09 May Thursday

ഫോക്കസ് ഏരിയയും പരീക്ഷയും - ആർ സുരേഷ് കുമാർ എഴുതുന്നു

ആർ സുരേഷ് കുമാർUpdated: Friday Jan 21, 2022

പത്ത്‌, പന്ത്രണ്ട്‌ ക്ലാസിലെ  പരീക്ഷകൾക്ക് ഫോക്കസ് ഏരിയ നിശ്ചയിച്ച് സർക്കാർ ഉത്തരവ് വന്നിട്ട് നാളേറെയായി. ചോദ്യപേപ്പർ നിർമാണത്തിന്റെ ഘട്ടത്തിലേക്ക് കടന്നപ്പോഴാണ് വിദ്യാർഥികളിലും രക്ഷിതാക്കളിലും ആശങ്ക  സൃഷ്ടിക്കുന്ന  വാർത്തകൾ ചിലർ പ്രചരിപ്പിക്കുന്നത്. ഈ അധ്യയനവർഷത്തെ സാഹചര്യങ്ങൾ വിലയിരുത്തിയാണ് ഫോക്കസ് ഏരിയ സംബന്ധമായ തീരുമാനങ്ങൾ എടുത്തിട്ടുള്ളത്. കോവിഡിന്റെ അസാധാരണ സാഹചര്യത്തിലാണ് കഴിഞ്ഞവർഷം ഫോക്കസ് ഏരിയ നിശ്ചയിച്ച് പരീക്ഷ നടത്താൻ തീരുമാനിച്ചത്. പരീക്ഷ നടത്താതെ ഫലം പ്രഖ്യാപിക്കുന്നത് ഉചിതമല്ലെന്നായിരുന്നു കേരളത്തിന്റെ നിലപാട്. എന്നാലും നേരിട്ടുള്ള അധ്യയനം നടക്കാതിരുന്നതിനാൽ വിദ്യാർഥികൾ എങ്ങനെ പരീക്ഷയെ അഭിമുഖീകരിക്കുമെന്ന് വ്യക്തതയുണ്ടായിരുന്നില്ല. പലവിധ നിർദേശങ്ങൾക്കൊടുവിൽ ആകെ സിലബസിന്റെ നാൽപ്പത് ശതമാനം ഓരോ വിഷയത്തിലും ഫോക്കസ് ഏരിയയായി നിശ്ചയിച്ച് അതിന്റെ പരിധിക്കുള്ളിൽനിന്ന് മുഴുവൻ മാർക്കും ലഭിക്കുന്നവിധം പരീക്ഷ നടത്താൻ തീരുമാനിച്ചതങ്ങനെയാണ്. കേരളത്തിലെ പരീക്ഷാനടത്തിപ്പിന്റെ ക്രമീകരണം രാജ്യമൊട്ടാകെ ശ്രദ്ധിച്ചു.

വിദ്യാഭ്യാസവകുപ്പിനോടൊപ്പം വിവിധ വകുപ്പുകളും ജനപ്രതിനിധികളും പിടിഎ കളും അധ്യാപകസംഘടനകളും വിദ്യാർഥിസംഘടനകളും ഒറ്റക്കെട്ടായിനിന്ന് കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടാണ് പരീക്ഷ നടത്തിയത്. ഫോക്കസ് ഏരിയക്കുള്ളിൽനിന്ന് ഉദാരമായി ചോദ്യങ്ങൾകൂടി ഉൾപ്പെടുത്തി. ഫുൾ എ പ്ലസ്‌ നേടിയവരുടെ എണ്ണം വൻതോതിൽ വർധിച്ചു.
അസാധാരണ സാഹചര്യത്തിൽ അസാധാരണമായെടുത്ത തീരുമാനമായിരുന്നു അന്നത്തെ പരീക്ഷയും മൂല്യനിർണയവും. അതിന്റെ നേട്ടങ്ങളും കോട്ടങ്ങളും വിലയിരുത്തിയാണ് ഈ വർഷം തീരുമാനങ്ങളെടുക്കുന്നത്.  കോട്ടങ്ങളുണ്ടായിട്ടുണ്ടെങ്കിൽ അത് പരിഹരിക്കുന്ന രീതിയിലാണ്  മുന്നോട്ടുപോകേണ്ടത്. ഇപ്പോഴും കോവിഡ് പ്രതിസന്ധിയുണ്ട്. എങ്കിലും മുൻവർഷത്തേക്കാൾ മെച്ചപ്പെട്ട അധ്യയന സാഹചര്യം ലഭിച്ചിട്ടുമുണ്ട്. അതെല്ലാം പരിശോധിച്ചശേഷമാണ് ഈ വർഷത്തെ ഫോക്കസ് ഏരിയ സംബന്ധമായ സർക്കാർ ഉത്തരവിറങ്ങിയത്. 60 ശതമാനം ഫോക്കസ് ഏരിയയിൽനിന്ന് 70 ശതമാനം ചോദ്യങ്ങളെന്നും 50 ശതമാനം അധികചോദ്യങ്ങളെന്നും ഉത്തരവിൽ പറഞ്ഞപ്പോൾത്തന്നെ ചോദ്യഘടന എങ്ങനെയാകുമെന്ന് എല്ലാവർക്കും വ്യക്തമാകേണ്ടിയിരുന്നതാണ്.

