26 April Friday

അശോകസ്‌തംഭത്തിലെ സിംഹങ്ങൾ - പ്രഭാവർമ്മ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Jul 14, 2022

അശോകസ്തംഭം കേവലം ഒരു ശിൽപ്പമല്ല; ഇന്ത്യ വിലപ്പെട്ടതെന്നു കരുതിപ്പോരുന്ന മഹത്തായ ഒരു സന്ദേശത്തിന്റെ ദീപ്തമായ പ്രതീകമാണത്. ‘ഭേരിഘോഷ’ത്തിനെതിരെ ‘ധർമഘോഷം’ എന്ന മഹനീയമൂല്യത്തിന്റെ പ്രാതിനിധ്യ സ്വഭാവമുള്ള പ്രതീകം. ഭേരിഘോഷം എന്നത് യുദ്ധോത്സുകതയുടെ നിഷ്ഠുരമായ വിളംബരത്തെ സൂചിപ്പിക്കുന്നു. ധർമഘോഷമാകട്ടെ ധാർമികതയുടെ വിളംബരത്തെ സൂചിപ്പിക്കുന്നു. യുദ്ധത്തിലെ കൊലവിളിക്കുമേൽ ധാർമികതയുടെ സംയമനസ്വരം ഉയർന്നു നിൽക്കട്ടെ എന്നതാണ് ശ്രീബുദ്ധനിലൂടെ ഊർന്നുവന്ന് അശോകനിലൂടെ മുഴങ്ങിക്കേട്ട ഈ സൂക്തത്തിന്റെ ഉള്ളടക്കം.  അശോക ചക്രവർത്തി,കലിംഗയുദ്ധം

അശോക ചക്രവർത്തി രാജ്യത്തിന്റെ പലയിടത്തായി സന്ദേശ സൂചകങ്ങളായ സ്തംഭങ്ങളും ശിലാശാസനങ്ങളും സ്ഥാപിച്ചു. പ്രമുഖ ശിലാശാസനങ്ങൾ 14 എണ്ണമാണ്. അതിൽ നാലാമത്തേതിലാണ്  “ധർമഘോഷ നഃഭേരിഘോഷ” എന്നുള്ളത്.  ഈ മൂല്യസത്തയുടെ രൂപാവിഷ്കാരമാണ് അശോകസ്തംഭം. അതുകൊണ്ടാണ് അതിലെ നാലു സിംഹങ്ങളുടെയും മുഖഭാവം പക്വതയുടെയും സംയമനത്തിന്റെയുമായത്. മനുഷ്യരുടെ കൂട്ടക്കുരുതിയുണ്ടായ കലിംഗയുദ്ധം സൃഷ്ടിച്ച മനഃസ്താപമാണ് സിംഹങ്ങളെ ഈ രൂപത്തിലും ഭാവത്തിലും ആവിഷ്‌കരിക്കാൻ അശോക ചക്രവർത്തിയെ പ്രേരിപ്പിച്ചത്.

ആ സന്ദേശം അതിന്റെ സൂക്ഷ്മമായ അർഥത്തിൽ ഉൾക്കൊള്ളാൻ കഴിഞ്ഞതുകൊണ്ടാണ് ഇന്ത്യക്ക്‌ എക്കാലവും ലോക സമാധാന പ്രസ്ഥാനത്തിന്റെയും നിരായുധീകരണ പ്രസ്ഥാനത്തിന്റെയും പതാകവാഹകസ്ഥാനത്തേക്ക്‌ ഉയർന്നുനിൽക്കാൻ കഴിഞ്ഞത്. ചേരിചേരാ പ്രസ്ഥാനത്തിന്റെ നേതൃസ്ഥാനത്തുവരെ തിളങ്ങിനിൽക്കാൻ കഴിഞ്ഞത്. ചരിത്രത്തിലെ ഓരോ ഘട്ടത്തിലും യുദ്ധത്തിന്റെ സന്ദേശത്തിനു മുകളിൽ ധർമത്തിന്റെ സന്ദേശം മുഴങ്ങിനിൽക്കട്ടെ എന്ന നിലപാടിന്റെ പൈതൃകം അങ്ങനെയാണ് ഇന്ത്യക്ക് അവകാശപ്പെട്ടതായത്. അശോക സ്തംഭത്തിലെ സിംഹങ്ങളുടെ സംയമന ഭാവം ചോർത്തിക്കളഞ്ഞ് അവിടെ ക്രൗര്യത്തിന്റെ ഭാവം ചേർക്കുന്നതിലൂടെ മോദി സർക്കാർ എന്തു സന്ദേശമാണ് ലോകത്തിനു നൽകുന്നത്. ധർമത്തിനുമേലെ യുദ്ധോത്സുകത ഉയർന്നു നിൽക്കട്ടെ എന്നതോ? ‘വിചാരധാര’യിൽ ഗോൾവാൾക്കർ മുതൽ  ‘മെയ്‌ൻകാംഫി’ൽ ഹിറ്റ്‌ലർവരെ ഉയർത്തിപ്പിടിച്ച ആ യുദ്ധോത്സുകതയെ, അതിന്റെ മനുഷ്യത്വരഹിതമായ വന്യതയെ ചേർത്തുപിടിക്കുന്ന നിലപാടിലേക്ക് മാറുകയാണോ നമ്മളും? കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി അനാച്ഛാദനം ചെയ്ത അശോകസ്തംഭത്തിലെ സിംഹങ്ങൾ യുദ്ധത്തിലെ വന്യമായ കൊലവിളിയുടെ പ്രതീകങ്ങളായാണ് നിൽക്കുന്നത്. ഇത് ഇന്ത്യയുടെ എന്തു ചിത്രമാകും ലോകത്ത് അവതരിപ്പിക്കുക.

