19 April Friday
ബാബ്‌റി മസ്‌ജിദ്‌ 
തകർത്തിട്ട്‌ 30 വർഷം

ഉടച്ചത് മതനിരപേക്ഷതയുടെ മിനാരങ്ങൾ

വി ബി പരമേശ്വരൻUpdated: Tuesday Dec 6, 2022

നാനാത്വത്തിൽ ഏകത്വവും മതനിരപേക്ഷതയും ജനാധിപത്യവും മുഖമുദ്രയാക്കിയ ഇന്ത്യ എന്ന ആശയത്തെ തകർത്തെറിഞ്ഞുകൊണ്ടാണ്‌ 30 വർഷം മുമ്പ്‌ ഹിന്ദുത്വരാഷ്ട്രവാദികൾ ബാബ്‌റിമസ്‌ജിദ്‌ തകർത്തത്‌. 1948 ജനുവരി 30ന്‌ രാഷ്ട്രപിതാവ്‌ മഹാത്മ ഗാന്ധിയെ വെടിവച്ചുവീഴ്‌ത്തിയ അതേ ശക്തികളാണ്‌ 464 വർഷം പഴക്കമുള്ള അയോധ്യയിലെ ബാബ്‌റി മസ്‌ജിദും തകർത്തത്‌. 2002ൽ ആയിരക്കണക്കിനു മുസ്ലിങ്ങളെ കൊന്നുതള്ളിയ ഗുജറാത്ത്‌ കലാപമെന്ന വംശഹത്യക്കു പിന്നിലും ഇതേ ശക്തികളായിരുന്നു. രാജ്യത്തെ ഹിന്ദുരാഷ്ട്രമാക്കാൻ വിയർക്കുന്ന ആർഎസ്‌എസാണ്‌ ഈ മൂന്ന്‌ സംഭവത്തിനു പിന്നിലും പ്രവർത്തിച്ചത്‌. ഗാന്ധിജിയെ വെടിവച്ച്‌ വീഴ്‌ത്തിയപ്പോൾ ഇന്ത്യാഗവൺമെന്റ്‌ ഏർപ്പെടുത്തിയ നിരോധനത്തിൽനിന്നു രക്ഷപ്പെടാനായി സാംസ്‌കാരികമേഖലയിൽ മാത്രമായിരിക്കും പ്രവർത്തിക്കുക എന്ന്‌ അധികാരികൾക്ക്‌ എഴുതിക്കൊടുത്തെങ്കിലും മത–- സാംസ്‌കാരിക സംഘടനയെന്ന മുഖംമൂടിക്കു പിറകിൽ ഹിന്ദുരാഷ്ട്ര നിർമാണമെന്ന വ്യക്തമായ രാഷ്ട്രീയം വച്ചുപുലർത്തുന്ന സംഘടന തന്നെയാണ്‌ ഇതെന്ന്‌ ഒരു നൂറ്റാണ്ടിലെത്തുന്ന (1925ൽ ആണ്‌ ആർഎസ്‌എസ്‌ രൂപംകൊണ്ടത്‌) ഈ സംഘടനയുടെ പ്രവർത്തനം അടിവരയിടുന്നു.

