26 April Friday
ഇന്ന്‌ അംബേദ്‌കറിന്റെ 
65–ാംചരമവാർഷികദിനം

കാലം അംബേദ്‌കറിനെ വായിക്കുമ്പോൾ

അഡ്വ. പി കെ ഹരികുമാർUpdated: Monday Dec 6, 2021

ഭരണഘടനയിൽ അന്തഃസ്ഥിതമായ ജനാധിപത്യത്തിന്റെ ആത്മാംശങ്ങളെ സമ്പൂർണമായി റദ്ദുചെയ്യുക എന്നതിനെ ഉന്നംവച്ചാണ് സംഘപരിവാർ നീക്കം. സ്വാതന്ത്ര്യപൂർവകാലം അവർക്കുണ്ടാക്കുന്ന അലോസരം, അസഹ്യത ചില്ലറയൊന്നുമല്ല. സ്വാതന്ത്ര്യസമരം, അന്നത്തെ വഞ്ചന, അതിൽ പങ്കാളിത്തമില്ലായ്മ എന്നിവയെല്ലാം മറികടക്കാൻ ചരിത്രം വളച്ചൊടിച്ചിട്ട് കാര്യമില്ല. കാരണം തെളിവുകളില്ല, മറിച്ച് ബ്രിട്ടീഷ് പക്ഷപാതത്തിനും ചതിക്കും തെളിവുണ്ടു താനും. അപ്പോൾ പിന്നെ ചരിത്രത്തെ അപനിർമിക്കുകയേ മാർഗമുള്ളൂ. ലോക ചരിത്രത്തിൽ അതിനു തെളിവ്‌ ധാരാളം. ഗാന്ധിക്കെതിരെ സവർക്കർ പ്രതിമ വന്നത് അങ്ങനെയാണ്. ഇടയ്‌ക്കവർ പലരെയും ചരിത്രത്തിൽനിന്ന് വകഞ്ഞുമാറ്റി സ്വന്തമാക്കുകതന്നെ ചെയ്യും. അങ്ങനെ അവർ ഭീംറാവു റാംജി അംബേദ്കറിനെയും സ്വന്തമാക്കാൻ നോക്കുന്നുണ്ട്, ഭരണഘടന അവർക്കൊരു ശല്യമാണെങ്കിലും. ഫാസിസ്റ്റ് രാഷ്ട്രീയം ചരിത്രധ്വംസനം നടത്തുന്ന കാലത്താണ് മഹാനായ അംബേദ്കറുടെ 65–-ാം ചരമവാർഷികദിനം വന്നുചേർന്നത്.

മഹർ സമുദായക്കാരനായ കീഴാളൻ നേരിട്ട അന്യവൽക്കരണത്തിനും അപമാനത്തിനു കൈയും കണക്കുമില്ലായിരുന്നു. ആപാദം വായനയിൽ മുഴുകി മൗലിക ചിന്തകളുടെ ധാരാളിത്തംകൊണ്ട് അംബേദ്കർ ശ്രദ്ധേയനായി. ബിരുദ സമ്പാദനത്തിലൂടെയും വൈജ്ഞാനിക മേഖലയിലെ ഇടപെടൽ വഴിയും നരവംശ ശാസ്ത്രത്തിലും പ്രാചീന ഭാരതത്തിലെ കച്ചവട ചരിത്രത്തിലും ഇന്ത്യയിലെ ജാതിയുടെ ഉത്ഭവ വികാസത്തെക്കുറിച്ചും ധനതത്വശാസ്ത്ര സംബന്ധമായ പ്രബന്ധങ്ങളിലൂടെയും അംബേദ്കർ ബൗദ്ധിക മണ്ഡലത്തിന്റെ പടികൾ കയറി. ജാതിമേൽക്കോയ്മയുടെ കൈപ്പിടിയിൽ ഒതുങ്ങിപ്പോയ മർദിത ജനവിഭാഗങ്ങളുടെ മോചനത്തിനായി പ്രസംഗങ്ങൾ, എഴുത്തുകൾ, വാദങ്ങൾ, അവർക്കുവേണ്ടി മൂകനായിക്ക് എന്ന വാരിക, ബഹിഷ്കൃത ഭാരത് എന്ന പത്രം–- അങ്ങനെ എന്തെല്ലാം. ഹിന്ദുമതത്തിന്റെ അടിസ്ഥാന ദർശനങ്ങൾക്കും മനുവാദികൾക്കും എതിരെയായിരുന്നു അദ്ദേഹത്തിന്റെ നിരന്തര കലാപം. ഹിന്ദുമതം സ്ത്രീകളെ മനുഷ്യരായി പരിഗണിക്കാത്തതിനെതിരെ നിർദാക്ഷിണ്യമായ ആക്രമണം. മനു ചവിട്ടിയരച്ച ഹിന്ദു സ്ത്രീകളുടെ ദാരുണാവസ്ഥയ്‌ക്കെതിരെ നടത്തിയ നൈതികയുദ്ധം."ഒരു ഹിന്ദുവായിട്ടാണ് ഞാൻ ജനിച്ചത്. അതിൽ എനിക്കൊന്നും ചെയ്യുവാൻ കഴിയുമായിരുന്നില്ല. പക്ഷേ, ഞാൻ ഒരു ഹിന്ദുവായി മരിക്കുകയില്ല’ എന്ന് അദ്ദേഹം പറഞ്ഞു. ഈ ഘട്ടത്തിൽ സവർക്കർ അയിത്തജാതിക്കാരെ ഭീഷണികൊണ്ട് വിലക്കാൻ നോക്കിയതും വേറൊരു ചരിത്രം. ഹിന്ദു സമൂഹത്തിലെ മേൽജാതിക്കാരും ഭൂരിപക്ഷം വരുന്ന അയിത്തജാതിക്കാരും തമ്മിലുള്ള വൈരുധ്യത്തെ വർഗസമരമായാണ് അദ്ദേഹം കണ്ടത്. രാഷ്ട്രീയ ജനാധിപത്യത്തിനും അപ്പുറം സാമൂഹ്യ ജനാധിപത്യത്തെ കണ്ട അംബേദ്കർ ബുദ്ധദർശനത്തിലെ സമത്വമാണ്‌ സത്യമെന്ന്‌ തിരിച്ചറിയുന്നുമുണ്ട്.

