25 April Thursday
ഇന്ന്‌ ചട്ടമ്പിസ്വാമി ജയന്തി

വേദാധികാരവിമര്‍ശനത്തിന്റെ വെളിച്ചം - സുനിൽ പി ഇളയിടം എഴുതുന്നു

സുനിൽ പി ഇളയിടംUpdated: Monday Sep 7, 2020

കേരളീയ നവോത്ഥാനത്തിന്റെ ചരിത്രത്തിൽ വേദാധികാരവിമർശനത്തിന്റെ വെളിച്ചമായിരുന്നു ചട്ടമ്പിസ്വാമികൾ. അതുല്യമായ വിജ്ഞാനത്തിന്റെയും ബഹുമുഖമായ വൈഭവങ്ങളുടെയും അനന്യവും അസാധാരണവുമായ സംയോജനം. ഗണിതം, ആയുർവേദം, ജ്യോതിഷം, യോഗം, മർമവിദ്യ, വേദാന്തം, സംഗീതം, സാഹിത്യം, ഭാഷാവിജ്ഞാനീയം, പ്രാചീനചരിത്രം എന്നിങ്ങനെ എത്രയോ മേഖലകളിൽ പരന്നുപടർന്നതായിരുന്നു അദ്ദേഹത്തിന്റെ അറിവിന്റെ ലോകം. അക്ഷരാർഥത്തിൽ തന്നെ ‘വിദ്യാധിരാജൻ’ ആയിരുന്നു ചട്ടമ്പിസ്വാമികൾ. കാവിയും കമണ്ഡലുവുമില്ലാതെ സന്യാസിയായി ജീവിക്കുകയും പ്രസ്ഥാനമോ ശിഷ്യസംഘമോ സ്ഥാപിക്കാൻ തയ്യാറാവാതിരിക്കുകയും ചെയ്ത പരിവ്രാജകപാരമ്പര്യമാണ് അദ്ദേഹത്തിന്റേത്. തന്റെ കാലത്തെ വിഴുങ്ങിയിരുന്ന ബ്രാഹ്മണാധികാരത്തിന്റെ ഇരുട്ടിനെതിരെ പൊരുതാൻ അദ്ദേഹം ഒട്ടും മടികാണിച്ചില്ല. “ദൈവാധീനം ജഗത്സർവ്വം/മന്ത്രാധീനം തു ദൈവതം/തൻമന്ത്രം ബ്രാഹ്മണാധീനം/ബ്രാഹ്മണോ മമ ദൈവതം” എന്ന (ഏതോ മനയ്ക്കലെ കാര്യസ്ഥന്റെ വായ്നാറ്റം നിറഞ്ഞത് എന്നാണ് വി ടി ഭട്ടതിരിപ്പാട് അതിനെ പരിഹസിച്ചത്) ശ്ലോകം പ്രമാണമാക്കി, ബ്രാഹ്മണാധിപത്യം അരങ്ങുവാഴുന്ന കാലത്ത്‌ ചട്ടമ്പിസ്വാമികൾ അതിനെ ദാർശനികവും ചരിത്രപരവും ഭാഷാവിജ്ഞാനപരവുമായ വിവിധ തലങ്ങളിലൂടെ ഒരുപോലെ എതിർത്തു.

ബഹുമുഖമായിരുന്നു ചട്ടമ്പിസ്വാമികളുടെ ജീവിതവും വിജ്ഞാനവും. വേദാധികാരനിരൂപണവും പ്രാചീനമലയാളവും ആദിഭാഷയുംമുതൽ അഹിംസയുടെ പരമമായ മൂല്യത്തെ ഉയർത്തിപ്പിടിക്കുന്ന ‘ജീവികാരുണ്യനിരൂപണ’വും ചട്ടമ്പിസ്വാമികൾ രചിക്കുകയുണ്ടായി. ‘പാവം പിടിച്ച ആടിനെയും കോഴിയെയും കൊലചെയ്തേ ദൈവം പ്രസാദിക്കൂ എന്നാണ് അതു ചെയ്യുന്ന കൊലയാളികളുടെ സിദ്ധാന്തം. കൊലപാതകത്തിൽ പ്രസാദിക്കുന്ന ദൈവം ദൈവമല്ല’ എന്ന് പ്രസ്താവിച്ചുകൊണ്ട്  ആചാരലോകത്തിന്റെ നൃശംസതകളെ മറികടക്കാൻ അദ്ദേഹം പ്രേരണയാവുകയും ചെയ്തു.


