14 August Sunday

ഭൂപടങ്ങളിൽ 
ചോര പടർത്തിയതാര്‌

വെബ് ഡെസ്‌ക്‌Updated: Tuesday Dec 7, 2021

രാജ്യത്ത്‌ ന്യൂനപക്ഷങ്ങൾക്കെതിരായ സംഘപരിവാർ ആക്രമണങ്ങൾ തുടരുകയാണ്‌. മുസ്ലിം, ക്രൈസ്‌തവ വിഭാഗങ്ങൾക്കൊപ്പം ദളിത്‌ വിഭാഗത്തിൽപ്പെട്ടവരും ആക്രമിക്കപ്പെടുന്നു. കലാപങ്ങൾ രാഷ്ട്രീയനേട്ടങ്ങൾക്കായി നിരന്തരം ഉപയോഗിച്ച്‌ ബിജെപി അധികാരത്തിലെത്തിയശേഷം വിവിധ സംസ്ഥാനങ്ങളിൽ കലാപ അന്തരീക്ഷം സൃഷ്ടിച്ചു. യുപിയിൽ ഭരണം പിടിക്കാൻ, അയോധ്യയിൽ ക്ഷേത്രം പണിയാൻ തുടങ്ങി സംഘപരിവാർ അജൻഡകൾ നടപ്പാക്കാൻ നിരന്തരം ഉപയോഗിച്ചത്‌ ന്യൂനപക്ഷ വേട്ടയും കലാപങ്ങളുമാണ്‌. ഒഡിഷ, മധ്യപ്രദേശ്‌, കർണാടക, ഉത്തർപ്രദേശ്‌ തുടങ്ങിയ സംസ്ഥാനങ്ങളിൽ അടുത്തിടെ ക്രൈസ്തവർക്കെതിരെ  ആക്രമണങ്ങൾ നടക്കുന്നു. ത്രിപുര, അസം, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ മുസ്ലിങ്ങൾക്കെതിരെ സംഘപരിവാർ ആക്രമണം അഴിച്ചുവിട്ടു. കോൺഗ്രസ്‌ അധികാരത്തിലിരിക്കുമ്പോഴും,  സർക്കാരിന്റെ മൗനാനുവാദത്തോടെ  മുസ്ലിങ്ങൾ വേട്ടയാടപ്പെട്ട സംഭവങ്ങളും നിരവധി.|

തെരഞ്ഞെടുപ്പ്‌ ലക്ഷ്യമിട്ട്‌ 
കലാപനീക്കം

ഭരണപരാജയത്തെ വർഗീയ കാർഡിറക്കി നേരിടാനുള്ള ബിജെപി അജൻഡയുടെ ഭാഗമായി ഉത്തർപ്രദേശിൽ നിരന്തരം അക്രമങ്ങൾ നടക്കുന്നു. മഥുര ക്ഷേത്രത്തിന്‌ സമീപം മുഗൾകാലത്ത്‌ നിർമിച്ച ഷാഹി ഈദ്ഗാഹ്‌ മസ്ജിദിനെതിരെ മാസങ്ങൾക്ക്‌ മുമ്പേ സംഘപരിവാർ നീക്കം ആരംഭിച്ചിരുന്നു. യുപി ഉപമുഖ്യമന്ത്രി കേശവ്‌ പ്രസാദ്‌ മൗര്യ ഇതിനെ പരോക്ഷമായി സൂചിപ്പിച്ച്‌ ട്വീറ്റ്‌ ചെയ്‌തു. ബരാബങ്കിയിൽ ഹൈക്കോടതി ഉത്തരവ് ലംഘിച്ച് പ്രാദേശിക ഭരണകൂടം നൂറ്റാണ്ടുകൾ പഴക്കമുള്ള പള്ളി പൊളിച്ചു. കർഷകസമരത്തിലൂടെ ശക്തിപ്പെട്ട ജാട്ട്‌, മുസ്ലിം ഐക്യം തകർക്കാൻ മുസഫർനഗറിൽ സംഘർഷമുണ്ടാക്കാൻ സംഘപരിവാർ ശ്രമിക്കുന്നു.

