20 May Friday

യാങ്കിവാലിൽ തൂങ്ങുന്നത്‌ ആര്‌ ?‐ കോടിയേരി ബാലകൃഷ്‌ണൻ എഴുതുന്നു

കോടിയേരി
 ബാലകൃഷ്ണൻUpdated: Friday Jan 21, 2022

സിപിഐ എം 23-ാം പാർടി കോൺഗ്രസിന്റെ ഭാഗമായുള്ള ജില്ലാസമ്മേളനങ്ങളിൽ ചൈനയെ വിലയിരുത്തി നേതാക്കൾ നടത്തിയ പ്രസംഗത്തെ വലിയൊരു ‘രാഷ്ട്രീയ ഭൂകമ്പ’മാക്കാൻ കോൺഗ്രസ്‌–-ബിജെപി ഉൾപ്പെടെയുള്ള കക്ഷികളും കമ്യൂണിസ്റ്റ്‌ വിരുദ്ധ കേന്ദ്രങ്ങളും അസാധാരണ ഉത്സാഹം കാണിക്കുകയാണ്‌. ചൈനയെന്ന്‌ മിണ്ടിപ്പോയാൽ രാജ്യദ്രോഹമാകുമെന്ന വിധത്തിലാണ്‌ ഇക്കൂട്ടരുടെ നിലപാട്‌.

ലോകത്തെ രണ്ടാമത്തെ വലിയ സാമ്പത്തികശക്തിയായി ചൈന വളർന്നുവെന്ന വിലയിരുത്തൽ നടത്തിയതിന്‌ പാർടി പൊളിറ്റ്‌ബ്യൂറോ അംഗം എസ്‌ രാമചന്ദ്രൻപിള്ളയെ ഇക്കൂട്ടർ കടന്നാക്രമിക്കുകയാണ്‌. രാജ്യദ്രോഹത്തിന്‌ കേസ്‌ എടുക്കണമെന്നാണ്‌ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രന്റെ ആവശ്യം. ഇതുകേട്ട്‌ സംഘപരിവാറുകാർ എസ്‌ ആർ പിക്കും മറ്റ്‌ കമ്യൂണിസ്റ്റ്‌ നേതാക്കൾക്കും ചൈനീസ്‌ പാസ്‌പോർട്ടും വിമാനടിക്കറ്റും ഓഫർ ചെയ്‌ത്‌ രംഗത്തുവരുമോ എന്നറിയില്ല. പക്ഷേ, ‘കണ്ടൻപൂച്ചയ്‌ക്ക്‌ മീൻചട്ടി’ കൂട്ടെന്നപോലെ കെ സി വേണുഗോപാലാദി കോൺഗ്രസ്‌ നേതാക്കൾ ബിജെപിയുടെ വാലിൽത്തൂങ്ങി  മുരത്ത  ചൈനാവിരുദ്ധരായിരിക്കുകയാണ്‌.