 

ബംഗാളിൽനിന്ന് ഇതുവരെ യാത്രചെയ്തിട്ടും ഇത്രയും ജ്ഞാനമുള്ള മറ്റൊരാളെ കാണാനായിട്ടില്ല എന്നാണത്രേ ചട്ടമ്പിസ്വാമികൾ ചിൻമുദ്രയുടെ അർഥം വിശദീകരിച്ചു കൊടുത്തതിനെ മുൻനിർത്തി സ്വാമി വിവേകാനന്ദൻ അഭിപ്രായപ്പെട്ടത്. ഒരേസമയം അതുല്യനായ യോഗിയും ജ്ഞാനിയും പരിഷ്കർത്താവുമായി ചട്ടമ്പിസ്വാമികൾ നിലകൊള്ളുന്നു. പി ഗോവിന്ദപ്പിള്ള എഴുതുന്നതുപോലെ, ‘കേരളീയ നവോത്ഥാനത്തിന്റെ രാജശില്പിയായി വിശേഷിപ്പിക്കപ്പെടുന്ന നാരായണഗുരുവിന്റെ സമകാലീനനും സുഹൃത്തും സഹകാരിയുമായി’, നവോത്ഥാനചരിത്രത്തിലെ അതുല്യസ്ഥാനങ്ങളിലൊന്നായി ചട്ടമ്പിസ്വാമികൾ ചരിത്രത്തിൽ ഇടം നേടി.

നവോത്ഥാനം എന്ന് നാം വിശേഷിപ്പിച്ചുപോരുന്ന ആധുനികീകരണപ്രക്രിയയും അതിന്റെ സാംസ്കാരികമുഖവും ഏകമുഖമോ ഏകശിലാത്മകമോ ആയിരുന്നില്ല. പരസ്പരപൂരകവും ചിലപ്പോഴൊക്കെ പരസ്പരഭിന്നവും (അപൂർവം സന്ദർഭങ്ങളിൽ പരസ്പരവിരുദ്ധവും) ആയ നിരവധി പ്രവണതകളുടെ കൊടുക്കൽവാങ്ങലുകളിലൂടെയാണ് അത് നിലവിൽ വന്നത്. കേരളീയനവോത്ഥാനത്തിന്റെ മൗലികമായ സവിശേഷതകളിലൊന്നിനെ വെളിപ്പെടുത്തുന്ന വിധത്തിൽ, പത്തൊമ്പതാംശതകത്തിന്റെ ആദ്യപകുതിയിൽ നടന്ന മാറുമറയ്ക്കൽ കലാപത്തിൽ അതിന്റെ പ്രാരംഭസ്ഥാനം കാണാം.