നിയമവിരുദ്ധത, ചരിത്രവിരുദ്ധത, അനൗചിത്യം, അധാർമികത എന്നിവയുടെ ഘോഷയാത്രയാണ് അശോകസ്തംഭ രൂപമാറ്റവുമായി ബന്ധപ്പെട്ട് കേന്ദ്ര ഗവൺമെന്റിന്റെ ഭാഗത്തു നിന്നുണ്ടായിട്ടുള്ളത്. ദേശീയ പ്രതീകങ്ങളെ സംബന്ധിച്ച 2005ലെ ഒരു നിയമം നിലവിലുണ്ട്. സാരാനാഥിലെ അശോക സ്തംഭത്തിന്റെ രൂപത്തെയാണ് ദേശീയ പ്രതീകമായി അംഗീകരിച്ചിട്ടുള്ളതെന്ന് ഇതിൽ പറയുന്നു. ഇതേ ഉപയോഗിക്കാവൂ എന്നു നിഷ്‌കർഷിച്ചുകൊണ്ട് സാരാനാഥിലെ അശോകസ്തംഭത്തിന്റെ ചിത്രം നിയമത്തിൽ അനുബന്ധമായി ചേർത്തിട്ടുമുണ്ട്. ഈ നിയമം നിലനിൽക്കെ, ക്രൂരമായി അലറുന്നതും ഭീകരമായി ദംഷ്ട്ര പുറത്തുകാട്ടുന്നതുമായ ക്രൗര്യത്തിന്റെ ഉടലാണ്ട രൂപത്തെക്കൊണ്ട് അശോകസ്തംഭത്തിലെ മാനസിക പരിപാകത്തിന്റെ പ്രതീകമായ രൂപത്തെ പകരംവയ്‌ക്കുന്നത് ആര്; എന്ത് അധികാരത്തിലാണ് ?. 2005ലെ നിയമം വളരെ ഉദാരമായി വ്യാഖ്യാനിച്ചാൽപ്പോലും അവതരണത്തിലെ ഡിസൈൻ അല്ലാതെ, ദേശീയ പ്രതീകത്തിന്റെ (നാഷണൽ സിംബൽ) രൂപഭാവങ്ങളെ മാറ്റിമറിക്കാൻ ആർക്കും അധികാരമില്ല. അതല്ലെങ്കിൽ ചുരുങ്ങിയത് നിയമം ഭേദഗതിപ്പെടുത്തുകയെങ്കിലും ചെയ്യണമായിരുന്നു. അതുണ്ടായിട്ടില്ല. 2005ലെ നിയമം പാസാക്കിയ പാർലമെന്റിന്റെ ഇരുസഭയും ഇക്കാര്യത്തിൽ ഇരുട്ടിൽ നിൽക്കുന്നു. പാർലമെന്റിലെന്നല്ല, മന്ത്രിസഭയിൽപ്പോലും ഈ വിഷയത്തിൽ ഒരു ചർച്ച ഉണ്ടായിട്ടില്ല. പിന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി എങ്ങനെ ഇത്തരമൊരു രൂപത്തെ അനാച്ഛാദനം ചെയ്തു?

