19 April Friday

ബാങ്കുകളിലെ കരാര്‍ നിയമനങ്ങള്‍

ടി നരേന്ദ്രൻUpdated: Monday Feb 22, 2021

ദേശസാല്‍ക്കരണത്തെ തുടര്‍ന്ന് ബാങ്കുകളില്‍ സമൃദ്ധമായ അളവില്‍ സ്ഥിരം നിയമനങ്ങള്‍ നടന്നിരുന്നു. അഭ്യസ്തവിദ്യരായ തൊഴിലന്വേഷകരുടെ ഏറ്റവും മികച്ച തൊഴില്‍ സ്രോതസ്സായി ബാങ്കിങ് സ്ഥാപനങ്ങള്‍ മാറി. എന്നാല്‍, 1990കള്‍ക്കുശേഷം സ്ഥിരം നിയമന സംവിധാനം ശോഷിക്കാനാരംഭിച്ചു. മെറിറ്റും സംവരണതത്വങ്ങളും പാലിച്ച് റിക്രൂട്ട്‌മെന്റ് നിര്‍വഹിച്ചുവന്ന ബാങ്കിങ് സര്‍വീസ് റിക്രൂട്ട്‌മെന്റ് ബോര്‍ഡിനെ നിഷ്‌കരുണം പിരിച്ചുവിട്ടു. വ്യാപകമായ യന്ത്രവല്‍ക്കരണം നടപ്പായെങ്കിലും കുതിച്ചുയരുന്ന ബിസിനസ് വര്‍ധനയുടെ സാഹചര്യത്തില്‍ കുറച്ച് ജീവനക്കാരെയെങ്കിലും നിയമിക്കേണ്ടതായി വന്നു. അന്നേരം ഒരു സുതാര്യതയുമില്ലാതെ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരം തസ്തികകളില്‍ നിയമിച്ച് തത്സമയ പരിഹാരം കണ്ടെത്തുന്ന ശൈലിയാണ് ബാങ്കുകള്‍ പ്രാവര്‍ത്തികമാക്കിയത്.

നവലിബറല്‍ ആശയത്താല്‍ പിറവിയെടുത്ത ന്യൂ ജനറേഷന്‍ ബാങ്കുകളിലാണ് താല്‍ക്കാലിക/കരാര്‍ ജോലികള്‍ മതിയെന്ന സംസ്‌കാരം തുടങ്ങിവച്ചത്. എന്തിനും വിധേയപ്പെടുന്ന ഒരു തൊഴില്‍സേനയുടെ ലഭ്യത ഉറപ്പാക്കലായിരുന്നു ലക്ഷ്യം. ക്രമേണ ഈ സമ്പ്രദായം മറ്റു സ്വകാര്യ ബാങ്കുകളിലേക്കും പൊതുമേഖലാ ബാങ്കുകളിലേക്കും പടരാന്‍ തുടങ്ങി. തുടക്കത്തില്‍ പ്യൂണ്‍, സ്വീപ്പര്‍ തസ്തികകളിലും, പിന്നീട് ഉന്നതമായ മാനേജര്‍ തസ്തികകളിലും താല്‍ക്കാലിക തൊഴില്‍ മതിയെന്ന രീതി അതിവേഗം പടര്‍ന്നു പന്തലിച്ചു. മാനദണ്ഡങ്ങളൊന്നും കണിശമായി നിഷ്‌കര്‍ഷിക്കാതെ നിയമിതരാകുന്ന കരാര്‍, കോണ്‍ട്രാക്ട് ജീവനക്കാരുടെ വേതനഘടന, ജോലിസമയം, ആനുകൂല്യങ്ങള്‍ എന്നിവയെല്ലാം അതത് മാനേജ്‌മെന്റുകളുടെ ഇച്ഛാനുസരണമെന്നതാണ് സ്ഥിതി. അനീതികളെ ചോദ്യം ചെയ്തേക്കാവുന്ന സ്ഥിരം തൊഴിലാളികളുടെ കൂട്ടായ്മകളെ ഭയക്കുന്ന മാനേജ്‌മെന്റുകളാണ് കാഷ്വല്‍ തൊഴിലാളി മാറ്റത്തിനായി നിലകൊണ്ടത്. 