19 April Friday

ആരായിരുന്നു ഗോഡ്‌സേക്ക്‌ സവർക്കർ

ശ്രീകുമാർ ശേഖർUpdated: Monday Jan 30, 2023

ഗാന്ധിവധക്കേസിലെ പ്രതിയെന്ന നിലയിൽ സവർക്കറുടെ ചിത്രം

ഈ കുറിപ്പിനൊപ്പമുള്ള ആദ്യ ചിത്രം വിനായക്‌ ദാമോദർ സവർക്കർ എന്ന വി ഡി സവർക്കറുടേതാണ്‌. പാർലമെണ്ടിന്റെ മെയിൻ ഹാളിൽ സ്ഥാപിയ്‌ക്കാൻ എടുത്തതല്ലിത്‌. 1948 മെയ്‌ 12നാണ്‌ പൊലീസ്‌ ഫോട്ടോഗ്രാഫർ സവർക്കറെ നേരെയും ചരിച്ചും നിർത്തി ഈ ചിത്രമെടുത്തത്‌.  മഹാത്മാഗാന്ധിയെ വെടിവെച്ചുകൊന്ന കേസിലെ പ്രതികളിൽ ഒരാൾ എന്ന നിലയിൽ പകർത്തിയ ഈ ചിത്രം, ഗാന്ധിവധം വിചാരണ ചെയ്‌ത റെഡ്‌ഫോർട്ടിലെ സ്‌പെഷ്യൽ കോടതിയിൽ 1948 ഒക്‌ടോബർ ഏഴിന്‌ കേസിലെ പ്രമാണ (Exhibit) ങ്ങളിൽ ഒന്നായി ഹാജരാക്കിയിരുന്നു.

നാഥുറാം വിനായക്‌ ഗോഡ്‌സേയെയും നാരായൺ ആപ്‌തെയും ഉപയോഗപ്പെടുത്തി സവർക്കറാണ്‌ ഗാന്ധിവധം നടപ്പാക്കിയത്‌ എന്നായിരുന്നു പ്രോസിക്യൂഷൻ കേസ്‌. പിന്നീട്‌ മാപ്പുസാക്ഷിയായ ദിഗംബർ ബാഡ്ഗെ സവർക്കർക്കെതിരെ മൊഴി നൽകിയിരുന്നു. എന്നാൽ അനുബന്ധ മൊഴികളോ തെളിവോ കിട്ടിയില്ല.സവർക്കറെ കോടതി വെറുതെവിട്ടു. പിന്നീട്‌  കേസിൽ പുനരന്വേഷണം നടത്തിയ സുപ്രീംകോടതി ജഡ്‌ജി ജീവൻലാൽ കപൂർ, സവർക്കറുടെ പങ്ക്‌ സംശയാതീതമായി കണ്ടെത്തി.

ഗാന്ധിജിക്ക്‌ നേരെ 1948 ജനുവരി 20ന്‌ ആദ്യം ഗോഡ്‌സേ സംഘടിപ്പിച്ച വധശ്രമം പാളിപ്പോയിരുന്നല്ലോ.  രണ്ട്‌ വധശ്രമങ്ങൾക്ക്‌ മുമ്പും ഗോഡ്‌സേയും ആപ്‌തേയും സവർക്കറുമായി നടത്തിയ കൂടിക്കാഴ്‌ച്കളുടെ വിശദാംശം മൊഴികളായി കപൂർ കമ്മീഷന്‌ ലഭിച്ചിരുന്നു. സവര്‍ക്കറുടെ പേഴ്സണല്‍ സെക്രട്ടറിയുടെയും അംഗരക്ഷകന്റെയും മൊഴികളാണവ.

 “ (1948) ജനുവരി പകുതിയോടെ ഗോഡ്സെയും ആപ്തെയും സവർക്കറെ സന്ദർശിച്ചിരുന്നു.” എന്നാണ്‌ സവർക്കറുടെ പേഴ്സണൽ സെക്രട്ടറി ആയിരുന്ന ഗജാനൻ വിഷ്ണു ദാംലെ മൊഴി നൽകിയത്‌.  ‘ഒരാഴ്ചയ്ക്ക് ശേഷം, ഇരുപത്തിമൂന്നിനോ ഇരുപത്തിനാലിനോ (വധത്തിന്‌ ഒരാഴ്‌ച്ച മുമ്പ്‌) ആപ്‌തെയും ഗോഡ്സെയും വീണ്ടും സവർക്കറെ കാണാൻ എത്തുകയും അരമണിക്കൂറോളം ചർച്ചയിലേർപ്പെടുകയും ചെയ്തു.”എന്നായിരുന്നു  അംഗരക്ഷകൻ രാമചന്ദ്ര കസറുടെ മൊഴി . വിചാരണ കോടതിയിലെ മാപ്പുസാക്ഷി ബാഡ്ഗേയുടെ മൊഴി സാധൂകരിക്കുന്നതായിരുന്നു ഈ മൊഴികൾ. കമ്മീഷൻ റിപ്പോർട്ട്‌ 1969 ൽ വന്നു. പക്ഷേ 1966ൽ  സവർക്കർ മരിച്ചിരുന്നു.