വർഷങ്ങൾ നീണ്ട ആലോചനയുടെയും ഗൂഢാലോചനയുടെയും ഫലമായിരുന്നു ബാബ്‌റി മസ്‌ജിദിന്റെ തകർക്കൽ. 1949 ഡിസംബർ 22–-23ന്‌ ഹിന്ദു മഹാസഭയുമായി ബന്ധമുള്ള നിർവാണി അഖാഡയിലെ അഭിറാം ദാസ്‌ രാമവിഗ്രഹം ബാബ്‌റി മസ്‌ജിദിനകത്ത്‌ സ്ഥാപിച്ചതു മുതലാണ്‌ അത്‌ തകർക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചത്‌. ഹിന്ദുക്ഷേത്രം തകർത്താണ്‌ ബാബ്‌റി മസ്‌ജിദ്‌ പണിതത്‌ എന്ന്‌ പറഞ്ഞായിരുന്നു വിശ്വഹിന്ദുപരിഷത്തും ബജ്‌റംഗ്‌ദളും ബിജെപിയും സന്യാസിസംഘങ്ങളും ബാബ്‌റി മസ്‌ജിദ്‌ തകർക്കാൻ ആഹ്വാനം ചെയ്‌തത്‌. 2019ൽ സുപ്രീംകോടതി മസ്‌ജിദ്‌ നിലകൊണ്ട 2.77 ഏക്കർ സ്ഥലം പൂർണമായും ഹിന്ദുക്കൾക്ക്‌ വിട്ടുനൽകിയെങ്കിലും ക്ഷേത്രം തകർത്താണ്‌ മസ്‌ജിദ്‌ പണിതത്‌ എന്ന വാദം അംഗീകരിച്ചിരുന്നില്ല. മാത്രമല്ല മസ്‌ജിദ്‌ തകർത്തതിന്‌ ഉത്തരവാദികളെന്ന്‌ കോടതി കണ്ടെത്തിയവർക്കു തന്നെയാണ്‌  മസ്‌ജിദ്‌ നിന്ന സ്ഥലം നൽകിയതെന്ന വിരോധാഭാസവും കോടതിവിധിയിൽ മുഴച്ചുനിന്നു. ഏതായാലും കേന്ദ്ര–- സംസ്ഥാന ഭരണാധികാരികളും ജുഡീഷ്യറിയും കേസന്വേഷിച്ച സിബിഐയും എല്ലാം ഒരുപോലെ ഹിന്ദുത്വരാഷ്ട്ര പദ്ധതി വിജയിക്കുന്നതിന്‌ സഹായകരമായ നിലപാടുകളാണ്‌ എടുത്തത്‌. ബാബ്‌റി മസ്‌ജിദ്‌ തകർത്ത കേസും മസ്‌ജിദ്‌ നിന്ന സ്ഥലം സംബന്ധിച്ച കേസും മൂന്നു പതിറ്റാണ്ട്‌ ഇഴഞ്ഞുനീങ്ങുന്ന കാഴ്‌ചയാണ്‌ കണ്ടത്‌. രാജ്യത്തിന്റെ മനഃസാക്ഷിയെ പിടിച്ചുലച്ച ഈ സംഭവത്തിൽ ആരും  ശിക്ഷിക്കപ്പെട്ടില്ല. ബാബ്‌റി മസ്‌ജിദ്‌ ആരാധനയ്‌ക്കായി തുറന്നുകൊടുത്ത രാജീവ്‌ ഗാന്ധി സർക്കാർ,  മസ്‌ജിദ്‌ തകരാതെ സംരക്ഷിക്കാൻ മുന്നൊരുക്കങ്ങൾ നടത്തുന്നതിൽ വീഴ്‌ച വരുത്തിയ നരസിംഹറാവു സർക്കാർ,  മസ്‌ജിദിന്‌ ഒരു കോട്ടവും വരുത്തില്ലെന്ന യുപിയിലെ കല്യാൺസിങ് സർക്കാരിന്റെ സത്യവാങ്‌മൂലം വിശ്വസിച്ച്‌ മുൻകരുതൽ നടപടികൾക്ക്‌ ഉത്തരവിടാതിരുന്ന സുപ്രീംകോടതി എന്നിവയെല്ലാം  മസ്‌ജിദ്‌ തകർക്കപ്പെട്ടതിന്‌  ഒരുപോലെ ഉത്തരവാദികളാണെന്ന്‌ ചരിത്രം രേഖപ്പെടുത്തുകതന്നെ ചെയ്യും.

ബിജെപിയെ ഇന്ത്യൻ രാഷ്ട്രീയത്തിൽ കോൺഗ്രസിനു ബദലായ രാഷ്ട്രീയ പ്രസ്ഥാനമായി ഉയർത്തിക്കൊണ്ടുവരുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട പങ്കുവഹിച്ചത്‌ ബാബ്‌റി മസ്‌ജിദ് വിഷയമായിരുന്നു. മസ്‌ജിദ്‌ തകർത്തതിനുശേഷം 1996ൽ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ അംഗസംഖ്യ 161 ആയി ഉയർന്നു. വാജ്‌പേയി 13 ദിവസം പ്രധാനമന്ത്രിയാകുകയും ചെയ്‌തു. 1998ലും 1999ലും ബിജെപിതന്നെ കേന്ദ്രത്തിൽ അധികാരത്തിൽ വന്നു. 1999ലെ കാർഗിൽ യുദ്ധവും 2001ലെ പാർലമെന്റ്‌ ആക്രമണവും അമർനാഥ്‌ തീർഥാടകരെ വെടിവച്ചിട്ടതും മറ്റും ‘പാകിസ്ഥാൻ–- ഭീകരവാദം– -തദ്ദേശ ഭീകരവാദം’ എന്ന ആഖ്യാനം നിർമിക്കാൻ ബിജെപിയെ സഹായിച്ചു. 2014ൽ മോദി പ്രധാനമന്ത്രിയായതോടെ വർഗീയധ്രുവീകരണ നീക്കങ്ങൾ ശക്തമായി. 2019ൽ ബിജെപിക്ക്‌ തനിച്ച്‌ ഭൂരിപക്ഷം ലഭിച്ചതോടെ ഇതിന്‌ ആക്കം വർധിച്ചു.