സോവിയറ്റ്‌ യൂണിയൻ നിലനിന്ന കാലത്ത്‌ ഇവിടത്തെ കമ്യൂണിസ്റ്റുകാർക്കെതിരെ ‘മോസ്‌കോയിൽ മഴപെയ്‌താൽ കേരളത്തിൽ കുടപിടിക്കുന്നവർ’ എന്ന പരിഹാസം ചിലർ നടത്തിയിരുന്നു. അതിനെ കടത്തിവെട്ടുകയാണ്‌ ഇപ്പോൾ. വ്യക്തമായ തത്വശാസ്‌ത്രമോ കാഴ്‌ചപ്പാടോ ഇല്ലാത്ത, അന്നന്നത്തെ കാര്യം നോക്കി തരംപോലെ പെരുമാറുന്ന സ്ഥാപിതതാൽപ്പര്യ പാർടിയല്ല സിപിഐ എം. മാർക്‌സിസം–-ലെനിനിസം എന്ന ശാസ്‌ത്രീയ വീക്ഷണത്തോടെ എല്ലാ പ്രശ്‌നത്തെയും സമീപിക്കുന്ന പാർടിയാണ്‌. അതുകൊണ്ടുതന്നെ, മറ്റ്‌ പാർടികളിൽനിന്ന്‌ വ്യത്യസ്‌തമാണ്‌. ഇന്ത്യയിൽ സോഷ്യലിസം സ്ഥാപിക്കാനായി നിലകൊള്ളുന്ന പാർടിയാണ്‌. എന്നാൽ, ഉടനടി സോഷ്യലിസം പറ്റില്ല. അതിനാൽ ആദ്യം പൂർത്തിയാക്കേണ്ടത്‌ ജനകീയ ജനാധിപത്യ വിപ്ലവമാണ്‌. അതിനുള്ള പരിപാടിയാണ്‌ സിപിഐ എം അംഗീകരിച്ചിരിക്കുന്നത്‌. ഇപ്രകാരം വിഭാവനം ചെയ്‌തിട്ടുള്ള ജനകീയ ജനാധിപത്യ മുന്നേറ്റത്തിന്‌ പല ഗതിവിഗതികളുണ്ട്‌. വേലിയേറ്റത്തിന്റെയും വേലിയിറക്കത്തിന്റെയും ഉപ കാലഘട്ടങ്ങളുണ്ട്‌. അതെല്ലാം കണക്കിലെടുത്ത്‌, അന്നന്നത്തെ സ്ഥിതിഗതികൾക്കൊത്ത്‌ ഫലപ്രദമാകുന്ന അടവുകൾ സ്വീകരിക്കേണ്ടതുണ്ട്‌. അതിനാണ്‌ സിപിഐ എം 23-ാം പാർടി കോൺഗ്രസ്‌ ഏപ്രിലിൽ കണ്ണൂരിൽ ചേരുന്നത്‌.

കമ്യൂണിസ്റ്റുകാരും ദേശസ്നേഹവും


അപ്പോൾ മുതലാളിത്തത്തിൽനിന്ന്‌ സോഷ്യലിസത്തിലേക്കുള്ള പരിവർത്തനത്തിന്റെതായ ഈ യുഗത്തിലെ സാർവദേശീയ കാഴ്‌ചപ്പാടും അവതരിപ്പിക്കുകയെന്നത്‌ ഒരു കമ്യൂണിസ്റ്റ്‌ പാർടിയുടെ മൗലിക കടമയാണ്‌.  കരട്‌ രാഷ്ട്രീയപ്രമേയം  സ്വീകരിക്കുമ്പോൾ ഇക്കാര്യങ്ങൾ വ്യക്തമാകും. സോവിയറ്റ്‌ യൂണിയൻ ഇല്ലാതായെങ്കിലും ഇന്നും ലോകത്തെ മുഖ്യവൈരുദ്ധ്യം സാമ്രാജ്യത്വവും സോഷ്യലിസവും തമ്മിലാണ്‌. അതുകൊണ്ടുതന്നെ, സാമ്രാജ്യത്വത്തിന്റെ തലതൊട്ടപ്പനായ അമേരിക്കൻ ഭരണകൂടത്തെയും സോഷ്യലിസ്റ്റ്‌ ലോകത്തെ പ്രമുഖശക്തിയായ ജനകീയ ചൈനയെയും വിലയിരുത്തുക കമ്യൂണിസ്റ്റ്‌ പാർടി സമ്മേളനത്തിന്റെ സ്വഭാവിക രീതിയാണ്‌. സോഷ്യലിസം ഇന്ത്യൻ മണ്ണിന്‌ പാകമല്ലെന്ന്‌ വരുത്താനുള്ള പ്രചാരണമാണ്‌ ശത്രുപക്ഷം നടത്തുന്നത്‌. പക്ഷേ, 21-ാം നൂറ്റാണ്ടിന്റെ ഇനിയുള്ള കാലം മുതലാളിത്തത്തിന്റെയോ മതാധിഷ്‌ഠിത സേച്ഛാധിപത്യത്തിന്റെയോ കാലമല്ല. ലോകമൊട്ടുക്കും സോഷ്യലിസവും സോഷ്യലിസ്റ്റ്‌ ചിന്തയാൽ നയിക്കപ്പെടുന്ന ഇടതുപക്ഷവും വിജയിക്കുന്ന നൂറ്റാണ്ടാകും.

