04 October Tuesday

അംബേദ്‌കറെ വീഴ്‌ത്തിയ കോൺഗ്രസ്

അനിൽകുമാർ എ വിUpdated: Saturday Jul 9, 2022

‘ചരിത്രത്തിൽനിന്ന് ഒരു പാഠവും പഠിക്കുന്നില്ലെന്നതാണ് ചരിത്രത്തിന്റെ പാഠം' എന്ന പ്രയോഗം കോൺഗ്രസിന് നന്നായി ഇണങ്ങും. മതനിരപേക്ഷ- ജനാധിപത്യശക്തികളെ ഒന്നിപ്പിച്ച്  കാവിപ്പടയെ നേരിടുന്നതിനു പകരം വിശാല കൂട്ടായ്മകളെ ദുർബലപ്പെടുത്തുകയാണ്.  ഉത്തർപ്രദേശ്, - ബിഹാർ,  പഞ്ചാബ്, - പശ്ചിമ ബംഗാൾ, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങൾ  ഉദാഹരണം. ഡൽഹിയിൽ  ആംആദ്മി പാർടിയുമായി  സഖ്യമില്ലെങ്കിൽ  മത്സരിക്കില്ലെന്ന് അജയ് മാക്കൻ പ്രസ്താവിക്കുകയുണ്ടായി.  കർണാടകത്തിലെ മാണ്ഡ്യയിൽ ബിജെപി–-കോൺഗ്രസ് - -സംയുക്ത സ്ഥാനാർഥിയായിരുന്നു. അവിടത്തെ മുന്നണി മന്ത്രിസഭയെ അസ്ഥിരീകരിക്കാനുള്ള ശ്രമങ്ങളിലൊന്നായിരുന്നു  അവസരവാദസഖ്യം.  വാരാണസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ എഐസിസി  ജനറൽ സെക്രട്ടറി  പ്രിയങ്ക ഗാന്ധിയെ ഇറക്കി ശക്തമായ മത്സരത്തിന് ഒരുങ്ങുമെന്നായിരുന്നു നേതൃത്വം ആദ്യംനൽകിയ സൂചന. എന്നാൽ, ദുർബലനായ അജയ് റായിയെയാണ്  പ്രഖ്യാപിച്ചത്.

മോദിക്കെതിരെ  സംയുക്ത പ്രതിപക്ഷ സ്ഥാനാർഥി വേണമെന്ന ആശയത്തോട് കോൺഗ്രസ്- തുടക്കംമുതൽ വിമുഖത കാട്ടി.  നുണയന്മാരുടെ പാർടിയുടെ പെരുംനുണയൻ നേതാവാണ് നരേന്ദ്ര മോദിയെന്ന്  തെളിയിക്കപ്പെട്ടിട്ടും കോൺഗ്രസ് തുറന്നുകാട്ടാൻ  മുതിരുന്നില്ല. പകരം ഗാന്ധിജിയെയും അംബേദ്കറെയും മറ്റും മറയാക്കി പുരോഗമന രാഷ്ട്രീയത്തെ എതിരിടുകയാണ്. 2001 ഒക്ടോബർ ഏഴിന് ഗുജറാത്ത് മുഖ്യമന്ത്രിയാകുംവരെ  വസ്ത്രങ്ങൾ താൻ തന്നെയാണ് അലക്കിയിരുന്നതെന്ന് മോദി ചലച്ചിത്രതാരം അക്ഷയ് കുമാറിനു നൽകിയ അഭിമുഖത്തിൽ പറയുകയുണ്ടായി.  1970 മുതൽ മോദിയുടെ തുണികൾ  അലക്കിയ ചാന്ദ് മൊഹമ്മദ് ധോബി മരിച്ചെന്ന 2017ലെ പത്രവാർത്ത ആ നുണ പൊളിച്ചടുക്കി.  1970കളിൽ  ആർഎസ്എസ് പ്രചാരകനായതുമുതൽ അദ്ദേഹത്തിന്റെ വസ്ത്രങ്ങൾ വെളുപ്പിച്ചത് ചാന്ദ് മൊഹമ്മദാണ്. 2008ൽ ഗോധ്‌രയിൽ   പ്രസംഗിക്കാനെത്തിയ മോദി ആ അലക്കുകാരനെ  ക്ഷണിച്ച് അഞ്ചു ലക്ഷം രൂപയുടെ ചെക്ക് നൽകി. അദ്ദേഹം അത് നിരസിച്ചു. എന്നാൽ, ചെറിയൊരു സ്ഥലം ആവശ്യപ്പെട്ടു. അത് നൽകാൻ നടപടി കൈക്കൊള്ളാൻ ജില്ലാ ഭരണകേന്ദ്രത്തോട് നിർദേശിക്കുകയും ചെയ്തു.  മരണംവരെ  ലഭിച്ചില്ലെന്നത് മറ്റൊരു വഞ്ചന.

മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ഭീകരവിരുദ്ധസേനാ മേധാവി ഹേമന്ത് കർക്കറെയെപ്പോലുള്ള പൊലീസ് മേധാവികളെ  സംഘപരിവാർ തുടർച്ചയായി അപമാനിക്കുകയാണ്. തന്റെ ശാപം കാരണമാണ് കർക്കറെ  കൊല്ലപ്പെട്ടതെന്ന  പ്രജ്‌ഞ സിങ് താക്കൂറിന്റെ  പ്രസ്താവനയുടെ  ചൂടാറുംമുമ്പ്  അപമാനിക്കുന്ന വാക്കുകളുമായി  അന്നത്തെ  ലോക്‌സഭാ സ്പീക്കർ  സുമിത്ര മഹാജനും  എത്തി.  കോൺഗ്രസ് നേതാവ്   ദിഗ്‌വിജയ് സിങ്  കർക്കറെയുടെ സുഹൃത്താണെന്ന് കേട്ടിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.  ദിഗ്‌വിജയ് സിങ്‌ മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്നപ്പോൾ ആർഎസ്എസ് ബോംബുണ്ടാക്കുന്ന ഭീകര സംഘടനയാണെന്ന് തുടർച്ചയായി ആരോപിക്കാറുണ്ടായിരുന്നു. കർക്കറെ നടത്തിയ അറസ്റ്റുകളെല്ലാം ദിഗ്‌വിജയ് സിങ്ങിന്റെ ആജ്ഞപ്രകാരമായിരുന്നെന്നും സുമിത്ര ആരോപിച്ചു. അപ്പോഴും സ്വന്തം  നേതാവിനൊപ്പം നിൽക്കാൻ കോൺഗ്രസ് തയ്യാറായില്ല.