എസ്എസ്എൽസി , ഹയർ സെക്കൻഡറി പരീക്ഷകളിൽ ഉയർന്നഗ്രേഡുള്ള സർട്ടിഫിക്കറ്റ് കിട്ടുന്നതിലൂടെ വിദ്യാർഥികളുടെ ഭാവിസുരക്ഷിതമാകുന്ന സാഹചര്യം നിലവിലില്ല. അതിനുശേഷമുള്ള ഉന്നതപഠനത്തിനായാലും തൊഴിൽ സാധ്യതകൾക്കായാലും നിരവധി മത്സരഘട്ടങ്ങളെ അഭിമുഖീകരിക്കേണ്ടിവരുന്നുണ്ട്. അതെല്ലാം നിശ്ചയിക്കുന്നത് കേരളത്തിലെ മൂല്യനിർണയ സമീപനത്തെ അടിസ്ഥാനമാക്കി മാത്രമല്ല. ഇവിടത്തെ സിലബസിൽ പഠിച്ചിറങ്ങുന്ന വിദ്യാർഥികളുടെ മത്സരക്ഷമത വളരെ പ്രധാനമാണ്. പതിനായിരക്കണക്കിന് വിദ്യാർഥികളാണ് കേരളത്തിൽനിന്ന് നീറ്റ്, ജെഇഇ, ആർക്കിടെക്ചർ പ്രവേശനപരീക്ഷകളിലും കേന്ദ്രസർവകലാശാലകളിലെ പ്രവേശനപരീക്ഷയിലും പങ്കെടുക്കുന്നത്. ഈ വർഷത്തെ പ്രവേശനവിവാദം മുൻനിർത്തി ഡൽഹി സർവകലാശാല അടുത്ത വർഷംമുതൽ പ്രവേശനപരീക്ഷയിലൂടെ പ്രവേശനം മതിയെന്ന് തീരുമാനിച്ചു. മുഴുവൻ സിലബസും പഠിക്കാതിരുന്നാൽ കേരളത്തിലെ വിദ്യാർഥികൾ പലയിടത്തും പിന്തള്ളപ്പെട്ടുപോകും.


കഴിഞ്ഞവർഷം ഫോക്കസ് ഏരിയകേന്ദ്രീകരിച്ച് പഠിച്ചതിനാൽ പലരും എൻട്രൻസ് പരീക്ഷകളിൽ പിന്നിലായിപ്പോയെന്ന്‌ പരാതിപറഞ്ഞവരിൽ ഹയർ സെക്കൻഡറി അധ്യാപകരുമുണ്ട്.  ഫോക്കസ് ഏരിയയിൽമാത്രം കേന്ദ്രീകരിച്ചാൽ മതിയെന്ന ധാരണയുണ്ടാകുന്നത് സാധാരണക്കാരായ വിദ്യാർഥികളെയാകും കൂടുതൽ ബാധിക്കുക.  അതിനാൽ എല്ലാവിഭാഗത്തിന്റെയും താൽപ്പര്യങ്ങൾ കണക്കിലെടുക്കാതെ സർക്കാരിന്  തീരുമാനങ്ങൾ സ്വീകരിക്കാനാകില്ല.  മുമ്പും ചിലവിഷയങ്ങളിൽ നിശ്ചിത അധ്യായങ്ങളെ പരീക്ഷയിൽ നിന്നൊഴിവാക്കുന്ന രീതിയുണ്ടായിരുന്നു. അപ്പോഴും അവ പഠിക്കേണ്ടതില്ലെന്നും പഠിപ്പിക്കേണ്ടതില്ലെന്നും പറഞ്ഞിരുന്നില്ല.