1950 ജനുവരി 26ന് ദേശീയചിഹ്നമായി രാജ്യം അംഗീകരിച്ചതാണ് അശോകസ്തംഭത്തെ. 130 കോടി ജനങ്ങളുടെ മനസ്സിൽ പതിഞ്ഞുനിൽക്കുന്ന പ്രതീകമാണത്. ഇതിന് ഇപ്പോൾ രൂപഭാവമാറ്റങ്ങൾ വരുത്താൻ നിർബന്ധിക്കുന്ന എന്ത് അടിയന്തര സാഹചര്യമാണ് ഇപ്പോൾ ഉണ്ടായിട്ടുള്ളത്? ഈ ചോദ്യത്തിന് മറുപടി ലഭിക്കേണ്ടതുണ്ട്.

പുതിയ അശോകസ്തംഭം അനാച്ഛാദനം ചെയ്തത് നിലവിൽ ഇല്ലാത്ത ഒരു പാർലമെന്റിന് മുകളിലാണെന്നതു മറ്റൊന്ന്. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ പണി പൂർത്തിയായിട്ടില്ല. പാർലമെന്റ് അവിടെ പ്രവർത്തിച്ചു തുടങ്ങിയിട്ടില്ല എന്നത് അപ്പോൾ പിന്നെ എടുത്തു പറയേണ്ട കാര്യമില്ലല്ലോ. പാർലമെന്റ്‌ മന്ദിരംപോലെ നിയമത്തിൽ നിർദേശിച്ചിരിക്കുന്ന നിശ്ചിത സ്ഥാനങ്ങളിലല്ലാതെ അശോകസ്തംഭം സ്ഥാപിക്കാൻ ആർക്കും അധികാരമില്ല. ഇപ്പോൾ പാർലമെന്റ് മന്ദിരത്തിലെന്ന മട്ടിൽ അശോകസ്തംഭം സ്ഥാപിച്ചത് ആ നിലയ്ക്ക്‌ നിയമവിരുദ്ധവുമാണ്. 1971ലെ പ്രിവൻഷൻ ഓഫ് ഇൻസൾട്ട് ടു നാഷണൽ ഓണർ നിയമപ്രകാരവും 2005ലെ ദ സ്റ്റേറ്റ് എംബ്ലം ഓഫ് ഇന്ത്യ (പ്രിവൻഷൻ ഓഫ് ഇൻപ്രോപ്പർ യൂസ്) നിയമപ്രകാരവും കുറ്റകരമാണ് അശോകസ്തംഭം എന്ന പേരിലുള്ള ഇന്നത്തെ വക്രീകൃത രൂപത്തിന്റെ അവതരണം. തടവോ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളിലൊന്നാണിത്.

ഇനി ഇതുതന്നെയാണ്‌ പുതിയ പാർലമെന്റ് എന്നിരിക്കട്ടെ. പാർലമെന്റിലെ കാര്യങ്ങളുടെ അധിപൻ പ്രധാനമന്ത്രിയാണോ? സ്പീക്കറല്ലേ? അഥവാ രാജ്യസഭാ അധ്യക്ഷനല്ലേ? അവരെ ഇരുട്ടിൽ നിർത്തിക്കൊണ്ട്‌ പ്രധാനമന്ത്രി എങ്ങനെയാണ്‌ പാർലമെന്റിലെ കാര്യങ്ങൾ നിശ്ചയിക്കുന്നത്? പരമാധികാര ജനപ്രതിനിധി സഭയ്ക്ക് മേലെ ആയോ എക്സിക്യൂട്ടീവ്?

പുതിയ ക്രൗര്യരൂപിയായ അശോകസ്തംഭമാണ് ഇനിമുതൽ  ഔദ്യോഗിക ദേശീയ പ്രതീകമെന്നിരിക്കട്ടെ. ഓരോ പൗരന്റെയും പാസ്പോർട്ടിൽ മുതൽ കറൻസിയിൽവരെയുള്ളതു മറ്റൊന്നാണ്. ഈ വൈരുധ്യത്തെ എങ്ങനെ മറികടക്കും? ഇനി അതെല്ലാം മാറ്റുമോ? പാസ്പോർട്ടുകളെല്ലാം പിൻവലിക്കുമോ? കറൻസി വീണ്ടും നിരോധിക്കുമോ? അതോ ദേശീയ പ്രതീകം പലയിടത്ത്‌ പലമട്ടിലാകട്ടെയെന്ന്‌ നിശ്ചയിക്കുമോ? എന്താണ് ഇത്തരം തുഗ്ലക്ക് പരിഷ്കാരങ്ങളുടെ അടിസ്ഥാനം? ഇതിൽ ആകെയുള്ളത് സംഘപരിവാർ മുമ്പോട്ടു വയ്ക്കുന്ന നിഷ്ഠുരതയുടെ രാഷ്ട്രീയത്തിന്റെ പ്രതിഫലനങ്ങൾ മാത്രമാണ്. 