ഹരിയാനയിലെ ഗുരുഗ്രാമിൽ മുസ്ലിങ്ങൾക്ക്‌ വെള്ളിയാഴ്‌ച പ്രാർഥന അനുവദിക്കുന്നില്ല. നമാസിനായി അനുവദിച്ച സ്ഥലം കൈയേറി സംഘപരിവാർ സംഘടനയായ ഹിന്ദു സംഘർഷ്‌ സമിതി ഗോവർധൻ പൂജ നടത്തി. പൂജയ്‌ക്ക്‌ നേതൃത്വംകൊടുത്തത്‌ ഡൽഹിയിലെ ബിജെപി നേതാവ്‌ കപിൽ മിശ്രയാണ്‌. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭവേളയിലെ ഡൽഹി കലാപത്തിന്‌ പിന്നിലും കപിൽ മിശ്രയായിരുന്നു. ദക്ഷിണ കാനറയിൽ എട്ട്‌ മാസത്തിനിടയിൽ 71 വർഗീയ അതിക്രമമുണ്ടായി. മംഗളൂരുവിൽ മുസ്ലിങ്ങളുടെ സ്ഥാപനങ്ങൾക്കെതിരെയും പ്രചാരണം നടത്തി.  ത്രിപുരയിൽ ന്യൂനപക്ഷങ്ങൾക്കെതിരെ സംഘപരിവാർ നടത്തിയ ആക്രമണങ്ങളിൽ പ്രതിഷേധിച്ച്‌  നവംബർ 12ന്‌ അമരാവതിയിൽ റാസ അക്കാദമി എന്ന  സംഘടന സംഘടിപ്പിച്ച  പ്രതിഷേധത്തിനിടെയാണ്‌ സംഘപരിവാർ സംഘർഷം സൃഷ്ടിച്ചത്‌.

ഒക്‌ടോബറിൽ ബംഗ്ലാദേശിൽ ഹിന്ദുക്കങ്ങൾക്കെതിരെയുണ്ടായ അക്രമങ്ങൾ മറയാക്കിയാണ്‌ ത്രിപുരയിലെ മുസ്ലിങ്ങൾക്കെതിരെ വിശ്വഹിന്ദു പരിഷത്തും ഹിന്ദു ജാഗരൺ മഞ്ചും അക്രമം നടത്തിയത്‌. 2021 ഒക്ടോബർ ഇരുപതിനായിരുന്നു തുടക്കം. ഒക്ടോബർ 21നും 26നും വിഎച്ച്പിയും ഹിന്ദു ജാഗരൺ മഞ്ചും നടത്തിയ റാലികൾക്കുശേഷം സ്ഥിതി വഷളായി. റാലിക്കിടെ ചാംതില്ല മുസ്ലിം പള്ളിയും കടകളും വീടുകളും ആക്രമിച്ചു.  

ഡൽഹി കലാപം (2020)

|
പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തെ തകർക്കാനായിരുന്നു സംഘപരിവാർ ഡൽഹിയിൽ കലാപം നടത്തിയത്‌. വടക്കുകിഴക്കൻ ഡൽഹിയിൽ ഫെബ്രുവരി 23നാണ്‌ തുടക്കം. മൂന്നു ദിവസംനീണ്ട ആക്രമണങ്ങളിൽ 53 പേർ കൊല്ലപ്പെട്ടു.  നിഷ്‌പക്ഷമായ അന്വേഷണം നടത്തുന്നതിനുപകരം   സംഘപരിവാറുകാര രക്ഷിക്കാനും അക്കാദമിക് പണ്ഡിതരെയും ആക്ടിവിസ്റ്റുകളെയും സാംസ്‌കാരിക പ്രവർത്തകരെയും അറസ്‌റ്റ്‌ ചെയ്‌ത്‌ ജയിലിലിടയ്‌ക്കുകയായിരുന്നു പൊലീസ്‌. സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയടക്കമുള്ള  നേതാക്കളെ പ്രതിയാക്കി.
നരേന്ദ്ര മോദി അധികാരത്തിലേറിയശേഷം പശുവിന്റെ പേരിൽ മുസ്ലിങ്ങൾ വ്യാപകമായി ആക്രമിക്കപ്പെട്ടു. 2015മുതൽ പശുസംരക്ഷകരുടെ അക്രമങ്ങളിൽ വർധനയുണ്ടായതായി ഹ്യൂമൻ റൈറ്റ്‌സ് വാച്ച് റിപ്പോർട്ടിൽ പറയുന്നു.  മോദി ഭരണത്തിൽ 70 ആക്രമണം നടന്നു. 43 പേർക്ക്‌ ജീവൻ നഷ്ടമായി. 108 പേർക്ക്‌ പരിക്കേറ്റു.