ജാതിവ്യവസ്ഥയുടെ ശാസനകൾക്കെതിരെ സ്വന്തം ശരീരാധികാരം വീണ്ടെടുക്കാനായി ചാന്നാർ സമൂഹം മുന്നിട്ടിറങ്ങിയ ആ സമരത്തിലാണ് നവോത്ഥാനത്തിന്റെ അടിസ്ഥാന സവിശേഷതയായ ജാതിനശീകരണത്തിന്റെ തുടക്കമുള്ളത്. ഇതിനു പിന്നാലെ മിഷനറി പ്രവർത്തനങ്ങൾ, ഇംഗ്ലീഷ് വിദ്യാഭ്യാസവ്യാപനം, മതനവീകരണ സംരംഭങ്ങൾ, പഴയ ജാതിക്കൂട്ടായ്മകളിൽനിന്ന് സമുദായങ്ങൾ എന്ന പുതിയ പദവിയിലേക്കുള്ള സ്ഥാനാന്തരണം, നാനാതരം സമുദായപരിഷ്കരണശ്രമങ്ങളും, മധ്യവർഗത്തിന്റെ വളർച്ച, വിവിധ രൂപത്തിലുള്ള സംരംഭകത്വത്തിന്റെ രംഗപ്രവേശം, അച്ചടിയും പത്രമാസികകളും വഴിയുണ്ടായ പുതിയ ആശയപ്രപഞ്ചത്തിന്റെ വികാസം, മലയാളഭാഷയെ മുൻനിർത്തിയുള്ള സ്വത്വബോധത്തിന്റെ രൂപപ്പെടൽ, ഭാഷാനവീകരണശ്രമങ്ങൾ, പുതിയ സാഹിത്യരൂപങ്ങളുടെയും ഭാവനാമണ്ഡലത്തിന്റെയും ആവിർഭാവം, മതാവബോധത്തെ കേവലാചാരങ്ങളിൽനിന്ന് മതനിരപേക്ഷവും ആധുനികവുമായ ധാർമിക–-നൈതികാനുഭൂതിയിലേക്ക് ആനയിക്കാൻ നാരായണഗുരുവിന്റെ നേതൃത്വത്തിൽ നടത്തിയ ശ്രമങ്ങൾ, ദേശീയപ്രസ്ഥാനം, കർഷകപ്രസ്ഥാനങ്ങൾ, സോഷ്യലിസ്റ്റ് ആശയങ്ങൾ, കമ്യൂണിസ്റ്റ് പാർടിയും അതിന്റെ നേതൃത്വത്തിൽ പടർന്നുപിടിച്ച ജാതിവിരുദ്ധ പ്രക്ഷോഭങ്ങളും എന്നിങ്ങനെ എത്രയോ പടവുകൾ നവോത്ഥാനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആധുനികീകരണത്തിൽ കണ്ടെത്താം. ഈ ഘടകങ്ങൾ തമ്മിലുള്ള അതിസങ്കീർണമായ കൊടുക്കൽ വാങ്ങലുകളാണ് നവോത്ഥാനചരിത്രത്തെ നിർണയിച്ചത്.


 

നവോത്ഥാനത്തിന്റെ മേല്പറഞ്ഞ വിധത്തിലുള്ള പ്രക്രിയാപരമായ ജീവിതത്തിൽ മതനവീകരണപരമായ ശ്രമങ്ങൾക്ക് വലിയ പങ്കാണുള്ളത്. ആധുനികപൂർവ സമൂഹത്തെ സംബന്ധിച്ചിടത്തോളം പൊതുമണ്ഡലമെന്ന്, എത്രയോ പരിമിതമായ അർഥത്തിലാണെങ്കിലും വിശേഷിപ്പിക്കാൻ കഴിയുന്ന ഒരിടമുള്ളത് മതത്തിന്റേതായിരുന്നു. ഇന്ത്യയിലെമ്പാടും നവോത്ഥാനശ്രമങ്ങൾ മതനവീകരണവുമായി കൂടിക്കുഴയുന്നതിന്റെ കാരണവും അതാണ്. പലതരം ഊന്നലുകളോടെ മധ്യകാല മതജീവിതത്തെ അഴിച്ചുപണിയാനുള്ള ശ്രമത്തിൽ അക്കാലത്ത് ധാരാളം പേർ പങ്കുചേർന്നു. കേരളീയ നവോത്ഥാനത്തെ സംബന്ധിച്ച് മതനവീകരണപരമായ ദാർശനിക–-സാമൂഹ്യ ശ്രമങ്ങൾക്ക് ബംഗാളിലും മറ്റുമുള്ള പ്രാധാന്യമുണ്ടായിരുന്നുവെന്ന് പറയാനാവില്ല. അപ്പോൾ തന്നെ, നമ്മുടെ നവോത്ഥാനചരിത്രത്തിലെ സുപ്രധാന സ്ഥാനങ്ങളിലൊന്നായിരുന്നു അത്.

കേരളീയ നവോത്ഥാനത്തിന്റെ ചരിത്രത്തിൽ ചട്ടമ്പിസ്വാമികൾ നിർണായകപ്രാധാന്യം കൈവരിക്കുന്നതും ഈ പ്രകരണത്തിലാണ്. മതനവീകരണവും ആധുനികമായ മൂല്യങ്ങൾക്കിണങ്ങുന്ന വിധത്തിലുള്ള അതിന്റെ പുനഃസംഘാടനവും ലക്ഷ്യമാക്കി വിവിധ  പ്രവർത്തനങ്ങൾക്കും അദ്ദേഹം നേതൃത്വം നൽകി. അനന്യവിജ്ഞാനത്തിന്റെയും അസാധാരണമായ വൈഭവങ്ങളുടെയും ഉടമയായിരുന്നു ചട്ടമ്പിസ്വാമികൾ. ഈ വിജ്ഞാനവൈഭവങ്ങളത്രയും മേൽപ്പറഞ്ഞ ലക്ഷ്യനിർവഹണത്തിന് അദ്ദേഹം ഉപയോഗപ്പെടുത്തി.

