29 March Friday

കേന്ദ്രനയത്തിനെതിരെ പോർമുഖത്ത്‌

വി ശ്രീകുമാർUpdated: Wednesday Jan 25, 2023

അഖിലേന്ത്യ ഓഡിറ്റ് ആൻഡ്‌ അക്കൗണ്ട്സ് അസോസിയേഷൻ 49–--ാം അഖിലേന്ത്യ സമ്മേളനം വെള്ളിയാഴ്‌ചമുതൽ തിരുവനന്തപുരത്ത് ചേരുകയാണ്. 1971ൽ 34–--ാം അഖിലേന്ത്യ സമ്മേളനം നടന്നതിനുശേഷം അരനൂറ്റാണ്ട് പിന്നിടുമ്പോഴാണ് സംഘടനാ രൂപീകരണത്തിന്റെ 100–-ാം വാർഷികത്തിൽ വീണ്ടും തിരുവനന്തപുരത്ത് ഒത്തുചേരുന്നത്. രാജ്യത്തെ അക്കൗണ്ടന്റ് ജനറൽ ഓഫീസുകളിലെയും പോസ്റ്റൽ ഓഡിറ്റ്, ഡിഫൻസ് ഓഡിറ്റ്, റെയിൽവേ ഓഡിറ്റ്, സയന്റിഫിക് ഓഡിറ്റ്, കൊമേഴ്സ്യൽ ഓഡിറ്റ് എന്നീ വിഭാഗങ്ങളിലെയും സംഘടനകളുടെ ഫെഡറേഷനാണ് അഖിലേന്ത്യ ഓഡിറ്റ് ആൻഡ്‌ അക്കൗണ്ട്സ് അസോസിയേഷൻ.

ഭരണഘടനാ സ്ഥാപനമെന്നനിലയിൽ ഉദ്യോഗസ്ഥ മേധാവികൾക്ക് വിപുലമായ അധികാരമുള്ള വകുപ്പിൽ അനുഭാവപൂർണമായ സമീപനം മേലധികാരികളിൽനിന്ന് ഒരിക്കലും ലഭിക്കാറില്ല. അതുകൊണ്ടുതന്നെ കേന്ദ്ര സർക്കാർ ജീവനക്കാരുടെ അവകാശപ്പോരാട്ടങ്ങളിൽ നിർണായക സ്ഥാനംവഹിച്ച  ഓഡിറ്റ് ഡിപ്പാർട്ട്മെന്റിലെ ജീവനക്കാർ ക്രൂരമായ ശിക്ഷാനടപടികൾക്ക് എക്കാലവും വിധേയമായി.

ജനാധിപത്യ പൗരാവകാശങ്ങൾ നിഷേധിക്കപ്പെട്ട അടിയന്തരാവസ്ഥക്കാലത്ത് കേരളത്തിലെ എജിസ് ഓഫീസിലെ സ്ഥിതിഗതികൾ ശാന്തമായിരുന്നു. എന്നാൽ, ദേശീയതലത്തിൽ സ്ഥിതി വ്യത്യാസമായിരുന്നു. അഖിലേന്ത്യ ഭാരവാഹികളായിരുന്ന  ബരദ ബട്ടാർ ജി, മിത്രി എന്നിവർ ഉൾപ്പെടെ നിരവധിപേരെ ജയിലിലടച്ചു. 1993ൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന അംഗീകാരച്ചട്ടങ്ങൾ സംഘടനയെ പല തട്ടിലാക്കി. ഗ്രൂപ്പ് ഡി മുതൽ എഎഒ വരെ ഒറ്റസംഘടനയായി തുടരണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടില്ല.കേന്ദ്രസർക്കാർ കൊണ്ടുവന്ന നാഷണൽ ലിറ്റിഗേഷൻ പോളിസി അനുസരിച്ച് സർവീസ് കേസുകളെല്ലാം ട്രിബ്യൂണൽ വിധിയോടെ അവസാനിപ്പിക്കേണ്ടതാണ്. ജീവനക്കാർക്കെതിരെ എടുക്കുന്ന
കേസുകളിൽ  ഭൂരിപക്ഷവും മനുഷ്യത്വരഹിതവും നിയമവിരുദ്ധവും മുൻവിധിയോടു കൂടിയുള്ളതുമാണെന്ന് ട്രിബ്യൂണലുകൾ തന്നെ തിരിച്ചടിക്കുന്നു. പ്രതികാര നടപടികൾക്കെതിരെ സിഐടിയു മുഖേന ഐഎൽഒവിൽ പരാതി നൽകി. ഏഷ്യൻ കാര്യങ്ങൾക്കായുള്ള ഐഎൽഒ സമിതിയുടെ 2008ലെ റിപ്പോർട്ടിൽ സംഘടനാ സ്വാതന്ത്ര്യം സംരക്ഷിക്കാൻ ജീവനക്കാരുടെ അംഗീകാരച്ചട്ടങ്ങൾ ഭേദഗതി ചെയ്യാൻ ഇന്ത്യ സർക്കാരിനോട് ആവശ്യപ്പെട്ടു. സ്വാതന്ത്ര്യം ലഭിച്ച് 75 വർഷം പിന്നിട്ടിട്ടും സർക്കാർ ജീവനക്കാർക്ക് ട്രേഡ് യൂണിയൻ അവകാശങ്ങൾ അംഗീകരിക്കാത്ത രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ.