സിപിഐ എമ്മിന്‌ ദേശസ്നേഹമില്ലെന്നും അവർക്ക്‌ കൂറ്‌ സോഷ്യലിസ്റ്റ്‌ രാജ്യങ്ങളോടാണെന്നും സ്ഥാപിക്കാൻ വേണ്ടിയാണ്‌ ബിജെപി-കോൺഗ്രസാദി സാമ്രാജ്യത്വാനുകൂലികൾ പാർടിക്കെതിരെ ചൈനാവിരുദ്ധ ഗോഗ്വാ...വിളി നടത്തുന്നത്‌. ‘ചൈനയെ പ്രകീർത്തിച്ച്‌ എസ്‌ ആർ പിയും വിമർശിച്ച്‌ പിണറായിയും’ എന്ന  വിധത്തിൽ രണ്ടുപക്ഷം എന്നുവരുത്താൻ ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നുണ്ട്‌. ഇത്‌ അസംബന്ധമാണ്‌. ചൈന ആർജിച്ച നേട്ടവും ജനജീവിതം കൂടുതൽ ഐശ്വര്യപൂർണമായതും രണ്ട്‌ നേതാക്കളും ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. 1921ൽ സ്ഥാപിതമായ ചൈനീസ്‌ കമ്യൂണിസ്റ്റ്‌ പാർടിയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച്‌ 2021 നവംബറിൽ പാർടിയുടെ ആറാം പ്ലീനം നടന്നു. അപ്പോൾ ചൈനീസ്‌ പ്രസിഡന്റ്‌ ഷി ജിൻപിങ് നടത്തിയ പ്രഖ്യാപനം ലോകം ശ്രദ്ധയോടെ കേട്ടതാണ്‌. ദാരിദ്ര്യം രാജ്യത്ത്‌ സമ്പൂർണമായി ഇല്ലാതാക്കാൻ കഴിഞ്ഞുവെന്നും  ചൈനയെ മിത സമ്പന്നരാജ്യമാക്കിയെന്നുമായിരുന്നു വ്യക്തമാക്കിയത്‌.

പട്ടിണി മാറ്റി ചൈന
പട്ടിണി കൂടി ഇന്ത്യ


ചൈനയുടെ പ്രതിശീർഷ വരുമാനം 1978ൽ 200 ഡോളറായിരുന്നുവെങ്കിൽ 2021ൽ 12,536 ഡോളർ കടന്നു. ഒരു ചൈനീസ്‌ പൗരന്റെ വാർഷിക വരുമാനം ഒമ്പതേകാൽ ലക്ഷം രൂപയിൽ അധികമാണ്‌. ഇത്‌ മോദിഭരണ സ്‌തുതിപാഠകർക്ക്‌ പൊള്ളും. രാജ്യം കൂടുതൽകാലം ഭരിച്ച കോൺഗ്രസിനും രുചിക്കില്ല. കാരണം, ആഗോള പട്ടിണി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 101 ആണല്ലോ. 2020ലെ 94-ാം സ്ഥാനത്തുനിന്നാണ്‌ 2021ൽ 101ലേക്ക്‌ പിന്തള്ളപ്പെട്ടത്‌. ചൈനയും ക്യൂബയുമെല്ലാം ദാരിദ്ര്യമില്ലായ്‌മയിലാണ്‌ ഒന്നാംസ്ഥാനത്തുള്ളത്‌.


