29 March Friday

രാജ്യഭ്രഷ്ടരുടെ ഭൂപടങ്ങൾ; ഓടക്കുഴൽ അവാർഡ് നേടിയ സാറാ ജോസഫിന്റെ ബുധിനിയെക്കുറിച്ച് രാവുണ്ണി എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Jan 4, 2022

"ബുധിനി മാ, നമ്മുടെ രാജ്യം നിങ്ങളോട് തെറ്റാണ് ചെയ്തത്. അത് തിരുത്താൻ -- ’
"രാജ്യമോ? ഏതാണ് എന്റെ രാജ്യം?’
ഈ ഒറ്റച്ചോദ്യത്തിലുണ്ട് ബുധിനിയുടെ ജീവിതം. ഭ്രഷ്ട് കൽപ്പിക്കപ്പെട്ട്, നില്ക്കക്കള്ളിയില്ലാതെ, ഓടിയോടി കിതക്കേണ്ടി വന്നവരുടെ ജീവിതം. രാജ്യം എന്നതിനു പകരം ജീവിതം എന്നു പറഞ്ഞാലും ബുധിനി ചോദിക്കുമായിരുന്നു: ജീവിതമോ? ഏതാണ് എന്റെ ജീവിതം?
   കുലവും നാടും രാജ്യവും ഇല്ലാതായവളു (രു)ടെ കഥയാണ് ബുധിനി. അപരിചിതമായ ദേശത്തെയും ജനതയെയും സംസ്കാരത്തെയും ആവിഷ്കരിക്കുക എന്ന കനത്ത വെല്ലുവിളിയാണ് സാറാ ജോസഫ് ബുധിനി നോവലിലൂടെ കൃതഹസ്തതയോടെ നിർവഹിച്ചത്.

ആരാണ് ബുധിനി? ഒരു സാധാരണ സാന്താൾ ഗോത്ര ബാലിക. പുല്ലാങ്കുഴലിൽ ആനന്ദം കണ്ടെത്തുന്നവൾ. (ഏഴു തുളയുള്ള ടീരിയോ ആണ് ഗ്രാമത്തിലെ പുല്ലാങ്കുഴൽ). സാൽമരത്തിൽ കയറുന്നവൾ.
കാട്ടിൽ പോകാൻ ബുധിനി കൊതിച്ചു. കാട്ടിൽ പോയാൽ വഴിതെറ്റും. ഓരോ വഴി തെറ്റലും ഒരു പുതിയ കാട്ടിലേക്കുള്ള വഴിതുറക്കലാണെന്ന്‌ അവൾക്കറിയാം. കാട്ടിൽ പോയാൽ പുലി നേർക്കുനേർ വരണം. അതിനെ കണ്ട് പേടിച്ച് രക്തമുറയണം. പിന്നെ അതിന് പിടികൊടുക്കാതെ സമർഥമായി രക്ഷപ്പെടണം. ഒരു പാമ്പിനെ അതിന്റെ മാളത്തിൽ ചെന്ന് പിടികൂടണം. ഒരു കാട്ടുമുയലിനെ, കാട്ടുകോഴിയെ വീഴ്ത്താൻ കഴിയണം. ഇതൊക്കെയായിരുന്നു അവളുടെ ബാലസാഹസ മോഹങ്ങൾ. പതിനഞ്ചാം വയസ്സിൽ അവൾക്ക് സ്വന്തം കാടുകൾ നഷ്ടപ്പെട്ടു. മനുഷ്യപ്പുലികൾ നേർക്കുനേർ വന്ന് ചാടിവീണു. പാമ്പുകൾ അവളെ വട്ടമിട്ടു കൊത്തി. അവൾ എല്ലാവർക്കും ഇരയായി.

ബാബാ, നമുക്ക് കാട്ടിൽ പോകണ്ടേ എന്നവൾ ചോദിച്ചു. അതിന് കാടെവിടുണ്ട് കുട്ടീ എന്നതായിരുന്നു അവൾക്ക് കിട്ടിയ മറു ചോദ്യം. കാട് ഗോർമനെടുത്തു. വയലുകളും ഗോർമനെടുത്തു.