രാജ്യസഭാംഗത്വ കാലാവധി പൂർത്തിയാക്കിയ കേന്ദ്ര മന്ത്രിമാരായ മുക്താർ അബ്ബാസ് നഖ്‌വിക്കും ആർ സി പി സിങ്ങിനും  കേന്ദ്ര മന്ത്രിസഭയിൽനിന്ന് രാജിവയ്‌ക്കേണ്ടിവന്നു. നഖ്‌വിക്ക് ബിജെപിയും സിങ്ങിന് സഖ്യകക്ഷിയായ യുണൈറ്റഡ് ജനതാദളും സീറ്റ് നൽകിയില്ല. നഖ്‌വി  ഒഴിഞ്ഞതോടെ ഇരുസഭയിലുമായി 395 അംഗങ്ങളുള്ള ബിജെപിക്ക് മുസ്ലിം പ്രാതിനിധ്യമില്ല. 15 സംസ്ഥാനത്തുനിന്ന് 57 സീറ്റ് ഒഴിഞ്ഞിട്ടും ഒരിടത്തും മുസ്ലിങ്ങളെ പരിഗണിച്ചില്ല. കാവിപ്പടയുടെ തീവ്രഹിന്ദുത്വത്തിന്റെ വകഭേദങ്ങളാണ്  കോൺഗ്രസിന്റേതും. ലോക്സഭയിൽ മുസ്ലിം പ്രാതിനിധ്യം ഏറ്റവും കുറഞ്ഞത് 2014 ലാണ്. മൂന്നു ദശാബ്ദത്തിനിടെ ഒരു പാർടിക്ക് ഒറ്റയ്‌ക്ക്  ഭൂരിപക്ഷം കിട്ടിയപ്പോൾ മുസ്ലിങ്ങൾ  നാമമാത്രമായി,- 22. ആകെ അംഗങ്ങളുടെ നാലു ശതമാനം. അതിൽ കോൺഗ്രസും സ്വന്തം സംഭാവന നൽകി. ജനസംഖ്യയുടെ ഒമ്പതര ശതമാനം വരുന്ന ഗുജറാത്തിൽനിന്ന് മൂന്നു പതിറ്റാണ്ടിനിടെ ലോക്സഭയിലേക്ക് ഒരു മുസ്ലിമും തെരഞ്ഞെടുക്കപ്പെട്ടില്ല. ഇന്ദിര ഗാന്ധി വധത്തിനുശേഷം നടന്ന തെരഞ്ഞെടുപ്പിലാണ് അഹമ്മദ് പട്ടേൽ ജയിക്കുന്നത്. 1989ൽ അദ്ദേഹം തോറ്റു. പിന്നീട്  ഒരു മുസ്ലിമും ആ സംസ്ഥാനത്തുനിന്ന് എത്തിയില്ല. അടിയന്തരാവസ്ഥയ്‌ക്കുശേഷം 1977ൽ  നടന്ന തെരഞ്ഞെടുപ്പിലാണ് ആ സംസ്ഥാനത്തുനിന്ന് ഏറ്റവും കൂടുതൽ മുസ്ലിങ്ങൾ ലോക്സഭയിൽ എത്തിയത്-, അതും രണ്ടു പേർ. അഹമ്മദ് പട്ടേലും ഇഹ്സാൻ ജാഫ്‌റിയും.  ബിജെപി ഇന്നേവരെ ഗുജറാത്തിൽ ഒരു മുസ്ലിം സ്ഥാനാർഥിയെ നിർത്തിയില്ല. വംശഹത്യക്കുശേഷം മുസ്ലിങ്ങളെ പരീക്ഷിക്കുന്നതിൽ കോൺഗ്രസും വിമുഖത കാട്ടി.

കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ രാജ്യം ഉറ്റുനോക്കിയ പല മണ്ഡലത്തിലും ഫാസിസ്റ്റ് വിരുദ്ധ പോരാളികളെ തുണയ്‌ക്കാൻ  കോൺഗ്രസ് തയ്യാറായില്ലെന്നത് ചരിത്രം മാപ്പുനൽകാത്ത രാഷ്ട്രീയ അപരാധമാണ്.  കർണാടകത്തിലെ ബംഗളൂരു സൗത്ത്, മഹാരാഷ്ട്രയിലെ സോളാപുർ എന്നീ മണ്ഡലങ്ങൾ നോക്കാം. ദക്ഷിണേന്ത്യയിൽ കാവിപ്പടയ്‌ക്കെതിരെ ഉറച്ച നിലപാടെടുക്കുന്ന നടൻ പ്രകാശ്‌ രാജ് ബംഗളൂരു സെൻട്രലിലാണ് ജനവിധി തേടിയത്.  തൊട്ടുരുമ്മി നിൽക്കുന്ന ബംഗളൂരു സൗത്തിൽ ബിജെപി ഇറക്കിയത് കൊലവിളികൾക്ക് കുപ്രസിദ്ധനായ  തേജസ്വി സൂര്യയെ. കേന്ദ്രമന്ത്രിയായിരുന്ന അനന്തകുമാർ ഹെഗ്ഡെ 1996 മുതൽ പ്രതിനിധാനംചെയ്തതാണ്  മണ്ഡലം. ഗൗരി ലങ്കേഷിനെ വധിച്ചതിനെ ന്യായീകരിച്ചതടക്കമുള്ള പ്രസ്താവങ്ങളിലൂടെ  കാവിഭീകരരുടെ പട്ടികയിൽ സ്ഥാനംനേടിയ  സൂര്യയുടെ  സ്ഥാനാർഥിത്വം ഉറപ്പാക്കിയത് ആർഎസ്എസ് സമ്മർദമാണ്.

