13 July Saturday

നിർമിതബുദ്ധി :
 നിയന്ത്രണം വേണം, പക്ഷേ - ഡോ. പി ദീപക്‌ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Friday Jun 2, 2023

നിർമിതബുദ്ധിയെ കുറിച്ച് എന്നുമെന്നോണം വാർത്തകൾ വരുന്ന കാലമാണ്‌ ഇത്, ചാറ്റ് ജിപിടിയുടെ വരവ് അത്തരം വാർത്തകളുടെ പ്രവാഹത്തെ ഏറെ ശക്തിപ്പെടുത്തി. മാധ്യമങ്ങളിൽ നിറയുന്ന ഒരു പ്രധാന വിഷയമാണ് നിർമിതബുദ്ധിയിന്മേലുള്ള നിയന്ത്രണങ്ങൾ എന്നുള്ളത്. നിർമിതബുദ്ധിയുടെ ഉപയോഗത്തിലൂടെ ഉണ്ടാകാൻ സാധ്യതയുള്ള അപായത്തെക്കുറിച്ചുള്ള തിരിച്ചറിവാണ് നിയന്ത്രണത്തെക്കുറിച്ചുള്ള ചിന്തനങ്ങളിലേക്ക് നയിക്കുന്നതെന്ന് പ്രത്യക്ഷത്തിൽ തോന്നാം. പക്ഷേ, അത്ര ലളിതമല്ല കാര്യങ്ങളെന്നതാണ് വസ്തുത.

നിയന്ത്രണ ആവശ്യങ്ങളുടെ 
രാഷ്ട്രീയം
നിയന്ത്രണങ്ങൾക്കായുള്ള മുറവിളി ഉയരുന്നത് അതിന്റെ ദോഷഫലങ്ങൾ അനുഭവിച്ചു തുടങ്ങിയിട്ടുള്ള സമൂഹങ്ങളിൽനിന്നോ പ്രദേശങ്ങളിൽനിന്നോ അത്തരം അപായങ്ങളെക്കുറിച്ചുള്ള ആശങ്കകൾമൂലമോ അല്ലെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ആറുമാസ കാലയളവിലേക്ക് നിർമിതബുദ്ധി വികസനം നിർത്തിവയ്ക്കണമെന്ന് കുറച്ചുകാലംമുമ്പ് പരസ്യ കത്തെഴുതിയതും ഇന്ന് നിയന്ത്രണങ്ങൾക്കുവേണ്ടി ഏറ്റവും ഉച്ചത്തിൽ ശബ്ദിക്കുന്നതും നിർമിതബുദ്ധിയുടെ നിർമാതാക്കളും അവയുടെ ഗുണഭോക്താക്കളുമാണ് എന്നതാണ് വസ്തുത. അത്തരം മുറവിളി ഉയർത്തുന്നവരിൽ പ്രധാന സ്ഥാനത്തുള്ളവരിൽ ചാറ്റ് ജിപിടി എന്ന നിർമിതബുദ്ധി ഉൽപ്പന്നം അവതരിപ്പിച്ച ഓപ്പൺ എഐ എന്ന സ്ഥാപനത്തിന്റെ മേധാവിയും മൈക്രോസോഫ്റ്റ് സിഇഒയായും ഉൾപ്പെടുന്നുണ്ട്. എന്താകാം ഇതിന്റെ കാരണം? ഇവർക്ക് പെട്ടെന്ന് സാമ്പത്തിക ലാഭാസക്തിയെന്നത് വ്യർഥമാണെന്ന്‌ തിരിച്ചറിവുണ്ടായോ? നിർമിതബുദ്ധി സമൂഹത്തിന് ഉപകരിക്കണമെന്ന ബോധ്യം പെട്ടെന്ന് ഉദിച്ചോ?