1959 ഡിസംബർ ആറ്‌. പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റു പാഞ്ചേത് അണക്കെട്ട് രാഷ്ട്രത്തിന് സമർപ്പിക്കുന്നു. അദ്ദേഹത്തെ മാലയിട്ട് സ്വീകരിക്കാൻ ഒരു സാന്താൾ ഗോത്ര ബാലിക വേണമെന്ന് അധികാരികൾ തീരുമാനിക്കുന്നു. അവർ കണ്ടെത്തിയത് ബുധിനിയെയാണ്. അവർ ആജ്ഞാപിച്ചതനുസരിച്ച് അവൾ നെഹ്റുവിനെ മാലയിട്ടു സ്വീകരിച്ചു. നെഹ്റുവിന്റെ നിർദേശപ്രകാരം അവളാണ് ഡാം ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനം എന്നാൽ എന്തെന്നോ, നെഹ്റു ആരെന്നോ അവൾക്കറിയില്ല. പക്ഷേ, അവൾ നെഹ്‌റുവിനെ വിവാഹം കഴിച്ചു എന്നതായിരുന്നു ഗോത്രത്തിൽ പരന്ന വാർത്ത. തിരിച്ചെത്തി വെള്ളം കുടിക്കാൻ കിണറിനരികിലേക്ക്‌ ചെന്ന അവളെ സ്വന്തം കുലത്തിലുള്ളവർ ആട്ടിയോടിച്ചു. ഗ്രാമസഭ ബത് ലാഹ നടത്തി അവളെ ഗ്രാമത്തിൽനിന്ന്‌ പുറത്താക്കി. ഒരു പെൺകുട്ടിക്ക് ചിന്തിക്കാനാകാത്ത വിധത്തിലുള്ള ഭയാനകാനുഭവങ്ങളാണ് തുടർന്ന് നേരിടേണ്ടിവന്നത്.

രാഷ്ട്ര പുനർനിർമാണത്തിനിടയ്‌ക്ക് പൊട്ടിപ്പോയ ഒരു മൺകട്ടമാത്രമാണോ ബുധിനി? അല്ല. ബുധിനി ഒരാളല്ല. രാജ്യമാണ്. ഭയം പുതച്ചാണ്‌ അവൾ ഉറങ്ങിയത്. ഭയമാണ് തലയണയായത്. ഭയമാണ് ശ്വസിച്ചത്. ഭയാധിക്യത്തിലാണ്‌ അവൾ ഉണർന്നത്. സങ്കടകരമായ കാര്യം അവളുടെ നിരപരാധിത്വം എല്ലാവർക്കും അറിയാം എന്നതാണ്." ഞങ്ങളുടെ ആളുകൾക്ക് സ്വന്തമായ ശരിതെറ്റുകളുണ്ട്. അത് മറ്റുള്ളവരുടേതിനോട് പൊരുത്തപ്പെട്ടുകൊള്ളണം എന്നില്ല. നീതിന്യായ വ്യവസ്ഥയും ശിക്ഷാരീതികളുമൊക്കെ വ്യത്യസ്തമാണ്’ എന്ന ഗോത്ര മൂപ്പന്മാരുടെ ന്യായീകരണവാദങ്ങൾ പിന്നീട് ഇന്ത്യയിൽ പല രൂപങ്ങളിൽ ആവർത്തിക്കന്നത് നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണല്ലോ.

ചരിത്രം മായ്ച്ചുകളഞ്ഞ ജീവിതങ്ങളെ തേടിപ്പിടിച്ച് ലോകസമക്ഷം രേഖപ്പെടുത്തി വയ്‌ക്കുക എന്ന ധീരകൃത്യമാണ് സാറാ ജോസഫ് ബുധിനിയിലൂടെ നിർവഹിക്കുന്നത്. രൂപി മുർമി എന്നത് സാറാ ടീച്ചർതന്നെയാണ്. പരിസ്ഥിതി, ഭരണകൂടം, ഗോത്രാചാരങ്ങൾ, പീഡിതസ്‌ത്രീത്വം എന്നിങ്ങനെ പല മാനങ്ങളിലാണ് ഈ നോവൽ പടർന്നുപന്തലിക്കുന്നത്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top