മുസഫർനഗർ കലാപം (2013)

ഉത്തർപ്രദേശിൽ അധികാരത്തിലെത്താൻ ബിജെപി ആസൂത്രണംചെയ്‌ത കലാപമാണ്‌ മുസഫർ നഗർ കലാപം. ജാട്ടുകളെയും മുസ്ലിങ്ങളെയും തമ്മിലടിപ്പിച്ച്‌ കലാപം നടത്തുകയായിരുന്നു. വ്യാജ വീഡിയോ പ്രചരിപ്പിച്ചായിരുന്നു തുടക്കം.  65 പേർ കൊല്ലപ്പെട്ടു. നൂറിലധികം കേസ്‌ രജിസ്‌റ്റർ ചെയ്‌തു. ഇതിൽ 97 കേസിലായി 1117 പേരെ  വെറുതെ വിട്ടു. ബിജെപി എംഎൽഎമാരും നേതാക്കളും പ്രതിയായ 77 കേസ്‌ പിൻവലിക്കാനും യുപി സർക്കാർ നടപടി സ്വീകരിച്ചു.
ഗുജറാത്തിന്റെ വിവിധ ഭാഗങ്ങളിലായി ഫെബ്രുവരി 28 മുതൽ മാർച്ച് മൂന്നുവരെ നീണ്ട വംശഹത്യകളിൽ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട രണ്ടായിരത്തിലേറെപ്പേർ കൊല്ലപ്പെട്ടു. ആയിരങ്ങൾക്ക് പരിക്കേറ്റു. സ്ത്രീകൾ കൂട്ടബലാത്സംഗത്തിനിരയായി.

ബാബ്‌റി മസ്‌ജിദ്‌ 
തകർക്കൽ (1992)


മതനിരപേക്ഷ ഇന്ത്യ തലകുനിച്ച ദിനമാണ് 1992 ഡിസംബർ ആറ്‌. ബാബ്‌റി മസ്‌ജിദിന്റെ തകർച്ച ഇന്ത്യൻ ജനാധിപത്യത്തിനും മതനിരപേക്ഷതയ്‌ക്കും ഏൽപ്പിച്ച ആഘാതം വളരെ വലുതാണ്‌.   മസ്‌ജിദ്‌ തകർക്കൽ പലയിടത്തും സംഘർഷങ്ങളിലേക്കും അത്‌ കലാപങ്ങളിലേക്കും നീങ്ങി.  കോൺഗ്രസ്‌ ഭരണത്തിലിരിക്കെ നിരവധി കലാപങ്ങൾ അരങ്ങേറി. ഭഗൽപുർ കലാപം (1989), ഹാഷിംപുര കൂട്ടക്കൊല (1987), ഗുജറാത്ത്‌ കലാപം (1985), നെല്ലി കൂട്ടക്കൊല (1983), മൊറാദാബാദ് കൂട്ടക്കൊല (1980), ഭിവണ്ടി കലാപം (1970), ഗുജറാത്ത്‌ കലാപം (1969) തുടങ്ങി വർഗീയകലാപങ്ങൾക്കു പിന്നിലും ആർഎസ്‌എസ്‌ ആയിരുന്നു.