2018 മാര്‍ച്ചില്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഫിക്‌സഡ് ടേം എംപ്ലോയ്‌മെന്റ് എന്ന ഉത്തരവ് കൂടിയായതോടെ സ്ഥിരം നിയമനങ്ങളുടെ നിഷേധവും താല്‍ക്കാലിക തൊഴിലുകളുടെ വ്യാപനവും ശക്തമാക്കാന്‍ തൊഴില്‍ദാതാക്കള്‍ക്ക് വലിയ പ്രചോദനമായി. ഈ നയത്തിന്റെ ഭാഗമായിട്ടാണ് കേന്ദ്ര സര്‍ക്കാരിന്റെ വിവിധ മന്ത്രാലയങ്ങളിലായി 6,83,000 ഒഴിവും റെയില്‍വേയില്‍ 3,03,000 തസ്തികയും പ്രതിരോധമേഖലയില്‍ 3,11,000 ഒഴിവും നികത്താതെ കിടക്കുന്നത്. പക്ഷേ, ഈ നയത്തിന്മേലും യുവജനദ്രോഹത്തിന്മേലും മാധ്യമ വിചാരണയില്ല, കണ്ണീര്‍ പുഴകളുമില്ല.

100 വയസ്സ് പൂര്‍ത്തീകരിച്ച സിഎസ്ബി ബാങ്കില്‍ സ്ഥിരം ജീവനക്കാരുടെ എണ്ണം 1572 ഉം താല്‍ക്കാലിക/കരാര്‍ ജീവനക്കാരുടെ സംഖ്യ 2600 ഉം ആണ്. നൂറില്‍ താഴെ ശാഖകളില്‍ മാനേജര്‍ ചുമതല നിര്‍വഹിക്കുന്നവര്‍പോലും കരാര്‍ വ്യവസ്ഥ പ്രകാരമുള്ളവരാണ്. ഒട്ടേറെ രഹസ്യങ്ങള്‍ സുരക്ഷയോടെയും പ്രതിബദ്ധതയോടെയും നിര്‍വഹിക്കേണ്ട തസ്തികകളില്‍പ്പോലും, നിഗൂഢ നിയമനങ്ങള്‍ നടത്തുന്നതിലെ നൈതികതയൊന്നും ആഗോളവല്‍ക്കരണ യുഗത്തില്‍ പ്രസക്തമല്ല. സൈബര്‍ തട്ടിപ്പുകളും മറ്റും വ്യാപകമാകുന്ന വേളകളില്‍ ഇരകള്‍ക്കുവേണ്ടി ശകലം മുതലക്കണ്ണീര്‍ പൊഴിച്ച് രോഗം തുടരാന്‍ അനുവദിക്കുന്നതാണല്ലോ വര്‍ത്തമാനകാല രീതി. 