാതാകുന്നു. ജീവനക്കാരനെന്നും ഓഫീസർ എന്നുമുള്ള വേർതിരിവിന് ഇപ്പോൾ ഒരു പ്രസക്തിയുമില്ല. പൊതുമേഖലയെന്നോ സ്വകാര്യമേഖലയെന്നോ വ്യത്യാസമില്ലാതെ എല്ലാ സ്ഥാപനങ്ങളിലും പണിയെടുത്ത് ജീവിക്കുന്നവർ യഥാർത്ഥ വർഗ്ഗ താൽപര്യം സംരക്ഷിക്കാൻ ഒന്നിക്കേണ്ടിയിരിക്കുന്നു. എട്ടു മണിക്കൂർ തൊഴിലിടങ്ങടങ്ങളിൽ പണിയെടുക്കുന്നവർക്ക് എട്ടു മണിക്കൂർ അവരുടേതായ ഇടങ്ങളിൽ സമയം ചിലവഴിക്കാനും എട്ടു മണിക്കൂർ വിശ്രമിക്കാനുമുള്ള അവകാശം ആരുടെയും ഔദാര്യമല്ല. തൊക്കിലങ്ങാടിയും വളുക്കപ്പാറയും ഇനിയും ആവർത്തിക്കരുത്.

(ബാങ്ക്‌ എംപ്ലോയീസ്‌ ഫെഡറേഷൻ ഓഫ്‌ ഇന്ത്യ സംസ്ഥാന സെക്രട്ടറിയാണ്‌ ലേഖകൻ)
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top