വർഗീയാധിപത്യത്തിന്റെയും കോർപറേറ്റ്‌ മേധാവിത്വത്തിന്റെതുമായ ആഗോളവൽക്കരണ നയമാണ്‌ മോദി ഭരണത്തിന്റേത്‌. ചൈന പട്ടിണി തുടച്ചുമാറ്റിയതും മിത സമ്പന്നരാജ്യമായതും അത്ഭുതകരമായ സാമ്പത്തികവളർച്ച നേടിയതും ശാസ്‌ത്ര–-സാങ്കേതിക രംഗങ്ങളിൽ മുന്നിലായതും ചൂണ്ടിക്കാട്ടുന്നത്‌ മോദി ഭരണത്തിനും സംഘപരിവാറിനും ഇഷ്ടപ്പെടില്ല. അതുകൊണ്ടാണ്‌, ചൈനയെ ഒറ്റപ്പെടുത്താനുള്ള അമേരിക്കൻ തന്ത്രത്തിൽ ഇന്ത്യ പങ്കാളിയായിരിക്കുന്നത്‌. ഇത്‌ ഇന്ത്യൻ ജനതയുടെ താൽപ്പര്യത്തിന്‌ എതിരാണ്‌. എന്നാൽ, ഈ നയത്തിന്റെ പെട്ടിപ്പാട്ടുകാരായി കോൺഗ്രസ്‌ നേതാക്കൾ മാറിയിരിക്കുകയാണ്‌. കോൺഗ്രസിന്റെ അമേരിക്കൻ ദാസ്യവൃത്തികാരണമാണെല്ലോ ഒന്നാം യുപിഎ സർക്കാരിനുള്ള പിന്തുണ ഇടതുപക്ഷം പിൻവലിച്ചത്‌. മോദി ഭരണത്തിനൊപ്പംനിന്ന്‌ യാങ്കിക്കൂറും ചൈനാവിരോധവും അഭംഗുരം തുടരുകയാണ്‌ കോൺഗ്രസ്‌.

കോൺഗ്രസിന്റെ
പാകിസ്ഥാൻവിരുദ്ധത


അന്ധമായ കമ്യൂണിസ്റ്റ്‌ വിരോധവും അണപൊട്ടുന്ന അമേരിക്കൻ പ്രിയവുമാണ്‌ ചൈനാ വിരുദ്ധതയ്‌ക്ക്‌ മുഖ്യപ്രേരണ. ഈ നയത്തിന്റെതന്നെ മറ്റൊരുഭാഗമാണ്‌ പാകിസ്ഥാൻ വിരുദ്ധതയിൽ ബിജെപിയും കോൺഗ്രസും മത്സരിക്കുന്നത്‌. പാകിസ്ഥാൻ വിരുദ്ധതയ്‌ക്ക്‌ അടിസ്ഥാനം  ഇന്ത്യയിൽ മുസ്ലിംവിരുദ്ധ വികാരം സൃഷ്ടിക്കുക എന്നതാണ്‌. അതിലൂടെ ഹിന്ദുവോട്ട്‌ സമ്പാദിക്കുക അല്ലെങ്കിൽ നഷ്ടപ്പെടാതിരിക്കുക എന്നതാണ്‌ ലക്ഷ്യം. ലോകമേ തറവാട്‌ എന്നതായിരുന്നു മഹാത്മാഗാന്ധിയുടെയും ജവാഹർലാൽ നെഹ്‌റുവിന്റെയും ചിന്താഗതി. ഇന്ത്യ വിഭജന കരാർപ്രകാരമുള്ള പണം പാകിസ്ഥാന്‌ ഇന്ത്യ നൽകണമെന്ന്‌ ആവശ്യപ്പെട്ടതും പാകിസ്ഥാൻ ജനതയെ സഹോദരങ്ങളായി കാണണമെന്ന നിലപാട്‌ സ്വീകരിച്ചതിനുമാണെല്ലോ ഗാന്ധിജിയെ ആർഎസ്‌എസ്‌ വിഷം കയറിയ ഗോഡ്‌സെ സംഘം വെടിവച്ചുകൊന്നത്‌. എന്നാൽ, ആ ഗോഡ്‌സെ സംഘത്തിന്റെ ആശയത്തിലും നിലപാടിലുമാണ്‌ രാഹുൽ ഗാന്ധിയും കൂട്ടരും എന്നതാണ്‌ ഇന്നത്തെ വൈകൃതം.

പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാൻ തനിക്ക്‌ ജ്യേഷ്‌ഠതുല്യനാണെന്ന്‌ പഞ്ചാബ്‌ പിസിസി പ്രസിഡന്റ്‌ നവ്‌ജ്യോത്‌ സിങ്‌ സിദ്ദു പറഞ്ഞപ്പോൾ അതിനെ കോൺഗ്രസ്‌ വക്താവിനെക്കൊണ്ട്‌ തള്ളിപ്പറയിച്ചു രാഹുൽ നയിക്കുന്ന കോൺഗ്രസ്‌. ഖലിസ്ഥാൻവാദികളെയും ഭീകരവാദികളെയും അതിർത്തികടത്തിവിടുന്ന ഇമ്രാനെ സഹോദരനായി കാണാനാകില്ലെന്ന്‌ മനീഷ്‌ തിവാരി ഉൾപ്പെടെയുള്ളവർ അഭിപ്രായപ്പെട്ടു. വിസ കൂടാതെ അതിർത്തി കടന്ന്‌ ഗുരുനാനാക്ക്‌ സ്ഥാപിച്ച ഗുരുദ്വാര സന്ദർശിക്കാൻ പാകിസ്ഥാൻ സർക്കാർ കർതാർപ്പുർ ഇടനാഴി ഒരുക്കി. അതുമായി ബന്ധപ്പെട്ട്‌ എത്തിയ ഇമ്രാൻഖാന്റെ പ്രതിനിധിയോടാണ്‌ ഇമ്രാൻ തനിക്ക്‌ ജ്യേഷ്‌ഠതുല്യനാണെന്ന്‌ സൂചിപ്പിച്ചത്‌.

രാജീവ് ഗാന്ധിയുടെ
ചൈനാ സൗഹൃദനയം


പാക്‌ പ്രധാനമന്ത്രിയായിരുന്ന നവാസ്‌ ഷെരീഫിന്റെ പേരമകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ 2015ൽ നരേന്ദ്ര മോദി ലാഹോർ സന്ദർശിച്ചപ്പോൾ മോദിയുടെയും കൂട്ടരുടെയും ഇരട്ടത്താപ്പിനെ സംഘപരിവാറിന്റെ പാക്‌വിദ്വേഷ രാഷ്‌ട്രീയത്തെയും വിവാഹ സൽക്കാരത്തിലെ മോദിയുടെ പങ്കാളിത്തത്തെയും സിപിഐ എം ജനറൽസെക്രട്ടറി സീതാറാം യെച്ചൂരി തുറന്നുകാട്ടി. എന്നാൽ, അതിൽനിന്ന്‌ വ്യത്യസ്‌തമായി പാകിസ്ഥാന്റെ ‘പോസ്റ്റർ ബോയ്‌’ എന്ന്‌ വിശേഷിപ്പിച്ച്‌ മോദിയെ വിമർശിക്കുകയായിരുന്നു രാഹുൽ. സിപിഐ എമ്മിന്‌ മോദിഭരണത്തോടും മോദിയോടും അശേഷം ചായ്‌വില്ല. പക്ഷേ, അയൽരാജ്യങ്ങളെ ശത്രുരാജ്യങ്ങളായി പ്രഖ്യാപിച്ച്‌ അങ്കം വെട്ടണമെന്നത്‌ പ്രാകൃതചിന്തയാണ്‌. അതിലാണ്‌ കോൺഗ്രസ്‌ ഇന്ന്‌ ചുറ്റിത്തിരിയുന്നത്‌.  ഇത്‌  മോദി ഭരണത്തിന്റെ സങ്കുചിത ദേശീയവാദത്തിന്‌ ലഹരി പകരുന്ന നടപടിയാണ്‌.