വിദ്യാർഥികൾക്ക് പഠിച്ച് തീർക്കാനും അധ്യാപകർക്ക് പഠിപ്പിച്ച് തീർക്കാനും സമയമില്ലെന്നതാണ് ഉന്നയിക്കപ്പെടുന്ന പ്രശ്നങ്ങളിലൊന്ന്. അധ്യയനവർഷത്തിന്റെ തുടക്കംമുതൽ ഓൺലൈൻ, ഡിജിറ്റൽ ക്ലാസുകൾ തുടങ്ങിയിരുന്ന സംസ്ഥാനമാണ് കേരളം. നവംബർ ഒന്ന് മുതൽ സ്കൂളിൽ നേരിട്ട് ക്ലാസ് തുടങ്ങുകയും ചെയ്തു. ഇതിനിടയിൽ പ്ലസ് വൺ പരീക്ഷ നടന്നുവെന്നത് വിസ്മരിക്കുന്നില്ല. പ്രത്യേകസാഹചര്യങ്ങളിൽ അതിനനുസരിച്ച് ചില അധിക ഉത്തരവാദിത്വങ്ങൾ കൂട്ടായി ഏറ്റെടുക്കേണ്ടിവരും. പത്താംക്ലാസിൽ അത്രവലിയ ആശങ്കകൾക്ക് അടിസ്ഥാനം കാണുന്നില്ല. പന്ത്രണ്ടാം ക്ലാസിൽ തുടർച്ചയായ അധ്യയനത്തിന് വിഘാതം നേരിട്ടുവെന്ന് പറയുമ്പോൾത്തന്നെ വിദ്യാർഥികൾക്ക് കൂടുതൽ സാധ്യത നൽകുന്നതിന് ഇംപ്രൂവ്മെന്റ് പരീക്ഷയുൾപ്പെടെ നടത്തുന്നതുകൊണ്ടാണത് സംഭവിച്ചതെന്നത് എല്ലാവർക്കുമറിയാം. മാത്രമല്ല, പ്ലസ് വൺ പരീക്ഷയുടെ ഉയർന്നവിജയത്തിന്റെ ഫലം ഇപ്പോൾത്തന്നെ നിലവിലുള്ളതുമാണ്. ഉന്നതവിദ്യാഭ്യാസം കേരളത്തിൽമാത്രം ഒതുങ്ങുന്ന ഒന്നല്ല.

മറ്റ് ബോർഡുകളുടെയും ദേശീയ ടെസ്റ്റിങ്‌ ഏജൻസികളുടെയും തീരുമാനങ്ങളും പ്രസക്തമാണ്. അതിനനുസരിച്ച് കേരള സിലബസുകാരും പഠിച്ചില്ലെങ്കിൽ ഇവിടത്തെ വിദ്യാർഥികളെയാകും ബാധിക്കുക. സിബിഎസ്ഇ കഴിഞ്ഞവർഷം പരീക്ഷ നടത്താതെ, സുപ്രീംകോടതി അംഗീകരിച്ച മാനദണ്ഡപ്രകാരം ഫലം പ്രഖ്യാപിച്ചപ്പോൾ വിജയശതമാനം നൂറിനടുപ്പിച്ചായിരുന്നു. എന്നാൽ, കേരളത്തിൽ പരീക്ഷനടത്തി ഫലം പ്രഖ്യാപിച്ചപ്പോൾ രണ്ട് ശതമാനത്തോളം വിജയം മാത്രമാണ് കൂടിയത്. ഹയർസെക്കൻഡറിയിൽ അത് 87 ശതമാനമായിരുന്നു. എന്നിട്ടും കേരളത്തിലെ പരീക്ഷാഫലം ചർച്ചയായത് വിജയശതമാനത്തിന്റെ പേരിലല്ല. ഫുൾ എ പ്ലസ് നേടിയതിന്റെയും ഫുൾ മാർക്ക് നേടിയതിന്റെയും എണ്ണത്തിന്റെ പേരിലാണ്. വിജയശതമാനം കേവലം രണ്ടുമാത്രം വർധിച്ചപ്പോൾ വിവിധ വിഷയങ്ങളുടെ സ്റ്റേറ്റ് ആവറേജ് മുപ്പത് മാർക്ക് വരെ വർധിച്ചതായാണ് മനസ്സിലായത്. ഈ രീതിയിലുണ്ടാകുന്ന ഗ്രേഡ് ഇൻഫ്ളേഷൻ പരീക്ഷാബോർഡിന്റെയും കേരളവിദ്യാഭ്യാസത്തിന്റെയും വിശ്വാസ്യതയെ ദീർഘകാലാടിസ്ഥാനത്തിൽ ബാധിക്കുമെന്നത് മറ്റൊരുപ്രശ്നമാണ്. അത് ഏറ്റവും ദോഷംചെയ്യുന്നത് സംസ്ഥാനത്തെ മിടുക്കരായ വിദ്യാർഥികൾക്കായിരിക്കും. പ്ലസ് വൺ അഡ്മിഷനിൽ മിടുക്കരായ നിരവധിപേർ പുറത്തായെന്ന പരാതി ഉയർന്നത് ഇതിന്റെ മറ്റൊരുവശമാണ്.