334 ശാഖയുള്ള ഈ ബാങ്കില്‍ സ്ഥിരം സ്വീപ്പര്‍മാരായി നാലുപേരും സ്ഥിരം പ്യൂണ്‍മാരായി 36 പേരുമാണുള്ളത്. രാജ്യത്തെ പ്രീമിയര്‍ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ സ്വീപ്പര്‍/പ്യൂണ്‍ തസ്തികകളില്‍ സ്ഥിരം നിയമനമെന്ന വ്യവസ്ഥതന്നെ റദ്ദാക്കി. ലാസ്റ്റ് ഗ്രേഡ് നിയമനം വേണ്ടെന്നുവയ്ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തിന്റെ ചുവടുപിടിച്ചുള്ള നടപടിയാണിത്. ഗ്രാമീണ തലത്തില്‍ വിശേഷിച്ചും സാധാരണക്കാര്‍ക്ക് ലഭ്യമാകുന്ന ജീവിതസുരക്ഷയുള്ള ജോലിയെന്ന സ്വപ്നമാണ് ഇതുവഴി അട്ടിമറിക്കപ്പെട്ടത്. പുതുക്കിയ നാലു ലേബര്‍ കോഡനുസരിച്ച് ക്ലറിക്കല്‍ തസ്തികകളില്‍ സ്ഥിരം നിയമനത്തിനു പകരം നിശ്ചിതകാല അപ്രന്റീസ് നിയമനമാണ് വിഭാവനം ചെയ്തിട്ടുള്ളത്. 8500 അപ്രന്റീസുകളെ ഈവിധം സ്റ്റേറ്റ് ബാങ്കില്‍ നിയമിക്കാനുള്ള നോട്ടിഫിക്കേഷന്‍ പുറത്തുവന്നുകഴിഞ്ഞു. ഈ ശൈലിയെ മാതൃകയാക്കി മറ്റു ബാങ്കുകളിലും കരാര്‍ തൊഴിലാളികളുടെ അനുപാതം കൂട്ടാനുള്ള റിക്രൂട്ട്‌മെന്റ് നയമാണ് ആവിഷ്‌കരിച്ചു വരുന്നത്. കേരളത്തിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ ഫെഡറല്‍ ബാങ്കില്‍ സ്ഥിരംജോലി സ്വഭാവമുള്ള ആയിരം മാനേജര്‍മാരെ 2017 മെയ് മുതല്‍ കോസ്റ്റ് ടു കമ്പനി പ്രകാരമുള്ള ശമ്പള ഘടനയിലേക്ക് മാറ്റുകയുണ്ടായി. എല്ലാ ബാങ്കിലും മാര്‍ക്കറ്റിങ്, ഫീല്‍ഡ് ജോലികള്‍ എന്ന പേരില്‍ വ്യാപകമായി താല്‍ക്കാലികക്കാരെ നിയമിച്ചുകൊണ്ടുള്ള സമവാക്യമാറ്റം അതിവേഗം നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. ഈയൊരു സാധ്യതകണ്ട് തൊഴിലന്വേഷകരെ സമാഹരിച്ചെടുത്ത് ആവശ്യമുള്ള സ്ഥാപനങ്ങള്‍ക്ക് ലഭ്യമാക്കുന്ന ഇടത്തട്ടുകാരായ പുറംകരാര്‍ ഏജന്‍സികളും വ്യാപകമായി ഉദയം ചെയ്തിട്ടുണ്ട്. താല്‍ക്കാലിക തൊഴിലാളികളുടെ എണ്ണം ഭീമമായി വര്‍ധിപ്പിക്കുകയും സ്ഥിരം തൊഴിലുകള്‍ നിര്‍ണായക അളവില്‍ ഇല്ലാതാക്കുകയെന്നതുമാണ് രാജ്യത്ത് വ്യവസ്ഥാപിതമാക്കിക്കൊണ്ടിരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയം.