കോൺഗ്രസിന്റെ ഇന്നത്തെ ചൈനാവിരുദ്ധ ഹിസ്റ്റീരിയ നയം ആധുനികകാലത്തിന്‌ യോജിച്ചതല്ല. രാഹുലിന്റെ പിതാവ്‌ രാജീവ്‌ഗാന്ധിയുടെ ഭരണകാലത്തെ എങ്ങനെ രാഹുൽ വിശദീകരിക്കുമെന്നത്‌ കൗതുകകരമാണ്‌. ഇന്ത്യയും ചൈനയും ജനസംഖ്യയിൽ ലോകത്തെ ഏറ്റവും വലിയ രാജ്യങ്ങളാണ്‌. രണ്ടും ആണവശക്തികളാണ്‌. അതിർത്തി തർക്കം യുദ്ധത്തിലൂടെ പരിഹരിക്കാം എന്നുവന്നാൽ സർവനാശമാകും ഫലം. അതുകൊണ്ടാണ്‌ എത്രയോ കാലമായി തുടരുന്ന അതിർത്തി തർക്കം പരസ്‌പര ചർച്ചകളിലൂടെ തീർക്കുകയെന്ന നയം രാജീവ്‌ഗാന്ധി സർക്കാർ സ്വീകരിച്ചത്‌. അതിനുവേണ്ടി ഇന്ത്യ–-ചൈന ബന്ധങ്ങൾ സാധാരണനിലയിലാക്കുന്നതിന്‌ ചൈനാസന്ദർശനം ഉൾപ്പെടെ സ്വീകരിച്ച രാജീവ്‌ഗാന്ധി അബദ്ധംചെയ്‌തുവെന്ന്‌ രാഹുൽ പറയുമോ?

1989ൽ പ്രധാനമന്ത്രിയായിരിക്കെ രാജീവ്‌ഗാന്ധി ചൈന സന്ദർശിച്ചപ്പോഴുള്ള രംഗങ്ങൾ ചരിത്രരേഖയാണ്‌. ഇന്ത്യ–-ചൈന ഭായ്‌ ഭായ്‌ എന്ന തന്റെ മുത്തച്ഛന്റെ കാലത്തെ മുദ്രാവാക്യം വീണ്ടും ഉയർത്താനാണ്‌ തനിക്ക്‌ ആഗ്രഹമെന്ന്‌ രാജീവ്‌ഗാന്ധി അന്ന്‌ പറഞ്ഞില്ലേ. അന്ന്‌ നാല്‌ സുപ്രധാന കരാർ ഒപ്പിട്ടു. ഇന്ത്യ–-ചൈന യുദ്ധത്തെ ഓർമപ്പെടുത്തി ‘നാം ഭൂതകാലത്തിന്റെ അടിമകളായിക്കൂടാ’ എന്നും രാജീവ്‌ഗാന്ധി പറഞ്ഞു. അന്നത്തെ അനിഷേധ്യ ചൈനീസ്‌ നേതാവ്‌  ദെങ്‌ സിയാവോ പിങ്‌ രാജീവുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. താങ്കളുടെ മുത്തച്ഛൻ ജവാഹർലാൽ നെഹ്‌റുവിനെ 1954ൽ ചൈനയിൽ സ്വീകരിക്കാൻ താനുണ്ടായിരുന്നുവെന്ന്‌ ദെങ്‌ ഓർമപ്പെടുത്തി. ഇനിമുതൽ രണ്ട്‌ രാജ്യത്തെയും നേതാക്കളും സർക്കാരും ജനങ്ങളും തമ്മിൽ സുഹൃത്തുക്കളാണെന്ന ദെങ്ങിന്റെ വാക്കിനെ രാജീവ്‌ പിന്താങ്ങി. തന്റെ മുത്തച്ഛനും ചൈനീസ്‌ നേതാവ്‌ ചൗ എൻലായിയുംകൂടി രൂപം നൽകിയ പഞ്ചശീല തത്വങ്ങളെ ഇന്ത്യ മുറുകെ പിടിക്കുമെന്നും രാജീവ്‌ഗാന്ധി പറഞ്ഞിരുന്നു.

