25 March Saturday

മുസോളിനിയുടെ 
ഫാസിസ്റ്റ് പിസ്റ്റൾ

വെബ് ഡെസ്‌ക്‌Updated: Monday Jan 30, 2023

ഗാന്ധിയെ വധിക്കാൻ ഗോഡ്സെ ഉപയോഗിച്ച ഇറ്റാലിയൻ നിർമിത ബാരറ്റെ എം 38 കാലിബർ ഹാൻഡ്‌ പിസ്റ്റൾ

ഗാന്ധിജിയെ വധിക്കാൻ നാഥുറാം വിനായക്‌ ഗോഡ്‌സെ ഉപയോഗിച്ച ബാരറ്റെ എം 38 കാലിബർ ഹാൻഡ്‌ പിസ്റ്റൽ 1934ൽ ബെനിറ്റോ മുസോളിനിയുടെ ഫാസിസ്റ്റ് ഇറ്റലിയിൽ നിർമിച്ചതാണ്‌. മുസോളിനിയുടെ സൈന്യം ഇത്യോപ്യ ആക്രമിച്ച കാലത്താണ്‌ ഇത് ആദ്യമായി ഉപയോഗിച്ചത്‌. 1945ൽ ഇറ്റലി ബ്രിട്ടനു കീഴടങ്ങിയപ്പോൾ ഇത് ഗ്വാളിയോർ ഇൻഫാന്ററി കമാൻഡർ ജനറൽ വി വി ജോഷി യുദ്ധവിജയസ്മാരകമായി സൂക്ഷിച്ചു. അവിടെനിന്ന് ഗ്വാളിയോറിലെ ആയുധക്കച്ചവടക്കാരനായ ജഗദീഷ് പ്രസാദ് ഗോയലിന്റെ കൈയിലെത്തി. ഗാന്ധിജിയെ വധിക്കാൻ ആയുധവും ആൾസഹായവും തേടി ഗ്വാളിയോറിൽ എത്തിയ ഗോഡ്സെ 500 രൂപയ്‌ക്കാണ് ഇത് വാങ്ങിയത്. ഗംഗാധർ ദണ്ഡവാതെ, ഡോ. ദത്താത്രേയ പാർച്ചുറെ, ഗംഗാധർ ജാദോവ് സൂര്യദേവ് ശർമ തുടങ്ങി നിരവധിപേർ അദ്ദേഹത്തെ സഹായിച്ചു.

സത്യം മറയ്‌ക്കാനാകാത്ത കത്തുകൾ

ഗൂഢാലോചനയുടെ മുഖ്യസൂത്രധാരനായി കണ്ട്‌ സവർക്കറെ അറസ്‌റ്റ്‌ചെയ്‌തു.  ‘സവർക്കറുടെ കീഴിലുള്ള ഹിന്ദുമഹാസഭയുടെ ഒരു മതഭ്രാന്തൻ വിഭാഗമാണ്‌ ഗൂഢാലോചന നടത്തിയതെ’ന്ന്‌ പട്ടേൽ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിനോട് അസന്ദിഗ്‌ധമായി പറഞ്ഞു (ദുർഗാ ദാസ്, സർദാർ പട്ടേൽ കത്തിടപാട്‌ 1945–50, വോള്യം ആറ്‌, പേജ്‌ 56).