ഇനി അനൗചിത്യത്തിന്റെ കാര്യം. ഒരു ജനാധിപത്യ രാജ്യത്തിന്റെ നിയമനിർമാണ ആസ്ഥാനത്ത് ദേശീയ പ്രതീകം സ്ഥാപിക്കുമ്പോൾ പ്രതിപക്ഷത്തെ ക്ഷണിക്കേണ്ടതല്ലേ? മതനിരപേക്ഷതയെ ഭരണഘടനയാൽതന്നെ അംഗീകരിച്ചിട്ടുള്ള രാജ്യമാണെന്നിരിക്കെ ഒരു പ്രത്യേക മതത്തിന്റെമാത്രം ആചാരങ്ങൾ അനുബന്ധമായി സംഘടിപ്പിക്കുന്നത് ഉചിതമാണോ? മതത്തെ അപ്പാടെ രാഷ്ട്രകാര്യങ്ങളിൽനിന്ന്‌ മാറ്റിനിർത്തുന്നതല്ലേ മതനിരപേക്ഷത. മതരാഷ്ട്രത്തിലല്ലേ ഇത്തരം ചടങ്ങുകൾ പതിവുള്ളൂ? അതോ ഇന്ത്യ മതരാഷ്ട്രമായി മാറിക്കഴിഞ്ഞോ? അശോകന്റെ പതിനാല്‌ കൽപ്പനയിൽ പന്ത്രണ്ടാമത്തേത്, സ്വന്തം മതത്തെ പ്രഘോഷിച്ചുകൊണ്ട് ഇതര മതങ്ങളെ താഴ്ത്തിക്കെട്ടുന്നത് സ്വന്തം മതത്തെത്തന്നെ നശിപ്പിക്കലാണ് എന്നതാണ്. ഇതും സംഘപരിവാറിനെ ഓർമിപ്പിക്കേണ്ടതുണ്ട്.

ഇനി ചരിത്രവിരുദ്ധത. അശോകസ്തംഭം ചരിത്രത്തിലെ പലതിന്റെയും അടയാളപ്പെടുത്തലാണ്. ചരിത്രത്തെ ഇഷ്ടപ്പെടുകയോ ഇഷ്ടപ്പെടാതിരിക്കുകയോ ചെയ്യാം. എന്നാൽ, സ്വന്തം ഇഷ്ടപ്രകാരം ചരിത്രത്തെ തിരുത്തുന്നത് നാസിസത്തിനുമാത്രം ചേർന്നതാണ്. കലിംഗ യുദ്ധത്തിലെ ചിതറിയ കബന്ധങ്ങളും കത്തിയമർന്ന വീടുകളും മക്കളെ നഷ്ടപ്പെട്ട് വിലപിക്കുന്ന അമ്മമാരെയും കണ്ട് ഹൃദയം തകർന്നാണ് അശോകൻ ബുദ്ധമതം സ്വീകരിച്ചത്. അദ്ദേഹം ശാന്തിയുടെ സന്ദേശവുമായി രാജ്യത്തിന്റെ പല ഭാഗത്തായി തത്വസംഹിതകൾ ആലേഖനം ചെയ്ത് ശിലാപാളികൾ സ്ഥാപിച്ചു. ആ തത്വങ്ങളിലെല്ലാമുള്ളത് അഹിംസയുടെയും ശാന്തിയുടെയും സന്ദേശങ്ങളാണ്. ഈ ബുദ്ധതത്വത്തിന്‌ നേർവിപരീതമാണ് പുതിയ സ്തംഭത്തിലെ ദംഷ്ട്ര കാട്ടി അലറിവിളിക്കുന്ന സിംഹരൂപം. സമാധാനത്തെ ഉപാസിക്കുന്ന മനവും മുഖവുമായിരിക്കുന്ന സിംഹമായിരുന്നു അശോകന്റേത്. കലിംഗ യുദ്ധത്തെതുടർന്നുണ്ടായ പശ്ചാത്താപത്തിന്റെയും സന്താപത്തിന്റെയും സംയമനത്തിന്റെയും പ്രതീകമായിരുന്നു ആ സിംഹം. അതിനെയാണ് കുടിലതയുടെ, ക്രൗര്യത്തിന്റെ നൃശംസ രൂപത്തെക്കൊണ്ടു പകരംവയ്‌ക്കുന്നത്. ഇതു നൽകുന്ന സന്ദേശം വ്യക്തമാണ്; അത്യന്തം ആപൽക്കരവുമാണ്.