സേവനമേഖലയിൽനിന്ന് സർക്കാർ പിന്മാറുന്ന കാലത്താണ് 49–--ാം അഖിലേന്ത്യ സമ്മേളനം ചേരുന്നത്. സ്വകാര്യവൽക്കരണനയങ്ങൾ വ്യാപകമാകുന്നു. ബ്രിട്ടീഷുകാരുടെ കാലത്തുപോലും ലഭിച്ചിരുന്ന പെൻഷൻ ഇല്ലാതാകുന്നു.  ഭരണഘടനാ സ്ഥാപനമായ ഇന്ത്യൻ ഓഡിറ്റ് ആൻഡ്‌ അക്കൗണ്ട്സ് ഡിപ്പാർട്ട്മെന്റിൽ 2021 മാർച്ച് ഒന്നിന്റെ കണക്കനുസരിച്ച് 69,000 ജീവനക്കാർ വേണ്ടിടത്ത് 43,000 ജീവനക്കാർ മാത്രമാണ്‌ ഉള്ളത്. രണ്ടു വർഷം പിന്നിടുമ്പോൾ സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമാകുകയാണ്. ഭരണഘടനാ നിർമാണവേളയിൽ സുപ്രീംകോടതിയേക്കാൾ പ്രധാനപ്പെട്ട സ്ഥാപനമെന്ന് ഡോ. അബേദ്കർ വിശേഷിപ്പിച്ച സ്ഥാപനത്തിന്റെ അവസ്ഥയാണ്‌ ഇത്. സിഎജിക്ക്‌ നൽകപ്പെട്ട ഭരണഘടനാ പദവിയും സ്വാതന്ത്ര്യവും രാജ്യത്തെ ജനങ്ങളോട് ഭരണഘടനാ ശിൽപ്പികൾക്കുണ്ടായിരുന്ന കർത്തവ്യബോധത്തിന്റെ പ്രകടമായ സങ്കൽപ്പങ്ങളാണ്. അതുകൊണ്ടുതന്നെ ഈ മഹത്തായ സ്ഥാപനം നിലനിൽക്കേണ്ടത് രാജ്യതാൽപ്പര്യങ്ങൾ സംരക്ഷിക്കാൻ അത്യാവശ്യമാണ്.  രാജ്യത്ത് നടപ്പാക്കുന്ന നവ ലിബറൽ നയങ്ങൾക്കെതിരായ പോരാട്ടം ശക്തിപ്പെടുത്താനും ഓഡിറ്റ് ഡിപ്പാർട്ട്മെന്റിന്റെ പദവി ഉയർത്തിപ്പിടിക്കാനും 49–--ാം സമ്മേളനം തീരുമാനങ്ങളെടുക്കും.

(ഓഡിറ്റ് ആൻഡ്‌ അക്കൗണ്ട്സ് അസോസിയേഷന്റെ അഖിലേന്ത്യ പ്രസിഡന്റാണ് ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top