മുകളിൽ പറഞ്ഞ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലാണ്  ഫോക്കസ് ഏരിയ സംബന്ധമായ ഉത്തരവിനെ വിലയിരുത്തേണ്ടത്. എല്ലാവിഭാഗം വിദ്യാർഥികളെയും അത് പരിഗണിക്കുന്നുണ്ടെന്ന് കാണാം. ഫോക്കസ് ഏരിയയിൽനിന്ന് ഫുൾ എ പ്ലസ് നേടാൻ കഴിയില്ലെന്നും അത് വലിയ തിരിച്ചടിയാകുമെന്നും ആശങ്ക പറയുന്നതിൽ അർഥമില്ല. എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തിൽ മാത്രമല്ല എ പ്ലസ് തീരുമാനിക്കുന്നത്‌. ഇന്റേണൽ മാർക്ക് അതിനോടൊപ്പം ചേർക്കുന്നുണ്ട്. പ്രാക്ടിക്കലുള്ള വിഷയങ്ങൾക്ക് അതും ചേർക്കുന്നുണ്ട്.  ഫോക്കസ് ഏരിയയിൽനിന്ന് 105 ശതമാനം ചോദ്യങ്ങളുണ്ടാകും. അതിൽ 70 ശതമാനത്തിന്  ഉത്തരമെഴുതിയാൽ മതി. അതായത്, ഫോക്കസ് ഏരിയ 60 ശതമാനമാണെങ്കിലും അതിൽ 10 ശതമാനം കുറച്ച് പഠിച്ചാലും 70 ശതമാനം സ്കോർ നേടാൻ കഴിയുമെന്നർഥം. ഫോക്കസ് ഏരിയക്ക് പുറത്തുനിന്ന് 45 ശതമാനം ചോദ്യങ്ങൾ ഉണ്ടാകും. അതിൽ 30 ശതമാനത്തിന് വിദ്യാർഥികൾ ഉത്തരമെഴുതിയാൽ മതി. അപ്പോൾ ഇരുപത് ശതമാനത്തോളം നോൺ ഫോക്കസ് ഏരിയകൂടി പഠിച്ചാൽ ഇന്റേണൽ /പ്രാക്ടിക്കൽ സ്കോറും ചേർത്ത് എ പ്ലസിലേക്ക് എത്താൻ പ്രയാസമുണ്ടാകില്ല.

സാധാരണയായി പഠനകാര്യങ്ങൾ നടന്നുപോകുന്ന ഘട്ടത്തിൽ ബി ഗ്രേഡ് കിട്ടാൻ സാധ്യതയുള്ളവരെല്ലാം പ്രത്യേക സാഹചര്യത്തിന്റെ ഉദാരസമീപനം സ്വീകരിക്കുമ്പോൾ ഫുൾ എ പ്ലസുകാരായി മാറണമെന്നാണ് പലരുമുന്നയിക്കുന്ന വാദങ്ങളിൽനിന്ന് മനസ്സിലാകുന്നത്. അതിനാണ് ഫോക്കസ് ഏരിയക്കകത്തുനിന്ന് 105 ശതമാനം ചോദ്യങ്ങൾ ചോദിക്കുമ്പോൾ അത് മുഴുവൻ എഴുതാനും മൂല്യനിർണയത്തിന് വിധേയമാക്കാനും കഴിയണമെന്ന് വാദിക്കുന്നത്. അങ്ങനെയായാൽ 60 ശതമാനം പഠിച്ചാൽ 100ശതമാനം മാർക്കെന്നാകും ഫലം. അങ്ങനെയായാൽ യഥാർഥ മൂല്യനിർണയത്തിന്റെ അന്തസ്സത്ത പ്രതിഫലിക്കില്ല. അതിനാൽ  അക്കാദമിക കാഴ്ചപ്പാടിനും പ്രായോഗികപ്രശ്നങ്ങൾക്കും വിദ്യാർഥികളുടെ ഭാവിസാധ്യതകൾക്കുമാണ് ഊന്നൽ നൽകേണ്ടത്.


(ഹയർസെക്കൻഡറി അക്കാദമിക്
ജോയിന്റ് ഡയറക്ടറാണ് ലേഖകൻ
)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top