നിയന്ത്രണ ആവശ്യങ്ങളിലെ ഈ പ്രത്യക്ഷ വിരോധാഭാസം മനസ്സിലാക്കാൻ നമ്മെ ചരിത്രത്തിൽനിന്നും ഒരു ഉദാഹരണം സഹായിച്ചേക്കും. ആണവ നിരായുധീകരണ ഉടമ്പടിയെന്ന, ലോകത്തെ 190 ദേശരാഷ്ട്രങ്ങൾ ഒപ്പിട്ട, ഇന്ത്യ ഒപ്പിടാത്ത, ഉടമ്പടിയുടെ വിഷയം ആണവ ആയുധങ്ങളായിരുന്നു. ആ കരാർ പ്രകാരം ആണവ ആയുധങ്ങൾ കൈവശമുള്ള രാഷ്ട്രങ്ങൾക്ക് അത് നിലനിർത്താൻ തടസ്സമില്ലെങ്കിലും മറ്റു രാജ്യങ്ങൾക്ക് അത് നിർമിക്കുന്നതിലേക്ക് കടക്കുന്നതിൽ തടസ്സം പറയുന്നുണ്ട്. ചുരുക്കത്തിൽ, ആണവ ആയുധങ്ങൾ നിലവിൽ കൈവശമുള്ള രാഷ്ട്രങ്ങൾക്ക് അതിന്റെ കുത്തക നിലനിർത്താൻ സഹായിക്കുന്ന ഒരു ഉടമ്പടിയായിട്ട് അതിനെ വ്യാഖ്യാനിക്കാം. ഇങ്ങനെ നിലവിലുള്ള സാങ്കേതികവിദ്യയുടെമേൽ കുത്തക നിലനിർത്താൻ സാധിക്കുന്ന നിയന്ത്രണ ഘടനയാണെങ്കിൽ അത്തരം നിയന്ത്രണങ്ങൾ ആവശ്യപ്പെടുന്നത് തന്നെയാകും നിലവിൽ ആ സാങ്കേതികവിദ്യ കൈവശമുള്ളവർക്ക് നല്ലത്.

നിർമിതബുദ്ധിയുടെ വിഷയത്തിലേക്ക് വരുമ്പോൾ നിയന്ത്രണങ്ങൾക്കായുള്ള മുറവിളിയിൽ അത്തരം ബഹുരാഷ്ട്ര കമ്പനികൾക്ക് അവരുടെ കുത്തക നിലനിർത്താനുള്ള താൽപ്പര്യം പ്രവർത്തിക്കുന്നുണ്ടാകാമെന്ന് സ്വാഭാവികമായും സംശയിക്കാം. നിയന്ത്രണങ്ങൾക്കുള്ള മുറവിളി കൂട്ടുന്നവരെന്ന നിലയിൽ ആഗോള രാഷ്ട്രങ്ങൾ നിയന്ത്രണങ്ങൾ നിർമിക്കുന്നതിൽ അവരുടെ ഉപദേശം സ്വീകരിക്കാൻകൂടി ഒരുങ്ങിയാൽ എന്താകും സ്ഥിതി! അങ്ങനെ നിയന്ത്രണങ്ങളുടെ കർതൃത്വസ്ഥാനത്ത് തങ്ങളെ സ്വയം പ്രതിഷ്ഠിക്കാനാകണം ഇവർ നിയന്ത്രണങ്ങൾക്കുള്ള മുറവിളിയിൽ ഏറ്റവും മുൻനിരയിൽത്തന്നെ നിൽക്കാൻ താൽപ്പര്യപ്പെടുന്നത്.