നരസിംഹറാവു ഭരണകാലത്ത്‌  ആരംഭിച്ച നവഉദാരവൽക്കരണ നയത്തിന്റെ ഫലമായി ശക്തിയാർജിച്ച ഇന്ത്യൻ കോർപറേറ്റുകളും ഹിന്ദുത്വരാഷ്ട്രവാദികളും മോദിയുടെ നേതൃത്വത്തിൽ കൈകൊർത്തത്‌ ഹിന്ദുത്വരാഷ്ട്രത്തിലേക്കുള്ള ബിജെപിയുടെ യാത്ര എളുപ്പമാക്കി. ബിജെപി അതിന്റെ രൂപീകരണം മുതൽ ഉയർത്തിപ്പിടിക്കുന്ന മൂന്ന്‌ പ്രധാന മുദ്രാവാക്യങ്ങളാണ്‌ ഭരണഘടനയിലെ 370 –-ാം വകുപ്പ്‌ റദ്ദാക്കുക, അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുക, ഏക സിവിൽകോഡ്‌ നടപ്പാക്കുക എന്നിവ. പാർലമെന്റിലെ ഭൂരിപക്ഷം ഉപയോഗിച്ച്‌ ഇത്‌ മൂന്നും യാഥാർഥ്യമാക്കിവരികയാണ്‌. 2019 ആഗസ്‌ത്‌ അഞ്ചിന്‌ ജമ്മു കശ്‌മീരിന്‌ പ്രത്യേക പദവി നൽകുന്ന ഭരണഘടനയിലെ 370–-ാം വകുപ്പ്‌ റദ്ദാക്കി സംസ്ഥാനത്തെ രണ്ട്‌ കേന്ദ്രഭരണപ്രദേശമായി വിഭജിച്ചു. ഭരണഘടനയിലെ 35 എ വകുപ്പും റദ്ദാക്കപ്പെട്ടു.

ദേശീയകക്ഷികളിൽ സിപിഐ എമ്മും സിപിഐയും മാത്രമാണ്‌ ഇതിൽ എതിർപ്പ്‌ പ്രകടിപ്പിച്ചത്‌. കോൺഗ്രസ്‌ പോലും ഈ നടപടിയെ ചോദ്യം ചെയ്യാൻ തയ്യാറായില്ല. മതനിരപേക്ഷ രാഷ്ട്രത്തിന്റെ പ്രധാനമന്ത്രി 2020 ആഗസ്‌ത്‌ അഞ്ചിന്‌ അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിന്‌ തുടക്കമിട്ട്‌ ഭൂമിപൂജൻ നടത്തി. അതിനെ തുറന്നു വിമർശിക്കാൻ പോലും കെൽപ്പില്ലാത്ത രാഷ്ട്രീയ പ്രസ്ഥാനമായി കോൺഗ്രസ്‌ അധഃപതിച്ചു. ഏറ്റവും അവസാനമായി ഏക സിവിൽകോഡ്‌ നടപ്പാക്കാനുളള നീക്കങ്ങളും ബിജെപി ആരംഭിച്ചു. ഗുജറാത്ത്‌, ഉത്തരാഖണ്ഡ്‌, ഹിമാചൽപ്രദേശ്‌ എന്നീ സംസ്ഥാനങ്ങൾ ഏക സിവിൽകോഡ്‌ നടപ്പാക്കാൻ നടപടികൾ തുടങ്ങി. രാജ്യത്തെ ന്യൂനപക്ഷത്തെ മുഖ്യധാരയിൽനിന്ന്‌ അകറ്റി അരികുവൽക്കരിക്കുന്ന പ്രവർത്തനം ശക്തമാണിന്ന്‌. ലൗ ജിഹാദും ബീഫ്‌ നിരോധനവും മുത്തലാഖും മറ്റും ഇതിന്റെ ഭാഗമായാണ്‌ ഉയർത്തപ്പെടുന്നത്‌. ഏറ്റവും അവസാനമായി വന്ന ഞെട്ടിക്കുന്ന റിപ്പോർട്ട്‌ കൂട്ടക്കൊലപാതകങ്ങൾക്ക്‌ ഏറ്റവും കൂടുതൽ സാധ്യതയുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ എട്ടാം സ്ഥാനത്താണ്‌ എന്ന വാർത്തയാണ്‌.162 രാജ്യങ്ങളെ പഠനവിധേയമാക്കിയതിലാണ്‌ ഇന്ത്യക്ക്‌ ഈ ‘ഉയർന്ന’ സ്ഥാനം ലഭിച്ചത്‌. ഒന്നാം സ്ഥാനത്ത്‌ പാകിസ്ഥാൻ, എട്ടാം സ്ഥാനത്ത്‌ ഇന്ത്യ. ബാബ്‌റി മസ്‌ജിദ്‌ തകർന്നുവീണതു പോലെ ഇന്ത്യയും തകർന്നുവീഴുകയാണോ?ബാബ്‌റി മസ്‌ജിദ്‌ 
തകർത്തിട്ട്‌ 30 വർഷം


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top