വിദ്യാഭ്യാസകാലത്ത് ക്ലാസ് മുറികളിലെ ‘മോണിറ്റർ’ ആയിരുന്നതിനാൽ ഉപയോഗിച്ചിരുന്ന ‘ചട്ടമ്പി’ എന്ന സ്ഥാനപ്പേരിൽ തന്നെ അദ്ദേഹം പിൽക്കാലത്തെ സന്യാസജീവിതത്തിലും അറിയപ്പെട്ടു

ചട്ടമ്പിസ്വാമികളുടെ ആധ്യാത്മിക, സാമൂഹ്യ ജീവിതത്തിന് ആന്തരികമായ ഒരു വിധ്വംസകത്വം എന്നുമുണ്ടായിരുന്നു. പരമ്പരാഗതമായ ആചാരസമ്പ്രദായങ്ങളെ അതേപടി പിൻപറ്റാൻ അദ്ദേഹം തയ്യാറായില്ല. വിദ്യാഭ്യാസകാലത്ത് ക്ലാസ് മുറികളിലെ ‘മോണിറ്റർ’ ആയിരുന്നതിനാൽ ഉപയോഗിച്ചിരുന്ന ‘ചട്ടമ്പി’ എന്ന സ്ഥാനപ്പേരിൽ തന്നെ അദ്ദേഹം പിൽക്കാലത്തെ സന്യാസജീവിതത്തിലും അറിയപ്പെട്ടു. സന്യാസജീവിതത്തിന്റെ പരമ്പരാഗത വഴികളിലൂടെ അദ്ദേഹം നടന്നതുമില്ല. ആധ്യാത്മിക–-തത്വചിന്തയും യോഗശാസ്ത്രവുംമുതൽ സംഗീതവും പ്രാചീനചരിത്രവുംവരെയുള്ള മേഖലകളിൽ അതുല്യജ്ഞാനം അദ്ദേഹത്തിനുണ്ടായിരുന്നു.

പത്തൊമ്പതാം നൂറ്റാണ്ടിലെ മതനവീകരണ സംരംഭങ്ങൾക്ക് രണ്ടുതരം അടിസ്ഥാനസ്വഭാവങ്ങളാണ് ഉണ്ടായിരുന്നത്. അതിലാദ്യത്തേത് പാശ്ചാത്യവിദ്യാഭ്യാസം നൽകിയ പുതിയ അറിവുകളുടെ വെളിച്ചത്തിൽ മതത്തെ നവീകരിക്കാനുള്ള ശ്രമങ്ങളാണ്. രാജാ റാംമോഹൻ റായ് ഉൾപ്പെടെയുള്ള ഒട്ടനവധി പേരുടെ പരിഷ്കരണശ്രമങ്ങളുടെ അടിസ്ഥാനം അതായിരുന്നു. രണ്ടാമത്തേതാകട്ടെ, മതത്തിലെ അടിസ്ഥാനസങ്കല്പങ്ങളെ തന്നെ മുൻനിർത്തി ആചാരലോകത്തെയും ജാതിവ്യവസ്ഥയെയും അനുഷ്ഠാന ക്രിയകളെയും വെല്ലുവിളിക്കാനും മറികടക്കാനുമുള്ള ശ്രമങ്ങളാണ്. സ്വാമി വിവേകാനന്ദൻമുതൽ ചട്ടമ്പിസ്വാമികൾവരെയുള്ളവരുടെ മതനവീകരണശ്രമങ്ങൾ ഏറിയ പങ്കും ഈ രണ്ടാമത്തെ വഴിയിലൂടെയായിരുന്നു. ഈ രണ്ടു ധാരയും പരസ്പരവിരുദ്ധമായിരുന്നു എന്നല്ല. അതിനപ്പുറം അവയ്ക്കിടയിൽ പരസ്പര പൂരകമായ ധാരാളം ഘടകങ്ങൾ ഉണ്ടായിരുന്നുതാനും.