അംബേദ്കറുടെ ചെറുമകനും ബഹുജൻ വാഞ്‌ഛിത് അഹാദി (ബിവിഎ) നേതാവുമായ പ്രകാശ് അംബേദ്കർ സോളാപുരിലാണ് മത്സരിച്ചത്.  ബിജെപിയുടെ ജയ്സിദദ്ധേശ്വർ മഹാസ്വാമിയും കോൺഗ്രസിന്റെ   സുശീൽ കുമാർ ഷിൻഡെയുമായിരുന്നു  എതിരാളികൾ. മണ്ഡലത്തിൽ സ്വാധീനമുള്ള സിപിഐ എം പ്രകാശിന്  നിരുപാധിക  പിന്തുണ നൽകി. 1974 മുതൽ കോൺഗ്രസ് സിറ്റിങ് സീറ്റായ സോളാപുർ 2014 ൽ  ബിജെപി പിടിച്ചടക്കി. ഭരണഘടനാ ശിൽപ്പിയായ  ബി ആർ  അംബേദ്കറെ കോൺഗ്രസ് വർഗീയ കാർഡിറക്കി  തെരഞ്ഞെടുപ്പിൽ നാണംകെടുത്തിയതാണ് ഓർമയിലെത്തുന്നത്. ആദ്യ തെരഞ്ഞെടുപ്പിൽ ഏത് സീറ്റിലായിരിക്കുമെന്നത് സഹപ്രവർത്തകർക്കിടയിൽ ചർച്ചയായപ്പോൾ അംബേദ്കർ ഉറപ്പിച്ചത്  ബോംബെ സിറ്റി നോർത്ത്. ആ മണ്ഡലത്തിൽ  ദളിതർ  കുറവാണെന്ന് കോൺസ്റ്റിറ്റുവന്റ് അസംബ്ലി  അംഗം സർ അല്ലാടി കൃഷ്ണസ്വാമി അയ്യർ ഉപദേശിച്ചു. അദ്ദേഹം  ഒരുകൈ നോക്കാൻ തയ്യാറായി. എന്നാൽ, കാലിടറി. 15,000 വോട്ടിനായിരുന്നു തോൽവി.

അട്ടിമറിച്ചതാകട്ടെ, രാഷ്ട്രീയത്തിൽ വലിയ  പരിചയമില്ലാത്ത പാൽ വിൽപ്പനക്കാരനായ കോൺഗ്രസ് സ്ഥാനാർഥി നാരായൺ സദോഭ കജ്രോൽകർ. കശ്മീർ പ്രശ്നത്തിൽ അംബേദ്കർക്ക്  ഇന്ത്യാവിരുദ്ധ നിലപാടാണെന്നായിരുന്നു കോൺഗ്രസ് പ്രചാരണം. അത്തരം വാദമുയർത്തി മണ്ഡലത്തിലുടനീളം ലഘുലേഖകൾ വിതരണം ചെയ്തു. അത്  ദളിത് വോട്ടർമാരെയും എതിരാക്കി.  അന്നത്തെ വീഴ്ച അംബേദ്കറെ  വേദനിപ്പിച്ചു. 1954ൽ ബന്ദാരയിൽ മത്സരിച്ചപ്പോഴും കോൺഗ്രസ്  തോൽപ്പിച്ചു.  അനസൂയാഭായി ബാബുഭായി  ബോർക്കറാണ് ജയിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top