കരാര്‍ തൊഴിലാളികളുടെ എണ്ണം പെരുകിക്കൊണ്ടിരിക്കുന്നതിനാല്‍ ബാങ്കുകള്‍ക്കകത്ത് വന്‍തോതിലുള്ള അമര്‍ഷവും അസംതൃപ്തിയും പുകഞ്ഞുകൊണ്ടിരിക്കുകയാണ്. തങ്ങളുടെ ജോലികള്‍ സ്ഥിരപ്പെടുത്തണമെന്ന മുറവിളികളും രോദനങ്ങളും സാര്‍വത്രികമാണ്. വിലപ്പെട്ട യൗവനവും നല്ല കാലവും ബാങ്കുകളില്‍ ഹോമിക്കപ്പെട്ടശേഷം വെറുംകൈയോടെ ഇറങ്ങിപ്പോരേണ്ടി വരുന്ന ഹതഭാഗ്യരുടെ നിര ഏറെ വലുതാണ്. എന്നാല്‍, കനത്ത സമ്മര്‍ദങ്ങള്‍ക്കൊടുവിലുള്ള ഒരു പൊട്ടിത്തെറി ഒഴിവാക്കാനുള്ള തന്ത്രമെന്ന നിലയ്ക്ക് ഏതാനും താല്‍ക്കാലിക ജീവനക്കാരെ ബാങ്കുകളില്‍ സ്ഥിരപ്പെടുത്തി വരുന്നതായി കാണാം. കേരളത്തിലെ ലീഡ് ബാങ്കായ കനറ ബാങ്കില്‍, 2010 വരെ ശാഖകളില്‍ പൂണ്‍ ജോലി നോക്കിയിരുന്നവരില്‍ 481 പേരെ 2011ല്‍ സ്ഥിരപ്പെടുത്തുകയുണ്ടായി. 2015ലും സമാനമായ വിധം 1921 പേര്‍ക്ക് പ്യൂണ്‍ തസ്തികയില്‍ സ്ഥിരം നിയമനം നല്‍കി. യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ഏറെ നാള്‍ ജോലി ചെയ്ത 31 ജീവനക്കാരെയാണ് കേരളത്തില്‍ 2013---15 കാലയളവില്‍ പൂണ്‍ തസ്തികയില്‍ സ്ഥിരപ്പെടുത്തിയിട്ടുള്ളത്. 2010ല്‍ ബാങ്ക് ഓഫ് ബറോഡയുടെ നൂറാം വാര്‍ഷികാഘോഷത്തിന്റെ സന്തോഷമെന്ന നിലയ്ക്കാണ് താല്‍ക്കാലിക സേവനമനുഷ്ഠിച്ച ആയിരത്തോളം പേരെ സ്ഥിരപ്പെടുത്തിയത്. കേരളത്തിലെ ധനലക്ഷ്മി ബാങ്കില്‍ നടന്ന നീണ്ട ഒരു പ്രക്ഷോഭത്തിനൊടുവിലാണ് 4-5 വര്‍ഷം കോസ്റ്റ് ടു കമ്പനി വ്യവസ്ഥയില്‍ ജോലി ചെയ്തിരുന്ന 932 ജീവനക്കാരെ 2012, 2013, 2014 വര്‍ഷങ്ങളില്‍ ഓഫീസര്‍, മാനേജര്‍ തസ്തികയില്‍ സ്ഥിരപ്പെടുത്തിയത്. ഇതേ ബാങ്കില്‍ത്തന്നെ ഡാറ്റ എന്‍ട്രികള്‍ക്കായി നിയോഗിക്കപ്പെട്ട 20 താല്‍ക്കാലികക്കാരെ 2015ല്‍ ക്ലറിക്കല്‍ ഒഴിവില്‍ സ്ഥിരമാക്കുകയുണ്ടായി. ഫെഡറല്‍ ബാങ്കില്‍ പത്തും ഇരുപതും വര്‍ഷം പ്യൂണ്‍ ജോലിക്കായി ദിവസക്കൂലിയടിസ്ഥാനത്തില്‍ നിയോഗിക്കപ്പെട്ട 367 പേരെ 1995---2002 കാലയളവില്‍ സ്ഥിരപ്പെടുത്തുകയുണ്ടായി. 10 വര്‍ഷത്തിലധികം പ്യൂണ്‍ തസ്തികയില്‍ താല്‍ക്കാലിക ജോലി ചെയ്തുവന്ന 112 പേരെയാണ് 2008ല്‍ പഴയ സൗത്ത് മലബാര്‍ ഗ്രാമീണ ബാങ്കില്‍ സ്ഥിരപ്പെടുത്തിയത്. ഈ നിയമനത്തില്‍ മാത്രമാണ് സംവരണ തത്വങ്ങളെല്ലാം പാലിക്കപ്പെട്ടതെന്ന സവിശേഷതയുമുണ്ട്. ആഗോളവല്‍ക്കരണ നയത്തെ തുടര്‍ന്നുളവായ സ്ഥിരം നിയമനമില്ലായ്മയുടെ ദയനീയ കാഴ്ചകള്‍ക്കിടയിലും നിവൃത്തികേടുകൊണ്ടും നിര്‍ബന്ധിത സാഹചര്യത്താലും നടത്തേണ്ടി വന്ന സ്ഥിരം നിയമനങ്ങളുടെ ചിത്രമാണിത്.