എങ്ങനെയുള്ള 
നിയന്ത്രണങ്ങളാണ് വേണ്ടത്
വേണ്ടാത്ത നിയന്ത്രണങ്ങൾ എന്നതിൽനിന്നും വേണ്ട നിയന്ത്രണങ്ങൾ എന്നതിലേക്ക് കടക്കുമ്പോൾ ഒരൽപ്പം പശ്ചാത്തലം അവതരിപ്പിക്കേണ്ടതുണ്ട്. കാൾ മാർക്സ് തന്റെ പഠനങ്ങളിൽ പറയുന്ന ഒരു ആശയം general intellect അഥവാ social intellect എന്നതാണ്. ഇതിനെ നമുക്ക് വേണമെങ്കിൽ സാമാന്യ ധിഷണ അല്ലെങ്കിൽ സാമൂഹിക ധിഷണയെന്ന് തർജമ ചെയ്യാം. സമൂഹത്തിൽ ഒരു ഘട്ടത്തിൽ നിലനിൽക്കുന്ന പൊതുജ്ഞാനം - അതിൽ ശാസ്ത്രീയ സാങ്കേതിക പരിജ്ഞാനം എന്നുള്ളതുമൊക്കെ ഉൾപ്പെടുമെന്നതാണ് അതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്. ഒരു അതിലളിതവൽക്കരിച്ച ഉദാഹരണംകൊണ്ട് ഇത് വ്യക്തമാക്കാൻ ശ്രമിക്കാം. നമുക്ക് വീട്ടിലെ തോട്ടത്തിന് ഇടയ്ക്കിടെ വെള്ളം സ്വയം നനയ്ക്കാനുള്ള യന്ത്രസംവിധാനം ഉണ്ടാക്കണമെന്ന് കരുതുക. നാം ഒരുപക്ഷേ, ഒരു പ്ലംബറെയും ഒരു ഇലക്ട്രിഷ്യനെയും ഒരു ഇലക്ട്രോണിക്സ് വിദഗ്ധനെയുമൊക്കെ സമീപിക്കുമായിരിക്കും. സമൂഹത്തിൽ ഇത്തരം വൈവിധ്യമേറിയ ജ്ഞാനമുണ്ട് എന്നതുകൊണ്ട് നമുക്ക് അതൊക്കെ വേണ്ടുന്നവണ്ണം ഉപയോഗിച്ച് നമ്മുടെ ആവശ്യം സാധിക്കാൻ കഴിയുന്നു. ഈ ഒരു യന്ത്രസംവിധാനം ഉണ്ടാക്കാനുള്ള ജ്ഞാനം നമ്മുടെ സമൂഹത്തിലെ സാമാന്യ ധിഷണയിൽ ഉണ്ട് എന്ന് ആ അർത്ഥത്തിൽ വ്യാഖ്യാനിക്കാം. ചെടി നനയന്ത്രത്തിന് പകരം കുറച്ചുകൂടി സങ്കീർണമായ ആവശ്യങ്ങൾക്കുള്ള വൈദഗ്ധ്യമാണ് ആവശ്യമെങ്കിൽ അത് കണ്ടെത്താൻ കുറച്ചുകൂടി കഷ്ടപ്പെടേണ്ടി വന്നേക്കാം. എന്തിരുന്നാലും ആ പരിജ്ഞാനം സാമാന്യ ധിഷണയിൽ ഉണ്ടെങ്കിൽ അത് നമുക്ക് കുറച്ചു ബുദ്ധിമുട്ടിയാലും കുറച്ചു പണം ചെലവായാലും കണ്ടെത്താം. സാമാന്യ ധിഷണയിലെ പരിജ്ഞാനം പ്രായോഗിക പ്രതിബന്ധങ്ങൾ ഉണ്ടെങ്കിലും പൊതുവിൽ സമൂഹത്തിൽ  ലഭ്യമാണ്.

നിർമിതബുദ്ധിയുടെ അതിവികാസത്തിന്റെ കാലത്ത് ചാറ്റ് ജിപിടി പോലെയുള്ള സാങ്കേതികവിദ്യകളെക്കുറിച്ചുള്ള പരിജ്ഞാനം നമ്മുടെ സമൂഹത്തിന്റെ സാമാന്യ ധിഷണയിൽ ഉണ്ടാകുമെന്ന് സ്വാഭാവികമായും ചിന്തിക്കാം. പക്ഷേ, ദൗർഭാഗ്യവശാൽ അങ്ങനല്ല കാര്യങ്ങൾ. ഓപ്പൺ എഐ എന്ന കമ്പനി നിർമിച്ച ആ സാങ്കേതികവിദ്യ അത്യന്തം ക്ലോസ്ഡായ ഒരു എഐ ആണ്; അതിന്റെ സങ്കീർണതകൾ ആ കമ്പനിയിലെ ഒരു ചെറിയ കൂട്ടം ആളുകൾക്കാണ് അറിയാവുന്നത്. സാങ്കേതികപരിജ്ഞാനം എന്നതിനോടൊപ്പം അതിന്റെ നിർമാണത്തിലെ ഡാറ്റ ശേഖരണ, ലേബലിങ്‌ രീതി എന്നിവയെക്കുറിച്ചുള്ള പ്രക്രിയാപരമായ ജ്ഞാനവും സാമാന്യധിഷണയിൽ ഇല്ല, അതും രഹസ്യംതന്നെ. ചുരുക്കം ചില വൻകിട കമ്പനികൾക്കല്ലാതെ ഇത്തരം നൂതന എഐ സാങ്കേതികവിദ്യ പുനരാവിഷ്കരിക്കാൻ സാധിക്കുന്ന കംപ്യൂട്ടിങ് ശേഷി പോലുമില്ല.