ചിത്രം 2: ഗോഡ്‌സേ എഡിററായിരുന്ന ഹിന്ദുരാഷ്‌ട്ര പത്രത്തിന്റെ 1947 നവംബർ  ഒന്നിന്റെ ഒന്നാം പേജ്‌

ചിത്രം 2: ഗോഡ്‌സേ എഡിററായിരുന്ന ഹിന്ദുരാഷ്‌ട്ര പത്രത്തിന്റെ 1947 നവംബർ ഒന്നിന്റെ ഒന്നാം പേജ്‌


മുകളിലെ രണ്ടാമത്തെ ചിത്രം ഗാന്ധിജിക്കുനേരെ നിറയൊഴിച്ച നാഥുറാം വിനായക ഗോഡ്‌സേ പത്രാധിപരായി മറാഠിയിൽ പ്രസിദ്ധീകരിച്ചിരുന്ന ‘ഹിന്ദുരാഷ്‌ട്ര’ എന്ന പത്രത്തിന്റെ 1947 നവംബർ പതിനെട്ടിന്റെ ഒന്നാം പേജാണ്‌. പത്രത്തിന്റെ പേരിനൊപ്പം കാണുന്ന ചിത്രം സാക്ഷാൽ സവർക്കറുടേതാണ്‌ പത്രത്തിൽ എല്ലാ ലക്കത്തിലും ഗോഡ്‌സേ ഈ ചിത്രം അച്ചടിച്ചിരുന്നു പത്രത്തിന്റെ പേരിനടുത്ത്‌ കാണുന്ന മറാഠിയിലുള്ള ഉദ്ധരണിയും സവർക്കറുടേതാണ്‌. ‘ജനഹിതമല്ല പ്രധാനം; ജനനന്മയാണ്‌: വീർ സവർക്കർ’ എന്നാണ്‌ ആ ഉദ്ധരണി. ആദ്യം അഗ്രണി എന്ന പേരിലായിരുന്നു പത്രം. 1944ല്‍ 'അഗ്രണി' തുടങ്ങാന്‍ ഗോഡ്‌സേയ്‌ക്ക്‌ പതിനയ്യായിരം രൂപ നല്‍കിയത് സവര്‍ക്കറാണ്. ഗോഡ്‌സെ എഡിറ്ററും നാരായണന്‍ ആപ്‌തെ മാനേജരും ആയിരുന്ന പത്രത്തിന്റെ മുഖ്യ കാര്യപരിപാടി  ഗാന്ധി വിദ്വേഷ പ്രചാരണം ആയിരുന്നു. അത്ര ഗാഢമായിരുന്നു അവർ തമ്മിലുള്ള ബന്ധം. ഗോഡ്‌സേയ്‌ക്ക്‌ ഗുരുവും നേതാവും വഴികാട്ടിയുമായിരുന്നു സവർക്കർ.

രത്നഗിരിയിലാണ്‌ ഗോഡ്‌സേ സവർക്കറെ പരിചയപ്പെടുന്നത്‌.  പോസ്‌റ്റ്‌മാനായ അച്‌ഛന്‌ പൂനെയിൽ നിന്ന്‌ 1929 ൽ അവിടേയ്‌ക്ക്‌ സ്ഥലം മാറ്റം കിട്ടി എത്തിയതായിരുന്നു  ഗോഡ്‌സേ.  അന്ന്‌ 19 വയസാണ്‌ ഗോഡ്‌സേയ്‌ക്ക്‌. രത്നഗിരിയിലെത്തി മൂന്നാം ദിവസം ഗോഡ്‌സേ തടവിൽ കഴിഞ്ഞ സവർക്കറെ കണ്ടതായി ജീവചരിത്രം എഴുതിയവർ ചൂണ്ടിക്കാട്ടുന്നു.  1937ൽ സവർക്കർ ജയിൽ മോചിതനായതോടെ ഗോഡ്‌സേ സന്തത സഹചാരിയായി. ഹിന്ദുമഹാസഭയിൽ ഗോഡ്‌സേയ്‌ക്ക്‌ പദവികൾ കിട്ടി. ആദ്യം പൂനെ സിറ്റി ബ്രാഞ്ച് ജോയിന്റ് സെക്രട്ടറിയായി. തുടര്‍ന്ന് മഹാരാഷ്ട്ര പ്രൊവിന്‍ഷ്യല്‍  സെക്രട്ടറിയായി. പിന്നീട്‌ ആള്‍ ഇന്ത്യ ഹിന്ദുമഹാസഭയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായും  ഉയർത്തപ്പെട്ടു.
മഹാത്മാഗാന്ധി വധക്കേസ്‌ വിചാരണവേളയിൽ പ്രതികൾ കോടതിയിൽ. മുൻനിരയിൽ ഗോഡ്‌സേ. പിൻനിരയിൽ സവർക്കർ

മഹാത്മാഗാന്ധി വധക്കേസ്‌ വിചാരണവേളയിൽ പ്രതികൾ കോടതിയിൽ. മുൻനിരയിൽ ഗോഡ്‌സേ. പിൻനിരയിൽ സവർക്കർ


ഇതെല്ലാം വെളിവാക്കുന്നത്‌ പ്രോസിക്യൂഷൻ വാദിച്ചതുപോലെ ഗാന്ധിജിയുടെ വധത്തിൽ ഗോഡ്‌സേയ്‌ക്കുള്ളതിനൊപ്പമോ കൂടുതലോ പങ്ക്‌ സവർക്കർക്കുണ്ട്‌ എന്നുതന്നെയാണ്‌. അവർ കൂട്ടുപ്രതികളായിരുന്നു. സവർക്കറുടെ ചിത്രം ബിജെപിക്ക്‌ എവിടെയും വെക്കാം; ഒപ്പം പക്ഷേ  ഗോഡ്‌സേയുടെ ചിത്രം കൂടി വേണം. എന്നിട്ട്‌ മടിയില്ലാതെ പറയട്ടെ ‘ഇവർ ഞങ്ങളുടെ വീരനേതാക്കൾ’ എന്ന്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top