അങ്ങനെയുള്ള ഇന്ത്യയിലെ ഒരു സംസ്ഥാനം മാത്രമാണ് കേരളം. എന്നാല്‍, പിഎസ്സി മുഖാന്തരം കേരളത്തില്‍ സര്‍ക്കാര്‍ സര്‍വീസില്‍ ഏറ്റവും അധികം സ്ഥിരം നിയമനം നടന്നിട്ടുള്ള കാലയളവാണ് 2016---2021. മറ്റു സംസ്ഥാനങ്ങളിലെ പിഎസ്സി നിയമനങ്ങളുടെ എണ്ണവും അവയുടെ കാര്യക്ഷമതയുമെല്ലാം ബോധപൂര്‍വം മുഖ്യധാരാ ചര്‍ച്ചയില്‍നിന്ന് ഒഴിവാക്കപ്പെട്ടിരിക്കുന്നു. ഒരു സംസ്ഥാന സര്‍ക്കാര്‍ കാലയളവില്‍ 1,57,911 പേര്‍ക്ക് കേരളത്തില്‍ പിഎസ്സി സ്ഥിരം നിയമനമെന്ന സര്‍വകാല റെക്കോഡ് എന്ന സവിശേഷതയും ചര്‍ച്ചയില്‍ വരികയില്ല. 27000 പുതിയ സ്ഥിരം തസ്തിക സൃഷ്ടിക്കപ്പെട്ടതും മറ്റൊരു കാലത്തും സംഭവിക്കാത്ത നേട്ടമാണ്. ഇതിനൊക്കെ പുറമെയാണ് ദീര്‍ഘനാളായി ജോലി ചെയ്യുന്ന താല്‍ക്കാലിക ജീവനക്കാര്‍ക്ക് ജോലി സ്ഥിരതയിലൂടെ ജീവിതസുരക്ഷ നല്‍കുന്ന നടപടിയുണ്ടായിട്ടുള്ളത്. പരമാവധി പേര്‍ക്ക് സ്ഥിരം നിയമനം അനുവദിക്കുകയും താല്‍ക്കാലിക തൊഴിലുകള്‍ കഴിയുന്നത്ര ലഘൂകരിക്കുകയുമെന്ന ഇടതുപക്ഷ ബദലിന്റെ പ്രയോഗം കൂടിയാണ് കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. അതേസമയം, പിഎസ്സിക്ക് നിയമനാധികാരമുള്ള ഒരു തസ്തികയിലും താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തിയിട്ടില്ല. പിഎസ്സി റാങ്ക് ലിസ്റ്റ് നിലവിലുള്ള ഒരു തസ്തികയും ഇല്ലാതായിട്ടുമില്ല. എന്നിട്ടും ആടിനെ പട്ടിയെന്നു വിളിച്ച്, പിന്നീടതിനെ പേപ്പട്ടിയെന്ന് വ്യാഖ്യാനിച്ച് തല്ലിക്കൊല്ലാന്‍ ആഹ്വാനം നടത്തുന്ന രീതി കേരളത്തില്‍ സംഘടിതമായി രൂപം കൊണ്ടിട്ടുള്ള ഒരു ഗൂഢാലോചനയുടെ ഭാഗമാണ്.
(ബെഫി സംസ്ഥാന പ്രസിഡന്റാണ് ലേഖകന്‍ )


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top