ഹിന്ദു മതത്തിന്റെ എല്ലാ പ്രതീകങ്ങളെയും സംഘപരിവാർ തങ്ങളുടെ ക്രൗര്യ രാഷ്ട്രീയത്തിനനുഗുണമാംവിധം വക്രീകരിക്കുകയാണ്. ഭക്തജന മനസ്സുകളിൽ മര്യാദാ പുരുഷോത്തമനായിരുന്നു രാമൻ. ആ രാമനെ വില്ലുകുലച്ചു നിൽക്കുന്ന ക്രുദ്ധനായ പോരാളിയായി മാത്രമേ ഇന്ന് കാണാനുള്ളൂ. രാമന്റെ വിശ്വസ്ത സേവകനായിരുന്നു ഹനുമാൻ. സൗഹൃദത്തിന്റെ വിശ്വാസ ദാർഢ്യമായിരുന്നു ഹനുമാന്റെ മുഖഭാവം. എന്നാൽ, ഇന്ന് പ്രതികാര മനോഭാവത്തിന്റെ കനലെരിയുന്ന മുഖവുമായല്ലാതെ സംഘപരിവാർ ഒരിടത്തും ഹനുമാനെ അവതരിപ്പിക്കുന്നില്ല. രാമന്റെയും ഹനുമാന്റെയുമൊക്കെ രൂപങ്ങൾക്കു വന്ന മാറ്റങ്ങൾ ഭക്തജനങ്ങൾതന്നെ ശ്രദ്ധിക്കുക. ഭക്തിയെ മതാത്മകതകൊണ്ടും മതാത്മകതയെ വർഗീയതകൊണ്ടും വർഗീയതയെ ഭീകരവാദംകൊണ്ടും പകരം വയ്‌ക്കുകയാണ്. സത്യത്തിൽ ഇതാണ്‌ മതനിന്ദ. ഭക്തജനങ്ങളടക്കം തിരിച്ചറിഞ്ഞെതിർക്കേണ്ട മഹാവിപത്താണിത്.

ഭക്തൻ എങ്ങനെയാകണമെന്ന് ഭഗവദ്ഗീതയുടെ പന്ത്രണ്ടാം അധ്യായത്തിലെ 13 മുതൽ 20 വരെയുള്ള ശ്ലോകങ്ങളിൽ പറയുന്നുണ്ട്. “അദ്വേഷ്ടാ സർവ ഭൂതാനാം; മൈത്ര കരുണ ഏവച” എന്നു തുടക്കം. ഒന്നിനെയും ദ്വേഷിക്കാത്തവനും എല്ലാത്തിലും മിത്രമായിരിക്കുന്നവനും എന്തും ക്ഷമിക്കുകയും സഹിക്കുകയും ചെയ്യുന്നവനും ആത്മനിയന്ത്രണമുള്ളവനുമാണ് ഭക്തൻ എന്ന് ഗീത പറയുന്നു. സംഘപരിവാറിന്റെ സങ്കൽപ്പത്തിലെ ഭക്തൻ ഈ ഭക്ത സങ്കൽപ്പത്തിൽനിന്ന് എത്ര ദൂരെയാണ്! “മാ വിദ്വിഷാ വഹൈഃ” എന്നു പറയുന്നു ഒരു ശാന്തിമന്ത്രം. ആരോടും വിദ്വേഷമരുത് എന്നു സാരം. ഈ ശാന്തിമന്ത്രത്തെ എത്ര ക്രൂരമാംവിധം വികൃതമാക്കിക്കൊണ്ടിരിക്കുന്നു പുതിയ സംഘപരിവാർ മുദ്രാവാക്യങ്ങൾ? ഈ മാറ്റങ്ങൾക്കൊത്ത്‌ പ്രതീകങ്ങളും മാറ്റപ്പെടുകയാണ്. സംയമനം ശീലിച്ച സിംഹത്തിന്‌ ക്രൗര്യത്തിന്റെ മുഖം വരുന്നത് ഇങ്ങനെയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top