രാജ്യത്ത്‌ ദളിതർക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നു. അതേസമയം, ഇത്തരം കുറ്റകൃത്യങ്ങളുടെ ശിക്ഷാ നിരക്ക്‌ ഗണ്യമായി കുറയുകയാണ്‌. ദേശീയ ക്രൈം റെക്കോഡ്‌സ്‌ ബ്യൂറോയുടെ റിപ്പോർട്ട്‌ പ്രകാരം ഓരോ 10 മിനിറ്റിലും ഒരു പട്ടികജാതിക്കാരൻ ആക്രമിക്കപ്പെടുന്നു. 2020ൽ 50,291 കേസാണ്‌ രജിസ്‌റ്റർ ചെയ്‌തത്‌. മുൻ വർഷത്തിൽനിന്നുള്ള വർധന 9.4ശതമാനമാണ്‌. പട്ടിക വർഗക്കാർക്കെതിരെയുള്ള അതിക്രമങ്ങളും 9.4 ശതമാനം കൂടി.

9 മാസം ക്രൈസ്‌തവർക്കെതിരെ 
321 ആക്രമണം

|
രാജ്യത്ത്‌ ക്രിസ്‌തുമത വിശ്വാസികളും അവരുടെ ആരാധനാലയങ്ങളും വലിയ തോതിൽ ആക്രമിക്കപ്പെടുകയാണ്‌. പള്ളികൾക്ക് തീയിടൽ, ബലപ്രയോഗത്തിലൂടെ ക്രിസ്‌തുമത വിശ്വാസികളെ ഹിന്ദുമതത്തിലേക്ക്‌ പരിവർത്തനം ചെയ്യുക, ശാരീരിക, ലൈംഗികാതിക്രമങ്ങൾ, കൊലപാതകം, ക്രിസ്ത്യൻ സ്കൂളുകൾ, കോളേജുകൾ, സെമിത്തേരികൾ എന്നിവ നശിപ്പിക്കുക, പ്രാർഥന തടയുക തുടങ്ങി വിവിധ രീതിയിലുള്ള ആക്രമണങ്ങൾ സംഘപരിവാറും ഹിന്ദുത്വ സംഘടനകളും തുടരുന്നു.

1998ൽ ബിജെപി കേന്ദ്രത്തിൽ അധികാരത്തിലേറിയതോടെയാണ്‌ ക്രൈസ്‌തവർക്കെതിരെ സംഘടിത ആക്രമണം വർധിച്ചത്‌. ഇവാഞ്ചലിക്കൽ ഫെലോഷിപ് ഓഫ് ഇന്ത്യ റിപ്പോർട്ട്‌ പ്രകാരം 2015-ൽ ഇന്ത്യയിലെ ക്രൈസ്‌തവർക്കെതിരായ ആക്രമണം 177 ആയി, 2016-ൽ അത് 300 ആയി ഉയർന്നു.  ആക്രമണങ്ങൾ ഏറ്റവും കൂടുതലുണ്ടായത്‌ 2021ലാണ്‌. ഒമ്പത്‌ മാസത്തിനിടയിൽ 21 സംസ്ഥാനത്തായി നടന്നത്‌ 321 ആക്രമണം.

ഉത്തർപ്രദേശിൽ സംഘപരിവർ  ക്രൈസ്‌തവർക്കെതിരെയും തിരിഞ്ഞു.  ആക്രമണങ്ങൾക്ക്‌ സർക്കാരിന്റെ പിന്തുണയുമുണ്ട്‌. അക്രമികൾക്കെതിരെ ചെറിയ കുറ്റങ്ങൾക്ക്‌ കേസെടുക്കും. ഇരകൾക്കെതിരെയാണെങ്കിൽ ജാമ്യമില്ലാ വകുപ്പ്‌ ചുമത്തും. ഒക്ടോബർ 10ന്‌ മൗ ജില്ലയിൽ പ്രാർഥന നടക്കുന്നതിനിടെ ഹിന്ദു വാഹിനി, ബജ്‌റംഗ്‌ ദൾ പ്രവർത്തകർ ആക്രമണം നടത്തി. സമാന സംഭവം കാൻപുർ, ആഗ്ര, ബിജ്നോർ, അസംഗഢ്‌, രാംപുർ, റായ്‌ബറേലി, ഗോണ്ട, ഔറിയ, മഹാരാജ്‌ഗഞ്ച്‌, ജൗൻപുർ എന്നിവിടങ്ങളിലും ഉണ്ടായി.  