1948 മെയ് ആറിന് ഹിന്ദുമഹാസഭാ നേതാവ് ശ്യാമപ്രസാദ്‌ മുഖർജിക്ക്‌ പട്ടേൽ എഴുതിയ കത്തിൽ ഇങ്ങനെ പറഞ്ഞു– - ‘രാഷ്ട്രം ദുരന്തത്തിൽനിൽക്കെ ഹിന്ദുമഹാസഭയിലെ വലിയൊരുവിഭാഗം അംഗങ്ങൾ ആഹ്ലാദിച്ചുകൊണ്ട്‌ മധുരം വിതരണംചെയ്തു.  ഇതിനെതിരെ നമുക്ക്‌ കണ്ണടയ്‌ക്കാനാവില്ല. കൂടാതെ, മഹന്ത് ദിഗ്ബിജോയ് നാഥ്, പ്രൊഫ. റാം, ദേശ്പാണ്ഡെ തുടങ്ങിയവർ ഉൾപ്പെടെ ഹിന്ദുമഹാസഭയുടെ നിരവധി വക്താക്കൾ ഏതാനും മാസംമുമ്പുവരെ തീവ്രവാദ വർഗീയത വളർത്തുന്നതിനായി പ്രസംഗിച്ചു. ഇത്‌ പൊതുസുരക്ഷയ്‌ക്കു നേരെയുള്ള ഭീഷണിയാണ്‌. ആർഎസ്എസിനും ഇത് ബാധകമാണ്. സൈനിക അല്ലെങ്കിൽ അർധ-സൈനിക മാതൃകയിൽ രഹസ്യമായി പ്രവർത്തിക്കുന്ന ഒരു സംഘടനയിൽ അന്തർലീനമായിരിക്കുന്നത്‌ അപകടമാണ്‌ (സർദാർ പട്ടേൽ കത്തിടപാടുകൾ, വോള്യം ആറ്‌, പേജ്‌ 66).   തെളിവിന്റെ അഭാവത്തിൽ ഗൂഢാലോചനയിലെ പങ്ക്‌ സ്ഥിരീകരിക്കാനാകാതെ സവർക്കർ കുറ്റവിമുക്തനായി. എന്നാൽ, 1965ൽ സുപ്രീംകോടതി ജഡ്‌ജിയായിരുന്ന ജസ്റ്റിസ് ജീവൻലാൽ കപൂറിന്റെ നേതൃത്വത്തിൽ അന്വേഷണ കമീഷൻ രൂപീകരിച്ചു. സവർക്കറുടെ അനുയായികളായ എ പി കസറും ജി വി ഡാംലെയും നിരവധി തെളിവുകൾ നൽകി. തെളിവ്‌ കിട്ടിയപ്പോഴേക്കും സവർക്കർ മരിച്ചിരുന്നു.

‘ഗാന്ധിജി വെടിയേറ്റ് മരിക്കുന്നതിന് ഒരാഴ്ച മുമ്പ്‌ തിരുവനന്തപുരം തൈക്കാട് മൈതാനിയിൽ ആർഎസ്എസ്‌ യോഗത്തിൽ ഗോൾവാൾക്കർ അതിനിശിതമായി ഗാന്ധിജിയെ വിമർശിക്കുന്നു. അവസാനം ചില ചോദ്യങ്ങൾ ഗോൾവാൾക്കറോട് ചോദിച്ചതിന്‌ ഞങ്ങളെ തല്ലാൻ മൗനാനുവാദം നൽകി. ഞങ്ങളും തിരിച്ചുതല്ലി. ഒരുദിവസം കോളേജിൽനിന്ന് ഹോസ്റ്റലിൽ എത്തിയപ്പോഴാണ് ഗാന്ധിജി വെടിയേറ്റു മരിച്ചത്‌ അറിയുന്നത്. കനത്ത ദുഃഖത്തോടെ തൈക്കാട് മൈതാനത്തിന് സമീപത്തുകൂടെ ഞങ്ങൾ നടന്നുപോകുമ്പോൾ അതിനടുത്ത് ആർഎസ്എസുകാരന്റെ വീട്ടിൽ മധുരപലഹാരം വിതരണം ചെയ്യുന്നു. പ്രതികരിക്കാൻ തുനിഞ്ഞ ഞങ്ങളെ വരദരാജൻ നായർ സമാധാനിപ്പിച്ച് കറുത്ത ബാഡ്ജ് ധരിപ്പിച്ച് മൗനജാഥയാക്കി മാറ്റി. വർഷങ്ങൾക്കുശേഷവും ഗോൾവാൾക്കറുടെ പ്രസംഗവും മധുരപലഹാര വിതരണവും എന്റെ മനസ്സിനെ നൊമ്പരപ്പെടുത്തുന്നു'.
                                                                ഒഎൻവി കുറുപ്പ്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top