ഡോ. അംബേദ്കർ ബ്രിട്ടീഷ് ഭരണത്തിൽനിന്നുള്ള ഇന്ത്യൻ ജനതയുടെ മോചനമെന്ന ആശയത്തിനൊപ്പം തൊട്ടുകൂടാത്തവരുടെയും ജാതിശ്രേണിയിൽ അടിത്തട്ടിൽ കിടക്കുന്നവരുടെയും മോചനത്തിനുവേണ്ടിയും പ്രയത്നിച്ചു. സാമ്രാജ്യത്വവിരുദ്ധ കാഴ്ചപ്പാട് മുന്നോട്ടുവയ്‌ക്കുന്നതിനോടൊപ്പം സാമൂഹ്യവ്യവസ്ഥിതിയിൽ താഴെത്തട്ടിലുള്ളവരുടെ വിമോചനത്തിനുവേണ്ടിയും അംബേദ്കർ പ്രവർത്തിച്ചു. ഗാന്ധി ദേശീയ പ്രസ്ഥാനത്തിന്റെ നേതാവും അംബേദ്കർ തൊട്ടുകൂടാത്തവരുടെ വക്താവുമായി വ്യാഖ്യാനിക്കപ്പെട്ടു. ഗാന്ധിക്കു ലഭിച്ച രാഷ്ട്രീയ നായകത്വം ഒരിക്കൽപ്പോലും അംബേദ്കറിൽ വന്നുചേർന്നില്ല.

ദളിത് എന്ന വാക്കിനെ പ്രത്യേകമായൊരു പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റായി മാറ്റിയെടുക്കുന്നത് അംബേദ്കറാണ്. ജാതിവ്യവസ്ഥയും മുൻനിര ദേശീയ പ്രസ്ഥാനവും അകറ്റിനിർത്തിയ ദളിത് എന്ന പദത്തെ വട്ടമേശ സമ്മേളനത്തിലൂടെ ഒരു പ്രധാന വിഷയമായി മുന്നോട്ടുവയ്‌ക്കുന്നതോടെയാണ് ദേശീയതലത്തിൽ ആ വാക്കിന് ഒരു രാഷ്ട്രീയാധികാരം കൈവന്നുചേരുന്നത്. വലതുപക്ഷ ഹിന്ദുത്വം ഭരണകൂടമായി പരിണമിച്ചതിൽ പിന്നെയുള്ള ഇന്നത്തെ ഇന്ത്യൻ സാമൂഹ്യ–- രാഷ്ട്രീയ സാഹചര്യത്തിൽ ആശങ്കയുടെയും അസ്വസ്ഥതയുടെയും ഭാരംപേറി, തന്റെ ഭൂതകാലത്തിലേക്ക് തിരിഞ്ഞുനിന്ന് പ്രശ്നങ്ങളുടെ വേരും പരിഹാരസാധ്യതകളും അന്വേഷിക്കുന്നവർ ചെന്നെത്തുന്ന പ്രബലമായ ഒരുവഴി ഡോ. ബി ആർ അംബേദ്കർ എന്ന പോരാട്ടത്തിലേക്കാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top