ചട്ടമ്പിസ്വാമികളുടെ ഈ ദിശയിലുള്ള പ്രവർത്തനങ്ങൾ മൂന്ന് രൂപത്തിലാണ് എന്നുപറയാം. പ്രാചീനമായ ആധ്യാത്മികവിജ്ഞാനത്തെ വ്യാഖ്യാനങ്ങളിലൂടെയും വിശദീകരണങ്ങളിലൂടെയും സമകാലികമായി പുനരവതരിപ്പിക്കുന്ന വൈജ്ഞാനികതയുടെ വഴിയാണ് അതിലാദ്യത്തേത്. ചട്ടമ്പിസ്വാമികളുടെ അതിവിപുലമായ രചനാസഞ്ചയത്തിലെ വലിയൊരു വിഭാഗം ഈ നിലയിലുള്ളവയാണ്. അദ്വൈതചിന്താപദ്ധതി, ജീവകാരുണ്യനിരൂപണം, നിജാനന്ദവിലാസം, പ്രണവവും സാംഖ്യദർശനവും, ശ്രീചക്ര പൂജാകൽപം തുടങ്ങിയ  രചനകളിലൊക്കെ ഇതിന്റെ അടയാളങ്ങൾ പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ആധ്യാത്മിക വിജ്ഞാനത്തിന്റെ ബലിഷ്ഠവും സമകാലികവുമായ ഒരടിത്തറയിൽ നിലയുറപ്പിക്കാനും നവീകരണ ശ്രമങ്ങളുടെ ആധാരമായി അതിനെ ഉപയോഗപ്പെടുത്താനും അദ്ദേഹത്തിന് കഴിഞ്ഞു.
ഹിന്ദുമതത്തിലെ ശ്രേണീകൃതവ്യവസ്ഥയെയും ആചാരലോകത്തെയും മതപാരമ്പര്യത്തിലെ അടിസ്ഥാനാശയങ്ങളെ തന്നെ മുൻനിർത്തി ചോദ്യം ചെയ്യുകയും മറികടക്കുകയും ചെയ്യുന്ന നവീകരണത്തിന്റെ വഴിയാണ് രണ്ടാമത്തേത്.

ശൂദ്രർക്കും സ്ത്രീകൾക്കും വേദാധികാരം നിഷേധിക്കുന്ന ബ്രാഹ്മണ്യത്തിന്റെ ആചാരവ്യവസ്ഥയെ വേദപാരമ്പര്യത്തിൽനിന്നുള്ള ആന്തരികയുക്തികൾ കൊണ്ടുതന്നെ വെല്ലുവിളിക്കുകയാണ് അദ്ദേഹം ചെയ്തത്

ചട്ടമ്പിസ്വാമികൾ വലിയൊരു പരിഷ്കർത്താവായി ഉയർന്നുവരുന്ന സ്ഥാനമാണത്. ബ്രാഹ്മണ്യത്തിന്റെ ധൈഷണികാധിപത്യത്തിനെതിരെ എഴുതപ്പെട്ട ആദ്യകൃതിയായി വിശേഷിപ്പിക്കപ്പെടാറുള്ള ചട്ടമ്പിസ്വാമികളുടെ വേദാധികാരനിരൂപണം അസാധാരണമായ ഒരു വൈജ്ഞാനിക കലാപമാണ്. ശൂദ്രർക്കും സ്ത്രീകൾക്കും വേദാധികാരം നിഷേധിക്കുന്ന ബ്രാഹ്മണ്യത്തിന്റെ ആചാരവ്യവസ്ഥയെ വേദപാരമ്പര്യത്തിൽനിന്നുള്ള ആന്തരികയുക്തികൾ കൊണ്ടുതന്നെ വെല്ലുവിളിക്കുകയാണ് അദ്ദേഹം ചെയ്തത്. വേദസ്വരൂപം, വേദപ്രാമാണ്യം, അധികാരനിരൂപണം, പ്രമാണാന്തരവിചാരം, യുക്തിവിചാരം എന്നീ അഞ്ച് അധ്യായത്തിലൂടെ വേദാധികാരത്തെ സംബന്ധിച്ച സമഗ്രവും സൂക്ഷ്മവുമായ ആഭ്യന്തരപരിശോധനയ്ക്ക് അദ്ദേഹം തയ്യാറായി. വേദങ്ങൾ അപൗരുഷേയമാണെന്ന ബ്രാഹ്മണ്യത്തിന്റെ വിശ്വാസത്തെ ചട്ടമ്പിസ്വാമികൾ അംഗീകരിച്ചില്ല. വേദങ്ങൾ മനുഷ്യനിർമിതവും ചരിത്രപരവുമാണെന്ന നിലപാടാണ് അദ്ദേഹം പുലർത്തിയത്. അതുകൊണ്ടുതന്നെ കാലദേശാദികളെ കണക്കാക്കാത്ത വേദവിധികളെ അതേപടി ആദരിക്കേണ്ടതില്ലെന്നും അദ്ദേഹം കരുതി. സ്ത്രീകൾക്കും ശൂദ്രർക്കും വേദാധികാരം നിഷേധിക്കുന്ന ശാസനങ്ങളെ സയുക്തികമായി ഖണ്ഡിക്കുകയും ചെയ്തു. ആഗ്രഹിക്കുന്ന ആർക്കും ജ്ഞാനം പകരുന്നതാണ് പരമമായ ധർമവും കരുണയും എന്ന് അദ്ദേഹം പ്രസ്താവിച്ചു.