ഉത്തരാഖണ്ഡിലെ റൂർക്കിയിൽ   പള്ളിയിൽ പ്രാർഥനയ്‌ക്ക്‌ എത്തിയവരെ അക്രമികൾമർദിച്ചു.  ഛത്തീസ്‌ഗഢ്, ജാർഖണ്ഡ്‌, മധ്യപ്രദേശ്‌ എന്നിവിടങ്ങളിലും  ആക്രമണം ഉണ്ടായി. കർണാടകത്തിൽ സംഘപരിവാർ ആക്രമണങ്ങളിൽനിന്ന് രക്ഷപ്പെടാൻ ക്രിസ്ത്യാനികൾ പ്രാർഥനായോ​ഗങ്ങൾ ഒഴിവാക്കണമെന്ന് പൊലീസ് ആവശ്യപ്പെടുന്ന സ്‌ഥിതിയുണ്ട്‌.  രാജ്യത്തെ ഫാസിസ്റ്റ്‌ ഭരണകൂടം ജയിലിൽ നടത്തിയ ജുഡീഷ്യൽ കൊലപാതകമായിരുന്നു ഫാ. സ്റ്റാൻ സ്വാമിയുടേത്‌.  ആദിവാസികൾക്കുവേണ്ടി പ്രവർത്തിച്ച, മനുഷ്യാവകാശ പ്രവർത്തകനായിരുന്ന അദ്ദേഹത്തെ ഭീമ കൊറേഗാവ്‌ കേസിൽ പ്രതിയാക്കി യുഎപിഎ ചുമത്തിയാണ്‌ ജയിലിൽ അടച്ചത്‌.  
കാണ്ഡമാൽ ആക്രമണം (2008)

2007-ലെ ക്രിസ്‌മസിനോടനുബന്ധിച്ചാണ്‌ സംഘർഷം ആരംഭിച്ചത്‌.  ഹോസ്റ്റലുകൾ, കോൺവെന്റുകൾ, എഴുന്നൂറി-ലധികം വീട്‌, 100 ആരാധനാലയം, നിരവധി സ്ഥാപനങ്ങളും അഗ്നിക്കിരയാക്കി. സുവിശേഷകനായ ഗ്രഹാം സ്റ്റുവർട്ട് സ്റ്റെയിൻസിനെയും രണ്ട്‌ മക്കളെയും 1999 ജനുവരി 22-ന്‌  ബജ്‌രംഗ് ദൾ പ്രവർത്തകർ ചുട്ടുകൊല്ലുകയായിരുന്നു. ഇന്ത്യയിൽ കുഷ്ഠരോഗികളുടെയും ആദിവാസികളുടെയും ഉന്നമനത്തിനായി പ്രവർത്തിക്കുകയായിരുന്നു ഓസ്‌ട്രേലിയൻ സ്വദേശിയായ സ്റ്റെയിൻസ്‌.

ഒഡിഷയിലെ ഗജപതി ജില്ലയിലെ റണാലൈ ഗ്രാമത്തിൽ 1999 മാർച്ച് 15ന്‌ വ്യാപകമായി അക്രമം നടന്നു.  2000 പേരടങ്ങുന്ന സംഘപരിവാർ സംഘം 157 ക്രിസ്ത്യൻ വീട്‌ കത്തിച്ചു.
(തയ്യാറാക്കിയത് റിസർച്ച് ഡെസ്ക് )


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top