ഒരു പുതിയ നിർമാണയന്ത്രം വിപണിയിൽ ഇറക്കിയെങ്കിൽ അതിനെക്കുറിച്ചുള്ള പരിജ്ഞാനം രഹസ്യമാക്കിവയ്ക്കാൻ ഒരു പരിധിക്കപ്പുറം നിർമാതാവിന് സാധിക്കില്ല, കാരണം ആരെങ്കിലും ആ യന്ത്രം അഴിച്ചുപരിശോധിച്ച് പ്രവർത്തനം മനസ്സിലാക്കുമെന്നതുതന്നെ. അങ്ങനെ അഴിച്ചുപരിശോധിക്കാൻ സാധിക്കാത്തവിധത്തിൽ സാങ്കേതികവിദ്യയെ സമൂഹത്തിൽ വിന്യസിക്കാൻ സാധിക്കുമെന്നതാണ് സോഫ്റ്റ്‌വെയറിന്റെ  പ്രത്യേകത. അത്തരം രഹസ്യമാക്കിവയ്ക്കലിനെ ചെറുക്കുന്നതിൽ ഏറ്റവും വലിയ പങ്കുവഹിച്ചിരുന്ന ഒരു പ്രസ്ഥാനമായിരുന്നു റിച്ചാർഡ് സ്റ്റാൾമാൻ എന്നയാൾ നേതൃനിരയിൽ ഉണ്ടായിരുന്ന ഓപ്പൺ സോഴ്സ് പ്രസ്ഥാനം; ഈ പ്രസ്ഥാനത്തിൽ മുൻപന്തിയിൽ നിന്നിരുന്ന സമൂഹമായി കേരളം വർത്തിച്ചിരുന്നതിനാൽ സ്റ്റാൾമാൻ നിരവധി തവണ കേരളം സന്ദർശിച്ചിട്ടുമുണ്ട്. ആ പ്രസ്ഥാനമുയർത്തിയ ആശയങ്ങളെ പാടെ അവഗണിച്ചാണ് ഇന്നത്തെ എഐ രംഗം ഒരു കുത്തക രംഗമായി നിലകൊള്ളുന്നത്. 

ഈ പശ്ചാത്തലത്തിൽ എഐ മേഖലയിൽ സമൂഹത്തിൽ കുത്തകവൽക്കരണവുമായി ബന്ധപ്പെട്ട് വേണ്ട നിയന്ത്രണങ്ങൾ എന്തായിരിക്കണമെന്നതിൽ ആർക്കും സംശയം തോന്നേണ്ട കാര്യമില്ല. സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട പരിജ്ഞാനത്തിന്റെ കുത്തകവൽക്കരണത്തിനാണ് നിയന്ത്രണം വേണ്ടത്. നിർമിതബുദ്ധി സാങ്കേതികവിദ്യകളുടെ സാമാന്യ ധിഷണയിലേക്കുള്ള പ്രവേശം ഓപ്പൺ സോഴ്സ് മുതലായ വ്യവസ്ഥാപിത മാർഗങ്ങളിലൂടെ സാധ്യമാക്കുന്ന നിയന്ത്രണങ്ങളാകണം മുന്നോട്ടുള്ള പാത. അല്ലാതെ കുത്തകവൽക്കരണം ശക്തിപ്പെടുത്താൻ എന്നോണം കുത്തകകൾ ആവശ്യപ്പെടുന്ന നിയന്ത്രണസംവിധാനങ്ങളല്ല, നേർവിപരീതദിശയിലാകണം നിയന്ത്രണങ്ങളുടെ സഞ്ചാരം. അതിനായി എഐ മുഖേന പാർശ്വവൽക്കരിക്കപ്പെടാൻ സാധ്യതയുള്ള വിഭാഗങ്ങളോടുള്ള കരുതൽ മുൻനിർത്തി സമൂഹത്തിൽനിന്നും ഈ ആവശ്യം രാഷ്ട്രീയമായി ഉയരേണ്ടതുണ്ട്. കോർപറേറ്റ് കമ്പനി താൽപ്പര്യങ്ങളല്ല, വിശാലമായ സാമൂഹ്യനന്മയുടെ താൽപ്പര്യങ്ങളാണ് എഐ നിയന്ത്രണത്തെക്കുറിച്ചുള്ള ചർച്ചകളുടെ മുൻനിരയിൽ സ്ഥാനംപിടിക്കേണ്ടത്.

( യുകെ ബെൽഫാസ്റ്റ്‌ ക്യൂൻസ് സർവകലാശാല 
കംപ്യൂട്ടർ സയൻസ് അസോസിയറ്റ് പ്രൊഫസറാണ്‌ ലേഖകൻ.  നിർമിതബുദ്ധിയുടെ രാഷ്ട്രീയം എന്നതാണ് പ്രധാന ഗവേഷണമേഖല)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top