ഏവരുടെയും സ്വഭാവത്തെ പരിശുദ്ധമാക്കേണ്ട വേദത്തിന് ശൂദ്രരുടെ അധ്യയനത്താൽ മഹിമ കുറഞ്ഞുപോവുമെങ്കിൽ ആ മഹിമ എത്രത്തോളം നിലനിൽക്കും എന്ന താർക്കികമായ ചോദ്യം ചട്ടമ്പിസ്വാമികൾ ഉയർത്തുന്നുണ്ട്. ഈ നിലപാടാണ് ക്ഷേത്രപ്രവേശനത്തെ സംബന്ധിച്ചും അദ്ദേഹം പുലർത്തിയത്. “പൂജാവിധികൾ വശമുള്ളവർക്ക് ഏതമ്പലത്തിലും കയറി ഏതു ദേവനെയും ദേവിയെയും പൂജിക്കാം. അതിൽ കവിഞ്ഞതിലൊന്നുമില്ല. ദൈവത്തിന് അസമത്വമുണ്ടോ? അത് മനുഷ്യരിൽ ചിലർക്ക് മാത്രമാണുള്ളത്. അവർ മനുഷ്യരുമല്ല” എന്നതായിരുന്നു ചട്ടമ്പിസ്വാമികളുടെ ഇക്കാര്യത്തിലുള്ള ഖണ്ഡിതമായ നിലപാട്. കുമ്പളത്തു ശങ്കുപിള്ള തന്റെ കഴിഞ്ഞകാലസ്മരണകളിൽ ഇക്കാര്യം രേഖപ്പെടുത്തുന്നുണ്ട്. ഇക്കാലത്തും വലിയ അനുരണനങ്ങളുള്ള വാക്കുകളാണിവ.

ചട്ടമ്പിസ്വാമിയുടെ പ്രാചീനമലയാളം. കേരളം പരശുരാമസൃഷ്ടമാണെന്ന ഐതിഹ്യത്തെയും ബ്രാഹ്മണർക്ക് സവിശേഷാധികാരം പരശുരാമൻ വഴി കൈവന്നതാണെന്ന പരമ്പരാഗത വിശ്വാസത്തെയും കടപുഴക്കുകയാണ് അദ്ദേഹം ചെയ്തത്