ഇന്നത്തെ കോൺഗ്രസിന്റെ അളവുകോലുവച്ചാണെങ്കിൽ രാജീവ്‌ഗാന്ധി രാജ്യദ്രോഹിയാകും. നയതന്ത്രതലത്തിൽ ചൈനയെ ശത്രുരാജ്യമായി മോദി സർക്കാർപോലും പ്രഖ്യാപിച്ചിട്ടില്ല. വ്യാപാര–-വ്യവസായ–-സാമ്പത്തിക ബന്ധങ്ങളും ഇടപാടുകളും ഇരുരാജ്യവും നടത്തുന്നുണ്ട്‌. അതിർത്തി തർക്കത്തിന്റെ വിഷയത്തിലാകട്ടെ, രണ്ട്‌ രാജ്യവും തമ്മിൽ കൂടിയാലോചനകളും നീക്കുപോക്കുകളും ഉണ്ടാകുന്നുണ്ട്‌. ചില മേഖലകളിൽ തർക്കം തീരുന്നുമില്ല. ഇതൊന്നും കാണാതെ ചൈനയെപ്പറ്റി പറഞ്ഞാൽ രാജ്യദ്രോഹമാകുമെന്ന സങ്കൽപ്പം തികഞ്ഞ മൂഢതയാണ്‌.

ഇന്ത്യയെ സോഷ്യലിസ്റ്റ്‌ രാജ്യമാക്കാൻ നിലകൊള്ളുന്ന സിപിഐ എം ചൈന, ക്യൂബ, വിയറ്റ്‌നാം ഉൾപ്പെടെയുള്ള സോഷ്യലിസ്റ്റ്‌ ലോകത്തിന്റെയും ഇടതുപക്ഷ നേതൃഭരണമുള്ള രാജ്യങ്ങളുടെയും സവിശേഷതകളും മേന്മകളും ആവർത്തിച്ചുപറയും. സോഷ്യലിസവും സാമ്രാജ്യത്വവും തമ്മിലുള്ള ആഗോളവൈരുദ്ധ്യത്തിൽ സോഷ്യലിസ്റ്റ്‌ ലോകത്തിന്റെ പക്ഷത്താണ്‌ ഞങ്ങൾ. എന്നാൽ, അമേരിക്കൻ സാമ്രാജ്യത്വ പക്ഷത്താണ്‌ കോൺഗ്രസും ബിജെപിയും. സോഷ്യലിസ്റ്റ്‌ ലോകത്തോട്‌ ആഭിമുഖ്യമുള്ള പാർടിയാണെങ്കിലും ഏതെങ്കിലും സോഷ്യലിസ്റ്റ്‌ രാജ്യത്തെ അന്ധമായി ഞങ്ങൾ പിന്താങ്ങുന്നില്ല.
ഇന്ദിര ഗാന്ധിയുടെ അടിയന്തരാവസ്ഥയെ ചൈനയും സോവിയറ്റ്‌ യൂണിയനും അനുകൂലിച്ചിരുന്നു. എന്നാൽ, അടിയന്തരാവസ്ഥ അറബിക്കടലിൽ എന്ന നയമാണ്‌ സിപിഐ എം സ്വീകരിച്ചത്‌. അതുപോലെ മറ്റ്‌ വിഷയങ്ങളിലും ഇന്നും സ്വതന്ത്രമായി നയവും അടവും സ്വീകരിക്കുന്ന പ്രസ്ഥാനമാണ്‌ സിപിഐ എം. ഈ പാർടി ചൈനയുടെയോ മറ്റേതെങ്കിലും രാജ്യത്തിന്റെയോ വാലായ പ്രസ്ഥാനമല്ല എന്ന്‌ സാരം. എന്നാൽ, അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ വാലിൽത്തൂങ്ങികളാണ്‌ ബിജെപിയും കോൺഗ്രസും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top