ഇത്രതന്നെ പ്രാധാന്യവും വിപ്ലവകരമായ ഉള്ളടക്കവുമുള്ള രണ്ട് രചനയാണ് ചട്ടമ്പിസ്വാമികളുടെ പ്രാചീനമലയാളവും ആദിഭാഷയും. നവോത്ഥാനചരിത്രത്തിൽ മറ്റൊരു സന്യാസിയും ഈ നിലയിലുള്ള ചരിത്രപരവും ഭാഷാവിജ്ഞാനപരവുമായ അന്വേഷണത്തിന് മുതിർന്നിട്ടില്ല എന്നുതന്നെ പറയാം. കേരളത്തിന്റെ പ്രാചീന ചരിത്രത്തിലേക്കുള്ള ഒരു സമഗ്രസഞ്ചാരമാണ് ചട്ടമ്പിസ്വാമിയുടെ പ്രാചീനമലയാളം. കേരളം പരശുരാമസൃഷ്ടമാണെന്ന ഐതിഹ്യത്തെയും ബ്രാഹ്മണർക്ക് സവിശേഷാധികാരം പരശുരാമൻ വഴി കൈവന്നതാണെന്ന പരമ്പരാഗത വിശ്വാസത്തെയും കടപുഴക്കുകയാണ് അദ്ദേഹം ചെയ്തത്. ആ നിലയിൽ വേദാധികാരനിരൂപണത്തിലെ ദാർശനിക വിപ്ലവത്തിന് ചരിത്രവിജ്ഞാനപരമായ ഒരു തുടർച്ച സൃഷ്ടിക്കുകയാണ്  ചെയ്തത്. ആദിഭാഷ എന്ന കൃതിയിലൂടെ മലയാളത്തിനു മുകളിലുള്ള സംസ്കൃതത്തിന്റെ അധികാര സങ്കല്പത്തെയും അദ്ദേഹം വെല്ലുവിളിച്ചു. തമിഴിന്റെ പ്രാചീനതയേയും മലയാളത്തിന് അതുമായുള്ള ബന്ധത്തെയുമാണ് ചട്ടമ്പിസ്വാമി ഉയർത്തിപ്പിടിച്ചത്. പ്രാചീനമലയാളം എന്ന കൃതിയിലെ ആശയങ്ങൾക്ക് ആദിഭാഷയിൽ ഭാഷാവിജ്ഞാനപരമായ പൂർത്തി കൈവന്നതായി പറയാം.

ഈ നിലയിൽ ബ്രാഹ്മണാധിപത്യത്തിന്റെ ഹുംകൃതികൾക്കെതിരെ ദാർശനികവും ചരിത്രപരവും ഭാഷാപരവും ഒക്കെയായ പ്രതിരോധം തീർക്കാൻ ചട്ടമ്പിസ്വാമികൾക്ക് കഴിഞ്ഞു. ഇതോടൊപ്പം, ക്രൈസ്തവ മിഷനറിമാർ ഹിന്ദുമതത്തിനെതിരായി ഉന്നയിച്ച വിമർശനങ്ങളെ നേരിടാനും അദ്ദേഹം തയ്യാറായി; ക്രിസ്തുമതഛേദനം എന്ന കൃതിയിൽ. പി ഗോവിന്ദപ്പിള്ള ചൂണ്ടിക്കാണിക്കുന്നതുപോലെ, ഇന്നത്തെ മൂല്യങ്ങളിൽനിന്ന് വിലയിരുത്തുമ്പോൾ അന്യമതവിമർശനത്തിന്റെ അളവ് ഏറിപ്പോയതായി തോന്നാവുന്ന ഒരു രചനയാണത്. നവോത്ഥാനകാലത്തെ മതസംവാദങ്ങളുടെ പൊതുപ്രകൃതം അതായിരുന്നുവെന്ന കാര്യം ഓർക്കാവുന്നതാണ്. ദയാനന്ദസരസ്വതിയുടെ സത്യാർത്ഥപ്രകാശംമുതൽ മക്തി തങ്ങളുടെ കഠോരകുഠാരംവരെയുള്ള രചനകളിൽ ഇത്തരത്തിൽ ഇതര മതവിമർശനത്തിന്റെ രൂക്ഷസ്വരം കേൾക്കാനാവും. ആ കാലത്തിന്റെ പരിമിതിയായിരുന്നു അത്.

നവോത്ഥാനചരിത്രം ജൻമം നൽകിയ വിമർശനാവബോധത്തിന്റെ വലിയ പ്രകാശസ്ഥാനമായിരുന്നു ചട്ടമ്പിസ്വാമികൾ. ആധുനിക കേരളത്തിലേക്കുള്ള പരിവർത്തനപ്രക്രിയയിൽ അദ്ദേഹം നൽകിയ സംഭാവനയും മറ്റൊന്നല്ല. ആ വിമർശനാവബോധത്തെ നിലനിർത്തുക എന്നതാണ് ചട്ടമ്പിസ്വാമികൾക്കുള്ള ഉചിതമായ സ്മരണാഞ്ജലി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top